This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമരൂപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമരൂപ്‌

Kamarup

ഐ.ഐ.ടി. ഗുവാഹത്തി

അസമിലെ 23 ജില്ലകളിലൊന്ന്‌. വിസ്‌തൃതി 4,345 ച. കി. മീ. ജനസംഖ്യ: 25.15ലക്ഷം (2001). ആസ്ഥാനം: ഗുവാഹത്തി. അതിര്‍ത്തികള്‍: വടക്ക്‌ ഉദാല്‍ഗുരി, ബാസ്‌ക ജില്ലകള്‍ കിഴക്ക്‌ കാമരൂപ്‌ മെട്രാപൊളിറ്റന്‍ ജില്ലയും ദാരങ്‌ ജില്ലയും. തെക്ക്‌ മേഘാലയ പടിഞ്ഞാറ്‌ ഗോല്‍പാരാ, നല്‍ബാരി ജില്ലകള്‍. ബ്രഹ്മപുത്രയുടെ ഇരുഭാഗങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കാമരൂപ്‌ സങ്കീര്‍ണ ഭൂപ്രകൃതിയുള്ള നിമ്‌നോന്നത പ്രദേശമാണ്‌.

കാമാഖ്യ ക്ഷേത്രം

ഇന്നത്തെ കാമരൂപിന്റെ ചരിത്രം പുരാണപ്രസിദ്ധമായ കാമരൂപരാജ്യത്തില്‍നിന്നാരംഭിക്കുന്നു. ഇന്നത്തെ അസം സംസ്ഥാനവും പശ്ചിമബംഗാള്‍, ബാംഗ്ലദേശ്‌ എന്നിവയുടെ ഭാഗങ്ങളും ചേര്‍ന്ന ഭൂഭാഗത്തിനു പണ്ട്‌ കാമരൂപം എന്നായിരുന്നു പേര്‌. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമൃഷ്‌ടനായ നരകാസുരന്‍ വാണിരുന്നത്‌ ഇവിടെ ആണെന്നാണ്‌ വിശ്വാസം. പ്രാഗ്‌ജ്യോതിഷപുര (ഇന്നത്തെ ഗുവാഹത്തി)ത്തായിരുന്നുവത്ര നരകാസുരന്റെ രാജധാനി. നരകാസുരന്റെ മകനായ ഭഗദത്തന്‍ കുരുക്ഷേത്രയുദ്ധത്തില്‍ വലിയൊരാനപ്പടയെ നയിച്ചുവെന്നും കൗരവപക്ഷത്തുനിന്നു പൊരുതി മരിച്ചുവെന്നും ജോഗിനിതന്ത്രത്തില്‍ പറയുന്നു. ഗജാരൂഢനായി യുദ്ധം നയിക്കുന്ന ഭഗദത്തന്റെ വീരപരാക്രമങ്ങളെക്കുറിച്ചുള്ള പരാമര്‍ശം മഹാഭാരതത്തിലും കാണാം. അഹോം വര്‍ഗക്കാരുടെ അധിനിവേശത്തിനു (13-ാം ശ.) ശേഷം കാമരൂപത്തിന്റെ പേര്‌ അസമദേശം എന്നുമാറി. "അസമ'യുടെ ആംഗലരൂപമാണ്‌ അസം. ഭൂമിശാസ്‌ത്രരപരവും ഭരണപരവുമായ പല മാറ്റങ്ങള്‍ക്കും ശേഷം കാമരൂപ്‌, അസമിലെ ഒരു ജില്ലയുടെ പേരായി ചുരുങ്ങി.

ബ്രഹ്മപുത്രയും മറ്റനേകം പോഷകനദികളും ജില്ലയിലൂടെ ഒഴുകുന്നു. ബ്രഹ്മപുത്രയുടെ വലതുകരയിലാണ്‌ കാമരൂപിന്റെ മൂന്നില്‍ രണ്ടുഭാഗവും സ്ഥിതിചെയ്യുന്നത്‌. പര്‍വതങ്ങളും തടാകങ്ങളും സമതലങ്ങളും നദികളും നിറഞ്ഞ അസമിന്റെ പൊതുവായ ഭൂപ്രകൃതിയാണ്‌ കാമരൂപിനുമുള്ളത്‌. നവംബര്‍ മുതല്‍ മാര്‍ച്ച്‌ മധ്യംവരെ ശൈത്യമാര്‍ന്ന കാലാവസ്ഥയാണ്‌. മറ്റു മാസങ്ങള്‍ അത്രയേറെ സുഖപ്രദമല്ല. 1897ലുണ്ടായ ഭൂകമ്പവും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കാമരൂപ്‌ ജില്ലയില്‍ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയിരുന്നു.

ജില്ലാകേന്ദ്രമായ ഗുവാഹത്തി ചരിത്രപ്പഴമയുള്ള നഗരമാണ്‌. അഹോം വര്‍ഗക്കാരും ബര്‍മക്കാരും മുസ്‌ലിം ഭരണാധികാരികളും ബ്രിട്ടീഷുകാരും ഗുവാഹത്തി അവരവരുടെ രാജധാനിയായി തിരഞ്ഞടുത്തു. നെല്‍പ്പാടങ്ങളും കുന്നുകളും നിറഞ്ഞ ഗുവാഹത്തിയില്‍ പ്രാചീന സംസ്‌കാരത്തിന്റെ പല നഷ്‌ടാവശിഷ്‌ടങ്ങളും തകര്‍ന്നടിഞ്ഞ കോട്ടകളും ക്ഷേത്രങ്ങളും ധാരാളമായി കാണാം. ഗുവാഹത്തിയിലെ ഓയില്‍ റിഫൈനറി ഒരു പ്രമുഖ പൊതുമേഖലാ വ്യവസായ സ്ഥാപനമാണ്‌. അസമിലെ ഒരു പ്രധാന ഗതാഗതകേന്ദ്രമായ ഗുവഹാത്തിക്ക്‌ വിനോദസഞ്ചാര പ്രാധാന്യമുണ്ട്‌. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ഗിരിവര്‍ഗക്കാരുമടങ്ങിയ കാമരൂപിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്‌. ഹിന്ദുക്കളില്‍ "കലിത' വിഭാഗത്തിനാണ്‌ മുന്‍തൂക്കം. ആര്യന്മാരുടെ പിന്‍മുറക്കാരാണ്‌ ഇവരെന്ന്‌ കരുതപ്പെടുന്നു. കചാരി, രദാ, മീക്കീര്‍, ഗാരോ, ലാലൂങ്‌ എന്നിവയാണ്‌ പ്രബല ആദിവാസി വര്‍ഗങ്ങള്‍. വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ നിന്ന്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ബ്രഹ്മപുത്രാതടത്തിലൂടെ കുടിയേറിപ്പാര്‍ത്തവരാണിവരെന്ന്‌ കരുതപ്പെടുന്നു. ചണം, നെല്ല്‌, കടുക്‌, തേയില, പരുത്തി, കരിമ്പ്‌ എന്നിവയാണ്‌ മുഖ്യ കാര്‍ഷികവിളകള്‍. പട്ടുനൂല്‍പ്പുഴു വളര്‍ത്തലും കൈത്തറി നെയ്‌ത്തും സില്‍ക്കു വ്യവസായവുമാണ്‌ പ്രധാന കൈത്തൊഴിലുകള്‍. ഗുവാഹത്തി സോള്‍ക്കുച്ചി, പലാസ്‌ബാരി, രംഗിയാ തുടങ്ങിയ പട്ടണങ്ങള്‍ വ്യവസായ പ്രാധാന്യമുള്ളവയാണ്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഘോരവനങ്ങളില്‍ ആന, കാട്ടുപോത്ത്‌, കാണ്ടാമൃഗം, കടുവ, പുള്ളിപ്പുലി, മാന്‍ തുടങ്ങിയ മൃഗങ്ങളുണ്ട്‌.

ഗുവാഹത്തിക്ക്‌ 5 കി. മീ അകലെ ബ്രഹ്‌മപുത്രയുടെ കാമാഖ്യക്ഷേത്രം പ്രസിദ്ധമാണ്‌. ദുര്‍ഗയാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ. രതീദേവിയായും ഇവിടത്തെ ദേവത ആരാധിക്കപ്പെടുന്നു. ശ്രീ പരമേശ്വരന്റെ നയനാഗ്നിയില്‍ കാമദേവന്‍ വെന്തുഭസ്‌മമായ സ്ഥലമാണിതെന്നാണ്‌ ഐതിഹ്യം. കാമദേവന്റെ പത്‌നിയായ രതിയുടെ ശക്തിപൂജയും പ്രാര്‍ഥനയുംമൂലം മനസ്സലിഞ്ഞ ശിവന്‍ കാമന്‌ രൂപം തിരിച്ചുകൊടുത്തു. അങ്ങനെ കാമദേവന്‌ തന്റെ ജീവഌം രൂപവും തിരിച്ചുകിട്ടിയ സ്ഥലമായതുകൊണ്ടാണത്ര ഈ സ്ഥലത്തിനു "കാമരൂപ്‌' എന്നു പേരുണ്ടായത്‌. എ.ഡി. 1565ല്‍ നരനാരായണന്‍ എന്നൊരു രാജാവ്‌ ഈ ക്ഷേത്രം പുനരുദ്ധരിച്ചു. ഇന്ത്യയിലെങ്ങുമുള്ള തീര്‍ഥാടകരെ ഇന്നും ഈ ക്ഷേത്രം ആകര്‍ഷിച്ചുവരുന്നു. കാമാഖ്യയും കാമേശ്വറും തമ്മിലുള്ള മംഗല്യം നടക്കുന്നതായി സങ്കല്‌പിച്ചുകൊണ്ടുള്ള ഉത്സവവും (ഡിസംബര്‍) വസന്തത്തിലെ ബസന്തീയുത്സവവും ശരത്‌ കാലത്തെ ദുര്‍ഗാപൂജയും ആണ്‌ ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍