This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമകൂറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാമകൂറ

Kamakura

ബുദ്ധപ്രതിമ

ജപ്പാന്റെ പ്രാചീന തലസ്ഥാന നഗരം. ജപ്പാനിലെ ഹോണ്‍ഷൂ ദ്വീപില്‍ കിഴക്കു ഭാഗത്തുള്ള മിയൂറാ ഉപദ്വീപിന്റെ (Miura hanto) പശ്ചിമഭാഗത്ത്‌ ടോക്കിയോവിനു 51 കി.മീ. തെക്കുമാറി സ്ഥിതിചെയ്യുന്നു. ഒരു മതസാംസ്‌കാരിക കേന്ദ്രം കൂടിയാണ്‌ കാമകൂറ. കാന്റോ ജില്ലയില്‍ യോക്കോഹോമോ നഗരത്തിനു 22 കി. മീ. തെക്കുള്ള ഈ പട്ടണത്തിന്റെ ദക്ഷിണതീരം മണല്‍നിറഞ്ഞു മനോജ്ഞമായ കടല്‍പ്പുറങ്ങളാണ്‌. പടിഞ്ഞാറും കിഴക്കും വടക്കും വശങ്ങളില്‍ വശ്യമോഹനവും നിത്യഹരിതവുമായ വനങ്ങളോടുകൂടിയ ഒരു താഴ്‌വാരത്ത്‌ വികസിച്ചിട്ടുള്ള ഈ പട്ടണത്തില്‍ തികച്ചും സമീകൃതമായ കാലാവസ്ഥയാണ്‌ ഉള്ളത്‌. തന്മൂലം ടോക്കിയോ, യോക്കോഹോമ തുടങ്ങിയ നഗരങ്ങളില്‍ വസിക്കുന്നവരുടെ വിനോദകേന്ദ്രം കൂടിയാണ്‌ കാമകൂറ. കാമകൂറദായ്‌ബുത്സു (Daibutsu)എന്നറിയപ്പെടുന്ന ഇവിടത്തെ ബുദ്ധപ്രതിമ (13-ാം ശ.) ലോകത്തിലെ ഏറ്റവും വലിയ വെങ്കലപ്രതിമയാണ്‌.

കാമകൂറ മ്യൂസിയം ഒഫ്‌ ലിറ്ററേച്ചര്‍

12-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ മിനമോട്ടോ രാജവംശത്തിന്റെ ആസ്ഥാനമായിത്തീര്‍ന്ന കാമകൂറ മുന്‍കാലത്ത്‌ ഒരു മുക്കുവ സങ്കേതമായിരുന്നു. 1192ല്‍ യോറിത്തോമോ രാജാവാണ്‌ ഇത്‌ രാജ്യതലസ്ഥാനമാക്കിയത്‌. 1333 വരെ നീണ്ടുനിന്ന ഈ ഘട്ടത്തെ കാമകൂറ കാലഘട്ടം (Kamakura Shogunate; 1192-1333) എന്നു വിശേഷിപ്പിക്കുന്നു. കലാസാഹിത്യാദികളുടെ സുവര്‍ണ കാലമായിരുന്നു ഇത്‌. മൂന്നു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഈ കാലഘട്ടത്തിനൊടുവില്‍ പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങളും ഈ നഗരത്തെ നാശോന്മുഖമാക്കി. ഈഡോ (Edo) കാലഘട്ടത്തിലാണ്‌ നഗരം വീണ്ടും വിനോദസഞ്ചാര പ്രാധാന്യമാര്‍ജിച്ചത്‌. 1939ല്‍ അയല്‍ഗ്രാമങ്ങളെ കാമകൂറയില്‍ ലയിപ്പിച്ചു. 1948ലാണ്‌ ഇപ്പോഴത്തെ കാമകൂറ നഗരം പ്രാബല്യത്തില്‍ വന്നത്‌.

1333 മുതല്‍ 1573 വരെ പൂര്‍വ ജപ്പാന്റെ ഭരണകേന്ദ്രമായും ഈ പട്ടണം വര്‍ത്തിച്ചിരുന്നു. തോക്കുഗാവാ കാലഘട്ടത്തില്‍ (1603-1867) കാമകൂറ ജപ്പാനിലെ ഏറ്റവും പ്രശസ്‌തമായ വിനോദകേന്ദ്രമായിരുന്നു. 1923ല്‍ ഉണ്ടായ ഉഗ്രമായ ഒരു ഭൂചലനത്തിന്റെ ഫലമായി പട്ടണം നാശോന്മുഖമായിത്തീര്‍ന്നു എങ്കിലും പില്‌ക്കാല പ്രയത്‌നങ്ങള്‍മൂലം പുനര്‍നിര്‍മാണം നടത്തപ്പെട്ടു. ചരിത്ര സങ്കേതം, ആവാസകേന്ദ്രം, സുഖവാസപട്ടണം തുടങ്ങിയ നിലകളില്‍ പ്രസിദ്ധിപെറ്റ കാമകൂറ അടുത്ത കാലത്ത്‌ വ്യാവസായികമായും പുരോഗതി ആര്‍ജിച്ചു വരുന്നു.

കാമകൂറ കാലഘട്ടത്തിലെ നിര്‍മിതിയായ ദായ്‌ബുത്സു വെങ്കല പ്രതിമയ്‌ക്കു 13 മീ. ഉയരമുണ്ട്‌. ദായ്‌ബുത്സു എന്നാല്‍ മഹാനായ ബുദ്ധന്‍ എന്നാണര്‍ഥം. 1252ല്‍ കാമകൂറയില്‍ സ്ഥാപിക്കപ്പെട്ട ഈ പ്രതിമയ്‌ക്കു പുറമേ 9.5 മീ. ഉയരമുള്ള കന്നനിന്റെ പ്രതിമയും നൂറോളം ബുദ്ധവിഹാരങ്ങളും ഇവിടെ ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നു. 1253ല്‍ സ്ഥാപിച്ച കെഞ്ചോചി വിഹാരം പലപ്പോഴായി നശിപ്പിക്കപ്പെട്ടെങ്കിലും അപ്പോഴെല്ലാം തന്നെ പുനരുദ്ധരിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്‌. മറ്റുപ്രധാന വിഹാരങ്ങള്‍, എന്നോ (1250), എന്‍ഗാകു (1282), ജോചി (1283) എന്നിവയാണ്‌. എന്‍ഗാകു 1923ലെ ഭൂകമ്പത്തില്‍ മിക്കവാറും തകര്‍ന്നടിഞ്ഞുപോയി. 1664ല്‍ പണിത ജുഫൂകു ദേവാലയത്തിനു പുറമേ കാകുവോന്‍ ദേവാലയം, യോറിതോമോയുടെ ശവകുടീരം തുടങ്ങിയവയും ഇവിടത്തെ ശ്രദ്ധേയമായ പ്രാചീന വാസ്‌തുവിദ്യാ മാതൃകകളാണ്‌.

പട്ടണത്തിലെ കാമകൂറ മ്യൂസിയം അമൂല്യമായ ഒരു ദേശീയ സമ്പത്താണ്‌. ആധുനികവും പ്രാചീനവുമായ അനേകം കലാരൂപങ്ങള്‍ ഇവിടെ പരിരക്ഷിക്കപ്പെടുന്നു. യൂ ഗാ ഹാമാ (Yui-ga-hama), സ്‌കിചിരി ഗാ ഹാമാ (Schichiri-ga-hama) എന്നീ കടല്‍പ്പുറങ്ങള്‍ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാമകൂറ കൊത്തുപണി (Kamakura bori) എന്നറിയപ്പെടുന്ന ജാപ്പനീസ്‌ ശില്‌പവേല വിശ്വപ്രസിദ്ധമാണ്‌. തടിയില്‍ നല്ല കനത്തില്‍ പല നിറങ്ങളിലുള്ള ലാക്കര്‍ പശ ഒന്നിനുമേലൊന്നായി പൂശിപ്പിടിപ്പിച്ച ശേഷം ഉദ്ദിഷ്‌ട രൂപം കൊത്തിയുണ്ടാക്കുന്ന വിശിഷ്‌ടമായ ഈ ശില്‌പകലാസമ്പ്രദായം കാമകൂറ കാലഘട്ടത്തില്‍ വളരെ വികാസം പ്രാപിക്കുകയുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AE%E0%B4%95%E0%B5%82%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍