This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാബൂളിവാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാബൂളിവാല

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ കാവ്യസുന്ദരവും ഹൃദയസ്‌പര്‍ശിയും അവിസ്‌മരണീയവുമായ ഒരു ചെറുകഥ.

രബീന്ദ്രനാഥ ടാഗൂര്‍

സാധാരണ ജനങ്ങളുടെ അന്തഃരംഗത്തിലെ സൂക്ഷ്‌മഭാവങ്ങള്‍ കലാത്മകമായി ചിത്രീകരിക്കുന്ന നിരവധി കഥകള്‍ ടാഗൂര്‍ രചിച്ചിട്ടുണ്ട്‌. ജീവിതത്തിന്റെയും പ്രകൃതിയുടെയും നിഗൂഢഭംഗികള്‍ അനുഭവജ്ഞാനത്തോടും, ഉത്തേജിത ഭാവനയോടും ആവിഷ്‌കരിക്കുന്ന അത്തരം മനുഷ്യകഥാനുഗായികളായ രചനകളില്‍ കാലത്തിന്‌ പോറലേല്‌പിക്കാന്‍ കഴിയാത്ത ഒരപൂര്‍വ സൃഷ്‌ടിയാണ്‌ "കാബൂളിവാല'.

1895ല്‍ കുട്ടികള്‍ക്കുവേണ്ടിയാണ്‌ ഈ കഥ രചിച്ചതെങ്കിലും കാലത്തിനും ദേശത്തിനും ഭാഷയ്‌ക്കും അതീതമായ മനുഷ്യസ്‌നേഹബന്ധം ഇതില്‍ ടാഗൂര്‍ നിബന്ധിച്ചിട്ടുണ്ട്‌. കൊല്‍ക്കത്തയിലെ ഒരു ഇടത്തരംകുടുംബത്തിലെ സാഹിത്യകാരന്റെ മകളായ മിനി എന്ന ബാലികയോട്‌ അഫ്‌ഗാനിസ്‌താനില്‍ നിന്ന്‌ നഗരത്തിലെത്തി, തെരുവുകളില്‍ ഈന്തപ്പഴവും മുന്തിരിയും കമ്പിളിപ്പുതപ്പുകളും മറ്റും വിറ്റ്‌ നടക്കുന്ന റഹ്‌മാന്‌ തോന്നുന്ന വാത്സല്യമാണ്‌ കഥയുടെ പ്രമേയം.

ഒരു നോവലിന്റെ രചനയില്‍ മുഴുകിയിരുന്ന പിതാവിനെ കൊച്ചുമകള്‍ മിനി ഓരോരോ കുസൃതിചോദ്യങ്ങള്‍ കൊണ്ട്‌ രസിപ്പിക്കുന്ന രംഗം സരസമായി വര്‍ണിച്ചുകൊണ്ടാണ്‌ കഥ തുടങ്ങുന്നത്‌. പെട്ടെന്ന്‌ ജനലിന്റെ അരികിലേക്ക്‌ ഓടിച്ചെന്നകുട്ടി, മുഷിഞ്ഞതും അയഞ്ഞതുമായ വലിയ കുപ്പായവും ഉയരമുള്ള തലക്കെട്ടും അണിഞ്ഞ്‌, കൈയില്‍ മുന്തിരിക്കെട്ടുകളും തോളില്‍ പൊക്കണസഞ്ചിയുമേന്തി നടക്കുന്ന വിചിത്രവേഷത്തെ ചൂണ്ടി കാബൂളിവാല! കാബൂളിവാല! എന്ന്‌ നിഷ്‌കളങ്കമായ അദ്‌ഭുതത്തോടെ വിളിക്കുന്നു. തോള്‍സഞ്ചിയില്‍ കുട്ടികളെ പിടിച്ചിട്ട്‌ കൊണ്ടുപോകുന്ന നാടോടിയായിരിക്കാം ആ തടിയന്‍ എന്ന്‌ ഭയന്ന മിനി വീടിനകത്തേക്കോടി അമ്മയുടെ മടിയില്‍ അഭയം തേടി. ഇതിനകം വീട്ടുവാതില്‍ക്കല്‍ എത്തിയ ആ വഴിവാണിഭക്കാരനെ മുഷിപ്പിക്കാതിരിക്കാനായി മിനിയുടെ അച്ഛന്‍ ചില സാധനങ്ങള്‍ വാങ്ങി. റഹ്‌മാന്‍ കൊച്ചുമകളെ ആകാംക്ഷയോടെ തിരക്കിയപ്പോള്‍ പേടി തീര്‍ക്കാനായി പിതാവ്‌ മിനിയെ വിളിച്ചു വരുത്തി. കാബൂളിവാലയെയും അയാളുടെ വലിയ സഞ്ചിയെയും പരിഭ്രമത്തോടെ നോക്കി നിന്ന മിനിയുടെ ആശങ്കകളുടെയും ഭയത്തിന്റെയും ഇടയില്‍ ഊറിക്കൂടിയതായിരുന്നു സ്‌നേഹാന്വേഷിയായ കാബൂള്‍ക്കാരന്‌ മിനിയോടുള്ള വാത്സല്യം. ക്രമേണ പേടിയുടെ മഞ്ഞുമറകള്‍ മാഞ്ഞ്‌ അവള്‍ കാബൂളിവാലയോട്‌ കൂടുതല്‍ അടുത്തു. കാബൂളിവാലയെ കണ്ടാലുടനെ ഓടി അടുത്തുചെന്ന്‌ മിനി ചേദിക്കും ""ഓ! കാബൂളിവാലാ! ഈ പൊക്കണത്തിലെന്തുണ്ട്‌? ""ഇതിനകത്ത്‌ ആനയാണ്‌ കുഞ്ഞേ! ആന അയാള്‍ ചിരിച്ചുകൊണ്ട്‌ പറയും. ""മോള്‌ എന്നാണ്‌ അമ്മായി അപ്പന്റെ വീട്ടിലേക്ക്‌ പോകുന്നത്‌? അയാള്‍ കുസൃതിയോടെ തിരക്കും.

ബംഗാളി കുടുംബങ്ങളില്‍പ്പെട്ട പെണ്‍കുഞ്ഞുങ്ങളോട്‌ ഭാവി ഭര്‍ത്തൃഗൃഹത്തെപ്പറ്റി കളിയാക്കി പറയുന്ന പതിവുണ്ട്‌. എന്നാല്‍ റഹ്‌മാനെ സംബന്ധിച്ചിടത്തോളം ആ പ്രയോഗത്തിന്‌ മറ്റൊരര്‍ഥവുമുണ്ടെന്ന്‌ കഥാകാരന്‍ സൂചിപ്പിക്കുന്നു. ഉണ്ടും ഉറങ്ങിയും അല്ലലറിയാതെ ഭാര്യാവീട്ടിലെന്നപോലെ സുഖമായി കഴിയാന്‍ റഹ്‌മാനെപ്പോലുള്ള നാടോടികളെ കാത്തിരിക്കുന്നഗൃഹം കാരാഗൃഹമാണത്ര. ഈ രണ്ടര്‍ഥവും കഥാന്ത്യത്തില്‍ സത്യമായി വരുന്നുമുണ്ട്‌. ഊഷരമായ അഫ്‌ഗാന്‍ മലകളില്‍ നിന്ന്‌ ചുരം കടന്ന്‌ ക്ലേശങ്ങള്‍ താണ്ടി ഇന്ത്യയിലേക്കും തിരികെ നാട്ടിലേക്കും യാത്രചെയ്യുന്ന കാബൂളിവാല എന്ന നിത്യസഞ്ചാരിയുടെ ജീവിതം പുതിയ നാടുകളിലേക്കുള്ള പ്രയാണം സ്വപ്‌നം കണ്ടിരുന്ന കഥാകൃത്തിന്റെ ഭാവനയെ ഉണര്‍ത്തുമായിരുന്നു എന്നും ടാഗൂര്‍ ഇവിടെ അനുസ്‌മരിക്കുന്നു.

വര്‍ഷത്തിലൊരിക്കല്‍, ഉത്‌പന്നങ്ങള്‍ കടമായി കൊടുത്തതിന്റെ കുടിശ്ശിക പിരിച്ചെടുത്ത്‌ സ്വരൂപിച്ച്‌ റഹ്‌മാന്‍ നാട്ടിലേക്കു പോകുമായിരുന്നു. പെട്ടെന്നൊരു ദിവസം രാവിലെ തെരുവില്‍ ആരവം കേട്ട്‌ എത്തിനോക്കിയ മിനിയുടെ അച്ഛന്‍ കാബൂളിവാലയെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടു. റഹ്‌മാന്റെ കൈയില്‍ നിന്ന്‌ ഒരു കമ്പിളിപ്പുതപ്പ്‌ കടമായി വാങ്ങിയിരുന്ന ഒരാള്‍ വില വാങ്ങാന്‍ ചെന്നപ്പോള്‍ പുതപ്പ്‌ വാങ്ങിയിട്ടേയില്ല എന്ന്‌ പറയുകയും അവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം മൂത്തപ്പോള്‍ ക്രുദ്ധനായ കാബൂള്‍കാരന്‍ കത്തികൊണ്ട്‌ മറ്റേയാളെ ആക്രമിക്കുകയും ചെയ്‌തതായി അന്വേഷണത്തില്‍ അറിഞ്ഞു. ഈ വിവരമൊന്നുമറിയാത്ത മിനി ""ഓ! കാബൂളിവാല! എന്നു നീട്ടിവിളിച്ചപ്പോള്‍ റഹ്‌മാന്റെ മുഖം തെളിഞ്ഞു. ""അമ്മായിഅപ്പന്റെ പുരയിലേക്കാണോ പോക്ക്‌ എന്ന്‌ അവള്‍ പതിവുപോലെ ചോദിച്ചതിനു ""അതേ അങ്ങോട്ടേക്ക്‌ തന്നെ എന്നയാള്‍ പുഞ്ചിരിയോടെ ഉത്തരവും നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം മിനിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയ്‌ക്ക്‌, ജയില്‍വാസം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന വഴി റഹ്‌മാന്‍ അവളുടെ വീട്ടിലെത്തുന്ന വികാരനിര്‍ഭരമായ രംഗമാണ്‌ പിന്നീട്‌ ടാഗൂര്‍ അവതരിപ്പിക്കുന്നത്‌. നവവധുവിന്റെ വേഷവും ആഭരണങ്ങളും അണിഞ്ഞ്‌ മിനി മുന്നില്‍ എത്തിയപ്പോള്‍ കാബൂളിലെ വീട്ടില്‍ ബാപ്പയെ കാത്തിരിക്കുന്ന ഇതേ പ്രായമുള്ള സ്വന്തം പുത്രിയും യൗവനത്തിന്റെ പാദമൂന്നി നില്‍ക്കുകയായിരിക്കുമല്ലോ എന്ന ചിന്ത അയാളെ നടുക്കി. തന്റെ ഹൃദയത്തിന്റെ ഭാഗമായ പ്രിയപുത്രിയെയായിരുന്നു അയാള്‍ മിനിയില്‍ ദര്‍ശിച്ചിരുന്നത്‌. ഭര്‍ത്തൃഗൃഹത്തിലേക്ക്‌ യാത്രയാകാനൊരുങ്ങുന്ന മിനിയെ ആശീര്‍വദിച്ചശേഷം, തന്നെ അങ്ങകലെ കാത്തിരിക്കുന്ന മകളെ കാണാനുള്ള ആര്‍ത്തിയോടെ നടന്നകന്ന ആ നല്ല മനുഷ്യന്റെ കൈയില്‍ കുറെ കറന്‍സിനോട്ടുകള്‍ നിര്‍ബന്ധപൂര്‍വം മിനിയുടെ പിതാവ്‌ വച്ചുകൊടുക്കുന്നതോടെ കഥ അവസാനിക്കുന്നു.

മനുഷ്യസ്‌നേഹത്തിന്റെ മൃദുലമായ ഇഴകള്‍ അതീവ ശ്രദ്ധയോടെ ടാഗൂര്‍ നെയ്‌തുചേര്‍ക്കുന്ന ഈ കഥ സ്‌നേഹത്തിന്റെ ശക്തിയും സാര്‍വലൗകികതയും സൗകുമാര്യവും ചാരുതയോടെ അനാവരണം ചെയ്യുന്നു. ടാഗൂര്‍ ബംഗാളിയില്‍ രചിച്ച ഈ കഥ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്‌ പന്നലാല്‍ ബസുവാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍