This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാബൂള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാബൂള്‍

Kabul

അബ്‌ദുല്‍ റഹ്‌മാന്‍ പള്ളി

അഫ്‌ഗാനിസ്‌താന്റെ തലസ്‌ഥാനം. ആ രാജ്യത്തിലെ ഏറ്റവും വലിയ നഗരവും കാബൂള്‍ തന്നെയാണ്‌. ഇതേ പേരുള്ള പ്രവിശ്യയുടെ ആസ്ഥാനമായ നഗരത്തിലൂടെ ഒഴുകുന്ന സിന്ധുനദിയുടെ പോഷകഘടകത്തിനും പേര്‍ കാബൂള്‍ എന്നാണ്‌. കാബുറ എന്ന പേരില്‍ പ്രാക്കാലത്ത്‌ പ്രസിദ്ധിപെറ്റിരുന്ന ഈ അധിവാസ കേന്ദ്രം പില്‌ക്കാലത്തു മധ്യേഷ്യയിലെ പ്രമുഖ വിപണനകേന്ദ്രമായിത്തീര്‍ന്നു. ചുറ്റും കോട്ടകെട്ടി സംരക്ഷിച്ചിരുന്ന പട്ടണത്തിനു മൂന്നു സഹസ്രാബ്‌ദക്കാലത്തെ ചരിത്രമുണ്ട്‌. പുരാണപ്രസിദ്ധമായ കാംബോജത്തിന്റെ ആധുനിക നാമമാണ്‌ കാബൂള്‍ എന്നും അഭിപ്രായമുണ്ട്‌.

ഷൂജ ഷാ ദുറാനി ന്യായപീഠത്തില്‍-പെയിന്റിങ്‌

1. കാബൂള്‍ നഗരം. രണ്ടു ചെങ്കുത്തായ മലനിരകള്‍ക്കിടയ്‌ക്കായി ത്രിഭുജാകൃതിയിലുള്ള കാബൂള്‍ താഴ്‌വരയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 1,820 മീ. ഉയരത്തിലായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. രാജ്യത്തെ നിമ്‌നോന്നതമായ പൂര്‍വഭാഗത്ത്‌ ഹിന്ദുക്കുഷ്‌ മേഖലയിലെ ബഹിര്‍നിരകള്‍ക്കിടയ്‌ക്കായി കാബൂള്‍ നദിക്കരയില്‍ വളര്‍ന്നു വികസിച്ച ഈ നഗരം രാജ്യത്തെ സാമ്പത്തികസാംസ്‌കാരിക കേന്ദ്രം കൂടിയാണ്‌. ഋഗ്വേദത്തില്‍ കാബുറ എന്ന പേരില്‍ പരാമൃഷ്‌ടമായിട്ടുള്ള കാബൂള്‍ നഗരം പാകിസ്‌താന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിനു 370 കി.മീ. പടിഞ്ഞാറായാണ്‌ സ്ഥിതിചെയ്യുന്നത്‌. മധ്യേഷ്യയിലെ അപ്രാപ്യമായ പര്‍വതനിരകള്‍ക്കിടയിലെ ചുരങ്ങളിലുള്ള വാണിജ്യപാത (caravan route)കളുടെ പശ്ചിമകവാടമായി വര്‍ത്തിച്ചിരുന്നതിനാലായിരിക്കാം നഗരത്തിന്‌ ഇത്രയും ദീര്‍ഘമായ ഒരു ചരിത്രം ഉണ്ടായത്‌. ജനസംഖ്യ: 2.54 ദശലക്ഷം (2006).

ടോളമി (എ.ഡി. 2-ാം ശ.) കാബുറ അഥവാ കാരൂര്‍ എന്ന പേരില്‍ ഈ നഗരത്തെ പരാമര്‍ശിച്ചുകാണുന്നു. കുശാന സാമ്രാജ്യത്തില്‍പ്പെട്ടിരുന്ന കാബൂള്‍ പിന്നീട്‌ എഫ്‌താലൈറ്റ്‌ വര്‍ഗക്കാരുടെ അധീനതയിലായി. വടക്കുനിന്ന്‌ ഹിന്ദുക്കുഷ്‌ കടന്നും; ഇന്ത്യ, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍നിന്ന്‌ കൈബര്‍ചുരം കടന്നും; തെക്കുനിന്ന്‌ ഗസ്‌നി, ഗര്‍ദീസ്‌ എന്നീ മേഖലകള്‍ താണ്ടിയും എത്തിയിരുന്ന വര്‍ത്തകസംഘങ്ങളുടെ സന്ധിസ്ഥാനമായിരുന്നു കാബൂള്‍. കാബൂളിലും ബനിയനിലുമുള്ള ബുദ്ധസംസ്‌കാരാവശിഷ്‌ടങ്ങള്‍ പണ്ടുകാലത്ത്‌ ബുദ്ധമതം ഇവിടെ വളര്‍ന്നു വികസിച്ചിരുന്നുവെന്നതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 6-ാം ശതകത്തിലാണ്‌ ഇത്‌ ഒരു രാജധാനിയായിത്തീര്‍ന്നത്‌. ദേശീയരായ ഷാമാരുടെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ നഗരം 7-ാം ശതകത്തില്‍ അറബികള്‍ക്കധീനമായി (661-680). പിന്നീട്‌ അനാഥമായിത്തീര്‍ന്ന ഈ മേഖല 9-ാം ശ. മുതല്‍ പല ദേശീയ ഭരണാധിപന്മാരുടെയും കീഴിലായിരുന്നു. 13-ാം ശതകത്തില്‍ ചെങ്കിസ്‌ഖാന്‍ ഈ നഗരം അക്രമിച്ചു നശിപ്പിച്ചു. ബാബര്‍ കൈവശപ്പെടുത്തിയതു (1504) മുതല്‍ 1526 വരെ കാബൂള്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു. തുടര്‍ന്നും മുഗള്‍ സാമ്രാജ്യത്തില്‍പ്പെട്ടിരുന്ന കാബൂള്‍ 1738ല്‍ ഇറാനിലെ നാദിര്‍ഷാ കൈയടക്കി. 1747ല്‍ ദുറാനി സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തപ്പെട്ട കാബൂള്‍ 1773ല്‍ സംസ്ഥാന തലസ്ഥാനമാക്കപ്പെട്ടു. ഒന്നാം ആംഗ്ലോഅഫ്‌ഗാന്‍ യുദ്ധ (1838-42)ത്തിനിടയ്‌ക്ക്‌ (1839) കാബൂള്‍ ബ്രിട്ടീഷ്‌ അധീനത്തിലായെങ്കിലും 1842ല്‍ ബ്രിട്ടീഷുകാര്‍ക്കിവിടം വിടേണ്ടിവന്നു. രണ്ടാം ആംഗ്ലോഅഫ്‌ഗാന്‍ യുദ്ധ (1878-80) ത്തിനുശേഷവും ബ്രിട്ടീഷുകാര്‍ക്കിവിടെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 1880ല്‍ ഭരണാധികാരിയായിരുന്ന അബ്‌ദുല്‍ റഹ്‌മാന്‍ കാബൂളിനെ അഫ്‌ഗാനിസ്‌താന്റെ ആസ്ഥാനമാക്കി.
അഫ്‌ഗാനിസ്‌താനിലെ അമേരിക്കന്‍ സര്‍വകലാശാല

കമ്പിളി, തുകല്‍, റയോണ്‍ വസ്‌ത്രങ്ങളുടെയും ഉത്‌പാദനം, പഴംപച്ചക്കറിധാന്യസംസ്‌കരണം എന്നിവയാണ്‌ മുഖ്യ വ്യവസായങ്ങള്‍. പാകിസ്‌താന്‍ വഴി ഇന്ത്യയിലേക്കും, റഷ്യയിലേക്കും ഇറാനിലേക്കുമുള്ള രാജവീഥികളുടെ സംഗമസ്ഥാനമായ കാബൂളില്‍ ആധുനിക സജ്ജീകരണങ്ങളുള്ള ഒരു വിമാനത്താവളമുണ്ട്‌. പഴയതും അത്യാധുനികങ്ങളുമായ മന്ദിരങ്ങളുടെ ഒരു സമഞ്‌ജസ സമ്മേളനം ഇവിടെ കാണാം. നഗരത്തിലെ പ്രമുഖ ചരിത്രസ്‌മാരകം ബാബറുടെ ഉദ്യാനമാണ്‌. അദ്ദേഹത്തിന്റെ കല്ലറ ഉള്‍ക്കൊള്ളുന്ന ഈ പൂന്തോട്ടം നഗരത്തിന്റെ പശ്ചിമസീമാന്തഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്‌. മറ്റൊരു സുന്ദരവാസ്‌തുശില്‌പമാണ്‌ പാര്‍ലമെന്റ്‌ മന്ദിരം (Dar-Ol-Aman). മറ്റു പല പ്രാചീന വാസ്‌തുവിദ്യാ മാതൃകകളുമുള്‍ക്കൊള്ളുന്ന നഗരം പരിഷ്‌കരിക്കുന്നതിന്‌ 1930ലും സോവിയറ്റ്‌ സഹായത്തോടെ 1965ലും ആസൂത്രിത പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. 1946ലാണ്‌ കാബൂള്‍ സര്‍വകലാശാല സ്ഥാപിതമായത്‌.

കാബൂളിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും താജിക്‌ വര്‍ഗത്തില്‍പ്പെട്ടവരാണ്‌. പഷ്‌തൂണ്‍കാര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്കും ഗണ്യമായ സ്വാധീനമുണ്ട്‌. ഭരണ അസ്ഥിരതയും ആഭ്യന്തരയുദ്ധങ്ങളും, പടയോട്ടങ്ങളും കാബൂള്‍ നഗരത്തെ ഒരു കലാപഭൂമിയായി മാറ്റി. 1979മുതല്‍ പത്തുവര്‍ഷം അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ അധിനിവേശത്തിലായിരുന്നു. അമേരിക്കന്‍ സഹായത്തോടെ ഏറെക്കാലം മുജാഹിദുകള്‍ അവര്‍ക്കെതിരെ ഒളിയുദ്ധം നടത്തിയതിന്റെ ഫലമായി 1989 ഫെ.15ന്‌ റഷ്യന്‍ സേന പിന്‍വാങ്ങി. 1992ല്‍ നജീബുള്ള ഭരണം തകര്‍ന്നപ്പോള്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തു. തുടര്‍ന്ന്‌ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ അഫ്‌ഗാനിസ്‌താന്‍ അക്രമിച്ച്‌ കീഴ്‌പ്പെടുത്തുകയും ഹമീദ്‌ കര്‍സായിയുടെ നേതൃത്വത്തിലുള്ള പുതിയൊരു ഗവണ്‍മെന്റിനെ 2001ല്‍ അവരോധിക്കുകയും ചെയ്‌തു. ജനായത്ത മാതൃകയിലുള്ള തെരഞ്ഞെടുപ്പ്‌ നടത്തി സമാധാനവും നിയമവാഴ്‌ചയും ജനാധിപത്യവും പുനഃസ്ഥാപിക്കാനുള്ള കഠിനപരിശ്രമം കാബൂളില്‍ നടന്നുവരുന്നു.

2. കാബൂള്‍ പ്രവിശ്യ. അഫ്‌ഗാനിസ്‌താനിലെ 34 പ്രവിശ്യകളില്‍ വിസ്‌തൃതി ഏറ്റവും കുറഞ്ഞതും ജനസാന്ദ്രത ഏറ്റവും കൂടിയതുമായ പ്രവിശ്യ. രാജ്യത്തിന്റെ പൂര്‍വഭാഗത്ത്‌ 4685 ച.കി.മീ. വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രവിശ്യയിലെ ജനസംഖ്യ: 22,80,000 (1990) ആണ്‌. നിമ്‌നോന്നതമായ ഭൂപ്രകൃതിയാണ്‌ പ്രവിശ്യക്കുള്ളത്‌. ആണ്ടു മുഴുവന്‍ സുഗമമായ ഗതാഗത സൗകര്യം പ്രദാനം ചെയ്യുന്ന ധാരാളം റോഡുകളുള്ള പ്രവിശ്യയെ കാബൂള്‍ നദി ഉത്തരദക്ഷിണ ഭാഗങ്ങളായി വിഭജിക്കുന്നു. പ്രവിശ്യയില്‍ വേനല്‍ക്കാലം സുഖശീതളമാണെങ്കിലും ശൈത്യകാലം തീക്ഷ്‌ണമാണ്‌.

3. കാബൂള്‍ നദി. സിന്ധുവിന്റെ ഒരു പ്രധാന പോഷകനദി. വലതുവശത്തുനിന്ന്‌ ഒഴുകിയെത്തുന്ന പോഷകനദികളില്‍ ഏറ്റവും വലുതാണ്‌ കാബൂള്‍ നദി. അഫ്‌ഗാനിസ്‌താനില്‍ സാങ്‌ലാക്‌, കോഹിബാബ (Koh-i-Baba) എന്നീ നിരകളിലുദ്‌ഭവിച്ച്‌ പാകിസ്‌താനില്‍ സിന്ധുനദിയോടു സംഗമിക്കുന്ന കാബൂള്‍ നദിക്ക്‌ 700 കി.മീ. നീളമുണ്ട്‌. ഈ നദിയുടെ പ്രാചീനനാമം കോഫീസ്‌ (Cophes)എന്നായിരുന്നു.

കാബൂളിലൂടെ പൂര്‍വദിശയിലൊഴുകി ജലാലാബാദ്‌ കടന്നു കൈബര്‍ ചുരത്തിലൂടെ പാകിസ്‌താനില്‍ പ്രവേശിക്കുന്ന നദിക്കരയിലാണ്‌ പെഷവാര്‍ വികസിച്ചിട്ടുള്ളത്‌. പെഷവാറിനും, 150 കിലോമീറ്ററോളം കിഴക്കുള്ള ഇസ്‌ലാമാബാദിനും ഏതാണ്ടു മധ്യത്തായാണ്‌ കാബൂള്‍സിന്ധു സംഗമസ്ഥാനം. 560 കി. മീ. ദൂരമുള്ള നദീമാര്‍ഗം അഫ്‌ഗാനിസ്‌താനിലുണ്ട്‌. കാബൂള്‍ നഗരം മുതല്‍ സംഗമഘട്ടം വരെ ഈ നദി ഗതാഗതസൗകര്യം പ്രദാനം ചെയ്യുന്നു. നദിക്കരയിലൂടെ പെഷവാര്‍ജലാലാബാദ്‌കാബൂള്‍ ഹൈവേ നിര്‍മിച്ചിട്ടുണ്ട്‌. കാബൂള്‍ താഴ്‌വരയിലൂടെയാണ്‌ മഹാനായ അലക്‌സാണ്ടര്‍ ഇന്ത്യയിലെത്തിയത്‌. കാബൂള്‍ നഗരത്തിനു പടിഞ്ഞാറ്‌ വേനല്‍ക്കാലത്തു നദി വരണ്ടുണങ്ങുമെങ്കിലും ബാക്കി ഭാഗങ്ങളില്‍ നിന്ന്‌ വിശാലമായ പ്രദേശങ്ങളിലേക്ക്‌ ജലസേചനസൗകര്യം സാധ്യമാകുന്നുണ്ട്‌. നോ. കാംബോജം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AC%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍