This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്പി (രാഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപ്പി (രാഗം)

ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും തുല്യപ്രചാരം നേടിയിട്ടുള്ള ഒരു ഭാഷാംഗജന്യ രാഗം. ഹിന്ദുസ്ഥാനി സംഗീതത്തില്‍നിന്ന്‌ ഉടലെടുത്ത ഈ രാഗം 19-ാം ശതകത്തിന്റെ ഉത്തരാര്‍ധകാലഘട്ടത്തിലാണ്‌ കര്‍ണാടകസംഗീതത്തില്‍ പ്രചരിച്ചുതുടങ്ങിയത്‌. ദേശ്യ ഭാഷാംഗരാഗങ്ങളില്‍ പ്രധാനപ്പെട്ട ജന്യരാഗമായ കാപ്പി രാഗത്തിന്‌ ഇന്ന്‌ വളരെയധികം പ്രചാരം ലഭിച്ചിട്ടുണ്ട്‌.

കര്‍ണാടകസംഗീതത്തില്‍ കര്‍ണാടകകാപ്പി, ഉപാംഗകാപ്പി, ഭാഷാംഗകാപ്പി എന്നിങ്ങനെ മൂന്നു തരത്തിലുള്ള കാപ്പിരാഗം കാണുന്നു. ഇവ മൂന്നും 22-ാമത്‌ മേളകര്‍ത്താവായ ഖരഹരപ്രിയയുടെ ജന്യങ്ങളാണ്‌. കര്‍ണാടക കാപ്പിരാഗം ഉപാംഗരാഗവും വക്രസമ്പൂര്‍ണരാഗവുമാണ്‌. ഈ രാഗത്തിന്റെ ആരോഹണാവരോഹണം വക്രരൂപത്തിലുള്ളതാണ്‌.

ആരോഹണം: സരിഗമരിപമപധനിസ അവരോഹണം: സനിധപമഗമരിസ. ത്യാഗരാജ സ്വാമികളുടെ "ജുതാമുരാരേ' എന്ന "ദരു' (നൗകാചരിത്രം) ഈ രാഗത്തിലുള്ളതാണ്‌. ഉപാംഗ കാപ്പിരാഗം ഔഡവവക്രസമ്പൂര്‍ണരാഗമാണ്‌; സരിമപനിസസനിധനിപമഗരിസ. പല്ലവി ശേഷയ്യര്‍ ഈ രാഗത്തില്‍ ഒരു തില്ലാന രചിച്ചിട്ടുണ്ട്‌. ഭാഷാംഗ കാപ്പിരാഗം ഔഡവ വക്ര സമ്പൂര്‍ണവും ഭാഷാംഗരാഗവുമാണ്‌. മിശ്രകാപ്പി, ദേശ്യകാപ്പി, ഹിന്ദുസ്ഥാനികാപ്പി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. "കാപ്പി'യെന്നു മാത്രം പറയുന്നത്‌ ഈ രാഗത്തെയാണ്‌. ആരോഹണം: സരിമപനിസ അവരോഹണം: സനിധനിപമഗാരിസ. ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ ചതുഃശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ മധ്യമം, ചതുഃശ്രുതിധൈവതം, കൈശികി നിഷാദം എന്നിവയാണ്‌ ഇതിലെ സ്വരങ്ങള്‍. ദീര്‍ഘഗാന്ധാര പ്രയോഗം ഈ രാഗത്തിന്റെ സവിശേഷതയാണ്‌. ദാട്ടു പ്രയോഗങ്ങള്‍ രഞ്‌ജകത്വം വര്‍ധിപ്പിക്കുന്നു. "രി', "ഗ', "പ', "നി' എന്നിവ രാഗച്ഛായാസ്വരങ്ങളാണ്‌. ഈ രാഗത്തില്‍ "സമഗമാ' എന്ന പ്രയോഗത്തില്‍ അന്തര ഗാന്ധാരവും "പധപമ'യില്‍ ശുദ്ധധൈവതവും "ഗാരിസനിസ'യില്‍ കാകലിനിഷാദവും അന്യസ്വരങ്ങളായി വരുന്നു. ശൃംഗാരരസ പ്രധാനമായ ഈ രാഗം സംഗീതികകളിലും നൃത്തനാടകങ്ങളിലും ആലപിച്ചുവരുന്നതിനു പുറമേ ശ്ലോകം, വിരുത്തം എന്നിവയിലും പ്രയോഗിക്കപ്പെടുന്നു. "ഇന്ത സൗഖ്യമനി', "മീവല്ലഗുണദോഷ' (ത്യാഗരാജസ്വാമികള്‍), "ജഗദോദ്ധാരണ', "ബന്തദെല്ല' (പുരന്ദരദാസര്‍), "ജാനകീരമണ', "വിഹരമാനസാ' (സ്വാതിതിരുനാള്‍), "എന്ന തപം ശെയ്‌തനൈ' (പാപനാശം ശിവന്‍), "തിങ്കള്‍ മുഖിയേ', "മായാഗോപബാല'

(കെ.സി. കേശവപിള്ള) തുടങ്ങി അനേകം കൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍