This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമവര്‍ധിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമവര്‍ധിനി

കര്‍ണാടക സംഗീതത്തില്‍ പ്രചാരം നേടിയിട്ടുള്ള ഒരു സമ്പൂര്‍ണ മേളകര്‍ത്താരാഗം. വെങ്കിടമഖിയുടെ 72 മേളകര്‍ത്താപദ്ധതിയിലെ 51-ാമത്തെ മേളം. "കാശിരാമക്രിയ' എന്ന പേരിലറിയപ്പെട്ടിരുന്ന ഈ രാഗം "പന്തുവരാളി', "രാമക്രിയ' എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം എന്നിവയും ഇതിലെ സ്വരങ്ങളാണ്‌. തമിഴില്‍ പ്രചരിച്ചിട്ടുള്ള "തേവാര'ങ്ങളില്‍ ഈ രാഗം "സാദരിപണ്‍' എന്ന പേരില്‍ പരാമൃഷ്‌ടമായിട്ടുണ്ട്‌. ഹിന്ദുസ്ഥാനി സംഗീതത്തിലെ "പൂര്‍വി' ഇതിനു സമാനമായ രാഗമാണ്‌.

ഒരു രക്തിരാഗവും ക്രമസമ്പൂര്‍ണ ആരോഹണാവരോഹണങ്ങളുള്ളതുമായ ഈ രാഗത്തില്‍ ഗ, മ, ധ, നി എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളായി പ്രയോഗിക്കപ്പെടുന്നു. പാധമ, സാരിനി തുടങ്ങിയ വിശേഷ പ്രയോഗങ്ങളും രിരിഗഗമ, ഗഗമമധ, ധധനിനിധ തുടങ്ങിയ ജണ്ഡപ്രയോഗങ്ങളും സഗരിസ, നിരിസനി എന്നീ ദാട്ടു പ്രയോഗങ്ങളും ഈ രാഗത്തിന്റെ ഛായ വര്‍ധിപ്പിക്കുന്നു. പഞ്ചമവര്‍ജ്യ സ്വരസഞ്ചാരങ്ങള്‍ ഈ രാഗത്തിന്റെ സവിശേഷതയാണ്‌.

15-ാമത്തെ മേളകര്‍ത്താരാഗമായ മായമാളവഗൗളയുടെ പ്രതിമധ്യമരാഗമാണ്‌ കാമവര്‍ധിനി. വിസ്‌തൃതമായ രാഗാലാപനത്തിഌം സ്വരപ്രസ്‌താരത്തിഌം വകയുള്ള ഈ രാഗത്തില്‍ അനേകം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. "സാമിനീ തോഡി' (ആദിതാളവര്‍ണംവീണ കുപ്പയ്യര്‍), "നിന്നുനേരനമ്മി', "രഘുവര', "ശിവശിവ എനരാദാ' (ത്യാഗരാജ സ്വാമികള്‍), "എന്ന ഗാനു രാമഭജന' (ഭദ്രാചലം രാമദാസര്‍), ആദദല്ല (പുരന്ദരദാസര്‍) "രാമനാഥം ഭജേഹം', "വിശാലാക്ഷിം' (മുത്തുസ്വാമി ദീക്ഷിതര്‍), "സാരസാക്ഷ പരിപാലയ', "സരോരുഹാസനജായേ' (സ്വാതിതിരുനാള്‍), "വരുക വരുക' (ബാലമുരളീകൃഷ്‌ണ) തുടങ്ങിയവയാണ്‌ ഈ രാഗത്തില്‍ രചിച്ചിട്ടുള്ള പ്രമുഖ കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍