This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപിബാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാപിബാറ

Capybara

കാപിബാറ

ഭൂമുഖത്തു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലുപ്പമേറിയ കൃന്തകപ്രാണി (rodent).ഒറ്റനോട്ടത്തില്‍ വലിയ ഒരു ഗിനിപ്പന്നിയെപ്പോലെ തോന്നിക്കുന്ന ഈ മൃഗത്തിന്‌ ഒരു ആടിന്റെയോ സാമാന്യം വളര്‍ച്ചമുറ്റിയ ഒരു പട്ടിയുടെയോ വലുപ്പമുണ്ടായിരിക്കും. "കേവി', "നീര്‍പ്പന്നി' എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു.

തെക്കേ അമേരിക്കയാണ്‌ കാപിബാറയുടെ ജന്മനാട്‌. 1020 അംഗങ്ങള്‍വരെയുള്ള കൂട്ടങ്ങളായാണ്‌ ഇത്‌ കഴിയുന്നത്‌. കാഴ്‌ചയ്‌ക്കു തീരെ ഭംഗിയില്ലാത്ത കാപിബാറയുടെ ശരീരം മുഴുവന്‍ പരുക്കന്‍ രോമത്താല്‍ ആവൃതമായിരിക്കുന്നു. ഇതിനു വാല്‍ ഇല്ല; കഴുത്ത്‌ കുറുകിയതും ചെവി തീരെ ചെറുതുമാണ്‌. നാല്‌ വിരലുകളുള്ള മുന്‍കാലുകളെക്കാള്‍ ചെറുതാണ്‌ മൂന്നു വിരലുകളുള്ള പിന്‍കാലുകള്‍. എല്ലാ വിരലുകളിലും നഖങ്ങള്‍ കാണാം; വിരലുകള്‍ ഭാഗികമായി ജാലപാദവും (webbed) ആയിരിക്കും. പൂര്‍ണ വളര്‍ച്ചയെത്തിയ കാപിബാറയ്‌ക്ക്‌ ഉദ്ദേശം 1.3 മീ. നീളവും, തോള്‍ഭാഗത്ത്‌ 53 സെ.മീ. ഉയരവും, 55 കിലോഗ്രാം ഭാരവും കാണും. 12 വര്‍ഷമാണ്‌ കാപിബാറയുടെ ശരാശരി ആയുസ്സ്‌.

റോഡെന്‍ഷ്യ ഗോത്രത്തിലെ ഹൈഡ്രാകോറിഡേ (Hydrochoeridae) എന്ന കുടുംബത്തിലെ ഏക അംഗമാണിവ. രണ്ട്‌ കാപിബാറ സ്‌പീഷീസില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്‌ ഹൈഡ്രാകീറസ്‌ ഹൈഡ്രാകെറീസ്‌ (Hydrochoerus hydrochaeris) ആണ്‌. അര്‍ജന്റീനയില്‍ പരാന നദിക്കരയിലുള്ള ചതുപ്പുകളും തടാകങ്ങളും തുടങ്ങി വടക്ക്‌ നദീതീരങ്ങളോടടുത്ത കാട്ടുപ്രദേശങ്ങളാണ്‌ ഇതിന്റെ വിഹാരരംഗം. അല്‌പംകൂടി വലുപ്പം കുറവായ ഹൈ. ഇസ്‌മിയസ്‌ (H. isthmius)എന്ന സ്‌പീഷീസ്‌ പനാമയില്‍ കാണപ്പെടുന്നു. രൂപത്തിലും ആകൃതിയിലും ഗിനിപ്പന്നികളോട്‌ സാദൃശ്യം പുലര്‍ത്തുന്നതിനാല്‍ ചില ജന്തുശാസ്‌ത്രജ്ഞന്മാര്‍ നീര്‍പ്പന്നികളെ, ഗിനിപ്പന്നികളുടെ കുടുംബമായ കാവിഡെ (Cavidae)യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നീര്‍ച്ചെടികളും പുല്ലുമാണ്‌ കാപിബാറയുടെ സാധാരണയുള്ള ആഹാരം. കൃഷിസ്ഥലങ്ങള്‍ക്ക്‌ വളരെ അടുത്തായി കഴിയുന്നതുകൊണ്ട്‌ ധാന്യങ്ങളും പഴങ്ങളുമടങ്ങിയ വിളകള്‍ക്ക്‌ നാശം വരുത്തുന്നതും അപൂര്‍വമല്ല. പ്രഭാതവും പ്രദോഷവുമാണ്‌ പ്രധാന ഭക്ഷണസമയങ്ങള്‍. കാപിബാറ പശുക്കളോടൊപ്പം മേയുന്നതും പതിവാണ്‌.

ഭയം തോന്നിക്കഴിഞ്ഞാല്‍ കുതിരയെപ്പോലെ അതിവേഗം ഓടുന്ന കാപിബാറ ജലാശയങ്ങളെ അഭയം പ്രാപിക്കുന്നു. നീന്തുന്നതിഌം ഊളിയിടുന്നതിഌം ഇതിനു നിഷ്‌പ്രയാസം കഴിയും. ഭാഗികജലായുതപാദങ്ങളും, ത്വക്കിനടിയിലായി, സമൃദ്ധമായി കാണുന്ന കൊഴുപ്പും ജലജീവിതത്തിന്‌ ഈ ജീവിയെ സഹായിക്കുന്ന ഘടകങ്ങളാണ്‌. ഹിപ്പപൊട്ടാമസിനെപ്പോലെ ചെവി, കണ്ണ്‌, മൂക്ക്‌ എന്നിവ മാത്രം വെള്ളത്തിനു മുകളിലാക്കി നീന്തുന്ന കാപിബാറയ്‌ക്കു വെള്ളത്തിനടിയിലൂടെയും കുറെയേറെ ദൂരം നീന്താന്‍ കഴിയും; ഈ അവസരങ്ങളില്‍ ജലസസ്യങ്ങളുടെ ഇടയിലൂടെ വല്ലപ്പോഴും മാത്രം മൂക്ക്‌ പുറത്തേക്കാക്കി ശ്വാസമെടുക്കുന്നു.

വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കാപിബാറ പ്രസവിക്കുന്നുള്ളൂ. 119126 ദിവസമാണ്‌ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ നാലോ അഞ്ചോ കുഞ്ഞുങ്ങളുണ്ടാകും. അടുത്ത പ്രസവകാലം വരെ കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം കഴിയുകയാണ്‌ പതിവ്‌. സാമാന്യത്തിലധികം വളര്‍ച്ച പ്രകടമാക്കുന്ന കുഞ്ഞുങ്ങള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ത്തന്നെ നീന്തലില്‍ മിടുക്കു കാണിക്കുന്നു. മൃഗശാലകളില്‍ സാധാരണ സൂക്ഷിക്കപ്പെടുന്ന ഒരു മൃഗമാണ്‌ ഇത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%AC%E0%B4%BE%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍