This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ഫെഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ഫെഡ്‌

Kanfed

പി.എന്‍. പണിക്കര്‍

നിരക്ഷരതാനിര്‍മാര്‍ജനത്തിനായി കേരളത്തില്‍ ആരംഭിച്ച അനൗപചാരിക വിദ്യാഭ്യാസ വികസനസമിതിയുടെ ആംഗലരൂപമായ "കേരള അസോസിയേഷന്‍ ഫോര്‍ നോണ്‍ ഫോര്‍മല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌' എന്നതിന്റെ ചുരുക്കപ്പേര്‌. എല്ലാ തലത്തിലുമുള്ള വികസനം ലാക്കാക്കി നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസപ്രചാരണമാണ്‌ ഈ സമിതിയുടെ ലക്ഷ്യം. 1977 ജൂണ്‍ 30ന്‌ ചാരിറ്റബിള്‍ സൊസൈറ്റി ആക്‌റ്റനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്‌ത്‌ കാന്‍ഫെഡ്‌ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തിച്ചു തുടങ്ങി. കേരളീയര്‍ക്കിടയിലെ നിരക്ഷരതയുടെ വ്യാപ്‌തി ബോധ്യപ്പെട്ട കേരള ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകര്‍ 1970ല്‍ നിരക്ഷരതാ നിര്‍മാര്‍ജനശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ 1974ല്‍ കേരള സംസ്ഥാന സാക്ഷരതാ കൗണ്‍സില്‍ രൂപംകൊണ്ടു. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാന കൗണ്‍സിലില്‍ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രഗല്‌ഭര്‍ ഒത്തുചേര്‍ന്നു. 1977ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണം ഗവണ്‍മെന്റ്‌ ഓര്‍ഡിനന്‍സ്‌ മുഖേന ഏറ്റെടുത്തു. ഗ്രന്ഥശാലാസംഘത്തിന്റെ സാക്ഷരതാ വിദഗ്‌ധസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മുന്‍കൈയെടുത്ത്‌, ഏറെനാളത്തെ ചര്‍ച്ചകള്‍ക്കുശേഷം "കാന്‍ഫെഡ്‌' എന്ന സംഘടനയ്‌ക്ക്‌ രൂപം നല്‌കി.

ഗ്രന്ഥശാലാസംഘം പടുത്തുയര്‍ത്തിയ പി.എന്‍. പണിക്കരായിരുന്നു കാന്‍ഫെഡിന്റെ പ്രധാന സാരഥി. കേരളത്തിലെ പ്രമുഖരായ പല വിദ്യാഭ്യാസ ചിന്തകന്മാരും ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അര്‍പ്പണബോധത്തോടും സംഘടനാപാടവത്തോടും വിശ്രമലേശമെന്യേ പ്രവര്‍ത്തിച്ച പണിക്കരുടെയും സഹപ്രവര്‍ത്തകരുടെയും ശ്രമഫലമായി കാന്‍ഫെഡിന്‌ വ്യാപകമായ അംഗീകാരം ലഭിച്ചു. കാന്‍ഫെഡിന്റെ പ്രവര്‍ത്തനശൈലി പഠിക്കാന്‍ ലോകരാഷ്‌ട്രങ്ങളില്‍നിന്ന്‌ പല സാമൂഹിക പ്രവര്‍ത്തകരും എത്തിയിരുന്നു. എഴുത്തും വായനയും കണക്കുകൂട്ടലും പഠിപ്പിക്കുന്നതില്‍മാത്രം ഒതുങ്ങിനില്‌ക്കാതെ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ജനങ്ങളെ സജ്ജരാക്കാനാണ്‌ കാന്‍ഫെഡ്‌ ശ്രമിച്ചത്‌. ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇവയായിരുന്നു.

1. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ അനുപൂരകമായും കേരളത്തിലെ പരിതഃസ്ഥിതികള്‍ക്ക്‌ അനുയോജ്യമായും സാര്‍വത്രികമായ ഒരു അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിച്ച്‌ നടപ്പില്‍ വരുത്തുക.

2. അനൗപചാരിക വിദ്യാഭ്യാസം സംബന്ധിച്ച പഠനങ്ങള്‍, ഗവേഷണങ്ങള്‍, പുസ്‌തകങ്ങളുടെയും മറ്റുപകരണങ്ങളുടെയും നിര്‍മാണവും പ്രകാശനവും, പ്രവര്‍ത്തക പരിശീലനം, മൂല്യനിര്‍ണയനം മുതലായ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

3. മുന്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തിലും ജില്ലാ തലസ്ഥാനങ്ങളിലും പ്രാദേശികതലത്തിലും സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുക.

4. തുടര്‍വിദ്യാഭ്യാസം, തപാല്‍വഴിക്കുള്ള വിദ്യാഭ്യാസം, പ്രവൃത്യുന്മുഖ സാക്ഷരതാപ്രചാരണം എന്നിവയ്‌ക്കു ആവശ്യമായ സംവിധാനങ്ങളും സ്ഥാപനങ്ങളും ഉണ്ടാക്കുക.

5. ജനങ്ങളുടെ ധാര്‍മികവും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തിനു വേണ്ട മറ്റു പരിപാടികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കുക. 1978 ഒക്‌ടോബറില്‍ ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി തുടങ്ങും മുന്‍പേ കാന്‍ഫെഡ്‌ സാക്ഷരതാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു; സാമൂഹ്യ പ്രവര്‍ത്തകരെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായി 1981ല്‍ കാന്‍ഫെഡ്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. കേരളത്തിലെ 12 ജില്ലകളില്‍ ഓരോന്നിലും നിന്ന്‌ ഓരോ മികച്ച പ്രവര്‍ത്തകനെ അഥവാ പ്രവര്‍ത്തകയെ ആണ്‌ അന്ന്‌ തിരഞ്ഞെടുത്തത്‌. 1982ല്‍ ഓരോ മികച്ച കേന്ദ്രത്തിനുകൂടി അവാര്‍ഡ്‌ ഏര്‍പ്പെടുത്തി. 1978 ജൂലായില്‍ സംസ്ഥാനത്തെ സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ നടത്താനുള്ള ചുമതല കേന്ദ്രഗവണ്‍മെന്റ്‌ കാന്‍ഫെഡിനെ ഏല്‌പിച്ചു. 1993ല്‍ സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ ഒരു പ്രത്യേക സ്ഥാപനമായി മാറുന്നതുവരെ ഈ സ്ഥിതി തുടര്‍ന്നു. കേരളത്തെ ഒരു സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കുന്നതില്‍ കാന്‍ഫെഡ്‌ സുപ്രധാന പങ്കാണു വഹിച്ചത്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍