This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമായനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമായനി

ജയശങ്കര്‍ പ്രസാദ്‌

ഹിന്ദി മഹാകവി ജയശങ്കര്‍ പ്രസാദ്‌ (1889-1937) രചിച്ച മഹാകാവ്യം. 1935ല്‍ ഇത്‌ പ്രകാശനം ചെയ്യപ്പെട്ടു. ഇതിവൃത്തത്തിന്റെ കാര്യത്തില്‍ വേദോപനിഷത്തുകളിലും പുരാണങ്ങളിലും നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും ശതപഥബ്രാഹ്മണത്തെയാണ്‌ കവി മുഖ്യമായും അവലംബിച്ചിരിക്കുന്നത്‌. ദാര്‍ശനിക ഭാവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കിക്കൊണ്ട്‌ ചിന്ത, ആശ, ശ്രദ്ധ, കാമം, വാസന, ലജ്ജ, കര്‍മം, ഈര്‍ഷ്യ, ഇഡ, സ്വപ്‌നം, സംഘര്‍ഷം, നിര്‍വേദം, ദര്‍ശനം, രഹസ്യം, ആനന്ദം എന്നീ സാര്‍ഥകശീര്‍ഷകങ്ങളായ പതിനഞ്ചു സര്‍ഗങ്ങളിലായിട്ടാണ്‌ കവി ഇതിലെ കഥ നിബന്ധിച്ചിരിക്കുന്നത്‌.

ആദിപുരുഷനായ മനുവിന്റെ ജീവിതത്തിലൂടെ മാനവസമസ്യകളെ കവി അവതരിപ്പിക്കുന്നു. സുഖസമ്പന്നവും വൈഭവപൂര്‍ണവുമായ ദേവസൃഷ്‌ടിയെ അപ്പാടെ സംഹരിച്ച മഹാപ്രളയത്തില്‍, തോണിയില്‍ക്കയറി ഹിമാലയത്തിന്റെ ഉത്തുംഗശൃംഗത്തില്‍ അഭയം പ്രാപിച്ച മനു മാത്രം അവശേഷിക്കുന്നു. ഭാവിയെപ്പറ്റി ചിന്താകുലനായി കഴിയവേ ഒരു ദിവസം ഇദ്ദേഹത്തിന്റെ മുമ്പില്‍ കാമന്റെ പുത്രിയായ ശ്രദ്ധ (കാമായനി) പ്രത്യക്ഷപ്പെടുന്നു. അതീവ സുന്ദരിയും സ്‌നേഹമയിയുമായ അവളെ മനു തന്റെ ജീവിതസഖിയാക്കുന്നു. അങ്ങനെയിരിക്കെ, പൂര്‍വസംസ്‌കാരവശാലും അസുരപുരോഹിതന്മാരുടെ പ്രരണയാലും ഇദ്ദേഹം മൃഗബലി, യാഗം തുടങ്ങിയ ഹിംസാപരമായ കര്‍മാനുഷ്‌ഠാനങ്ങളില്‍ വ്യാപൃതനാകുന്നു. ശ്രദ്ധയുടെ ഉപദേശങ്ങളെ ഇദ്ദേഹം പുച്ഛിച്ചു തള്ളി. ഗര്‍ഭസ്ഥ ശിശുവിനെപ്പറ്റിയുള്ള ചിന്തനിമിത്തം ശ്രദ്ധയ്‌ക്ക്‌ തന്നോടുള്ള സ്‌നേഹത്തിനു ലോപം സംഭവിച്ചതായി ശങ്കിച്ച മനു ഒരു ദിവസം അവളെ ഉപേക്ഷിച്ചിട്ടുപോകുന്നു. സാരസ്വതദേശത്തു ചെന്നുചേര്‍ന്ന ഇദ്ദേഹം അവിടത്തെ രാജ്ഞിയായ ഇഡയെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നു. ഇദ്ദേഹം യാന്ത്രികവ്യാവസായിക സംസ്‌കാരത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ വര്‍ഗവ്യവസ്ഥിതി രാജ്യത്തിന്‌ ഭൗതികപുരോഗതി പ്രദാനം പെയ്യുന്നു. എന്നാല്‍ അധികാരപ്രമത്തനും കാമാന്ധനുമായ മനു ഇഡയുടെ മേല്‍ ബലാത്‌കാരത്തിനൊരുങ്ങവേ പ്രജകള്‍ പ്രക്ഷുബ്‌ധരായി ഇദ്ദേഹത്തെ എതിര്‍ക്കുന്നു. ഏറ്റുമുട്ടലില്‍ മനു പരുക്കേറ്റു നിലംപതിക്കുന്നു.

ഈ സംഭവം സ്വപ്‌നത്തില്‍ ദര്‍ശിച്ച ശ്രദ്ധ, മകന്‍ മാനവനുമായി സാരസ്വതദേശത്തെത്തുന്നു. ഗ്ലാനിയും പാപഭാരവും താങ്ങാനാവാതെ മനു സ്ഥലം വിടുന്നു. ശ്രദ്ധ മാനവനെ ഇഡയെ ഏല്‌പിച്ചിട്ട്‌ മനുവിനെ അന്വേഷിച്ച്‌ പുറപ്പെടുകയും സരസ്വതീതീരത്തുള്ള ഒരു ഗുഹയില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്യുന്നു. ഇരുവരും കൈലാസത്തെ ലക്ഷ്യമാക്കി യാത്രയാകുന്നു. വഴിക്ക്‌ മൂന്ന്‌ പ്രകാശഗോളങ്ങള്‍ ദൂരെയായി ദൃശ്യമാകുകയും ശ്രദ്ധ മനുവിനെ അവയുടെ രഹസ്യം ധരിപ്പിക്കുകയും ചെയ്യുന്നു. ഇവയത്ര ത്രിപുരം എന്ന ത്രിഭുവനംമായയുടെ വിഹാരരംഗമായ ഇച്ഛാലോകം; സംഘര്‍ഷകോലാഹലം നിറഞ്ഞ കര്‍മലോകം; സദാ ബുദ്ധിചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നതും ഒരിക്കലും തൃപ്‌തി ലഭിക്കാത്തതുമായ ജ്ഞാനലോകം. ഇവ പരസ്‌പരം സമ്മേളിക്കാതെ സ്വകേന്ദ്രങ്ങളില്‍ത്തന്നെ ഭ്രമിച്ചുകൊണ്ടിരിക്കുന്നതാണ്‌ ജീവിതത്തിലെ അസാഫല്യത്തിനും അസംതൃപ്‌തിക്കും കാരണം എന്നു പറഞ്ഞുകൊണ്ട്‌ ശ്രദ്ധ ഒന്നു മന്ദഹസിക്കുന്നു. ആ മന്ദഹാസത്തില്‍ നിന്നു ഉതിര്‍ന്ന ഒരു കിരണം മൂന്നു ഗോളങ്ങളിലേക്കും പായുകയും അവ മൂന്നും ഒന്നായിത്തീര്‍ന്ന്‌ ഉജ്ജ്വലിക്കുകയും ചെയ്യുന്നു. അപ്പോഴേക്കും കൊമ്പിന്റെയും ഉടുക്കിന്റെയും മന്ദ്രനാദം കൊണ്ട്‌ അന്തരീക്ഷം മുഖരിതമായിക്കഴിഞ്ഞു. നാദബ്രഹ്മത്തിന്റെ ദിവ്യാനുഭൂതിയില്‍ ലയിച്ച മനുവിനെ ശ്രദ്ധ മാനസസരസ്സിന്റെ തീരത്തെ ആനന്ദഭൂമിയിലേക്ക്‌സുഖദുഃഖാദി പരസ്‌പരവിരുദ്ധ ഭാവങ്ങള്‍ സമരസത പ്രാപിച്ച നിര്‍ദ്വന്ദ്വമായ മനോലോകത്തിലേക്ക്‌ആനയിക്കുന്നു. ഒടുവില്‍ ഇഡയും മാനവനും മറ്റു സാരസ്വതനിവാസികളും തീര്‍ഥയാത്രയായി അവിടെച്ചെന്ന്‌ ശ്രദ്ധയുടെയും മനുവിന്റെയും ആശീര്‍വാദം വാങ്ങി മടങ്ങുന്നു.

ശൈവദര്‍ശനത്തിലെ "ആനന്ദവാദ'ത്തിന്റെ കാവ്യാവിഷ്‌കരണമെന്നു പറയാവുന്ന "കാമായനി'യില്‍ മനു മനുഷ്യമനസ്സിന്റെയും, ശ്രദ്ധയും ഇഡയും യഥാക്രമം മനസ്സിന്റെ ഇരുപക്ഷങ്ങളായ ഹൃദയത്തിന്റെയും ബുദ്ധിയുടെയും പ്രതീകങ്ങളാണ്‌. ഇച്ഛ, കര്‍മം, ജ്ഞാനം എന്നിവയുടെ സമഞ്‌ജസമായ സാമരസ്യമാണ്‌ ജീവിതത്തിന്റെ യഥാര്‍ഥമായ ആനന്ദം. സ്‌നേഹം, കാരുണ്യം, വിശ്വാസം, ഭക്തി എന്നിവയുടെ സമന്വിതരൂപമായ ശ്രദ്ധയുടെ സഹായത്തോടുകൂടി മാത്രമേ മനുഷ്യമനസ്സിന്‌ അതു നേടാന്‍ കഴിയുകയുള്ളൂ എന്നതാണ്‌ കാമായനീദര്‍ശനത്തിന്റെ കാതല്‍. ഹിന്ദിയിലെ ഛായാവാദരഹസ്യവാദ പ്രസ്ഥാനങ്ങളുടെ വ്യക്തിനിഷ്‌ഠത, വികാരതീവ്രത, വികാരസ്വച്ഛന്ദത, കല്‌പനാവൈചിത്യ്രം, സൗന്ദര്യോപാസന, സംഗീതാത്മകത്വം, ഭാവങ്ങള്‍ക്കു മൂര്‍ത്തരൂപം നല്‌കല്‍, പ്രകൃതിവ്യാപാരങ്ങളില്‍ മനുഷ്യധര്‍മാരോപം തുടങ്ങിയ സവിശേഷതകളെല്ലാം മനോഹരമായി സമ്മേളിച്ചിരിക്കുന്ന ഈ കാവ്യശില്‌പത്തെ റൊമാന്റിക്‌ കലാതത്ത്വങ്ങള്‍ കൊണ്ടു വാര്‍ത്തെടുത്ത ഒരു ക്ലാസ്സിക്‌ എന്നു വിശേഷിപ്പിക്കാം.

(പ്രൊഫ. സി.ജി. രാജഗോപാല്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍