This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമു, ആല്‍ബേര്‍ (1913 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമു, ആല്‍ബേര്‍ (1913 - 60)

Camus, Albert

ആല്‍ബേര്‍ കാമു

നോബല്‍ സമ്മാനിതനായ ഫ്രഞ്ച്‌ നോവലിസ്റ്റ്‌. നാടകകൃത്ത്‌, പ്രബന്ധകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്‌തി നേടിയ കാമു 20-ാം ശതകമധ്യത്തില്‍ പാശ്ചാത്യ മനസ്സാക്ഷിയെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. തന്റെ ജീവിതകാലത്ത്‌ യൂറോപ്യന്‍ സംസ്‌കാരത്തെ പിടിച്ചുകുലുക്കിയ ഐതിഹാസിക സമരങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍.

അള്‍ജീരിയയിലെ മാണ്‍ഡോവില്‍ 1913 ന. 7നു കാമു ജനിച്ചു. ഒരു കര്‍ഷകത്തൊഴിലാളിയായിരുന്നു പിതാവ്‌. സ്‌പാനിഷ്‌കാരിയായ മാതാവ്‌ കൂലിവേലക്കാരിയായിരുന്നു. കടുത്ത ദാരിദ്യ്രത്തില്‍ ബാല്യകാലം കഴിച്ചുകൂട്ടിയ കാമുവിന്റെ മനസ്സില്‍ സാമൂഹികമായ അനീതിക്കെതിരെ സമരാവേശം ആളിക്കത്തി. കാമുവിന്റെ വീക്ഷണഗതിയെയും സാഹിത്യാവബോധത്തെയും ഇത്‌ സ്വാധീനിച്ചു.

ആല്‍ബേര്‍ കാമു സ്‌മാരകശില

ആള്‍ജിയേഴ്‌സ്‌ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ്‌ സാഹിത്യത്തിലും തത്ത്വചിന്തയിലും കാമുവിന്‌ താത്‌പര്യം തോന്നിയത്‌. ഈ താത്‌പര്യം ഒരു വികാരമായി വളരുകയും ചെയ്‌തു. ക്ഷയരോഗം ബാധിച്ചതുമൂലം വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞില്ല. 1930കളില്‍ കുറേക്കാലം ഇദ്ദേഹം കമ്യൂണിസ്റ്റ്‌പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാടകാഭിനയത്തിലും സാഹിത്യരചനയിലും വ്യാപൃതനായി. ഇക്കാലത്ത്‌ കാമു യൂറോപ്പില്‍ സഞ്ചരിക്കുകയും അല്‌പകാലം ഫ്രാന്‍സിലെ ഒരു പത്രത്തില്‍ പണിയെടുക്കുകയും ചെയ്‌തു. 1940ല്‍ ഫ്രാന്‍സിന്റെ പതനത്തിനുശേഷം അള്‍ജീരിയയില്‍ തിരിച്ചെത്തിയ കാമു ഒരു സ്വകാര്യവിദ്യാലയത്തില്‍ അധ്യാപകനായി.

രണ്ടു പ്രബന്ധസമാഹാരങ്ങളായിരുന്നു കാമുവിന്റെ ആദ്യപ്രസിദ്ധീകരണങ്ങള്‍. ജീവിതത്തോടും സൗന്ദര്യത്തോടുമുള്ള അദമ്യമായ ആഭിമുഖ്യത്തിന്റെ വാചാലമായ വിളംബരമായിരുന്നു ഈ കൃതികള്‍. അതേസമയം ജീവിത യാതനകളോടും മരണത്തോടും ഏകാന്തതയോടുമുള്ള അമര്‍ഷവും അവയില്‍ പ്രകടമാകുന്നു. അമര്‍ഷമെന്നാല്‍ അമര്‍ഷമാണ്‌. പിന്നീട്‌ പ്രസിദ്ധീകരിച്ച മൂന്നു കൃതികളിലും മുന്തിനില്‍ക്കുന്ന വികാരം. ദ്‌ സ്‌ട്രഞ്ചര്‍ (The Stranger, 1948) എന്ന നോവല്‍ ശ്രദ്ധേയമാണ്‌. സമൂഹത്തില്‍ നിന്ന്‌ മാനസികമായി അന്യവത്‌കൃതനായ ഒരു ഗുമസ്‌തന്റെ കഥയാണിത്‌. അയാള്‍ അന്ധമായി കൊലപാതകം നടത്തുന്നു; കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട്‌ മരണത്തെ കണ്‍മുന്നില്‍ കാണുന്ന അയാള്‍ സമസ്‌ത മനുഷ്യരുടെയും ഏകഭാവവും ജീവിതത്തിന്റെ നിസ്‌തുലമൂല്യവും കണ്ടെത്തുന്നു. 1943ല്‍ പ്രസിദ്ധീകരിച്ച മിത്ത്‌ ഒഫ്‌ സിസിഫസ്‌ (The myth of Sisiphus) ഉദ്ദേശ്യരഹിതമായ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യന്റെ നിസ്സഹായതയും സാധ്യതകളും ചിത്രീകരിക്കുന്നു. കുന്നിന്റെ മുകളിലേക്ക്‌ ഒരു വലിയ കല്ല്‌ ഉരുട്ടിക്കയറ്റുകയും പിന്നീട്‌ താഴേക്കു തള്ളിയിടുകയും ചെയ്യുന്ന സിസിഫസ്‌ എന്ന ഗ്രീക്കുപുരാണ കഥാപാത്രത്തെയാണ്‌ കാമു ഇവിടെ പ്രതീകമാക്കുന്നത്‌. 1945ല്‍ പ്രസിദ്ധീകരിച്ച "കലിഗുല' (Caligula) എന്ന നാടകത്തില്‍, ജീവിതത്തിന്റെ നിരര്‍ഥകതമൂലം നിഷ്‌ഠുരകൃത്യങ്ങളിലേര്‍പ്പെടുകയും സ്വയം ഹനിക്കപ്പെടുകയും ചെയ്യുന്ന റോമാചക്രവര്‍ത്തിയും കാമുവിന്റെ ജീവിതവീക്ഷണമാണ്‌ പ്രകടിപ്പിക്കുന്നത്‌.

പ്ലേഗ്‌ (1948) ആണ്‌ കാമുവിന്റെ പ്രധാനപ്പെട്ട നോവല്‍. അധിനിവേശിത ഫ്രാന്‍സിന്റെ ഒരു പ്രതീകാത്മക ചിത്രീകരണമാണിതെന്ന്‌ ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ ഒരു അന്യാപദേശമാണതെന്ന മറ്റൊരു അഭിപ്രായഗതിയും നിലവിലുണ്ട്‌. പ്ലേഗ്‌ എന്ന സാംക്രമികരോഗത്തിന്റെ പിടിയില്‍ അമര്‍ന്നുപോകുന്ന ഒറാന്‍ പട്ടണത്തില്‍ വിവിധ വ്യക്തികളുടെ വിഭിന്നങ്ങളായ പ്രതികരണങ്ങളാണ്‌ കഥയുടെ ജീവന്‍. ദൈവത്തിലോ പ്രപഞ്ചത്തിന്റെ യുക്തിയുക്തതയിലോ വിശ്വാസമില്ലാതെ ഡോ. റിയുക്‌സ്‌ എന്ന കേന്ദ്രകഥാപാത്രം സഹജീവികളെ രക്ഷിക്കാന്‍ സ്വയം അര്‍പ്പിക്കുന്നു. പാശ്ചാത്യമനുഷ്യന്റെ അഴിമതിയെ ആക്ഷേപഹാസ്യത്തിന്റെ നിശിതശൈലിയില്‍ വിമര്‍ശിക്കുന്ന നോവലാണ്‌ "പതനം' (Lachute, 1956). അന്യര്‍ക്കു നീതി ലഭ്യമാക്കുവാന്‍ തൊഴില്‍പരമായി ജീവിതം നയിച്ച ക്ലമന്‍സ്‌ എന്ന അഭിഭാഷകന്‍, തന്റെ മുമ്പില്‍വച്ച്‌ ആത്മഹത്യയ്‌ക്കൊരുങ്ങിയ ഒരു സ്‌ത്രീയെ രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല.

അസ്‌തിത്വവാദപരമായ ഒരു വീക്ഷണമായിരുന്നു കാമുവിന്റേത്‌. മതവിശ്വാസങ്ങളുടെ പരമ്പരാഗതമായ ചട്ടക്കൂടുകള്‍ ഭേദിച്ചു പുറത്തുകടക്കുകയും മനുഷ്യാസ്‌തിത്വത്തെ യുക്തിയുക്തയുടെ ശൈലിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും അതിലൂടെ അസ്‌തിത്വത്തെ അര്‍ഥശൂന്യമെന്ന്‌ അഭിദര്‍ശിക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യന്റെ അടിസ്ഥാനപരമായ ധര്‍മ്മസങ്കടം കാമു വിശകലനം ചെയ്‌തു. എന്നാല്‍ മറ്റു പല അസ്‌തിത്വവാദികളെക്കാളും കൂടുതലായി മാനുഷിക മൂല്യകല്‌പനയില്‍ ശുഭാപ്‌തിവിശ്വാസിയായിരുന്നു കാമു. ധൈഷണികവും വൈകാരികവുമായ യുക്തിബോധത്തെയും ഭൗതിക യാഥാര്‍ഥ്യം വ്യക്തിയുടെ മേല്‍ അടിച്ചേല്‌പിക്കുന്ന പരിമിതികളെയും തുല്യനിലയില്‍ അംഗീകരിക്കുന്ന ഒരു ജീവിതശൈലി നിര്‍വചിച്ചെടുക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. സുഖത്തിലും ജീവിതകാമനയിലും അധിഷ്‌ഠിതമായ ഒരു സര്‍ഗാത്മകസദാചാരം ആവശ്യമാണെന്ന്‌ ഇദ്ദേഹം കരുതി. ഈ മാനസിക സദാചാരമാകട്ടെ, കേവലതകളെയെല്ലാം പാടേ നിരാകരിക്കുകയും വ്യക്തിസ്വാതന്ത്യ്രം, സാമൂഹികനീതി, ആത്മസാക്ഷാത്‌കാരം, ഐക്യബോധം, സ്‌നേഹം തുടങ്ങിയവയ്‌ക്കുവേണ്ടിയുള്ള മനുഷ്യന്റെ അദമ്യമായ അഭിലാഷത്തെ, ജീവിതത്തെ ചൂഴ്‌ന്നു നില്‌ക്കുന്ന നിസ്സഹായതയുമായി സന്തുലിതമാക്കുകയും ചെയ്യുന്ന ഒന്നാണ്‌. ഈ സദാചാരത്തിന്റെ വക്താക്കളാണ്‌ കാമുവിന്റെ കഥാപാത്രങ്ങള്‍. തന്മൂലം കാമുവിന്റെ കൃതികളില്‍, അവ നോവലായാലും നാടകമായാലും ചെറുകഥയായാലും ആന്തരികമായ സാജാത്യവും നൈരന്തര്യവും അനുഭവവേദ്യമാകുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ബിംബങ്ങളും (ആകാശം, സമുദ്രം, പ്രകാശം, മരുഭൂമി മുതലായവ) അടിസ്ഥാനപരമായ പ്രമേയങ്ങളും (വിദേശവാസം, പ്രക്ഷോഭണം, ആഹ്ലാദം, അര്‍ഥരഹിതമായ ലോകത്തില്‍ മനുഷ്യന്റെ ഉത്തരവാദിത്തം തുടങ്ങിയവ) ദൃഷ്‌ടാന്തങ്ങളാണ്‌.

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കലാകാരന്റെ കടമയെന്താണെന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു കാമുവിന്‌. പ്രക്ഷുബ്‌ധമായ സമകാലിക സംഭവങ്ങള്‍ ഉയര്‍ത്തിവിട്ട നിര്‍ണായകമായ പ്രശ്‌നങ്ങളെ ധീരോദാത്തമായി നേരിടാന്‍ ഇദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്‌തു. അത്തരം പ്രശ്‌നങ്ങളെ ധൈഷണികമായി സമീപിച്ച കാമു അവയെ ചടുലമായ ശൈലിയില്‍ തന്റെ കൃതികളിലൂടെ ആവിഷ്‌കരിക്കുകയും ചെയ്‌തു. 1957ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കാമുവിനു ലഭിച്ചു.

നോവലുകളും നാടകങ്ങളും പ്രബന്ധങ്ങളും കൂടാതെ ഏതാനും ചെറുകഥകളും കാമു രചിച്ചിട്ടുണ്ട്‌. വിശ്വസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ ഈ സാഹിത്യകാരന്‍ 1960 ജനു. 4നു ഫ്രാന്‍സില്‍ വച്ച്‌ ഒരു കാറപകടത്തില്‍ മരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍