This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമിയോ

Cameo

കാമിയോ ശില്‌പം-ജെമ്മാ അഗസ്റ്റിയാ

പ്രതലത്തില്‍ നിന്ന്‌ എഴുന്നുനില്‌ക്കുന്ന തരത്തിലുള്ള കൊത്തുപണികള്‍കൊണ്ടലങ്കരിച്ച രത്‌നക്കല്ല്‌. ഇത്തരം അലങ്കരണവിദ്യയെയും പൊതുവേ കാമിയോ എന്നുതന്നെ പറയാറുണ്ട്‌. അടുക്കോ പാളിയോ ആയി രൂപാന്തരപ്പെട്ട രത്‌നങ്ങളിലാണ്‌ കാമിയോ കൊത്തുപണി സാധാരണയായി നടത്താറുള്ളത്‌. അടുക്കുള്ളതും പാളികളുള്ളതുമായ രത്‌നങ്ങളില്‍ കാമിയോ കൊത്തുപണി നടത്തുമ്പോള്‍ എഴുന്നുനില്‌ക്കുന്ന പ്രതലത്തിന്‌ പശ്ചാത്തലത്തിലുള്ള പ്രതലത്തില്‍ നിന്ന്‌ ഭിന്നമായ ഒരു നിറം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്‌. ഗോമേദകം, വൈഡൂര്യം എന്നീ രത്‌നങ്ങള്‍ക്കു പുറമേ, കക്കയുടെ പുറന്തോട്‌, പോഴ്‌സലിന്‍, ഗ്ലാസ്സ്‌ എന്നിവയിലും ഇത്തരം കൊത്തുപണി നടത്തിവരുന്നു. പ്രതിരൂപങ്ങള്‍ കുഴിഞ്ഞുകാണുന്ന തരത്തിലുള്ള കൊത്തുപണി (Intaglio)ക്കു വിപരീതമാണ്‌ കാമിയോ. പ്രാചീന മധ്യപൂര്‍വദേശത്താണ്‌ ഈ ശില്‌പകല ഉരുത്തിരിഞ്ഞത്‌ എന്നു കരുതപ്പെടുന്നു. എ.ഡി. ഒന്നാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ റോമില്‍ ഈ ശില്‌പകല പുഷ്‌ടിപ്പെട്ടു. ഡയോസ്‌കൂറിഡെസ്‌ ആണ്‌ ഇക്കാലത്ത്‌ ഈ കലയില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത്‌. എ.ഡി. ആദ്യശതകത്തില്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന കാമിയോ ശില്‌പങ്ങളുടെ അവശിഷ്‌ടങ്ങളില്‍ പുരാണരംഗങ്ങളും റോമാചക്രവര്‍ത്തിമാരുടെയും ചക്രവര്‍ത്തിനിമാരുടെയും പ്രതിരൂപങ്ങളും ആലേഖനം ചെയ്‌ത രത്‌നങ്ങള്‍ ഉള്‍പ്പെടുന്നു. എ.ഡി. ആദ്യശതകങ്ങളില്‍ വലുപ്പംകൂടിയ കാമിയോ ശില്‌പങ്ങളാണ്‌ അധികവും നിര്‍മിച്ചിരുന്നത്‌. എ.ഡി. ഒന്നാം ശതകത്തില്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ജെമ്മാ അഗസ്റ്റിയാ (Gemma Augustea) എന്ന കാമിയോ ശില്‌പത്തിന്റെ വലുപ്പം 18x23 സെ.മീ. ആണ്‌. ഈ ശില്‌പം വിയന്നയിലെ ആര്‍ട്ട്‌ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

15-ാം ശതകത്തില്‍ റോം, ഫ്‌ളോറന്‍സ്‌, മിലാന്‍ എന്നിവിടങ്ങളില്‍ കാമിയോ ശില്‌പവേലയ്‌ക്കു പുനരുദ്ധാരണമുണ്ടായി. ഇക്കാലത്തെ കലാകാരന്മാരുടെ രചനകള്‍ പ്രാചീന ശില്‌പങ്ങളെ വെല്ലുന്നവയായിരുന്നു. നിര്‍മാണകാലം നിര്‍ണയിക്കാന്‍ പോലും അസാധ്യമായ രീതിയില്‍ പ്രാചീന കാമിയോകളോടു സാദൃശ്യവും പ്രാചീനകാമിയോകളെക്കാള്‍ മേന്മയും ഉള്ളവയായിരുന്നു നവോത്ഥാന കാലത്തെ ഇറ്റാലിയന്‍ കാമിയോകള്‍. ഇറ്റലിയിലെ കാമിയോശില്‌പികള്‍ ക്രിസ്‌തീയേതരവിഷയങ്ങള്‍ക്കു പ്രാമുഖ്യം കൊടുത്തിരുന്നുവെന്നതും പ്രാചീന കാമിയോ പ്രതിരൂപങ്ങള്‍ അതേപടി പകര്‍ത്തിയിരുന്നുവെന്നതും കാലഗണന കൂടുതല്‍ അസാധ്യമാക്കിത്തീര്‍ത്തു.

ഇറ്റാലിയന്‍ കാമിയോശൈലി യൂറോപ്പിലുടനീളം പ്രചരിച്ചു. ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കിയ ഇറ്റാലിയന്‍ കാമിയോ ശില്‌പിയായ മത്തിയോ ദെല്‍ നസ്സാറോ (1515-47) യുടെ ശിക്ഷണത്തിലൂടെ ഫ്രഞ്ചുകാമിയോ ശില്‌പികളും ഇറ്റലിയുമായുള്ള സമ്പര്‍ക്കത്തിലൂടെ സ്‌പെയിന്‍, ആസ്‌ട്രിയ, ജര്‍മനി, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിലെ ശില്‌പികളും കാമിയോ ശില്‌പകലയില്‍ കൂടുതല്‍ വൈദഗ്‌ധ്യം നേടി. ബരോക്‌ കാലഘട്ടത്തെ കാമിയോകള്‍ നവോത്ഥാനകാല കാമിയോകളേക്കാള്‍ ഭാവനാസമ്പൂര്‍ണങ്ങളായിരുന്നു. എന്നാല്‍ യാഥാതഥ്യശൈലിയോട്‌ ബരോക്‌ ശില്‌പികള്‍ക്കുള്ള ചായ്‌വ്‌ കാമിയോ ശില്‌പകലയില്‍ പ്രകടമായില്ല എന്നുതന്നെ പറയാം. ക്ലാസിക്കല്‍ വിഷയങ്ങളും ഛായാചിത്രങ്ങളും ആണ്‌ ഇക്കാലത്തും കൂടുതലായി കാമിയോകലയ്‌ക്കു വിധേയമായത്‌. 18-ാം ശതകത്തിന്റെ അന്ത്യദശകങ്ങളും 19-ാം ശതകത്തിന്റെ ആദ്യദശകങ്ങളും കാമിയോ ശില്‌പകലയെ സംബന്ധിച്ചിടത്തോളം ഹ്രസ്വമെങ്കിലും ഉജ്ജ്വലമായ ഒരു പുനരുദ്ധാരണത്തിന്റെ കാലഘട്ടമായിരുന്നു. ഇക്കാലത്ത്‌ ഇറ്റലിയില്‍ ഇതിനു നേതൃത്വം നല്‌കിയത്‌ ഗിയൊവന്നിപിക്ക്‌ളെറും (1734-91), ഇംഗ്ലണ്ടില്‍ നാഥാനില്‍ മര്‍ച്ചന്റ്‌ (1755-1812), ബെനഡിറ്റോ പിസ്റ്റ്രുച്ചി (1784-1855) എന്നിവരുമായിരുന്നു. 19-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ പ്രാചീന കാമിയോ ശില്‌പങ്ങളുടെ വ്യാജപ്പതിപ്പുകളും അനുകരണങ്ങളും നിര്‍മിക്കുന്നതിലായി മിക്ക കാമിയോ ശില്‌പികളുടേയും ശ്രദ്ധ. കാമിയോ ആസ്വാദകരുടെ എണ്ണം കൂടിവന്നതോടെ വ്യാജശില്‌പങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍