This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്പാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപ്പാട്‌

വാസ്കോ ദ ഗാമ കാപ്പാട് വന്നിറങ്ങിയതിന്റെ സ്മാരകസ്തൂപം

കേരളത്തില്‍ വാസ്‌കോ ദ ഗാമ ആദ്യമായി കാലുകുത്തിയ സ്ഥലം. കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍പ്പെട്ട ചേമഞ്ചേരി പഞ്ചായത്തിലാണ്‌ ഈ കടലോരപ്രദേശം സ്ഥിതി ചെയ്യുന്നത്‌. 1498 മേയ്‌ 20ന്‌ ആണ്‌ ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ്‌ നാവികസംഘം ഇവിടെ കപ്പലിറങ്ങിയത്‌. ഇന്ത്യയിലെ വൈദേശികാധിപത്യത്തിന്റെ ആദ്യചുവടുവയ്‌പായി ഈ സംഭവത്തെ ചരിത്രകാരന്മാര്‍ വ്യാഖ്യാനിക്കുന്നു.

കാപ്പാട്‌ കടപ്പുറം

കപ്പക്കടവ്‌ എന്നും ഈ സ്ഥലത്തിനു പേരുണ്ട്‌. നാളികേരം, കുരുമുളക്‌ തുടങ്ങിയവയുടെ വാണിജ്യകേന്ദ്രമായിരുന്നു ഈ പ്രദേശം. പഴയകാലത്തെ പണ്ടകശാലയുടെ ചില നഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ഇവിടെ കാണാം. അറബികളാണ്‌ ഇവിടെനിന്ന്‌ ചരക്കുകൊണ്ടു പോയിരുന്നത്‌. കപ്പല്‍ അടുത്തിരുന്ന ഈ കടവിന്‌ കപ്പല്‍ക്കടവ്‌ എന്ന പേര്‌ അന്വര്‍ഥമാണ്‌. കപ്പല്‍ക്കടവ്‌ കപ്പക്കടവും പിന്നീട്‌ കാപ്പാടുമായി രൂപാന്തരപ്പെട്ടതാണെന്നാണ്‌ കരുതപ്പെടുന്നത്‌. കാപ്പാടിന്റെ തെക്കുവടക്ക്‌ 2 കി.മീ. നീളത്തില്‍ കടല്‍ ഉള്ളിലേക്കു കയറിക്കിടക്കുന്നുണ്ട്‌; തെക്കേ അറ്റത്ത്‌ ഏലത്തൂര്‍ മുനമ്പും വടക്കേ അറ്റത്ത്‌ തൂവപ്പാറയും കടലിലേക്ക്‌ ഉന്തിനില്‌ക്കുന്നു. തിക്കോടി ദീപസ്‌തംഭം കാപ്പാടില്‍നിന്ന്‌ കാണാവുന്നതാണ്‌.

വാസ്‌കോ ദ ഗാമ ആദ്യമായി കാല്‍കുത്തിയ സ്ഥലത്ത്‌ 3 മീ. പൊക്കം വരുന്ന ചതുരാകൃതിയിലുള്ള ഒരു സ്‌തംഭം നിര്‍മിച്ചിട്ടുണ്ട്‌. അതില്‍ മാര്‍ബിളില്‍ വാസ്‌കോ ദ ഗാമ ഇവിടെ കപ്പക്കടവില്‍ 1498ല്‍ വന്നിറങ്ങി (Vasco da Gama landed here Kappakadavu in the year 1498) എന്ന ഒരു ലിഖിതം ഉണ്ട്‌. കടല്‍ ക്ഷോഭത്തില്‍പ്പെട്ടു തകര്‍ന്ന ആദ്യത്തെ സ്‌തംഭത്തിന്റെ സ്ഥാനത്ത്‌ 1939ല്‍ മദ്രാസ്‌ ഗവണ്‍മെന്റ്‌ നിര്‍മിച്ചതാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഫലസമൃദ്ധമായ തെങ്ങുകള്‍കൊണ്ടു നിറഞ്ഞ ഈ കടലോരത്ത്‌ മത്സ്യവ്യവസായം തൊഴിലാക്കിയ മുസ്‌ലിങ്ങള്‍ ധാരാളമുണ്ട്‌. തീയരും മുക്കുവരും മുകയരുമാണ്‌ ഇവിടത്തെ മറ്റു താമസക്കാര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നാദാപുരത്തുനിന്നു കുടിയേറിയ ഹിന്ദുക്കളാണ്‌ ഇവിടത്തെ മുകയര്‍. സ്‌തംഭത്തിനു വടക്കുഭാഗത്തായി കടല്‍ത്തീരത്തും കടലിലും പാറക്കെട്ടുകളുണ്ട്‌.

കടലിലേക്കുന്തി നില്‌ക്കുന്ന തൂവപ്പാറയുടെ മുകളില്‍ വലിയൊരു കാവും "ഉറവുപൊട്ടും കാവ്‌' എന്ന പേരുള്ള ഒരു ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവിടെ ശംഖിനെ ദേവിയായി സങ്കല്‌പിച്ച്‌ ആരാധന നടത്തിവരുന്നു. സാധാരണ ക്ഷേത്രങ്ങളിലേതില്‍നിന്ന്‌ വ്യത്യസ്‌തമായ പൂജാവിധിക്രമങ്ങളുള്ള ഈ ക്ഷേത്രത്തിലെ പൂജാരി മുകയ സമുദായംഗമാണ്‌. 1498ല്‍ ഗാമയും സംഘവും ഇവിടെ എത്തിയപ്പോള്‍ ഒരു പള്ളിയില്‍ ആരാധന നടത്തിയതായി രേഖകളുണ്ട്‌. കന്യാമറിയത്തിന്റെ പള്ളി എന്ന്‌ തെറ്റിദ്ധരിച്ച്‌ അവര്‍ ആരാധന നടത്തിയത്‌ ഈ ക്ഷേത്രത്തിലാവാനാണ്‌ സാധ്യത. കടലലകളുടെ മുരള്‍ച്ചയില്ലാത്ത ശാന്തവും മനോഹരവുമായ കാപ്പാട്‌ കടല്‍ത്തീരം നല്ലൊരു സ്‌നാനഘട്ടം കൂടിയാണ്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍