This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഫൂര്‍, മാലിക്ക്‌ (? - 1316)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഫൂര്‍, മാലിക്ക്‌ (? - 1316)

ഖില്‍ജിവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ അലാവുദ്ദീന്റെ (1266-1316) സേനാനായകന്‍. എ.ഡി. 1298ല്‍ അലാവുദ്ദീന്‍ ഗുജറാത്തിലേക്ക്‌ അയച്ചിരുന്ന സൈന്യം കാംബെ നഗരത്തില്‍നിന്ന്‌ വിലയേറിയ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ, ഹസര്‍ ദീനാരി എന്നറിയപ്പെട്ടിരുന്ന, കാഫൂര്‍ എന്നു പേരുള്ള ഒരു അടിമയെയും ഇവര്‍ക്കു ലഭിച്ചു. സമര്‍ഥനായ സൈന്യാധിപനെന്ന നിലയില്‍ കാഫൂര്‍ പിന്നീട്‌ പ്രസിദ്ധി നേടി. ദക്ഷിണേന്ത്യയില്‍ നടത്തിയ നാല്‌ ആക്രമണങ്ങളും കാഫൂര്‍ ആണ്‌ നയിച്ചത്‌. കപ്പം മുടക്കം വരുത്തിയ ദേവഗിരിക്കെതിരായി യുദ്ധം (1307) നടത്തി ആദ്യമായി കാഫൂര്‍ തന്റെ പ്രാഗല്‌ഭ്യം പ്രകടമാക്കി. പിന്നീട്‌ അക്കാലത്ത്‌ ദക്ഷിണേന്ത്യയില്‍ നടന്ന എല്ലാ യുദ്ധങ്ങള്‍ക്കും കാഫൂര്‍ നേതൃത്വം നല്‌കി. ദേവഗിരി ആക്രമണത്തില്‍ കാഫൂര്‍ ധാരാളം ധനം കൊള്ളയടിക്കുകയും യാദവരാജാവായ രാമചന്ദ്രനെ തടവുകാരനാക്കി ഡല്‍ഹിയിലേക്കു കൊണ്ടു പോവുകയും ചെയ്‌തു. 1310 ജനുവരിയില്‍ വാറംഗലിലെ കാകതീയ രാജാക്കന്മാര്‍ക്കെതിരായി കാഫൂര്‍ പടനയിച്ചു; പക്ഷേ, ആ രാജ്യവുമായി യുദ്ധം ചെയ്യേണ്ടിവന്നില്ല. തന്റെ വിലപിടിച്ച എല്ലാ സമ്പത്തും രാജാവ്‌ കാഫൂറിന്‌ കാഴ്‌ചവച്ചു.

തെക്കേ ഇന്ത്യയിലെ വമ്പിച്ച ധനശേഖരം കൊള്ളയടിക്കാന്‍ മാലിക്ക്‌ കാഫൂര്‍, മറ്റൊരു സൈന്യത്തെ നയിച്ചു (1310). ദേവഗിരി രാജാവായ രാമചന്ദ്രന്റെ സഹായത്തോടെ ഹോയ്‌സാലയുടെ തലസ്ഥാനമായ ദ്വാരസമുദ്രം ആക്രമിച്ചു. ഹോയ്‌സാല രാജാവായ ബല്ലാലന്‍ കകക തലസ്ഥാനത്തില്ലാതിരുന്നതുകാരണം തലസ്ഥാനം പിടിച്ചെടുക്കാന്‍ കാഫൂറിനു ബുദ്ധിമുട്ടുണ്ടായില്ല. കാഫൂറിനു കീഴടങ്ങിയ ബല്ലാലന്റെ സഹായത്തോടുകൂടി കാഫൂര്‍ പാണ്ഡ്യരാജ്യം ആക്രമിച്ചു. പാണ്ഡ്യരാജ്യത്തിലെ രണ്ടു രാജകുമാരന്മാരായ വീരപാണ്ഡ്യഌം സുന്ദരപാണ്ഡ്യഌം തമ്മിലുണ്ടായിരുന്ന അവകാശത്തര്‍ക്കം കാഫൂറിന്റെ വിജയത്തിനു കൂടുതല്‍ സഹായകമായി. കാഫൂര്‍ ഈ രാജകുമാരന്മാരെ പരാജിതരാക്കി രാജ്യം കൈവശപ്പെടുത്തുകയും ധാരാളം സമ്പത്ത്‌ കവര്‍ന്നെടുക്കുകയും ചെയ്‌തു.

1311ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ കാഫൂറിനെ സത്‌കരിക്കാന്‍ സുല്‍ത്താന്‍ വലിയൊരു വിരുന്നൊരുക്കിയിരുന്നു. പിന്നീട്‌ അലാവുദ്ദീന്‍ ഖില്‍ജി കാഫൂറിനെ രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥനായി നിയമിച്ചു. സുല്‍ത്താന്റെ മരണത്തില്‍ (1316 ജനു. 4) മാലിക്ക്‌ കാഫൂറിന്‌ പങ്കുണ്ടെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. അലാവുദ്ദീന്റെ നിര്യാണശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ഷിഹാബുദ്ദീന്‍ ഉമറിനെ കാഫൂര്‍ രാജാവാക്കി വാഴിച്ചു; അദ്ദേഹം സ്വയം റീജന്റായി സ്ഥാനമേറ്റെടുത്തു. രാജസിംഹാസനത്തിന്റെ അടുത്ത അവകാശികളെയും സുല്‍ത്താന്റെ പുത്രന്മാരായ മുബാറക്ക്‌ ഖാന്‍, ഷാദിഖാന്‍, ഉസ്‌മാന്‍ഖാന്‍, അബുബക്കര്‍ഖാന്‍ എന്നിവരെയും കാഫൂര്‍ വധിച്ചു. മാലിക്ക്‌ കാഫൂറിനെയും അനുചരന്മാരെയും, അന്തരിച്ച സുല്‍ത്താന്റെ അംഗരക്ഷക സേനയിലെ നേതാക്കന്മാര്‍ (മുബാഷ്‌ഷീര്‍, ബഷീര്‍, സാലേഹ്‌, മുനീര്‍) 1316 ഫെ. 9ന്‌ വധിച്ചു. നോ. അലാവുദ്ദീന്‍ ഖില്‍ജി; ഖില്‍ജി വംശം

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍