This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമന്ദകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമന്ദകി

കാമന്ദകന്‍ രചിച്ച ഒരു നീതിശാസ്‌ത്രഗ്രന്ഥം. കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തെ ഏറെക്കുറെ ഉപജീവിച്ച്‌ എഴുതിയിട്ടുള്ള ഈ കാവ്യത്തിന്റെ പൂര്‍ണമായ പേര്‌ കാമന്ദകീയ നീതിസാരം എന്നാണ്‌. ദണ്ഡി (6-ാം ശ.)യുടെ ദശകുമാരചരിതത്തില്‍ ഈ നീതിസാരത്തെക്കുറിച്ച്‌ പ്രസ്‌താവമുള്ളതുകൊണ്ട്‌ ഇതിന്റെ കര്‍ത്താവായ കാമന്ദകന്റെ കാലം സു. 5-ാം ശ. ആണെന്നു കരുതാം. അനുഷ്‌ടുപ്പ്‌ വൃത്തത്തില്‍ പല സര്‍ഗങ്ങളായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിനു ജയമംഗള (തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥാവലി 121912) എന്ന പേരില്‍ ഒരു വ്യാഖ്യാനവും ഉണ്ട്‌. പ്രാചീന വിദ്യാഭ്യാസ സമ്പ്രദായങ്ങളെപ്പറ്റി അറിവു നല്‌കാന്‍ സഹായിക്കുന്ന ഈ കൃതിയില്‍ വിദ്യാര്‍ഥികള്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണമെന്നും (സര്‍ഗം 1 ശ്ലോകം 25) ഗുരുവിനെ ബഹുമാനിക്കണമെന്നും (122) ഒരു ദിവസം മൂന്നുപ്രാവശ്യം കുളിക്കണമെന്നും (122) മറ്റും അനുശാസിച്ചിരിക്കുന്നു. കാമന്ദകിയിലെ

""ശുശ്രൂഷാ ശ്രവണഞ്ചൈവഗ്രഹണം ധാരണം തഥാ
ഊഹാപോഹോ ള ഥ വിജ്ഞാനം തത്ത്വജ്ഞാനഞ്ചധീഗുണ:

("കേള്‍ക്കാനുള്ള ആഗ്രഹം, ശ്രദ്ധിച്ചു കേള്‍ക്കല്‍, കേട്ടതിനെ മനസ്സിലാക്കല്‍, മനസ്സിലാക്കിയതിനെ ധരിക്കല്‍, ധരിച്ചതിനെപ്പറ്റിയുള്ള വിചിന്തനം, വിചിന്തനം കൊണ്ടുള്ള അര്‍ഥബോധം, ഒടുവില്‍ ശരിയായ തത്ത്വജ്ഞാനം ഇങ്ങനെ ഏഴാണ്‌ ബുദ്ധിഗുണങ്ങള്‍') എന്ന പദ്യം വിദ്യാര്‍ഥികളുടെ ബുദ്ധിഗുണങ്ങളെ എണ്ണിപ്പറയുന്നു.

രാഷ്‌ട്രതന്ത്രം, ആരോഗ്യശാസ്‌ത്രം, കൃഷിശാസ്‌ത്രം സാന്മാര്‍ഗിക മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ധര്‍മശാസ്‌ത്ര തത്ത്വങ്ങള്‍ കാവ്യത്തിന്റെ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ഭോജന്‍, രാജശേഖരന്‍ തുടങ്ങിയ ആലങ്കാരികന്മാര്‍ ഈ കൃതിയെയും "ശാസ്‌ത്രകാവൃ'ങ്ങളിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പി.പി. നാണുപിള്ള ഈ കൃതി മലയാളത്തില്‍ കിളിപ്പാട്ടായി വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ധകാമന്ദകീയ നീതിസാരം (1952) തിരുവിതാംകൂര്‍ സര്‍വകലാശാല ഗ്രന്ഥാവലി 27

(പ്രാഫ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍