This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ഥറിഡിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ഥറിഡിന്‍

Cantharidin

കാന്‍ഥറിസ്‌ വണ്ട്‌

ഒരുതരം സ്‌പാനിഷ്‌ വണ്ടില്‍നിന്നു നിഷ്‌കര്‍ഷണം ചെയ്‌തെടുക്കുന്ന ടെര്‍പിനോയിഡ്‌ (terpenoid) എന്ന രാസവസ്‌തു. കാന്‍ഥറിസ്‌ (ലിറ്റ) വെസിക്കറ്റോറിയ (Cantharis vesicatoria) എന്ന ശാസ്‌ത്രനാമമുള്ള ഈ വണ്ടുകളുടെ ആണ്‍ജാതിയാണ്‌ ഈ രാസവസ്‌തു ഉത്‌പാദിപ്പിക്കുന്നത്‌. പിയറി റോബിക്വോറ്റ്‌ (Pierre Robiquet) ആണ്‌ ആദ്യമായി ഇത്‌ വേര്‍തിരിച്ചെടുത്തത്‌ (1810). സാധാരണ താപനിലയില്‍ നിറമില്ലാത്ത, ഗന്ധമില്ലാത്ത ഒരു ഖരവസ്‌തുവായി നിലകൊള്ളുന്നു. കാന്‍ഥറിഡിന്റെ രാസസൂത്രം: C10 H12 O4; ദ്രവണാങ്കം: 212ºC; തന്മാത്രാഭാരം: 146.20 ഗ്രാം/മോള്‍. കാന്‍ഥറിഡിക്‌ അമ്ലത്തിന്റെ അന്‍ഹൈഡ്രഡ്‌ ആണ്‌ കാന്‍ഥറിഡിന്‍. കാന്‍ഥറിസ്‌വണ്ടുകളെ ഉണക്കിയെടുത്ത്‌ പ്ലാസ്റ്റര്‍ ഒഫ്‌ പാരിസ്‌ പോലെ ശരീരത്തില്‍ വച്ചു കെട്ടുന്ന പതിവ്‌ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഒരു പ്രതിഉത്തേജകം (counter irritant)എന്ന നിലയിലാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നത്‌. തലയില്‍ പുരട്ടുന്ന ലേപനങ്ങളിലും വാജീകരണൗഷധം എന്ന നിലയില്‍ മദ്യത്തിലും കാന്‍ഥറിഡിന്‍ ചേര്‍ക്കാറുണ്ട്‌. തലയോടിലെ രക്തചംക്രമണം ഉദ്ദീപിപ്പിക്കാന്‍ കാന്‍ഥറിഡിന്‌ കഴിവുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്‌. ആധുനിക കാലത്ത്‌ കാന്‍ഥറിസ്‌ വണ്ടുകളില്‍നിന്നും കാന്‍ഥറിഡിന്‍ ശാസ്‌ത്രീയമായി വേര്‍തിരിച്ചെടുക്കപ്പെടുന്നു. വെളുത്ത പരലാകൃതിയിലുള്ള കാന്‍ഥറിഡിനു ജലത്തില്‍ അല്‌പ ലേയത്വമേയുള്ളൂ. തൊലിയെയും ശ്ലേഷ്‌മചര്‍മത്തെയും ഉത്തേജിപ്പിക്കുവാന്‍ കാന്‍ഥറിഡിനു കഴിയും. ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന കാന്‍ഥറിഡിന്‍ മൂത്രാശയത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. കാന്‍ഥറിഡിന്റെ ആഗിരണംമൂലം മൂത്രസഞ്ചിക്കും മൂത്രനാളത്തിഌം കേടു സംഭവിക്കാനിടയുണ്ട്‌. കാന്‍ഥറിഡിന്‍വിഷബാധയെ "കാന്‍ഥറിഡിസം' എന്നു പറയുന്നു.

കാന്‍ഥറിഡിന്‍ വിഷബാധ വൃക്കകള്‍ക്ക്‌ സ്ഥിരമായ നാശം ഉളവാക്കുന്നു. വളരെ നേര്‍പ്പിച്ച അവസ്ഥയില്‍, കാന്‍ഥറിഡിന്‍ അരിമ്പാറ, പച്ചകുത്ത്‌ (tattoo) എന്നിവ കളയുവാന്‍ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍