This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമദേവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമദേവന്‍

1. ഭാരതീയ പുരാണേതിഹാസങ്ങളനുസരിച്ച്‌ രതി, ശൃംഗാരം, സൗന്ദര്യം, ലൈംഗികാകര്‍ഷണം തുടങ്ങിയ ഭാവങ്ങളുടെ മൂര്‍ത്തരൂപമായ ദേവന്‍. കാമരൂപനും കാമിപ്പിക്കുന്നവനുമായതുകൊണ്ട്‌ "കാമന്‍' എന്ന പേര്‍ ലഭിച്ചു. ബ്രഹ്മാവിന്റെ വലത്തെ മുല പിളര്‍ന്നു പുറത്തുവന്ന ധര്‍മപ്രജാപതിയുടെ രണ്ടാമത്തെ പുത്രനാണ്‌ കാമദേവന്‍.

""വിരിഞ്ചന്റെ വലത്തേതാം
മുല ഭേദിച്ചുദിച്ചിതേ
മനുഷ്യരൂപിയായ്‌ സുഖാവഹന്‍
അവന്ന്‌ മൂന്നു പേരുണ്ടാ
യഴകേറുന്ന നന്ദനര്‍
ശമന്‍, കാമന്‍, ഹര്‍ഷനിവര്‍
തേജസാ വിശ്വാധാരികള്‍''
(മഹാഭാരതം, ആദിപര്‍വം, 6631, 32)
 

ബ്രഹ്മാവിന്റെ ഹൃദയത്തില്‍നിന്ന്‌ കൈയില്‍ പുഷ്‌പാസ്‌ത്രമേന്തിയ സുന്ദരനായ ഒരു യുവാവ്‌ അവതരിച്ചുവെന്നാണ്‌ കാലിക എന്ന ഉപപുരാണത്തില്‍ കാണുന്നത്‌. ജനിച്ചപ്പോള്‍ത്തന്നെ "കംദര്‍പ്പയാമി'? (ഞാന്‍ ആരെ മദിപ്പിക്കണം) എന്ന്‌ ഈ ശിശു ചോദിച്ചുവെന്നും "ജീവജാലങ്ങളുടെ മനസ്സിനെ' എന്ന്‌ ബ്രഹ്മാവ്‌ മറുപടി പറഞ്ഞുവെന്നും അങ്ങനെയാണ്‌ കാമന്‌ കന്ദര്‍പ്പന്‍ എന്ന പേരു ലഭിച്ചതെന്നും കഥാസരിത്‌സാഗരത്തില്‍ ഒരു പ്രസ്‌താവമുണ്ട്‌. അഭിരൂപന്‍, പുഷ്‌പശരന്‍, കുസുമബാണന്‍, മദനന്‍, മന്മഥന്‍, മാരന്‍ (വിരഹികളെ രമിപ്പിക്കുന്നവന്‍), ദര്‍പ്പകന്‍, ശൃംഗാരയോനി തുടങ്ങിയ കാമപര്യായങ്ങളും ഈ ദേവന്റെ നൈസര്‍ഗികപ്രകൃതിയിലേക്കു വിരല്‍ ചൂണ്ടുന്നു.

സ്വപുത്രിയായ സരസ്വതിയില്‍ കാമം തോന്നി അവളെ ഭാര്യയായി സ്വീകരിക്കാന്‍ കാരണക്കാരനായതു കാമനാണെന്ന്‌ മനസ്സിലാക്കിയ ബ്രഹ്മാവ്‌ "നീ ശിവനേത്രാഗ്നിയില്‍ വെന്തുപോകട്ടെ' എന്ന്‌ കാമനെ ശപിച്ചതായി ബ്രഹ്മാണ്ഡപുരാണത്തില്‍ പരാമര്‍ശിച്ചുകാണുന്നു. ലോകകണ്ടകനായ താരകാസുരനെ വധിക്കാന്‍, ശിവനു ജനിക്കുന്ന പുത്രനെക്കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ എന്ന വരവൃത്താന്തമറിഞ്ഞ ദേവന്മാര്‍ കഠിനതപം ചെയ്‌തുകൊണ്ടിരുന്ന ശിവന്റെ അടുത്തേക്കു കാമദേവനെ അയച്ചുവെന്നും അപ്പോള്‍ ആശ്രമത്തിലെ പരിചര്യാവിധികളില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍വതിയില്‍ അനുരക്തനാകാന്‍ കാമന്‍ തന്റെ പുഷ്‌പാസ്‌ത്രങ്ങള്‍ ശിവന്റെ നേരെ പ്രയോഗിച്ചുവെന്നും സമാധിലംഘനം നേരിട്ടതുമൂലം ക്രുദ്ധനായ ശിവന്റെ തൃക്കണ്ണില്‍നിന്നു പ്രവഹിച്ച അഗ്നിയില്‍ കാമന്‍ ദഹിച്ചുപോയി (വാല്‌മീകിരാമായണം ബാലകാണ്ഡം23-ാം അധ്യായം) എന്നുമാണ്‌ ഇതിനെ സംബന്ധിക്കുന്ന അനന്തരകഥ. ഈ സംഭവം കാളിദാസന്‍ കുമാരസംഭവം മൂന്നാം സര്‍ഗത്തില്‍ വര്‍ണിച്ചിട്ടുണ്ട്‌. ദഹിച്ചുപോയതിനുശേഷമാണ്‌ മനുഷ്യരുടെ ഭാവനയില്‍ ജീവിക്കുന്നവനെന്നുള്ള അര്‍ഥത്തില്‍ കാമന്‌, മനസിജന്‍, അനംഗന്‍ തുടങ്ങിയ പേരുകളുണ്ടായത്‌. ദക്ഷപുത്രിയായ രതിയായിരുന്നു കാമന്റെ പത്‌നി. തന്റെ ഭര്‍ത്താവിനെ പുനര്‍ജീവിപ്പിക്കണമെന്നുള്ള രതിയുടെ അഭ്യര്‍ഥനയനുസരിച്ച്‌ കാമദേവന്‍ അടുത്ത ജന്മത്തില്‍ കൃഷ്‌ണന്റെയും രുക്‌മിണിയുടെയും പുത്രനായി പ്രദ്യുമ്‌നന്‍ എന്ന പേരില്‍ ജനിക്കുമെന്നും രതി അന്ന്‌ മായാവതി എന്ന പേരില്‍ അദ്ദേഹത്തിന്റെ പത്‌നിയായിത്തീരുമെന്നും ശിവന്‍ അനുഗ്രഹിച്ചു. പ്രദ്യുമ്‌നനും മായാവതിക്കും ജനിച്ച പുത്രനാണ്‌ അനിരുദ്ധന്‍.

ഉന്മാദകമായ പരിവേഷത്തോടുകൂടിയുള്ള ഭാവമാണ്‌ ഭാരതീയ സങ്കല്‌പങ്ങള്‍ കാമദേവനു നല്‌കിയിട്ടുള്ളത്‌. ഇദ്ദേഹത്തിന്റെ വില്ല്‌ കരിമ്പുകൊണ്ടും അതിന്റെ ഞാണുകള്‍ വണ്ടുകളെക്കൊണ്ടുമാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. വാഹനം ശുകമാണ്‌. കൊടിയടയാളം മത്‌സ്യവും. അരവിന്ദം, അശോകം, ചൂതം (തേന്മാവ്‌), നവമാലിക (പിച്ചകം), നീലോല്‌പലം എന്നിവകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പഞ്ചശരങ്ങള്‍ക്ക്‌ ഉന്മാദം, താപനം, ശോഷണം, സ്‌തംഭനം, മോഹനം എന്നീ പേരുകള്‍ നല്‌കപ്പെട്ടിരിക്കുന്നു.

മലയാളത്തിലെ പ്രാചീനകൃതികളിലൊന്നായ കാമദഹനം ചമ്പു കാമനെ കഥാപാത്രമാക്കിക്കൊണ്ടുള്ള ആസ്വാദ്യമായ ഒരു കാവ്യമാണ്‌.

1. ഈറോസ്‌ (Eros), ക്യൂപിഡ്‌ (Cupid), ഇഷ്‌ടാറ എന്നീ യവനറോമന്‍ബാബിലോണിയന്‍ ദേവതകളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ധര്‍മങ്ങള്‍ ഭാരതീയരുടെ കാമദേവനു കല്‌പിക്കപ്പെട്ടിട്ടുള്ളവയ്‌ക്കു തുല്യമാണ്‌.

2. സ്വാഹയുടെ ഒരു പുത്രനും കാമനെന്ന്‌ പേരുള്ളതായി മഹാഭാരത (വനപര്‍വം. 21923) ത്തില്‍ കാണുന്നു.

3. ശിവനും വിഷ്‌ണുവിനും കാമന്‍ എന്ന പര്യായനാമമുള്ളതായി ഭാരതത്തില്‍ അനുശാസനപര്‍വ (1770; 149-45)ത്തില്‍ സൂചനയുണ്ട്‌. ഈ പേരിലുള്ള ഒരു മഹര്‍ഷിയെക്കുറിച്ചും പ്രസ്‌തുത പര്‍വത്തില്‍ തന്നെ പരാമര്‍ശമുണ്ട്‌.

4. ജൈനമതത്തിലെ ദേവന്മാരുടെ കൂട്ടത്തില്‍ 24 കാമദേവന്മാരെക്കൂടി വര്‍ണിച്ചുകാണുന്നു.

5. കാമന്‍ എന്ന പദത്തിന്‌ അഗ്‌നി, ബലരാമന്‍, പരമാത്മാവ്‌, ഏഴാംഭാവം എന്നീ അര്‍ഥങ്ങളുമുണ്ട്‌.

(ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍