This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമധേനു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമധേനു

ഭാരതീയ പുരാണേതിഹാസങ്ങളനുസരിച്ച്‌ സ്വര്‍ഗലോകത്തിലെ ദിവ്യയായ പശു. "കാമിച്ചതെല്ലാം തരുമതുകണ്ടിട്ടു, കാമധേനുവെന്ന നാമവുമുണ്ടായി' (ദശാവതാരം ഹംസപ്പാട്ട്‌) എന്നാണ്‌ പേരിന്റെ ഉപപത്തി. സമസ്‌ത പശുവര്‍ഗങ്ങളുടെയും ആദിമാതാവായിട്ടാണ്‌ കാമധേനുവിനെ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌.

""പൈക്കള്‍ക്കുള്ളമ്മ ദേവേന്ദ്ര
നവളില്‍ കനിവാര്‍ന്നുതേ ആരണ്യപര്‍വം, (97)

കാമധേനുവിന്‌ സുരഭി എന്നും നന്ദിനി എന്നും പേരുകളുണ്ടെന്നും എന്നാല്‍ അവ പര്യായങ്ങളല്ല, കാമധേനുവിന്റെ പുത്രികളാണെന്നും തോന്നത്തക്ക പല വിരുദ്ധപരാമര്‍ശങ്ങളും പുരാണങ്ങളിലുണ്ട്‌. കാമധേനുവിന്റെ ഉദ്‌ഭവത്തെക്കുറിച്ചും വിവിധ പരാമര്‍ശങ്ങള്‍ ഉണ്ട്‌. ദക്ഷന്റെ പുത്രി, കശ്യപന്റെ പുത്രി, കശ്യപന്റെ പത്‌നി എന്നീ വിധത്തിലെല്ലാം കാമധേനു വിശേഷിപ്പിക്കപ്പെടുന്നു. പാലാഴിമഥനാവസരത്തില്‍ ഐരാവതം, കല്‌പവൃക്ഷം, കൗസ്‌തുഭം, മഹാലക്ഷ്‌മി എന്നിവയോടൊപ്പം കാമധേനുവും ഉയര്‍ന്നുവന്നു എന്ന മറ്റൊരു പ്രസ്‌താവമുണ്ട്‌ (മഹാഭാരതംആദിപര്‍വം). ബ്രഹ്മാവ്‌ അത്യധികമായി അമൃതപാനം ചെയ്‌തതുകൊണ്ട്‌ ഛര്‍ദിക്കുകയും അതില്‍ നിന്നു ജനിച്ച കാമധേനു രസാതലത്തില്‍ ദിഗ്‌ധരകളായ സൗരഭി (കിഴക്ക്‌), ഹംസിക (തെക്ക്‌), സുഭദ്ര (പടിഞ്ഞാറ്‌), ധേനു (വടക്ക്‌) എന്നിങ്ങനെ വേറെ നാലു കാമധേനുക്കളാല്‍ ചുറ്റപ്പെട്ടു വസിക്കുകയും ചെയ്‌തു എന്ന്‌ ഉദ്യോഗപര്‍വത്തില്‍ (അധ്യായം102) പ്രതിപാദിച്ചുകാണുന്നു. രാസക്രീഡകൊണ്ട്‌ ക്ഷീണിതരായ ഗോപസ്‌ത്രീകള്‍ക്ക്‌ പാല്‍ നല്‌കാന്‍ ശ്രീകൃഷ്‌ണന്‍ തന്റെ വാമപാര്‍ശ്വത്തില്‍ നിന്ന്‌ ജനിപ്പിച്ച ദിവ്യപശുവാണ്‌ സുരഭി എന്ന്‌ ദേവീഭാഗവതത്തില്‍ (നവമസ്‌കന്ധം) ഒരു കഥയുണ്ട്‌. പൂജ്യപൂജാവ്യതിക്രമപാപനിവൃത്തിക്കായി ദിലീപന്‍ കാമധേനുവിന്റെ മകളും വസിഷ്‌ഠന്റെ ഹോമധേനുവുമായ നന്ദിനിയെ ഉപചരിക്കുന്നതായി കാളിദാസന്‍ വര്‍ണിക്കുന്നു (രഘുവംശം). വസിഷ്‌ഠന്‍, ജമദഗ്നി തുടങ്ങിയ മുനികളുടെ ആശ്രമങ്ങളിലും ഓരോ കാമധേനുവുണ്ടായിരുന്നതായി നിരവധി കഥകള്‍ ഉണ്ട്‌. സര്‍വാഭീഷ്‌ഠപ്രദായിനിയായ ഒരു ദിവ്യഗോവായിട്ടാണ്‌ കാമധേനുവിനെ പുരാണ സാഹിത്യങ്ങളിലെല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. സത്യവ്രതന്‍ (ത്രിശങ്കു) എന്ന രഘുവംശ രാജാവും വിശ്വാമിത്രനും കാര്‍ത്തവീര്യചക്രവര്‍ത്തിയും ഓരോ അവസരത്തില്‍ ചില കാമധേനുക്കളെ അപഹരിച്ചതായും ഒടുവില്‍ ശിക്ഷയ്‌ക്കു വിധേയരായതായും പല ഉപാഖ്യാനങ്ങളും പുരാണങ്ങളിലുണ്ട്‌. ഗോവര്‍ധനോദ്ധാരണം കഴിഞ്ഞ ഉടന്‍ കാമധേനു അമ്പാടിയില്‍ വന്ന്‌ ശ്രീകൃഷ്‌ണനെ ക്ഷീരാഭിഷേകം ചെയ്‌തതായി ഭാഗവതത്തില്‍ വര്‍ണിച്ചിരിക്കുന്നു.

(ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AE%E0%B4%A7%E0%B5%87%E0%B4%A8%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍