This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ബറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ബറ

Canberra

വാള്‍ട്ടര്‍ ബര്‍ലി ഗ്രിഫിന്‍
നാഷണല്‍ പോര്‍ട്രയിറ്റ്‌ ഗാലറി

ആസ്റ്റ്രലിയയുടെ തലസ്ഥാന നഗരം. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ തലസ്ഥാന പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. ആസ്റ്റ്രലിയന്‍ ആല്‍പ്‌സ്‌ നിരകളുടെ വടക്കേയറ്റത്തായി 2,360 ച.കി.മീ. വിസ്‌തൃതിയില്‍ ടാസ്‌മന്‍ കടലിലെ ജര്‍വിസ്‌ ഉള്‍ക്കടലിന്റെ തീരത്ത്‌ വ്യാപിച്ചു കിടക്കുന്ന തലസ്ഥാന പ്രവിശ്യയിലാണ്‌ സര്‍ക്കാരിന്റെ ആസ്ഥാന മന്ദിരങ്ങളും വിമാനത്താവളവും മറ്റും സ്ഥിതിചെയ്യുന്നത്‌. മൊലോങ്‌ലോ നദിയുടെ ഇരു കരകളിലുമായി നഗരം വ്യാപിച്ചു കിടക്കുന്നു. കാന്‍ബറ തുറമുഖം 150 കി.മീ. കിഴക്കായി ജര്‍വിസ്‌ ഉള്‍ക്കടലിലാണ്‌ സ്ഥിതിചെയ്യുന്നത്‌. നഗരത്തിലെ ജനസംഖ്യ: 3,23,056 (2006).

ബ്ലാക്‌മൗണ്ടന്‍ വാര്‍ത്താവിനിമയ ടവര്‍
നാഷണല്‍ ലൈബ്രറി മന്ദിരം

ഊഷ്‌മളമായ ഗ്രീഷ്‌മവസന്തങ്ങള്‍ അനുഭവപ്പെടുന്ന സമതലപ്രദേശത്ത്‌ മൂന്നുവശങ്ങളും ശൈലബാഹുക്കളാല്‍ ആവൃതമായ ഈ ആസൂത്രിതനഗരം വശ്യമോഹനങ്ങളായ അപൂര്‍വം ചില വിശ്വനഗരങ്ങളില്‍ ഒന്നാണ്‌. വടക്കു കിഴക്ക്‌ ഐന്‍സ്‌ലി, വടക്കു പടിഞ്ഞാറ്‌ ബ്ലാക്ക്‌ എന്നീ മലകളും തെക്ക്‌ ചുവന്ന കുന്നും നഗരത്തിനു ചുറ്റും കോട്ടപോലെ വര്‍ത്തിക്കുന്നു. വിക്‌ടോറിയ പ്രവിശ്യയുടെ തലസ്ഥാനമായ മെല്‍ബണ്‍, ന്യൂസൗത്ത്‌ വെയ്‌ല്‍സ്‌ പ്രവിശ്യയുടെ ആസ്ഥാനമായ സിഡ്‌നി, കാന്‍ബറ എന്നീ മൂന്നു നഗരങ്ങള്‍ തെ. പടിഞ്ഞാറ്‌വ. കഴിക്ക്‌ ദിശയിലുള്ള ഒരു നേര്‍രേഖയില്‍ സ്ഥിതിചെയ്യുന്നു. മധ്യത്തായുള്ള കാന്‍ബറയില്‍നിന്ന്‌ സിഡ്‌നി 250 കി.മീ. വടക്കു കിഴക്കും, മെല്‍ബണ്‍ 460 കി.മീ. തെക്കു പടിഞ്ഞാറുമാണ്‌. ആസ്റ്റ്രലിയ കോമണ്‍ വെല്‍ത്ത്‌ രൂപംകൊണ്ടതിനുശേഷം പ്രവിശ്യാതലസ്ഥാനങ്ങള്‍ക്കതീതമായുള്ള ഒരു രാഷ്‌ട്ര തലസ്ഥാനത്തിന്റെ അനിവാര്യത അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന്‌ 1908ല്‍ വിദഗ്‌ധന്മാര്‍ കാന്‍ബറയില്‍ സ്ഥാനം കണ്ടെത്തി. പ്രകൃതിരമണീയമായ ഈ പ്രദേശത്ത്‌ പടുത്തുയര്‍ത്തിയ പുതിയ നഗരത്തിലേക്കു മെല്‍ബണില്‍നിന്ന്‌ ഫെഡറല്‍ തലസ്ഥാനം 1927 മേയ്‌ 9നാണ്‌ ഔദ്യോഗികമായി മാറ്റിയത്‌. 2400 ച.കി.മീ ഭൂമിയില്‍ പരന്ന്‌ കിടക്കുന്ന, ക്യാപ്പിറ്റല്‍ ഹില്ലിന്റെ താഴ്‌വരയില്‍ ആധുനിക രീതിയില്‍ പണിത, ഈ നഗരം ആസ്റ്റ്രലിയയുടെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നു.

19-ാം ശതകത്തിന്റെ 2-ാം ദശകത്തില്‍ ആദിവാസി ഇടയന്മാര്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത ഈ സ്ഥലം കാന്‍ബറി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്‌. കാന്‍ബറി എന്നാല്‍ സംഗമസ്ഥാനം എന്നാണ്‌ അര്‍ഥം. 1836ല്‍ സ്ഥലനാമം കാന്‍ബറ എന്നായിത്തീര്‍ന്നു. 1911ല്‍ നഗരത്തിന്റെ മാതൃക ക്ഷണിച്ചുകൊണ്ടു നടത്തിയ മത്സരത്തില്‍ ലോകത്തെമ്പാടും നിന്നുള്ള വാസ്‌തുശില്‌പവിദഗ്‌ധര്‍ പങ്കെടുത്തു. ഷിക്കാഗോയിലെ (യു.എസ്‌.) വാള്‍ട്ടര്‍ ബര്‍ലി ഗ്രിഫിന്‍ വിഭാവനചെയ്‌ത രൂപകല്‌പനയ്‌ക്ക്‌ ഒന്നാം സ്ഥാനം ലഭിക്കുകയും അതിന്‍പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1913ല്‍ ആരംഭിക്കുകയുമുണ്ടായി. ഈ പദ്ധതിക്കു രാഷ്‌ട്രതന്ത്രജ്ഞരില്‍ നിന്ന്‌ പൂര്‍ണസഹകരണം ലഭിക്കാതിരുന്നതും ഒന്നാം ലോകയുദ്ധവും മറ്റു സാമ്പത്തിക പരാധീനതകളും കാരണം മന്ദഗതിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാന്‍ 14 വര്‍ഷമെടുത്തു. 1927 മേയ്‌ 9ന്‌ കാന്‍ബറയിലെ പാര്‍ലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 1988ല്‍ ആധുനിക വാസ്‌തുശില്‌പ ശൈലിയില്‍ പുതിയ പാര്‍ലമെന്റ്‌ മന്ദിരം നിര്‍മിച്ചതോടെ പഴയ പാര്‍ലമെന്റ്‌ കെട്ടിടം നാഷണല്‍ പോര്‍ട്രയിറ്റ്‌ ഗ്യാലറിയായി സജ്ജീകരിച്ചു. 2001ല്‍ പ്രവര്‍ത്തനമാരംഭിച്ച ദേശീയ മ്യൂസിയത്തില്‍, 40,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടെ പാര്‍ത്തിരുന്ന ആദിവാസികളുടെ ജീവിതം, 1770ല്‍ ജയിംസ്‌ കുക്കിന്റെ നേതൃത്വത്തിലാരംഭിച്ച യൂറോപ്യന്‍ ആധിപത്യം, 13അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്യ്ര പ്രഖ്യാപനം എന്നിവയുടെയും 1788ല്‍ ബ്രിട്ടീഷ്‌ നാവികസേനാക്യാപ്‌റ്റന്‍ ആര്‍തര്‍ ഫിലിപ്പ്‌ 11കപ്പലുകളില്‍ ബ്രിട്ടനില്‍നിന്ന്‌ 800ജയില്‍പ്പുള്ളികളെ സിഡ്‌നിയില്‍ കൊണ്ടിറക്കി ആരംഭിച്ച "കുറ്റവാളി സെറ്റില്‍മെന്റി'ന്റെയും ദൃശ്യങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 1901ല്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ സ്ഥാപിക്കപ്പെട്ട ആസ്റ്റ്രലിയന്‍ ഫെഡറേഷന്റെ കാലം മുതല്‍ ആധുനികകാലം വരെയുള്ള ചരിത്രം ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു.

മൊലോങ്‌ലോ നദിയിലുള്ള അണക്കെട്ടിലെ ജലാശയത്തിന്‌ നഗരാസൂത്രകന്റെ പേരാണ്‌ (Lake Burley Griffin) നല്‌കപ്പെട്ടിരിക്കുന്നത്‌. ഈ ജലാശയത്തിന്റെ ഇരുപുറവുമായി മൂന്ന്‌ കേന്ദ്രങ്ങളിലായാണ്‌ നഗരം നിര്‍മിച്ചിട്ടുള്ളത്‌. നദിക്കു തെക്കായി പാര്‍ലമെന്റ്‌ മന്ദിരവും അതിനെ ചൂഴ്‌ന്നുള്ള സര്‍ക്കാര്‍ മേഖലയും (Capital Hill) സ്ഥിതിചെയ്യുന്നു; നഗര കേന്ദ്രവും (Civic Centre) ചുറ്റുമുള്ള മുനിസിപ്പല്‍ മേഖലയും (City Hill) കുറച്ചകലെയായുള്ള വ്യാപാരകേന്ദ്രവും (Russel Hill) നദിക്കു വടക്കാണ്‌. മൂന്നു കേന്ദ്രങ്ങളെയും ത്രിഭുജാകൃതിയില്‍ വിശാലമായ റോഡുകളും പാലങ്ങളും വഴി പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. തികഞ്ഞ ഒരു സ്വയംഭരണ മേഖലയായ കാന്‍ബറയിലേക്കു 1927നു ശേഷം ക്രമാനുസാരമായി ഹൈക്കോടതി, ദേശീയഗ്രന്ഥശാല, ശാസ്‌ത്രഅക്കാദമി തുടങ്ങിയവയും മാറ്റുകയുണ്ടായി. ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ അധിവാസമേഖല(City Hill) യുടെ വ്യാപ്‌തിയും ഏറിവരുന്നു.

ഈ മേഖലയിലെ ജനസംഖ്യ 1911ല്‍ 1714 മാത്രമായിരുന്നു. 1975ല്‍ അത്‌ 1,85,849 ആയും 2004ല്‍ അത്‌ 3,20,000 ആയും ഉയര്‍ന്നു; സാക്ഷരത 100 ശതമാനം.

റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും രാജ്യത്തെ മറ്റു പല നഗരങ്ങളുമായി സുഗമമായ ഗതാഗതബന്ധമുള്ള കാന്‍ബറ വ്യോമമാര്‍ഗത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥാനത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ആസ്റ്റ്രലിയയിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലൊന്ന്‌ കാന്‍ബറയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. അനവധി പാര്‍ക്കുകളും നൈസര്‍ഗിക പരിസ്ഥിതി സംരക്ഷിക്കപ്പെടുന്ന മറ്റു മേഖലകളും കാന്‍ബറയിലുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസകേന്ദ്രമാണ്‌ കാന്‍ബറ. ഗവര്‍ണര്‍ ജനറലിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍, ഓഫീസ്‌ മന്ദിരങ്ങള്‍, ദേശീയ ലൈബ്രറി, യുദ്ധസ്‌മാരകം, റോയല്‍ മിലിറ്ററി കോളജ്‌, ആസ്റ്റ്രലിയന്‍ നാഷണല്‍ സര്‍വകലാശാല, മൗണ്ട്‌ സ്റ്റ്രാംബോ ഒബ്‌സര്‍വേറ്ററി, അക്കാദമി ഒഫ്‌ സയന്‍സ്‌ മന്ദിരം, ആസ്റ്റ്രലിയന്‍ അമേരിക്കന്‍ സ്‌മാരകം തുടങ്ങിയവ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്‌. തികഞ്ഞ ആസൂത്രണത്തിലൂടെ മാത്രമുള്ള വികസന പദ്ധതികള്‍ക്ക്‌ വിധേയമാകുന്ന കാന്‍ബറ ലോകത്തെ ഇത്തരം അപൂര്‍വം ചില നഗരങ്ങളിലൊന്നാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AC%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍