This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്‍ഡിന്‍സ്‌കി, വാസിലി (1866-1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്‍ഡിന്‍സ്‌കി, വാസിലി (1866-1944)

Kandinsky, Wassily

വാസിലി കാന്‍ഡിന്‍സ്‌കി

റഷ്യക്കാരനായ അമൂര്‍ത്ത ചിത്രകാരന്‍. ഈ ചിത്രകലാ ശൈലി ആവിഷ്‌കരിച്ചവരില്‍ പ്രമുഖനാണ്‌ കാന്‍ഡിന്‍സ്‌കി.

വാസിലി കാന്‍ഡിന്‍സ്‌കിയുടെ ഒരു പെയിന്റിങ്‌

ഇദ്ദേഹം 1866 ഡി. 4ന്‌ മോസ്‌കോയില്‍ ജനിച്ചു. 1892ല്‍ മോസ്‌കോ സര്‍വകലാശാലയില്‍ നിന്ന്‌ നിയമബിരുദം നേടി. 1889ല്‍ നരവംശവിജ്ഞാനപര്യടനത്തില്‍ പങ്കുകൊള്ളുകയും വോളോഗ്‌ദാ (Vologda) സര്‍ക്കാരിന്റെ നിയമങ്ങളെക്കുറിച്ച്‌ പഠനം നടത്തുകയും ചെയ്‌തു. 1895ല്‍ മോസ്‌കോയില്‍വച്ചു നടത്തിയ ഫ്രാന്‍സിലെ ഇംപ്രഷനിസ്റ്റ്‌ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ക്‌ളോഡി മോനേയുടെ ചിത്രത്തില്‍ ആകൃഷ്‌ടനായ കാന്‍ഡിന്‍സ്‌കി നിയമപ്രാഫസര്‍ സ്ഥാനം ഉപേക്ഷിച്ച്‌ 1896ല്‍ മ്യൂണിക്കിലെ ആന്റണ്‍ ആസ്‌ബേയുടെയും ഫ്രന്‍സ്‌ ഫൊണ്‍സ്‌റ്റുക്കിന്റെയും കീഴില്‍ ചിത്രകല അഭ്യസിക്കുകയും ചിത്രരചന ആരംഭിക്കുകയും ചെയ്‌തു.

1901ല്‍ ഇദ്ദേഹത്തിന്റെ ശ്രമഫലമായി "ഫാലന്‍ക്‌സ്‌' എന്ന പേരില്‍ ചിത്രകാരന്മാരുടെ ഒരു വിഭാഗം രൂപംകൊള്ളുകയും ഇതിന്റെ മേധാവിയായി ഇദ്ദേഹം നിയമിക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ ഹോളണ്ട്‌, ടുണീഷ്യ, ഇറ്റലി, ഫ്രാന്‍സ്‌ തുടങ്ങി അനേകം രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചു. 1906ല്‍ മ്യൂണിക്കില്‍ തിരിച്ചെത്തിയ ശേഷം അലക്‌സ്‌ ഫൊണ്‍ ജാലെന്‍സ്‌കി, ആല്‍ഫ്രഡ്‌ ക്യുബിന്‍ എന്നിവരോടൊപ്പം ചേര്‍ന്ന്‌ എക്‌സ്‌പ്രഷനിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അരങ്ങായ "ദീ നോയിയെ കുണ്‍സ്റ്റ്‌ലെര്‍ഫെറെറനിഗുങ്‌' (Die Neue Kunstler-verinigung) സ്ഥാപിക്കുകയുണ്ടായി. ഇദ്ദേഹം രചിച്ച ഊബെര്‍ ഡസ്‌ ഗൈസ്റ്റിഗെ ഇന്‍ ഡേര്‍ കുണ്‍സ്റ്റ്‌ ( Uber das geistige in der Kunst)1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അമൂര്‍ത്ത കലയെ സംബന്ധിച്ച ഒരു ആധികാരിക ഗ്രന്ഥമാണിത്‌. 1911ല്‍ ഫ്രാന്‍സ്‌മാര്‍ക്ക്‌, ആഗസ്റ്റ്‌ മാക്ക്‌ എന്നീ ചിത്രകാരന്മാരോട്‌ ചേര്‍ന്ന്‌ ഇദ്ദേഹം എക്‌സ്‌പ്രഷനിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വികസനാര്‍ഥം "ബ്‌ളൗവെ റൈറ്റര്‍' എന്ന പേരില്‍ ഒരു സംഘടന രൂപവത്‌കരിച്ചു.

ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ (1914) മോസ്‌കോയില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1917ലെ റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന്‌ "കമ്മിസാറിയെറ്റ്‌ ഒഫ്‌ പോപ്പുലര്‍ കള്‍ച്ചറി'ല്‍ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു. പെട്രാഗ്രാഡിലെ "മ്യൂസിയം ഒഫ്‌ പിക്‌ചോറിയല്‍ കള്‍ച്ചര്‍', മോസ്‌കോയിലെ "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആര്‍ട്ടിസ്റ്റിക്‌ കള്‍ച്ചര്‍' എന്നിവയുടെ രൂപവത്‌കരണത്തിനു മുന്‍കൈയെടുത്തത്‌ കാന്‍ഡിന്‍സ്‌കിയായിരുന്നു. 1921ല്‍ ബര്‍ലിനില്‍ എത്തിയ കാന്‍ഡിന്‍സ്‌കി "അക്കാദമി ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌' എന്ന സ്ഥാപനം രൂപവത്‌കരിച്ചു. 1922ല്‍ വൈമാറില്‍ എത്തി ബൗ ഹൗസ്‌ സ്‌കൂളില്‍ ചേര്‍ന്ന ഇദ്ദേഹം 1933ല്‍ നാസികള്‍ ഇടപെട്ട്‌ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെ ഇവിടെ പ്രാഫസറായി സേവനം തുടര്‍ന്നു. പാള്‍ ക്‌ളീ, ല്യോനല്‍ ഫൈനിംഗെര്‍, അലെക്‌സി ജാലെന്‍സ്‌കി എന്നിവരോടൊപ്പം ചേര്‍ന്നു "ബ്‌ളൗവെ വീര്‍' എന്ന ഒരു സംഘടനയും ഇദ്ദേഹം രൂപവത്‌കരിച്ചിട്ടുണ്ട്‌. പൂങ്ക്‌റ്റ്‌ ഉന്‍ഡ്‌ ലീനി സു ഫ്‌ളേഹെ ('Point and Line to Plane' 1926) എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം കലയില്‍ ജ്യാമിതീയ രൂപങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. 1933ല്‍ ഇദ്ദേഹം പാരിസില്‍ എത്തി സ്ഥിരതാമസമുറപ്പിച്ചു.

എക്‌സ്‌പ്രഷനിസം, ഇംപ്രഷനിസം, ഇംപ്രവൈസേഷന്‍, ആലേഖ്യചിത്രണം എന്നീ ശൈലികള്‍ ഉള്‍ക്കൊണ്ടതാണ്‌ കാന്‍ഡിന്‍സ്‌കി ചിത്രങ്ങള്‍. ഒരു യഥാര്‍ഥ ചിത്രകാരന്റെ ഭാവാവിഷ്‌കരണവും, രൂപകല്‌പനയും കാന്‍ഡിന്‍സ്‌കി ചിത്രങ്ങളില്‍ പ്രകടമായി കാണാം. സ്വന്തം മനസ്സിന്റെ അന്തഃരംഗത്തില്‍ ഉദിക്കുന്ന ഭാവനാവിഷയങ്ങളും ആശയങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കാധാരം.

ചിത്രരചനയ്‌ക്കു പുറമേ ദാരുശില്‌പം, ഛായാചിത്രണം, കെട്ടിടങ്ങള്‍ക്കും മറ്റും രൂപരേഖകള്‍ തയ്യാറാക്കല്‍ എന്നിവയും ഇദ്ദേഹം ചെയ്‌തിരുന്നു. ഡെസ്സോഡഡെ ഫ്രീഡ്രിച്ച്‌ തിയെറ്ററില്‍ "പിക്‌ചേഴ്‌സ്‌ അറ്റ്‌ ആന്‍ എക്‌സിബിഷ'ന്റെ (മുസ്സോര്‍ഗ്‌സ്‌കി) രംഗസജ്ജീകരണവും സംവിധാനവും നടത്തിയത്‌ കാന്‍ഡിന്‍സ്‌കി ആയിരുന്നു. ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ഒഫ്‌ ആര്‍ക്കിടെക്‌ചറിന്റെ (ബര്‍ലിന്‍) സംഗീതക്ലാസ്സിലെ ചുവര്‍ചിത്രങ്ങളുടെ നിര്‍മാണം ഇദ്ദേഹമാണ്‌ നടത്തിയത്‌.

ലേഡീസ്‌ ഇന്‍ ക്രിണോലിന്‍ (1909 ട്രടിയാകോവ്‌ ഗാലറി), ഇംപ്രവൈസേഷന്‍ നമ്പര്‍ സെവന്‍ (1910ട്രടിയാകോവ്‌ ഗാലറി), കോമ്പസിഷന്‍ നമ്പര്‍ ടെന്‍ (1939 നാഷണല്‍ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആര്‍ട്ട്‌, പാരിസ്‌), റെസിപ്രാക്കല്‍ എഗ്രിമെന്റ്‌ (1942), ഡിവിഷന്‍ യൂണിറ്റി (1943), സെവന്‍ (1943), സര്‍ക്കിള്‍ ആന്‍ഡ്‌സ്‌ക്വയര്‍ (1943), മോഡറേറ്റ്‌ ഇംപള്‍സ്‌ (1944) മുതലായ ചിത്രങ്ങള്‍ കാന്‍ഡിന്‍സ്‌കിയുടെ പ്രധാന രചനകളാണ്‌. 1944 ഡി. 13ന്‌ ഇദ്ദേഹം പാരിസില്‍വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍