This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായം

Asafoetida

കായം-ചെടിയും പൂവും

എപ്പിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു സുഗന്ധമസാലവിള. ശാ.നാ.: ഫെറുലാ ആസഫെറ്റിഡ (Ferula assafoetida)). ഇറാന്‍, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളിലും ഇന്ത്യയില്‍ പഞ്ചാബിലും കാശ്‌മീരിലും ഈ ചെടി ധാരാളമായി വളരുന്നുണ്ട്‌. ഈ സസ്യത്തിന്റെ മാംസളമായ വേരിന്റെ കോര്‍ട്ടെക്‌സില്‍ മുറിവുണ്ടാകുമ്പോള്‍ പാലുപോലെ ഊറിവരുന്ന കറയാണ്‌ ഔഷധത്തിഌം മസാലയ്‌ക്കുമായി ഉപയോഗിക്കുന്ന കായം. ഊറിവരുമ്പോള്‍ ഈ കറയ്‌ക്ക്‌ വെള്ളനിറമാണെങ്കിലും കാറ്റുതട്ടുമ്പോള്‍ നിറം കറുപ്പായിത്തീരുന്നു. കറിക്കായം (പെരുങ്കായം), പാല്‍ക്കായം എന്നിങ്ങനെ കായം രണ്ടുവിധമുണ്ട്‌. കായച്ചെടിയോട്‌ അടുത്ത ബന്ധമുള്ള ഫെറുലാ നാര്‍തെക്‌സ്‌ എന്ന സ്‌പീഷീസില്‍ നിന്നും കായം ഉത്‌പാദിപ്പിക്കുന്നുണ്ട്‌.

ഏകദേശം 150-180 സെ. മീ. ഉയരത്തില്‍ വളരുന്ന ബലിഷ്‌ഠമായ ഒരു ബഹുവര്‍ഷ ഓഷധിയാണിത്‌. ഇലകള്‍ രണ്ടുതരമുണ്ട്‌. താഴെയുള്ളവ സരളവും ദീര്‍ഘവൃത്താകാരവുമാണ്‌. മുകളിലെ ഇലകള്‍ അനേകം ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കും. തളിരിലകള്‍ രോമിലമാണ്‌. ചെറിയ മഞ്ഞനിറമുള്ള പൂക്കള്‍ ശാഖാഗ്രങ്ങളില്‍ വലിയ കുലകളായി കാണുന്നു. കായ്‌കള്‍ക്ക്‌ ഏകദേശം 8 മില്ലിമീറ്റര്‍ നീളവും 4 മില്ലിമീറ്റര്‍ വീതിയുമുണ്ടായിരിക്കും.

ജൈവസല്‍ഫര്‍ യൗഗികങ്ങള്‍, ബാഷ്‌പശീല തൈലങ്ങള്‍, റെസിന്‍, ഫെറുലിക്‌ അമ്ലം, പശ, മാലിക്‌അസറ്റിക്‌ഫോര്‍മിക്‌ അമ്ലങ്ങള്‍ എന്നിവ കായത്തില്‍ അടങ്ങിയിരിക്കുന്നു. കായത്തിന്‌ രുചിയും മണവും നല്‍കുന്നത്‌ അതിലടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ ജൈവസംയുക്തങ്ങളാണ്‌. കറിക്കായം പാകത്തില്‍ എരിവുള്ളതും ഉഷ്‌ണവും തീക്ഷ്‌ണവും ലഘുവും പിത്തവര്‍ധകവും ആണ്‌. ഇതിനു വാജീകരണശക്തിയുണ്ട്‌. ദഹനക്കേട്‌, കുടലിലുണ്ടാകുന്ന നീര്‍ക്കെട്ട്‌, കോളറ, വില്ലന്‍ചുമ എന്നിവയ്‌ക്ക്‌ ആശ്വാസം ലഭിക്കാന്‍ പറ്റിയ പ്രതിവിധിയാണ്‌. ശ്വസന വ്യൂഹത്തിഌം നാഡിവ്യൂഹത്തിനുമുള്ള ഒരു ഉത്തേജകൗഷധവും കുട്ടികളിലെ ന്യുമോണിയ, ബ്രാങ്കൈറ്റിസ്‌ എന്നിവയുടെ ചികിത്സയ്‌ക്കുള്ള ഔഷധവുമാണ്‌ കായം. കഫം, വാതം, കൃമി, ഗുന്മം, അര്‍ശസ്‌, ആനാഹം, ആസ്‌ത്‌മ, മഹോദരം, അജീര്‍ണം, ശൂലവീക്കം, ഹിസ്റ്റീരിയ എന്നിവയ്‌ക്ക്‌ ആശ്വാസം ലഭിക്കാഌം ഇത്‌ ഉപയോഗിക്കാറുണ്ട്‌. ഹൃദ്രാഗചികിത്സയിലും ഇതിനു ഉപയോഗമുള്ളതായി കരുതപ്പെടുന്നു.

കായം ഒരു മസാലയായി വന്‍തോതില്‍ ഉപയോഗിച്ചു വരുന്നു. പച്ചക്കറി വിഭവങ്ങളും പലഹാരങ്ങളും മറ്റും സ്വാദിഷ്‌ടമാക്കാന്‍ ഇതു ചേര്‍ക്കാറുണ്ട്‌. സാമ്പാര്‍, അച്ചാറുകള്‍ എന്നിവയിലെ ഒരവശ്യഘടകമാണ്‌ കായം. ഔഷധത്തിഌം മറ്റുമായി വര്‍ഷന്തോറും ഉദ്ദേശം 6,000 ക്വിന്റല്‍ കായം ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നതായി കണക്കാക്കിയിരിക്കുന്നു. ഹിമാലയപ്രാന്തങ്ങളില്‍ ഇതിന്റെ കൃഷി വന്‍തോതില്‍ നടന്നുവരുന്നുണ്ട്‌. കായത്തിന്റെ ഔഷധപ്രയോഗത്തെപ്പറ്റി "ഇന്തുപ്പും കായവും ചീരകമപി പലമായ്‌ കല്‌ക്കമേ തത്തുകല്ല്യേ' എന്ന്‌ യോഗാമൃതത്തിലും "ചുക്കും തിപ്പലിയും പുരാണമരിചം കായം കരിഞ്ചീരകം' എന്നിങ്ങനെ വൈദ്യശാസ്‌ത്രത്തിലും കാണുന്നു. പാഴ്‌ശ്രമം നടത്തുക എന്നര്‍ഥം വരുന്ന "കടലില്‍ കായം കലക്കുക' എന്ന മലയാള ശൈലിക്ക്‌ പ്രചുരപ്രചാരമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍