This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമിനീ റോയ്‌ (1864 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമിനീ റോയ്‌ (1864 - 1933)

കാമിനീ റോയ്‌

ബംഗാളി സാഹിത്യകാരി. പ്രമുഖ ബംഗാളി സാഹിത്യകാരനായിരുന്ന ചണ്ഡീചരണ്‍ സെന്നിന്റെ പുത്രിയായി 1864ല്‍ ജനിച്ചു. സംസ്‌കൃത സാഹിത്യത്തില്‍ ബിരുദം നേടിയശേഷം ഇവര്‍ ബഥനി കോളജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. വളരെ ചെറുപ്പത്തിലേ കവിതകളെഴുതാന്‍ വീട്ടിലെ അന്തരീക്ഷം ഇവര്‍ക്കു പ്രരണ നല്‌കി. പതിനഞ്ചാമത്തെ വയസ്സില്‍ പ്രസിദ്ധപ്പെടുത്തിയ ആലോ ഒ ഛായാ ("വെളിച്ചവും നിഴലും') എന്ന പ്രഥമ കാവ്യഗ്രന്ഥത്തോടുകൂടി കാമിനി ബംഗാളികവയിത്രി എന്ന നിലയില്‍ അംഗീകാരം നേടി. പ്രസിദ്ധകവി ഹേമചന്ദ്രബാനര്‍ജി പ്രസ്‌തുത കൃതിക്കെഴുതിയ അവതാരിക കാമിനിയെ കൂടുതല്‍ ശ്രദ്ധേയയാക്കി.

ടാഗൂര്‍ തുടങ്ങിയ പ്രമുഖര്‍ ഉപജ്ഞാപനം ചെയ്‌ത ഭാവഗീതപ്രസ്ഥാനത്തിന്റെ പ്രചാരക എന്ന നിലയിലും കാമിനി പരാമര്‍ശം അര്‍ഹിക്കുന്നു. സ്‌ത്രീത്വത്തിന്റെ തരളവും സുന്ദരവുമായ ഭാവങ്ങള്‍കൊണ്ട്‌ അങ്കിതമാണ്‌ ഇവരുടെ മിക്ക കവിതകളും. വൈയക്തിക ജീവിതത്തിലെ സന്തോഷവും സന്താപവും സ്വപ്‌നങ്ങളും പ്രതീക്ഷകളും എല്ലാം തന്മയത്വപൂര്‍ണമായി കാമിനീ റോയ്‌ അവതരിപ്പിക്കുന്നു. ഭാവഗീതങ്ങളുടെ രചനയില്‍ നിഷ്‌ണാതയായിരുന്നെങ്കിലും റൊമാന്റിസിസത്തെക്കാള്‍ ക്ലാസ്സിസിസത്തോടായിരുന്നു ഇവര്‍ക്കു കൂടുതല്‍ അടുപ്പം. 1890ഌം 1930ഌം ഇടയ്‌ക്ക്‌ ജീവിച്ചിരുന്ന ബംഗാളി കവയത്രികളില്‍ ഇവര്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്‌. നിര്‍മാല്യ (1891), ഉഞ്‌ജന്‍ (1905), അശോക്‌ സംഗീത്‌ (1914), മാല്യ ഒ നിര്‍മാല്യ (1918), പൗരാണികി (1922), ദീപ്‌ ഒ ധൂപ്‌ (1929), ജീവന്‍ പഥേ (1930) തുടങ്ങിയവ ഇവരുടെ ശ്രഷ്‌ഠരചനകളാണ്‌. ഭാവഗീതങ്ങള്‍ക്കുപുറമേ ഈരടികളിലുള്ള നീണ്ട കവിതകളും (മഹാശ്വേത, പുണ്ഡരീക) ഇവര്‍ രചിച്ചിട്ടുണ്ട്‌. സിതിമാ (1916), അംബാ (1929) എന്നീ രണ്ടു നാടകങ്ങളും ശ്രാദ്ധികീ എന്ന ഒരു ഗദ്യഗ്രന്ഥവും കാമിനീ റോയിയുടേതായുണ്ട്‌.

ഇവര്‍ വംഗീയ സാഹിത്യപരിഷത്തിന്റെ ഉപാധ്യക്ഷയായിരുന്നിട്ടുണ്ട്‌. വംഗസാഹിത്യത്തിന്‌ കാമിനീ റോയ്‌ ചെയ്‌തിട്ടുള്ള സേവനങ്ങളെ പുരസ്‌കരിച്ച്‌ കല്‍ക്കത്താ സര്‍വകലാശാല ഇവര്‍ക്കു ജഗത്താരിണീ സ്വര്‍ണമെഡല്‍ നല്‌കുകയുണ്ടായി. 1933ല്‍ കാമിനീ റോയ്‌ അന്തരിച്ചു.

(നിലീന എബ്രഹാം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍