This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമ, മാഡം ഭിക്കാജി (1861-1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമ, മാഡം ഭിക്കാജി (1861-1936)

Cama, Madam Bhikaji

മാഡം ഭിക്കാജി കാമ

ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനി. ബോംബെയിലെ ഒരു പാഴ്‌സി കച്ചവടക്കാരനായ സോറാബ്‌ജി ഫ്രാംജി പട്ടേലിന്റെയും ജിജിബായിയുടെയും പുത്രിയായി 1861 സെപ്‌. 24നു ഭിക്കാജി ജനിച്ചു. ബോംബെയിലെ അലക്‌സാണ്ട്രിയാ പാഴ്‌സി സ്‌കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1885 ആഗ. 3ന്‌ റസ്റ്റം കെ. ആര്‍. കാമ എന്ന അഭിഭാഷകനെ ഇവര്‍ വിവാഹം ചെയ്‌തു. വിവാഹിതയായ ശേഷവും പൊതുപ്രവര്‍ത്തനം തുടര്‍ന്നുപോന്നു. ബോംബെയില്‍ ചേര്‍ന്ന (1885) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തില്‍ നിന്നുള്‍ക്കൊണ്ട ആവേശം ദേശോദ്ധാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഇവരില്‍ വളര്‍ത്തി. ബോംബെയിലെ സാധുക്കളെ സഹായിക്കുന്നതിനും സ്‌ത്രീകളില്‍ അവബോധം വളര്‍ത്തുന്നതിനുമായി മാഡം കാമ ഒരു വനിതാ പഠനക്ലാസ്‌ സ്ഥാപിച്ചു. 1896ല്‍ ബോംബെയില്‍ പ്ലേഗ്‌ പടര്‍ന്നുപിടിച്ചപ്പോള്‍ സ്വരക്ഷപോലും മറന്ന്‌ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനു കാമ സന്നദ്ധയായത്‌ ഇവരുടെ ആരോഗ്യത്തെ തകര്‍ക്കാനിടയാക്കി. 1902ല്‍ ചികിത്സാര്‍ഥം മാഡം കാമ ബ്രിട്ടനിലേക്കു പോയി. അവിടത്തെ സ്വതന്ത്രാന്തരീക്ഷവും മറ്റു രാജ്യങ്ങളില്‍ നിന്ന്‌ അവിടെ എത്തിച്ചേര്‍ന്നിരുന്ന വിപ്ലവകാരികളുമായുള്ള സമ്പര്‍ക്കവും ഇവരില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. അവിടെ വച്ചാണ്‌ ദാദാഭായി നവ്‌റോജിയെയും ഇന്ത്യന്‍ വിപ്ലവകാരികളായിരുന്ന ബിപിന്‍ ചന്ദ്രപാല്‍, ഹര്‍ദയാല്‍, വീര്‍ സവാര്‍ക്കര്‍ തുടങ്ങിയവരെയും മാഡം കാമ കണ്ടുമുട്ടുന്നത്‌. കാമയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനു ശക്തമായ നടപടികള്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ കൈക്കൊണ്ടതോടെ തന്റെ പ്രവര്‍ത്തനരംഗം ഇവര്‍ പാരിസിലേക്കു മാറ്റി. ഇന്ത്യ വിട്ടു വിദേശങ്ങളില്‍ വസിക്കുന്നതിനു നിര്‍ബന്ധിതരായ അനേകം വിപ്ലവകാരികളുടെ ഒരു സങ്കേതസ്ഥാനമായി കാമയുടെ വസതി മാറി. ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുവേണ്ടി, എണ്ണമില്ലാത്ത ലഘുലേഖകള്‍ ഇവര്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്‌തു. യൂറോപ്പിലെ പല നഗരങ്ങളും സന്ദര്‍ശിച്ച്‌ ഇന്ത്യന്‍ സ്വാതന്ത്യ്രപ്രക്ഷോഭത്തിന്‌ കാമ അനുകൂലികളെ സമ്പാദിച്ചു. ഫ്രാന്‍സിലെ അവരുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ എല്ലാ മുന്‍കരുതലുകളും ചെയ്‌തു. മാഡം കാമ ഇന്ത്യയില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്ന കല്‌പന ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പുറപ്പെടുവിച്ചത്‌ ഇതിന്റെ ഒരു ഭാഗമായിട്ടായിരുന്നു. വന്ദേമാതരം എന്ന പേരില്‍ ഒരു മാസിക ഇവര്‍ ജനീവയില്‍ നിന്ന്‌ പ്രസിദ്ധപ്പെടുത്തി. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെ ഇത്ര കര്‍ശനമായി ആക്ഷേപിച്ചിരുന്ന മറ്റൊരു മാസിക ഇന്ത്യയ്‌ക്കകത്തോ പുറത്തോ അന്നുണ്ടായിരുന്നില്ല. യൂറോപ്പില്‍ ഈ മാസികയ്‌ക്കു വമ്പിച്ച പ്രചാരമുണ്ടായിരുന്നു. റഷ്യയിലെ വിപ്ലവകാരികളുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായി ഇവര്‍ വിപ്ലവമാര്‍ഗത്തിലേക്കു തിരിഞ്ഞു. ഈ കാലത്തിനിടയില്‍ കാമ വിപ്ലവകാരികളുടെ അനിഷേധ്യനേതാവും ഗുരുവുമായിത്തീര്‍ന്നിരുന്നു.

1907 ആഗ. 18നു ജര്‍മനിയിലെ സ്റ്റുട്ട്‌ഗാര്‍ട്ട്‌ നഗരത്തില്‍ ചേര്‍ന്ന സോഷ്യലിസ്റ്റുകാരുടെ സമ്മേളനത്തില്‍ മാഡം കാമ ആദ്യമായി സ്വതന്ത്ര ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. അവര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം ആ പതാകയും കൊണ്ടുപോകുമായിരുന്നു. ആ പതാകയില്‍ നിന്ന്‌ മൗലികമായി ഭിന്നമല്ല സ്വതന്ത്രഇന്ത്യയുടെ ചക്രാങ്കിതമായ ഇന്നത്തെ ത്രിവര്‍ണപതാക.

ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ (1914) ബ്രിട്ടനുവേണ്ടി യുദ്ധം ചെയ്യാതിരിക്കാന്‍ കാമ ഇന്ത്യന്‍ പട്ടാളക്കാരെ ആഹ്വാനം ചെയ്‌തു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷുകാരെ ക്ഷോഭിപ്പിച്ചു. കാമയെ തങ്ങള്‍ക്ക്‌ വിട്ടുതരുവാന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഫ്രഞ്ച്‌ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടെങ്കിലും അത്‌ അവര്‍ നിരാകരിച്ച്‌ കാമയെ പാരിസിലെ ഒരു കോട്ടയില്‍ തടവുകാരിയായി പാര്‍പ്പിച്ചു. 1918ല്‍ യുദ്ധം അവസാനിച്ചതിനുശേഷം മാത്രമേ വിട്ടയച്ചുള്ളൂ. സ്വതന്ത്രയായതോടുകൂടി കാമ ബ്രിട്ടീഷ്‌ ആധിപത്യത്തോടുള്ള സമരം പിന്നെയും തുടര്‍ന്നു. "അഭിനവ ഭാരത്‌' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന തല്‍വാര്‍ എന്ന പത്രത്തില്‍ കാമ, പതിവായി ലേഖനങ്ങള്‍ എഴുതി. യൂറോപ്പില്‍ ഒരു വിപ്ലവകാരിയായി 35 വര്‍ഷം ജീവിതം കഴിച്ചതിനുശേഷം 1936ല്‍ കാമ സ്വരാജ്യത്തെത്തി. 1936 ആഗ. 13നു മാഡം കാമ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍