This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്പിറ്റോള്‍ ഹില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപ്പിറ്റോള്‍ ഹില്‍

Capitol Hill

കാപ്പിറ്റോള്‍ ഹില്‍-വാഷിങ്‌ടണ്‍ ഡി.സി.

അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ഭരണ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാഷിങ്‌ടണ്‍ ഡി.സി.യിലെ മന്ദിരസമുച്ചയം.

അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിനുശേഷം രാഷ്‌ട്രത്തിന്‌ ഒരു തലസ്ഥാനം പണിയാനുള്ള ശ്രമം ഗവണ്‍മെന്റ്‌ ആരംഭിക്കുകയും 1790ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ്‌ ഇതിന്‌ അനുവാദം നല്‌കുകയും ചെയ്‌തു. പൊട്ടൊമാക്‌ നദിക്കരയില്‍ 25.9 ച.കി.മീ. വിസ്‌തൃതിയുള്ള സ്ഥലം ഇതിലേക്ക്‌ നിശ്ചയിച്ചു (1791). തലസ്ഥാന ജില്ലയ്‌ക്കു ക്രിസ്റ്റൊഫര്‍ കൊളംബസിന്റെ സ്‌മരണയ്‌ക്കായി കൊളംബിയ എന്ന്‌ നാമകരണം ചെയ്യാനും തീരുമാനമായി. ഫെഡറല്‍ തലസ്ഥാന നഗരം നിര്‍മിക്കുന്നതിനുള്ള സ്ഥലം മേരിലാന്റ്‌ സംസ്ഥാനവും വെര്‍ജീനിയയും നല്‌കിയതോടെ 1791ല്‍ പണിതുടങ്ങി. ഫ്രഞ്ച്‌ എന്‍ജിനീയറായിരുന്ന പിയറി ചാള്‍സ്‌ എന്‍ഫാന്റി (Pierre, Charles' Enfant)നായിരുന്നു ഇതിന്റെ ആസൂത്രണച്ചുമതല. 1800ല്‍ പണിപൂര്‍ത്തിയാവുകയും കാപ്പിറ്റോള്‍ ഹില്ലിലെ പുതിയ മന്ദിരത്തില്‍ കോണ്‍ഗ്രസ്സ്‌ സമ്മേളിക്കുകയും ചെയ്‌തു (1800 ന. 21) ചരിത്രപ്രധാനമായ ആ വര്‍ഷം തന്നെ പ്രസിഡന്റും ഗവണ്‍മെന്റും പുതിയ ഫെഡറല്‍ സിറ്റിയായ വാഷിങ്‌ടണ്‍ ഡി.സി.യിലെ ഗവണ്‍മെന്റ്‌ ആസ്ഥാനത്തേക്കു മാറി.

റോമിലെ ജൂപ്പിറ്റര്‍ ക്ഷേത്രം സ്ഥിതിചെയ്‌തിരുന്ന കുന്നിനെ അനുസ്‌മരിച്ചാവാം അമേരിക്കന്‍ ജനകീയ ഭരണത്തിന്റെ ആസ്ഥാനത്തിന്‌ ക്യാപ്പിറ്റോള്‍ഹില്‍ എന്ന പേര്‌ നല്‌കപ്പെട്ടത്‌. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ നിയമസഭ ഇവിടെയാണ്‌ സമ്മേളിക്കുന്നത്‌. കാപ്പിറ്റോളിന്റെ വടക്കുഭാഗത്തുള്ള മന്ദിരത്തില്‍ സെനറ്റും ദക്ഷിണഭാഗത്തുള്ള കെട്ടിടത്തില്‍ ജനപ്രതിനിധിസഭയും യോഗം ചേരുന്നു. കാപ്പിറ്റോളിന്റെ ആകര്‍ഷകമായ ഗോപുരത്തിന്റെ കീഴിലുള്ള ഗോളാകൃതിയിലുള്ള പ്രദര്‍ശന ഗ്യാലറി വിശ്രുത ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളാലും, അമേരിക്കയിലെ പ്രശസ്‌തരായ ചരിത്ര പുരുഷന്മാരുടെ പ്രതിമകളാലും അലങ്കൃതമാണ്‌. ഇതിനു കിഴക്കായി സുപ്രീംകോടതി മന്ദിരവും കോണ്‍ഗ്രസ്സ്‌ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. വാഷിങ്‌ടണിലെ 12 പ്രധാനപ്പെട്ട റോഡുകള്‍ കാപ്പിറ്റോള്‍ ടവര്‍ പരിസരത്താണ്‌ സംഗമിക്കുന്നത്‌. മാര്‍ബിളും ചെങ്കല്ലും ഉപയോഗിച്ച്‌ റോമന്‍ഗ്രീക്‌ വാസ്‌തുശില്‌പ മാതൃകയും യൂറോപ്യന്‍ നവോഥാന കാലത്ത്‌ യൂറോപ്യന്‍ പ്രചാരത്തില്‍വന്ന വാസ്‌തുശില്‌പ മാതൃകകളും സമന്വയിപ്പിച്ച്‌ നിര്‍മിച്ച കാപ്പിറ്റോള്‍ കെട്ടിടത്തിന്‌ 213.76 മീറ്റര്‍ നീളവും 106.68 മീറ്റര്‍ വീതിയും ഉണ്ട്‌. അകവശത്തിന്റെ വിസ്‌താരം 16œ ഏക്കര്‍. ഉയരം 87.65 മീറ്റര്‍. ഈ മന്ദിരത്തില്‍നിന്ന്‌ ഏതാണ്ട്‌ രണ്ടര കി.മീ. വടക്ക്‌ പടിഞ്ഞാറാണ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസ്‌ സ്ഥിതി ചെയ്യുന്നത്‌.

ജനപ്രതിനിധിസഭ (House of Representatives)1807-ലാണ്‌ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. പിന്നീട്‌ പല കാലങ്ങളിലായി ഈ മന്ദിര സമുച്ചയത്തില്‍ അനേകം അനുബന്ധമന്ദിരങ്ങള്‍ പണിതിട്ടുണ്ട്‌. 1923 മുതല്‍ 31വര്‍ഷം കാപ്പിറ്റോളിന്റെ വാസ്‌തുശില്‌പിയായിരുന്ന ഡേവിഡ്‌ ലിന്‍ (David Lynn)ന്റെ നേതൃത്വത്തില്‍ സെനറ്റ്‌ ആഫീസ്‌, സുപ്രീം കോടതി, കോണ്‍ഗ്രസ്സ്‌ ഗ്രന്ഥാലയം, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കുകയും ലെജിസ്ലേറ്റീവ്‌ ചേംബര്‍ നവീകരിക്കുകയും ചെയ്‌തു. 1956ല്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്‌ കിഴക്കുഭാഗത്തായി മാര്‍ബിള്‍കൊണ്ട്‌ പുതിയ പുരോഭാഗം നിര്‍മിച്ചു. 1962ല്‍ 100 മുറികള്‍ കൂട്ടിച്ചേര്‍ത്തു. ഈ വാസ്‌തു ശില്‌പത്തിന്റെ ക്ലാസ്സിക്‌ ചാരുത തെല്ലും ചോരാതെയാണ്‌ വാസ്‌തുശില്‌പിയായ ജോര്‍ജ്‌ സ്റ്റീവാര്‍ടിന്റെ (J.George Stewart) നേതൃത്വത്തില്‍ നവീകരണ ജോലികള്‍ നടന്നത്‌. ശില്‌പഭംഗിയും അകസൗന്ദര്യവും ഒത്തിണങ്ങിയ കാപ്പിറ്റോള്‍ ടവേഴ്‌സ്‌ ആണ്‌ ഇന്നും വാഷിങ്‌ടണിലെ പ്രധാന ദൃശ്യാകര്‍ഷണം.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍