This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ഷിറാം, പണ്ഡിറ്റ്‌ (1883 - 1915)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ഷിറാം, പണ്ഡിറ്റ്‌ (1883 - 1915)

പണ്ഡിറ്റ്‌ കാന്‍ഷിറാം

ഇന്ത്യന്‍ വിപ്ലവകാരി. ഗദര്‍ പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ പണ്ഡിറ്റ്‌ കാന്‍ഷിറാം, പഞ്ചാബില്‍ അംബാല ജില്ലയിലെ മരോലി കലാന്‍ ഗ്രാമത്തില്‍ പണ്ഡിറ്റ്‌ ഗംഗാറാമിന്റെ പുത്രനായി 1883ല്‍ ജനിച്ചു. 1903 മുതല്‌ക്കാണ്‌ കാന്‍ഷിറാമിന്റെ വിപ്ലവജീവിതം ആരംഭിക്കുന്നത്‌. 1903ല്‍ യു.എസ്സിലെത്തിച്ചേര്‍ന്ന കാന്‍ഷിറാം, ഒന്‍പത്‌ വര്‍ഷത്തിലേറെ അവിടെ ചെലവഴിച്ചു. അവിടത്തെ ഇന്ത്യന്‍ അസോസിയേഷനില്‍ അംഗമായി പ്രവര്‍ത്തിച്ചശേഷം പോര്‍ട്ട്‌ലന്‍ഡില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ സ്ഥാപിച്ചു. പിന്നീട്‌ സൂഫി അംബാപ്രസാദ്‌ എന്ന പ്രശസ്‌ത വിപ്ലവകാരിയുടെ അനുയായിയായിത്തീര്‍ന്നു ഇദ്ദേഹം. ഗദര്‍ നേതാക്കന്മാരായിരുന്ന സോഹന്‍സിങ്‌, കര്‍ത്താര്‍സിങ്‌, സന്തോഖ്‌സിങ്‌, ജി.ഡി. കുമാര്‍ തുടങ്ങിയവരായിരുന്നു കാന്‍ഷിറാമിന്റെ ഉറ്റ സഖാക്കള്‍. കാന്‍ഷിറാം മാഡം കാമയുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. ഗദര്‍ കക്ഷിയുടെ ആസൂത്രണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം കാന്‍ഷിറാമായിരുന്നു. ഒറിഗോണിലെ സെന്റ്‌ ജോണില്‍നിന്നു ഗദര്‍പാര്‍ട്ടിയുടെ ആദ്യയോഗത്തില്‍ പങ്കെടുക്കാന്‍ (1913 മാ. 31) കാന്‍ഷിറാമും എത്തി. ഈ സംഘനടയ്‌ക്കുവേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും ഇദ്ദേഹം നല്‌കിയിരുന്നു. ഗദര്‍ പാര്‍ട്ടി യു.എസ്സില്‍ വച്ച്‌ 1913 ഏപ്രിലില്‍ സ്ഥാപിതമായി. പാര്‍ട്ടിയുടെ പ്രചാരണവിഭാഗത്തലവനും ആദ്യത്തെ ഖജാന്‍ജിയും കാന്‍ഷിറാമായിരുന്നു; സോഹന്‍സിങ്‌ അധ്യക്ഷനും ജി.ഡി. കുമാര്‍ കാര്യദര്‍ശിയും. സായുധവിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു കെട്ടുകെട്ടിക്കുക എന്നതായിരുന്നു ഈ പാര്‍ട്ടിയുടെ ലക്ഷ്യം. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ്‌ ഈ കക്ഷി, ഇന്ത്യയില്‍ വിപ്ലവത്തിന്‌ പറ്റിയ പശ്ചാത്തലമൊരുക്കാന്‍ ചില നേതാക്കന്മാരെ ഇന്ത്യയിലേക്കയച്ചു. 1913 ഡി. 27ന്‌ വാന്‍കൂവറിലെ സിക്ക്‌ ഗുരുദ്വാരയില്‍ നടന്ന സമ്മേളനത്തില്‍ കാന്‍ഷിറാം പങ്കെടുത്തിരുന്നു. ഗദര്‍ പാര്‍ട്ടിയുടെ പ്രക്ഷോഭണത്തിന്റെ ഭാഗമായി ഒന്നാം ലോകയുദ്ധകാലത്ത്‌ കാന്‍ഷിറാമിനെ ഇന്ത്യയിലേക്കു നിയോഗിച്ചു. ഇദ്ദേഹം തന്റെ പ്രവര്‍ത്തനകേന്ദ്രമായി ലുധിയാന തിരഞ്ഞെടുത്തു. ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ അസംതൃപ്‌തിയുണ്ടാക്കുകയെന്നുള്ളതായിരുന്നു ഗദര്‍ പാര്‍ട്ടിയുടെ ഒരു തന്ത്രം. അതിനുവേണ്ടി കാന്‍ഷിറാം വിവിധ സൈനികകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. 1914 ഒക്‌ടോബറില്‍ ഇദ്ദേഹം ഗ്രാമീണരോട്‌ ഗദര്‍ കക്ഷിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ വിവരിച്ചുകൊണ്ട്‌ പ്രസംഗിച്ചു. പാര്‍ട്ടിയുടെ ഫണ്ടിലേക്ക്‌ പണപ്പിരിവിനായി, പഞ്ചാബിലെ വിപ്ലവകാരികള്‍, ഗവണ്‍മെന്റ്‌ ഖജനാവ്‌ കൊള്ളയടിക്കുവാന്‍ തീരുമാനിച്ചു (1914 ന. 25). ആ ശ്രമത്തില്‍ കാന്‍ഷിറാം അറസ്റ്റ്‌ ചെയ്യപ്പെട്ടു. വിചാരണയ്‌ക്കു ശേഷം കാന്‍ഷിറാമിനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയും 1915 മാ. 27ന്‌ തൂക്കിക്കൊല്ലുകയും ചെയ്‌തു. നോ. ഗദര്‍ പാര്‍ട്ടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍