This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാബ (കഅ്‌ബ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാബ (കഅ്‌ബ)

Kaaba

മക്കയിലെ മസ്‌ജിദുല്‍ ഹറാമിന്റെ ഉള്‍വശം

മക്കയിലെ "മസ്‌ജിദുല്‍ ഹറാം' എന്ന മുസ്‌ലിം പള്ളിയുടെ അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ വിശുദ്ധമന്ദിരം. പ്രപഞ്ചസ്രഷ്‌ടാവും ഏകനാഥനുമായ അല്ലാഹുവിനെ ആരാധിക്കുവാന്‍ ഇദംപ്രഥമമായി സ്ഥാപിക്കപ്പെട്ട ദേവാലയമാണിതെന്നു മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു. ഇതിനെയും ഇതിന്റെ പരിസരപ്രദേശത്തെയും പുണ്യസ്ഥലമായി കണക്കാക്കി വരുന്നു. ഇവിടെവച്ചു യുദ്ധമോ ജീവഹത്യയോ നടത്താന്‍ പാടില്ല എന്നു വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

കഅ്‌ബ

ഭൂമിയുടെ ഏകദേശം മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഈ കെട്ടിടം ഇസ്‌ലാമിക ലോകത്തിന്റെ ആധ്യാത്മികകേന്ദ്രമാണ്‌. ഇതിനഭിമുഖമായിട്ടാണ്‌ ലോകത്തിന്റെ ഏതുഭാഗത്തുമുള്ള മുസ്‌ലീങ്ങള്‍ നമസ്‌കരിക്കുന്നത്‌. സാര്‍വലൗകിക സാഹോദര്യത്തിന്റെ നിദര്‍ശനമെന്നോണം വര്‍ഷന്തോറും ജനങ്ങള്‍ ഈ കേന്ദ്രത്തിലേക്ക്‌ തീര്‍ഥാടനം നടത്തിവരുന്നു. അതാണ്‌ പരിശുദ്ധ ഹജ്ജ്‌. മുഹമ്മദ്‌ നബിക്കു മുമ്പും മുസ്‌ലിങ്ങള്‍ ഈ കേന്ദ്രത്തിലേക്കു തീര്‍ഥാടനം നടത്തിവന്നിരുന്നു.

സംസം കിണര്‍

ഘനാകാരമായി (12.2മീ.ത10.7മീ.ത15.2മീ) കരിങ്കല്ലുകള്‍ കൊണ്ട്‌ നിര്‍മിച്ചിട്ടുള്ള കഅ്‌ബയ്‌ക്കു നാല്‌ മൂലകള്‍ (റുക്‌നുകള്‍) ഉണ്ട്‌. കിഴക്കേമൂല അല്‍റുക്‌ന്‍ അല്‍അസ്‌വദ്‌ എന്നും വടക്കേമൂല അല്‍റുക്‌ന്‍ അല്‍ഇറാക്കി എന്നും പടിഞ്ഞാറേമൂല അല്‍റുക്‌ന്‍ അല്‍ഷാമി എന്നും തെക്കേമൂല അല്‍റുക്‌ന്‍ അല്‍യമനി എന്നും അറിയപ്പെടുന്നു. വടക്കുപടിഞ്ഞാറേ ഭിത്തിയില്‍ ഏതാണ്ടു ഏഴ്‌ അടി ഉയരത്തില്‍ ഒരു കവാടം സ്ഥാപിച്ചിട്ടുണ്ട്‌. സാധാരണയായി ഈ കവാടം തുറക്കാറില്ല. ജനാലകളില്ലെന്നുള്ളത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. ഇതിനകത്ത്‌ ആരാധ്യമായതോ മറ്റ്‌ എന്തെങ്കിലും പ്രത്യേകതകളുള്ളതോ ആയ യാതൊരു വസ്‌തുവുമില്ല.

ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശമായ "ലാ ഇലാഹ ഇല്ലല്ലാഹ്‌' (അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല) എന്ന്‌ ആലേഖനം ചെയ്‌തിട്ടുള്ള കറുത്ത പട്ടുകൊണ്ട്‌ (കിസ്‌വ) ഈ കെട്ടിടം സദാസമയവും മൂടിയിട്ടിരിക്കും. വര്‍ഷന്തോറും ഇത്‌ മാറ്റുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ ആസ്ഥാനത്തോടുള്ള സ്‌നേഹാദരസൂചകമായി സന്ദര്‍ശകര്‍ ഈ മന്ദിരത്തെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യേണ്ടതുണ്ട്‌. ഇതിന്‌ "ത്വവാഫ്‌' എന്നു പറയുന്നു. ഈ പ്രദക്ഷിണത്തിന്റെ ആരംഭബിന്ദു എന്ന നിലയ്‌ക്ക്‌ കിഴക്കേമൂലയില്‍ ചുവരിന്റെ മധ്യത്തിന്‍നിന്ന്‌ താഴെയായി തിളക്കമുള്ള ഒരു കറുത്ത കല്ല്‌ വച്ചിരിക്കുന്നതു കാണാം. കഅ്‌ബയുടെ പുനര്‍നിര്‍മാണ വേളയില്‍ പ്രവാചകനായ ഇബ്രാഹിം പ്രദക്ഷിണത്തിന്റെ തുടക്കം കുറിക്കാന്‍ വച്ച ഈ കല്ല്‌ അല്‍ഹജറുല്‍ അസ്‌വദ്‌ (കറുത്ത കല്ല്‌) എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കല്ല്‌, ആദം സ്വര്‍ഗത്തില്‍നിന്ന്‌ ഭൂമിയിലേക്കു വന്നപ്പോള്‍ കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന വിശ്വാസവും നിലവിലുണ്ട്‌. ഈ കല്ല്‌ സ്‌പര്‍ശിച്ചുകൊണ്ടോ, അതിനുനേരെ ആംഗ്യം കാണിച്ചുകൊണ്ടോ ആണ്‌ പ്രദക്ഷിണം ആരംഭിക്കാറുള്ളത്‌. ഈ കല്ല്‌ ഇവിടെ സ്ഥാപിച്ചിട്ടുള്ളതിനാലാണ്‌ ഈ സ്ഥലത്തിന്‌ അല്‍റുക്‌ന്‍ അല്‍അസ്‌വദ്‌ എന്ന പേര്‌ ലഭിച്ചത്‌.

കഅ്‌ബായുടെ ആദ്യകാല ചരിത്രത്തെപ്പറ്റിയുള്ള ഒരു രേഖ കൂടിയാണ്‌ വിശുദ്ധ ഖുര്‍ആന്‍. ലോകത്ത്‌ ആദ്യമായി സ്ഥാപിക്കപ്പെട്ട ദേവാലയം ഇതാണെന്ന്‌ ഖുര്‍ആനില്‍ പ്രസ്‌താവമുണ്ട്‌. പ്രവാചകന്മാരായ ഇബ്രാഹിമും ഇസ്‌മാഈലും കൂടിയാണ്‌ ഇന്നു നിലവിലുള്ള രൂപത്തില്‍ ഈ മന്ദിരത്തിന്റെ പുനര്‍നിര്‍മാണം നടത്തിയതെന്നു ഖുര്‍ആനില്‍ നിന്നു വ്യക്തമാകുന്നു.

അബ്രഹാം, മോസസ്‌, സോളമന്‍, ഇസ്‌മാഈല്‍, ജീസസ്‌, മുഹമ്മദ്‌ തുടങ്ങിയ എല്ലാ പ്രവാചകന്മാരുടെയും അനുയായികളായ ഏകദൈവവിശ്വാസികളെ മുസ്‌ലിങ്ങള്‍ എന്ന്‌ ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നു. എല്ലാ കാലഘട്ടങ്ങളിലെയും മുസ്‌ലിങ്ങള്‍ കഅ്‌ബാ മന്ദിരത്തെ പുണ്യഗേഹമായി കണക്കാക്കുകയും അവിടേക്ക്‌ ഹജ്ജ്‌ തീര്‍ഥാടനം നടത്തുകയും ചെയ്‌തു വന്നിട്ടുണ്ട്‌. ഇപ്പോഴും ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുപോരുന്നു.

പ്രവാചകനായ മുഹമ്മദിനു മുമ്പ്‌ മക്കാനിവാസികള്‍ ബഹുദൈവാരാധകരും ബിംബാരാധകരുമായിത്തീര്‍ന്നപ്പോള്‍ കുറച്ചുകാലത്തേക്ക്‌ ഈ മന്ദിരം അവരുടെ ബിംബാരാധനാകേന്ദ്രമായിരുന്നു. ഇതൊഴികെ മറ്റൊരിക്കലും ഈ മന്ദിരം ഏകദൈവവിശ്വാസികളുടെ അധീനതയില്‍ നിന്നൊഴിവാകുകയോ വൈദേശികാധിപത്യത്തിനു വിധേയമാവുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ച സന്ദര്‍ഭങ്ങളില്‍ കഅ്‌ബ പുതുക്കിപ്പണിതിട്ടുണ്ട്‌.

കഅ്‌ബയ്‌ക്ക്‌ അല്‌പം അകലെ "സംസം' (Zamzam) കിണര്‍ സ്ഥിതി ചെയ്യുന്നു. അല്ലാഹുവിന്റെ കല്‌പനപ്രകാരം പ്രവാചകനായ ഇബ്രാഹിം തന്റെ പത്‌നി ഹാജറായെയും പിഞ്ചുപൈതല്‍ ഇസ്‌മാഈലിനെയും മക്കാ താഴ്‌വരയില്‍ താമസിപ്പിച്ചു. ജലശൂന്യവും വിജനവുമായിരുന്ന ആ സ്ഥലം പഴകിയ കഅ്‌ബാ മന്ദിരത്തിന്റെ തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കടുത്തായിരുന്നു. ദാഹിച്ചു വലഞ്ഞ കുഞ്ഞ്‌ കരയാന്‍ തുടങ്ങിയപ്പോള്‍ മാതാവ്‌ വെള്ളമന്വേഷിച്ചുകൊണ്ടു സഫാമര്‍വാ കുന്നിന്‍ മുകളിലേക്കു ഓടിക്കയറി ചുറ്റുപാടും നോക്കി. പക്ഷേ, ഒരിടത്തും വെള്ളം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹതാശയായി ആ മാതാവ്‌ തിരിച്ചുവന്നപ്പോള്‍, പിഞ്ചോമന കരഞ്ഞുകാലിട്ടടിക്കുന്ന സ്ഥാനത്തു ശക്തമായ നീരുറവ പൊട്ടിയൊഴുകുന്നതാണു കണ്ടത്‌. ജലപ്രവാഹം ക്രമാതീതമായി കണ്ടപ്പോള്‍ "അടങ്ങ്‌അടങ്ങ്‌' എന്നര്‍ഥമുള്ള "സംസം' എന്ന പദം അവര്‍ ഉറക്കെ ഉച്ചരിച്ചു. ഉടനെ ആ പ്രവാഹത്തിനു ശമനമുണ്ടായി. മക്കാ മരുഭൂമിയിലെ ഒരേയൊരു കിണറായ ഈ സംസമിലെ ജലം യുഗങ്ങളായി പതിനായിരക്കണക്കിനു ജനങ്ങള്‍ നിത്യേനയെന്നോണം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുകയും വിദൂരദേശങ്ങളിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തുവരുന്നു. ദിവസം മുഴുവനും പമ്പ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന ഈ കിണറ്റിലെ ജലവിതാനത്തിനു യാതൊരു വിധ ഏറ്റക്കുറച്ചിലും കാണുന്നില്ല എന്നത്‌ മഹാദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെടുന്നു.

(പി.കെ.കെ. അഹമ്മദ്‌ കുട്ടി മൗലവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍