This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമരാജ്‌, കെ. (1903-75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമരാജ്‌, കെ. (1903-75)

കാമരാജ്‌

ഇന്ത്യന്‍ സ്വാതന്ത്യ്രസമര നേതാവ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായും തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കുമാരസ്വാമി നാടാരുടെയും ശിവകാമി അമ്മാളുടെയും കനിഷ്‌ഠ പുത്രനായി 1903 ജൂല. 15നു വിരുതുനഗറില്‍ കാമരാജ്‌ ജനിച്ചു. പിതാവിന്റെ മരണ (1909) ശേഷം മാതുലനായ കറുപ്പയ്യാ നാടാരുടെ സംരക്ഷണയില്‍ ഏകാതി നായനാര്‍ സ്‌കൂളിലും ക്ഷത്രിയ വിദ്യാലയത്തിലും പഠിച്ചു. കുട്ടിക്കാലത്തു തന്നെ പത്രപാരായണത്തിലും രാഷ്‌ട്രീയ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിലും താത്‌പര്യം കാണിച്ച ഇദ്ദേഹം മഹാത്മാഗാന്ധിയുടെ സ്വാതന്ത്യ്രപ്രസ്ഥാനത്തില്‍ ആകൃഷ്‌ടനായി. ഇ. വി. രാമസ്വാമി നായിക്കരോടൊപ്പം ഇദ്ദേഹം വൈക്കം സത്യാഗ്രഹത്തില്‍ (1924-25) പങ്കെടുത്തു.

പ്രമുഖ ദേശീയ നേതാവായിരുന്ന സത്യമൂര്‍ത്തിയെ രാഷ്‌ട്രീയ ഗുരുവായി സ്വീകരിച്ചുകൊണ്ട്‌ കാമരാജ്‌ 1921ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. വിവിധ കാലയളവുകളിലായി ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനു വേണ്ടി 300ല്‍പ്പരം ദിവസം ഇദ്ദേഹത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. 1930 ഏപ്രിലില്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനായിരുന്നു ആദ്യത്തെ ജയില്‍ശിക്ഷ. 1940 ഫെബ്രുവരിയില്‍ ഇദ്ദേഹം തമിഴ്‌നാട്‌ കോണ്‍ഗ്രസ്സ്‌ അധ്യക്ഷനായി. 1941ല്‍ നിയമസഭാംഗമായി. ഇദ്ദേഹം 1946ല്‍ നിയമസഭയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1947 മുതല്‍ 69 വരെ തുടര്‍ച്ചയായി എ.ഐ.സി.സി.യുടെ പ്രവര്‍ത്തകസമിതി അംഗമായിരുന്നു. 1954 മുതല്‍ 63 വരെ ഇദ്ദേഹം മദ്രാസ്‌ സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ മദ്രാസ്‌ ഏറ്റവും മെച്ചപ്പെട്ട ഭരണമുള്ള സംസ്ഥാനങ്ങളുടെ നിരയിലേക്കുയര്‍ന്നത്‌.

1963ല്‍ കാമരാജ്‌ പദ്ധതിയനുസരിച്ച്‌ ഇദ്ദേഹം തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിപദം ഒഴിയുകയുണ്ടായി. 1964ല്‍ കോണ്‍ഗ്രസ്സ്‌ അധ്യക്ഷനായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. 1967ലെ പാര്‍ലമെന്റ്‌ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും നാഗര്‍കോവില്‍ നിയോജകമണ്ഡലത്തിലെ പാര്‍ലമെന്റ്‌ ഉപതെരഞ്ഞെടുപ്പില്‍ (1969) ഇദ്ദേഹം വമ്പിച്ച വിജയം നേടുകയുണ്ടായി.

ലാല്‍ബഹദൂര്‍ ശാസ്‌ത്രിയുടെ നിര്യാണത്തെ(1966)ത്തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ കാമരാജിന്റെ ശ്രമഫലമായാണ്‌. ഈ നയതന്ത്രജ്ഞതമൂലമാകണം ഇദ്ദേഹത്തിന്‌ "കിങ്‌മേക്കര്‍' എന്ന പേരു തന്നെയുണ്ടായത്‌. കോണ്‍ഗ്രസ്സ്‌ ഭിന്നിച്ചപ്പോള്‍ (1969) കാമരാജ്‌ സംഘടനാപക്ഷത്ത്‌ നിലയുറപ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു (1975) വരെ ഗ്രാമങ്ങളില്‍ സഞ്ചരിച്ച്‌ കാമരാജ്‌ സംഘടനയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. 1975ലെ ഗാന്ധിജയന്തി ദിനമായ ഒ. 2നാണ്‌ കാമരാജ്‌ അന്തരിച്ചത്‌. ഒരിന്ത്യന്‍ പൗരന്‌ ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌നം 1976ല്‍ മരണാനന്തരം നല്‌കി രാഷ്‌ട്രം ആ ദേശീയ നേതാവിനെ ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍