This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്‌ടീന്‍, യാക്കൊബൂസ്‌ കോര്‍ണീലിയൂസ്‌ (1851 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപ്‌ടീന്‍, യാക്കൊബൂസ്‌ കോര്‍ണീലിയൂസ്‌ (1851 - 1922)

Kapteyn, Jacobus Cornelius

യാക്കൊബൂസ്‌ കോര്‍ണീലിയൂസ്‌ കാപ്‌ടീന്‍

ഡച്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1851 ജനു. 19ന്‌ ബാര്‍നെവെല്‍ഡില്‍ ജനിച്ചു. ഉട്രഷ്‌റ്റ്‌ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം 1875ല്‍ ലൈഡന്‍ നിരീക്ഷണാലയത്തിലെ ഒരംഗമായി. 1878ല്‍ ഗ്രാണിങ്‌ഗെന്‍ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്‌ത്രം, സൈദ്ധാന്തിക ബലതന്ത്രം എന്നീ വിഭാഗങ്ങളുടെ അധ്യക്ഷനായി കാപ്‌ടീന്‍ നിയമിക്കപ്പെട്ടു.

നക്ഷത്രാന്തരീയദൂര നിര്‍ണയനത്തിന്‌ സാംഖികരീതികള്‍ വികസിപ്പിച്ചെടുത്ത ശാസ്‌ത്രജ്ഞനാണ്‌ കാപ്‌ടീന്‍. ജ്യോതിശാസ്‌ത്ര സാംഖിക (Astronomical statics) ശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവായി ഇദ്ദേഹം അറിയപ്പെടുന്നു.

ജ്യോതിശ്ശാസ്‌ത്ര പഠനത്തിന്‌ ഛായാഗ്രഹണരീതി കാപ്‌ടീന്‍ പ്രയോജനപ്പെടുത്തി. 1885ല്‍ സ്‌കോട്ടിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ഡേവിഡ്‌ ഗില്ലിനോടൊപ്പം ഫോട്ടോഗ്രാഫുകളുടെ സഹായത്തോടെ ദക്ഷിണാര്‍ധ ഗോളത്തിലെ അര്‍ധദശലക്ഷത്തോളം നക്ഷത്രങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1889ല്‍ ഇദ്ദേഹം നക്ഷത്രലംബനങ്ങള്‍ (Stellar parallaxes) നിര്‍ണയിക്കുന്നതിനുള്ള പുതിയ രീതികള്‍ കണ്ടെത്തി. ഗവേഷണത്തിനു വേണ്ടിയുള്ള ഒരു ലബോറട്ടറി 1896ല്‍ ഇദ്ദേഹം ആരംഭിച്ചു. 1903ല്‍ ഗ്രാണിങ്‌ഗെന്‍ സര്‍വകലാശാലയിലെ ഖനിജവിജ്ഞാനലബോറട്ടറി (Minerological laboratory) ഇതിന്റെ സ്ഥിരം ആസ്ഥാനമായിത്തീര്‍ന്നു. പിന്നീട്‌ ഇത്‌ "അസ്റ്റ്രാണോമിക്കല്‍ ലബോറട്ടറി കാപ്‌ടീന്‍' എന്നാണ്‌ അറിയപ്പെടുന്നത്‌. ശൂന്യാകാശത്ത്‌ നക്ഷത്രങ്ങളുടെ വിതരണത്തെയും ചലനത്തെയും കുറിച്ച്‌ അനേകം ശാസ്‌ത്രപ്രബന്ധങ്ങള്‍ പ്രസ്‌തുത സര്‍വകലാശാലയുടെ ആനുകാലികങ്ങളില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാമ്പിളിന രീതിയില്‍ ഫോട്ടോ ഗ്രാഫികമായി ക്ലിപ്‌തപ്പെടുത്തി ഏകദേശം 206 ആകാശഭാഗങ്ങളിലെ നക്ഷത്രങ്ങളുടെ ചലന വിവരങ്ങള്‍ ഇദ്ദേഹം പഠിക്കുകയുണ്ടായി. രണ്ടു വിപരീത ദിശകളിലേക്ക്‌ നക്ഷത്രങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന്‌ ഇദ്ദേഹം കണ്ടുപിടിച്ചു. നക്ഷത്രങ്ങളുടെ ഈ നീക്കം "നക്ഷത്ര പ്രവാഹം' (star streaming) എന്ന്‌ അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഘടനയെപ്പറ്റി മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ സഹായകമായിട്ടുണ്ട്‌. 190814 കാലത്ത്‌ ഇദ്ദേഹം മൗണ്ട്‌ വില്‍സണ്‍ നിരീക്ഷണാലയത്തിലെ റിസര്‍ച്ച്‌ അസോസിയേറ്റ്‌ ആയി സേവനമനുഷ്‌ഠിച്ചിരുന്നു.

1922 ജൂണ്‍ 18ന്‌ ആംസ്റ്റര്‍ഡാമില്‍ വച്ച്‌ കാപ്‌ടീന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍