This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റ്‌, ഇമ്മാനുവേല്‍ (1724 - 1804)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്റ്‌, ഇമ്മാനുവേല്‍ (1724 - 1804)

Kant, Immanuel

ഇമ്മാനുവേല്‍ കാന്റ്‌

ജര്‍മന്‍ ദാര്‍ശനികനും ജര്‍മന്‍ ആശയവാദത്തിന്റെ ഉപജ്ഞാതാവും. 1724 ഏ. 22ന്‌ കിഴക്കന്‍ പ്രഷ്യയിലെ കോണിഗ്‌സ്‌ബര്‍ഗില്‍ (1946നു ശേഷം സോവിയറ്റ്‌ യൂണിയന്റെ ഭാഗമായ കാലിനിന്‍ഗ്രാഡ്‌) യൊഹാന്‍ ഗെയോര്‍ഗ്‌ കാന്റിന്റെയും അന്നാറജിനയുടെയും മകനായി ജനിച്ചു. സെന്റ്‌ ജോര്‍ജസ്‌ ഹോസ്‌പിറ്റല്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എട്ടാമത്തെ വയസ്സില്‍ കാന്റ്‌ കൊളേജിയം ഫ്രഡറിസിയാനത്തില്‍ വിദ്യാര്‍ഥിയായി. കടുത്ത മതവിശ്വാസിയായിരുന്ന പിതാവ്‌ കാന്റിനെ ദൈവശാസ്‌ത്രം പഠിപ്പിക്കാനാണ്‌ കോളജിലയച്ചതെങ്കിലും, ക്ലാസ്സിക്കുകളും ലാറ്റിനും പഠിക്കുവാനാണ്‌ കാന്റ്‌ അധികവും ശ്രദ്ധിച്ചത്‌. 1740ല്‍ കോണിഗ്‌സ്‌ബര്‍ഗ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു തത്ത്വശാസ്‌ത്രവും ഗണിതവും ഊര്‍ജതന്ത്രവും പഠിച്ചു. തുറമുഖത്തു വന്നു പോകുന്ന കപ്പലുകളെ വീക്ഷിക്കുന്നതിലും ഗ്രന്ഥപാരായണത്തിലും തത്‌പരനായിരുന്നു. 1746ല്‍ പിതാവിന്റെ മരണംമൂലം വിദ്യാഭ്യാസം മുടങ്ങി. 1747ല്‍ സര്‍വകലാശാല വിട്ടതിനുശേഷം എട്ടു വര്‍ഷക്കാലം കോണിഗ്‌സ്‌ബര്‍ഗിലെ ഏതാനും കുലീനകുടുംബങ്ങളില്‍ ട്യൂട്ടറായി ജോലി ചെയ്‌തു കുടുംബം പോറ്റി. 1747 മുതല്‍ ശാസ്‌ത്രവിഷയങ്ങളെ അധികരിച്ച്‌ കാന്റ്‌ ധാരാളം ലേഖനങ്ങള്‍ എഴുതിവന്നു. 1755ല്‍ "ദി ഇഗ്നെ' (അഗ്നിയെക്കുറിച്ച്‌) എന്ന പ്രകൃതിതത്ത്വശാസ്‌ത്രപരമായ പ്രബന്ധം സമര്‍പ്പിച്ച്‌ കോണിഗ്‌സ്‌ബര്‍ഗ്‌ സര്‍വകലാശായില്‍നിന്ന്‌ ഡോക്‌ടറേറ്റ്‌ സമ്പാദിച്ചശേഷം അതേ സര്‍വകലാശാലയില്‍ തത്ത്വശാസ്‌ത്രം, പ്രകൃതിശാസ്‌ത്രം, ഗണിതശാസ്‌ത്രം, നരവംശശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുവാന്‍ നിയുക്തനായി. ബിരുദദാനച്ചടങ്ങില്‍ "തത്ത്വശാസ്‌ത്രത്തിന്റെ സരളവും മൗലികവുമായ പ്രകാശനം' ('The Simpler and More Funda-mental Exposition of Philo-sophy') എന്ന വിഷയത്തെ അധികരിച്ച്‌ കാന്റ്‌ ലത്തീനില്‍ ചെയ്‌ത പ്രസംഗം പണ്ഡിതന്മാരായ ശ്രാതാക്കളില്‍ വലിയ മതിപ്പുളവാക്കി. കാന്റിന്റെ സേവനത്തിന്‌ സര്‍വകലാശാല വേതനം നല്‌കിയിരുന്നില്ല. പ്രഭാഷണങ്ങള്‍ കേള്‍ക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ നല്‌കുന്ന തുകയായിരുന്നു കാന്റിനു ലഭിച്ച പ്രതിഫലം.

പ്രഭാഷണം നടത്തുന്ന ഇമ്മാനുവേല്‍ കാന്റ്‌

പ്രഗല്‌ഭനായൊരധ്യാപകനായിരുന്ന കാന്റ്‌, 1770ല്‍ കോണിഗ്‌സ്‌ബര്‍ഗ്‌ സര്‍വകലാശാലയില്‍ തര്‍ക്കശാസ്‌ത്രത്തിന്റെയും അതിഭൗതികശാസ്‌ത്രത്തിന്റെയും പ്രാഫസറായി നിയമിക്കപ്പെട്ടു. 1797ല്‍ ഉദ്യോഗത്തില്‍ നിന്ന്‌ വിരമിക്കുന്നതു വരെയും ഇദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. ഇതിനിടയ്‌ക്കു രണ്ടു പ്രാവശ്യം സര്‍വകലാശാലാ റെക്‌ടറായും ആറു തവണ ഡീനായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

മെറ്റാഫിസിക്‌സ്‌ ഒഫ്‌ മോറല്‍സ്‌ എന്ന പുസ്‌തകത്തിന്റെ പുറംചട്ട

ശാസ്‌ത്രവിജ്ഞാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഇദ്ദേഹം നിത്യബ്രഹ്മചാരിയായിരുന്നു. പ്രശാന്തമായ ഒരു ജീവിതമായിരുന്നു ഇദ്ദേഹം നയിച്ചത്‌. ജീവിതാവസാനം വരെ സ്വന്തം പട്ടണത്തില്‍ ഒതുങ്ങിക്കഴിഞ്ഞതല്ലാതെ ഒരിക്കലും അവിടം വിട്ടു കൂടുതല്‍ സഞ്ചരിച്ചിട്ടില്ല. ജീവിതാന്ത്യത്തില്‍ ഇദ്ദേഹത്തിന്‌ ഓര്‍മശക്തിയും കാഴ്‌ചശക്തിയും നഷ്‌ടപ്പെട്ടു. പിന്നീട്‌ തികച്ചും അന്ധനായിത്തീര്‍ന്ന കാന്റ്‌ 1804 ഫെ. 12ന്‌ കോണിഗ്‌സ്‌ബര്‍ഗില്‍ നിര്യാതനായി.

ഇമ്മാനുവേല്‍ കാന്റ്‌ സ്‌മാരകസ്‌തൂപം

കോണിഗ്‌സ്‌ബര്‍ഗിനു പുറത്തു സഞ്ചരിച്ചിട്ടില്ലെങ്കിലും മറ്റു പണ്ഡിതന്മാര്‍ക്കും ലോകസഞ്ചാരികള്‍ക്കും നേടാനാവാത്തത്ര ജീവിതദര്‍ശനം നേടാന്‍ കാന്റിനു കഴിഞ്ഞു. സത്യധര്‍മാദികള്‍ പ്രചരിപ്പിക്കാനും അവ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഇദ്ദേഹം പ്രകടിപ്പിച്ച ധാര്‍മികസിദ്ധി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. ""മനുഷ്യന്‍ സമ്പന്നനാകുന്നത്‌ ഉടമാവകാശത്തിലൂടെയല്ല, പരിത്യാഗത്തിലൂടെയാണ്‌. നേടുന്നതിലൂടെ നഷ്‌ടപ്പെടുന്നു; ത്യജിക്കുന്നതിലൂടെ നേടുന്നു എന്നു കാന്റ്‌ ആഹ്വാനം ചെയ്‌തു.

അസാധാരണ പ്രതിഭകളായി പരിഗണിക്കപ്പെടുന്ന രണ്ടോ മൂന്നാ പാശ്ചാത്യ തത്ത്വശാസ്‌ത്രജ്ഞന്മാരില്‍ കാന്റിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കാന്റിനു ശാസ്‌ത്രത്തോട്‌, പ്രത്യേകിച്ച്‌, ശാസ്‌ത്രത്തിന്റെ തത്ത്വശാസ്‌ത്ര(Philosophy of science)ത്തോട്‌ അതിയായ താത്‌പര്യമുണ്ടായിരുന്നു. പ്രായോഗിക ശാസ്‌ത്രത്തിനോ ശാസ്‌ത്രീയ ജ്ഞാനത്തിനോ കാര്യമായ സംഭാവന ചെയ്യുവാന്‍ കാന്റിനു കഴിഞ്ഞില്ലെങ്കിലും ശാസ്‌ത്രത്തിന്റെ തത്ത്വശാസ്‌ത്രപരമായ അടിത്തറ സംബന്ധിച്ച്‌ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്സീമങ്ങളാണ്‌. "ചാരുകസേര ശാസ്‌ത്രജ്ഞ'നെന്ന്‌ ചിലര്‍ കാന്റിനെ കുറ്റപ്പെടുത്താറുണ്ടെങ്കിലും ശാസ്‌ത്രത്തെയും തത്ത്വശാസ്‌ത്രത്തെയും മതത്തിന്റെ പിടിയില്‍നിന്നും സ്വതന്ത്രമാക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്കു വിസ്‌മരിക്കാവുന്നതല്ല.

കൃതികള്‍. ശാസ്‌ത്രത്തിന്റെ തത്ത്വചിന്താപരമായ അടിത്തറ അന്വേഷിച്ചുകൊണ്ടാണ്‌ കാന്റ്‌ തന്റെ ദാര്‍ശനിക ജീവിതം ആരംഭിക്കുന്നത്‌. ഇദ്ദേഹത്തിന്റെ ആദ്യകാലകൃതികള്‍ ഒട്ടുമുക്കാലും ഭൗതികശാസ്‌ത്രസംബന്ധിയായിരുന്നു. 1755ല്‍ പേരു വയ്‌ക്കാതെ രചിച്ച ജനറല്‍ ഹിസ്റ്ററി ഒഫ്‌ നേച്ചര്‍ ആന്‍ഡ്‌ തിയറി ഒഫ്‌ ദ്‌ ഹെവന്‍സ്‌ (General History of Nature and Theory of the Heavens)എന്ന കൃതിയില്‍ വാതകരൂപത്തിലുള്ള അന്തരീക്ഷത്തില്‍നിന്നുമാണ്‌ സൗരവ്യൂഹം രൂപംകൊണ്ടതെന്ന്‌ ഇദ്ദേഹം സംശയത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്‌. നാല്‌പതു വര്‍ഷങ്ങള്‍ക്കുശേഷം ലാപ്ലെയ്‌സിന്റെ "നെബുലര്‍ ഹൈപ്പോതീസിസി'നു പ്രരകമായത്‌ കാന്റിന്റെ ഈ സംശയമാണ്‌. കൂട്ടത്തില്‍ വിചിത്രമായ ചില അഭിപ്രായങ്ങളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌. എല്ലാ ഗ്രഹങ്ങളിലും ജീവികളുണ്ടാകാമെന്നും കാന്റ്‌ കരുതി. 1795ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നരവംശശാസ്‌ത്രത്തില്‍ മൃഗങ്ങളില്‍നിന്നുമാവണം മനുഷ്യന്‍ പരിണമിച്ചുണ്ടായതെന്നു പരോക്ഷമായ സൂചനയുണ്ട്‌. ഭൂമിശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം, ഊര്‍ജതന്ത്രം തുടങ്ങി മിക്ക ശാസ്‌ത്രശാഖകളിലുമായി ഒട്ടേറെ പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

അന്‍പത്തി ഏഴാമത്തെ വയസ്സിലാണ്‌ കാന്റ്‌ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ രചിക്കാന്‍ തുടങ്ങിയത്‌. ഇദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങള്‍ ക്രിട്ടിക്‌ ഒഫ്‌ പ്യൂര്‍ റീസണ്‍ (Critique of Pure Reason കേവല യുക്തി ചിന്താപഠനം,1781), പ്രാലിഗോമിന ടു എനി ഫ്യൂച്ചര്‍ മെറ്റാഫിസിക്‌ (Prolegomena to Any future Metaphysic, 1783), ക്രിട്ടിക്‌ ഒഫ്‌ പ്രാക്‌ടിക്കല്‍ റീസണ്‍ (Critique of Judgement, 1788), ക്രിട്ടിക്‌ ഒഫ്‌ ജഡ്‌ജ്‌മെന്റ്‌ (Critique of Judgement, 1790), ഓേണ്‍ പെര്‍പെച്വല്‍ പീസ്‌ (On Perpetual Peace, 1795), മെറ്റാഫിസിക്കല്‍ മോറല്‍സ്‌ (Metaphysical Morals, 1797)എന്നിവയാണ്‌. ക്രിട്ടിക്‌ ഒഫ്‌ പ്യൂര്‍ റീസണ്‍, ക്രിട്ടിക്‌ ഒഫ്‌ പ്രാക്‌ടിക്കല്‍ റീസണ്‍, ക്രിട്ടിക്‌ ഒഫ്‌ ജഡ്‌ജ്‌മെന്റ്‌ എന്നീ കൃതികളിലൂടെ ഇദ്ദേഹം വിമര്‍ശനപരമായ ആശയവാദം എന്ന ഒരു ദര്‍ശനപദ്ധതിക്ക്‌ തുടക്കം കുറിച്ചു. അനുഭവത്തില്‍ എല്ലാ ഉപാധികളും എടുത്തുമാറ്റിയ ശേഷവും കേവലമായ ജ്ഞാനം സമ്പാദിക്കാനാവുമോ എന്നാണ്‌ കാന്റ്‌ ക്രിട്ടിക്‌ ഒഫ്‌ പ്യൂര്‍ റീസണ്‍ എന്ന കൃതിയില്‍ പരിശോധിക്കുന്നത്‌.

ദര്‍ശനം. പൂര്‍വകാല തത്ത്വശാസ്‌ത്രജ്ഞന്മാരെപ്പോലെ കാന്റും ചിന്താരീതിയെ "വിശ്ലേഷണ'(analytic)മെന്നും "സംശ്ലേഷണ' (synthetic)മെന്നും വിഭജിക്കുന്നുണ്ട്‌. വിശ്ലേഷണ പ്രസ്‌താവനയില്‍ ആഖ്യാതം ആഖ്യയില്‍ത്തന്നെ അടങ്ങിയിരിക്കും എന്നു വാദിക്കുന്നു. അതായത്‌, വാചകത്തെ വിശ്ലേഷണം ചെയ്യുമ്പോള്‍ ത്തന്നെ സത്യം അറിയാന്‍ കഴിയുന്നു. ഉദാ. വെളുത്ത പശുക്കളെല്ലാം വെളുത്തതാകുന്നു. സംശ്ലേഷണ പ്രസ്‌താവനയില്‍ ആഖ്യയില്‍നിന്നും ആഖ്യാതം ഉടന്‍ മനസ്സിലാകുകയില്ല. ഉദാ. ഈ പശുവെളുത്തതാകുന്നു. പശുക്കള്‍ പല നിറത്തിലുമുണ്ട്‌. "ഈ പശു' ഏതു വര്‍ണത്തില്‍പ്പെട്ടതാണെന്നുള്ളത്‌ ആഖ്യാതത്തിന്റെ സഹായം കൂടാതെ അറിയുവാന്‍ സാധ്യമല്ല. പ്രസ്‌താവനകളെ "എ പ്രയോറൈ' (a priori = അനുഭവനിരപേക്ഷം) "എ പോസ്റ്റീരിയോറൈ' (a posteriori = അനുഭവസാപേക്ഷം) എന്നു കാന്റ്‌ വീണ്ടും തരം തിരിക്കുന്നു. സംഭവിക്കുവാന്‍ പോകുന്നത്‌ നേരത്തേതന്നെ മനസ്സിലാക്കാന്‍ സാധിക്കുന്ന പ്രസ്‌താവനയാണ്‌ അനുഭവനിരപേക്ഷം. ഉദാ. അഞ്ചിനോട്‌ അഞ്ച്‌ കൂട്ടിയാല്‍ പത്താകും. എന്നാല്‍ "ഈ പുഷ്‌പം വെളുത്തതാകുന്നു' എന്ന പ്രസ്‌താവനയില്‍ "ഈ പുഷ്‌പ'ത്തിന്റെ നിറം എന്തായിരിക്കുമെന്ന്‌, പറഞ്ഞാലോ കണ്ടാലോ മാത്രമേ അറിയുകയുള്ളൂ. ഈ പ്രസ്‌താവന അനുഭവസാപേക്ഷത്തിന്‌ ഉദാഹരണമാണ്‌. കാന്റിനു മുമ്പ്‌ 18-ാം ശതകത്തിലെ പാശ്ചാത്യ ദാര്‍ശനികരില്‍ പ്രധാനികളായ ജോണ്‍ ലോക്ക്‌, ജോര്‍ജ്‌ ബര്‍ക്ക്‌ലി, ഡേവിഡ്‌ ഹ്യൂം എന്നിവര്‍ അനുഭവമാത്രവാദികളായിരുന്നു (empiricists).എങ്കിലും മനസ്സ്‌, പദാര്‍ഥം, അറിവ്‌ എന്നിവയെക്കുറിച്ച്‌ തുലോം വിഭിന്നമായ ആശയഗതികള്‍ ഇവര്‍ അവതരിപ്പിച്ചിരുന്നു. ലോക്കിന്റെ അഭിപ്രായത്തില്‍ "മനസ്സ്‌' തുടക്കത്തില്‍ "ഒരു എഴുതാപ്പുറമാണ്‌' (Tabula rasa). ഇന്ദ്രിയാനുഭവങ്ങള്‍ അതിനുമേല്‍ ആശയങ്ങള്‍ കുറിച്ചിടുന്നു. വ്യത്യസ്‌തങ്ങളായ അനവധി ആശയങ്ങള്‍ ഒരുമിച്ചു കൂട്ടിയാണ്‌ ഒരു വസ്‌തുവിനെ മനസ്സ്‌ അറിയുന്നത്‌. മനസ്സിനു പുറത്ത്‌ വസ്‌തു നിലനില്‌ക്കുന്നില്ലെന്നും മനസ്സു മാത്രമാണ്‌ സത്യമെന്നും ബാഹ്യവസ്‌തുക്കള്‍ മനസ്സില്‍ മാത്രം നിലനില്‍ക്കുന്ന ആശയങ്ങളാണെന്നുമാണ്‌ ബര്‍ക്ക്‌ലി അഭിപ്രായപ്പെടുന്നത്‌. ഹ്യൂമിന്റെ ചിന്ത ഈ വിധത്തിലായിരുന്നു: വസ്‌തുവെക്കാള്‍ സ്വതന്ത്രമായ നിലനില്‌പ്പൊന്നുമില്ല മനസ്സിന്‌. അനുഭവങ്ങളും ധാരണകളും രൂപപ്പെടുത്തുന്ന ആശയങ്ങളുടെ ബന്ധപ്പെടലിന്‌ നല്‌കുന്ന കേവലമായ പേരു മാത്രമാണ്‌ മനസ്സ്‌. ഇത്‌ ഇന്ദ്രിയവേദ്യമായ ഒന്നല്ലതാനും. അന്നോളം ശാസ്‌ത്രം ആശ്രയിച്ചിരുന്ന പ്രകൃതിനിയമങ്ങളെ(Natural laws)ക്കെുറിച്ചും ഹ്യൂമിന്‌ ഈ അഭിപ്രായമാണ്‌ ഉണ്ടായിരുന്നത്‌. പ്രകൃതിനിയമങ്ങളും അനുഭവവേദ്യമല്ല. സംഭവങ്ങളുടെ ക്രമം നോക്കി ചില നിഗമനങ്ങളിലെത്താം; അവയെ നിയമമെന്നും, കാരണമെന്നും വിളിക്കാം. പക്ഷേ, അത്‌ ശരിയായിക്കൊള്ളണമെന്നില്ല. മനസ്സ്‌, പദാര്‍ഥം, ശാസ്‌ത്രനിയമങ്ങള്‍, ദൈവാസ്‌തിത്വം എന്നിവയെക്കുറിച്ച്‌ അന്നോളമുണ്ടായിരുന്ന സിദ്ധാന്തങ്ങള്‍ തകര്‍ത്തു കൊണ്ട്‌ ഹ്യൂം എഴുതിയ ദ്‌ ട്രീറ്റൈസ്‌ ഓണ്‍ ഹ്യൂമണ്‍ നേച്ചര്‍ (The Treatise on Human Nature) എന്ന കൃതിയാണ്‌ കാന്റിനെ സൈദ്ധാന്തികനിദ്ര(dogmatic slumber)യില്‍ നിന്നുണര്‍ത്തിയത്‌.

ജര്‍മന്‍ ആശയവാദത്തിന്റെ പ്രണേതാവായാണ്‌ കാന്റ്‌ ലോകപ്രശസ്‌തി നേടിയത്‌. മാനവധിഷണയെ ഒരു ഭൗതികാതീത ലോകത്തിന്റെ ഏകാന്തശാന്തമായ കേന്ദ്രമാക്കിത്തീര്‍ക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടില്ല. മോഹഭംഗത്തിന്റെ കല്‌പനാനിഷ്‌ഠവും വികാരതീവ്രവുമായ ഒരു യുട്ടോപ്പിയ സൃഷ്‌ടിക്കാനും ഇദ്ദേഹം മുതിര്‍ന്നിട്ടില്ല. നേരേമറിച്ച്‌ സാമൂഹികജീവിതത്തിന്‌ ഒരു ധര്‍മസംഹിത നിര്‍വചിച്ചു നല്‌കാനാണ്‌ യത്‌നിച്ചത്‌. ധൈഷണിക വ്യാപാരത്തിന്റെ രീതികളും അതിന്റെ ഉപാധികളും കണ്ടെത്തുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു ലക്ഷ്യം. ശരിയായ ജ്ഞാനം ഏതെന്നും അത്‌ എങ്ങനെ നേടാമെന്നും ഇദ്ദേഹം അന്വേഷിച്ചു; യൂറോപ്യന്‍ ദര്‍ശനത്തില്‍ അന്നോളമുണ്ടായ എല്ലാറ്റിനെയും കാന്റ്‌ തന്റെ ദര്‍ശനപദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തു. അനുഭവം അഥവാ പ്രായോഗികജ്ഞാനം എന്നതില്‍നിന്ന്‌ യുക്തിബോധത്തെ അഥവാ മേധാശക്തിയെ വ്യക്തമായി വ്യവച്ഛേദിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ആദ്യം അനുഭവത്തിനു വിഷയമാകുന്ന വസ്‌തുവെ (object of experience) ശ്രദ്ധിക്കുക, എന്നിട്ട്‌ വസ്‌തു ഇന്ദ്രിയങ്ങള്‍വഴി മനസ്സിലുണ്ടാക്കുന്ന പ്രതികരണം ശ്രദ്ധിക്കുക എന്ന പഴയ രീതിക്ക്‌ കാന്റ്‌ മാറ്റം വരുത്തി. വിഷയിയുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാന്റ്‌ പ്രാമുഖ്യം കല്‌പിച്ചു. യാതൊരു നിയമവ്യവസ്ഥയ്‌ക്കും വിധേയമല്ലാത്ത ബാഹ്യപ്രപഞ്ചത്തില്‍ നിന്നും ഇന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന അറിവ്‌ കേവലമായ ജ്ഞാന(absolute knowledge)ത്തിലേക്കു നയിക്കുകയില്ല. അറിവിന്റെ പരിപൂര്‍ണതയ്‌ക്ക്‌ അനുഭവത്തെ മാത്രം ആശ്രയിച്ചാല്‍ പോരാ. ഉള്ളത്‌ എന്തെന്നു മാത്രമേ അനുഭവം പറയുന്നുള്ളൂ. ഇന്ദ്രിയാനുഭവങ്ങള്‍ നല്‌കുന്ന അറിവിന്റെ അവിശ്വസനീയതയ്‌ക്കുപരി, സത്യവും പൂര്‍ണവുമായ കേവലജ്ഞാനം ലഭിക്കണമെങ്കില്‍, അനുഭവങ്ങള്‍ക്കു മുമ്പുതന്നെ നിലനില്‍ക്കുന്ന, അനുഭവങ്ങളില്‍നിന്നു സ്വതന്ത്രമായ പൊതുസത്യങ്ങള്‍ (പൊതുനിയമങ്ങള്‍) ഉണ്ടാവണം. അവ സ്വയം വ്യക്തവും സംശയനിരപേക്ഷവുമായിരിക്കണം. ഈ പൊതുസത്യങ്ങള്‍ക്ക്‌ രൂപംകൊടുക്കുന്നത്‌ മനസ്സില്‍ അന്തര്‍ഹിതമായ സഹജബോധവും (intuition) അവബോധവും (forms of conception) ആണ്‌. അനുഭവങ്ങള്‍ക്കുമുമ്പ്‌ മനസ്സിലുള്ള അവബോധരൂപങ്ങളാണ്‌ അനുഭവങ്ങളെ സ്വീകരിക്കുന്നത്‌. മനസ്സ്‌ ഈ അനുഭവങ്ങളെ ധാരണയുടെ (perception) ഉപാധികളായ സ്ഥലകാലങ്ങളില്‍ പ്രതിഷ്‌ഠിക്കുന്നു; അവബോധം അവയെ ചിട്ടപ്പെടുത്തുന്നു; ചിന്തയായി രൂപപ്പെടുത്തുന്നു. അവബോധത്തിന്റെ അഭാവത്തില്‍ ധാരണ അന്ധമായിരിക്കുമെന്ന്‌ കാന്റ്‌ പറയുന്നു. അതായത്‌, ഇന്ദ്രിയാനുഭവങ്ങളെ ചിട്ടപ്പെടുത്തുവാന്‍ അവബോധമില്ലെങ്കില്‍ അവ അര്‍ഥമില്ലാത്ത ധാരണകളായിത്തന്നെ നില്‍ക്കുകയേയുള്ളൂ. അനുഭവനിരപേക്ഷമായ (a priori) ഈ അവബോധത്തെ പരിമാണം, ഗുണം, ബന്ധം, രൂപസംബന്ധം എന്നിങ്ങനെ നാലായി തരം തിരിക്കുന്നു. ഇന്ദ്രിയാനുഭവങ്ങളെ അറിവാക്കി മാറ്റുന്ന ഈ മാനസിക പ്രക്രിയയ്‌ക്ക്‌, അതീന്ദ്രിയദര്‍ശനം (transcendental philosophy) എന്നാണ്‌ കാന്റ്‌ പേരിടുന്നത്‌. ഈ പ്രക്രിയ സ്വയമേവ നടക്കുന്ന ഒന്നല്ല. മനസ്സിനു നിഷ്‌ക്രിയമായ ഒരു പങ്കല്ല ഉള്ളതും. മനസ്സിന്റെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണിതിനു പിന്നിലുള്ളത്‌. കാന്റിനെ സംബന്ധിച്ചിടത്തോളം, അറിവ്‌ ഇന്ദ്രിയാതീതമാണ്‌. അനുഭവവിഷയമായ വസ്‌തുവെക്കാള്‍ വസ്‌തുവിനെക്കുറിച്ച്‌ വിഷയിയുടെ മനസ്സിലുള്ള അനുഭവനിരപേക്ഷമായ അവബോധത്തിനാണ്‌ കാന്റ്‌ പ്രാധാന്യം നല്‌കുന്നത്‌.

അവബോധം ചിട്ടപ്പെടുത്തിയെടുക്കുന്ന ഈ അറിവാണ്‌ ബാഹ്യ പ്രപഞ്ചത്തിന്മേല്‍ പൊതു നിയമങ്ങളായി, ശാസ്‌ത്രനിയമങ്ങളായി നാം ആരോപിക്കുന്നത്‌. എന്നാല്‍ ശാസ്‌ത്രത്തിന്റെ ഈ സാമാന്യനിയമങ്ങള്‍ക്കു പരിമിതിയുണ്ട്‌. അനുഭവജ്ഞാനത്തിന്റെ മണ്ഡലത്തില്‍ ഒതുങ്ങിനില്‍ക്കുന്നു അവ. മാത്രമല്ല ഉപാധികള്‍ ആപേക്ഷികവുമാണ്‌. ഇന്ദ്രിയവേദ്യമായ പ്രാതിഭാസിക പ്രപഞ്ചത്തെ(phenomena)ക്കുറിച്ചേ നമുക്കറിയാന്‍ കഴിയൂ. പാരമാര്‍ഥിക പ്രപഞ്ചത്തെക്കുറിച്ച്‌ നമുക്കൊന്നും അറിയാനാവില്ല. അനുഭവ വിഷയമായ വസ്‌തുനിജരൂപം (thing-in-itself) പരമാര്‍ഥസത്ത(noumena)യായിത്തന്നെ നില്‍ക്കും. കാന്റ്‌ പറയുന്നു: ""നമ്മുടെ ഇന്ദ്രിയങ്ങള്‍ നമ്മോടു പറയുന്നതിനപ്പുറം യഥാര്‍ഥത്തില്‍ ഉള്ളതെന്തെന്ന്‌ നമുക്കറിയില്ല. ഇന്ദ്രിയങ്ങള്‍ അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയെക്കുറിച്ചു മാത്രമേ നമുക്കറിയാവൂ. ആ രീതിയാകട്ടെ നമുക്കുമനുഷ്യനു മാത്രം പ്രത്യേകമായതും. വസ്‌തുവിന്റെ നിലനില്‌പിനെ കാന്റ്‌ നിഷേധിക്കുന്നില്ല. വസ്‌തുവിനെക്കുറിച്ചുള്ള അറിവിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളൂ.

ഈ പരിമിതികളില്‍നിന്നു രക്ഷനേടാനുള്ള ശാസ്‌ത്രത്തിന്റെ ശ്രമം പ്രമാണ വൈരുധ്യങ്ങളില്‍ക്കൊണ്ടു ചാടിക്കുമെന്നു കാന്റ്‌ പറയുന്നു. ഉദാഹരണമായി പ്രപഞ്ചത്തിനു ആരംഭമുണ്ട്‌, അതിന്‌ അതിരുണ്ട്‌ എന്ന പൂര്‍വപക്ഷത്തിന്‌ "പ്രപഞ്ചം അനാദിയാണ്‌, അനന്തമാണ്‌' എന്ന അപരപക്ഷമുണ്ടാവും. കാരണം അതിരുണ്ടെങ്കില്‍ അതിനപ്പുറമെന്തെന്നു സ്വാഭാവികമായും ചോദ്യമുണ്ടാവും. അനന്തതയാകട്ടെ മനസ്സിനുള്‍ക്കൊള്ളാന്‍ വയ്യാത്ത ഒന്നാണുതാനും. സ്ഥലം, കാലം, കാരണം എന്നിവയെ ധാരണയ്‌ക്കതീതമായ പ്രതിഭാസങ്ങളായി കരുതുന്നതുകൊണ്ടാണ്‌ ഈ അപകടം പിണയുന്നതെന്നും, ഇവ ധാരണയുടെയും അവബോധത്തിന്റെയും രീതികള്‍ മാത്രമായി മനസ്സിലാക്കുന്നതുകൊണ്ട്‌ അതൊഴിവാക്കാമെന്നും കാന്റ്‌ വാദിക്കുന്നു. ഇതോടൊപ്പം അനശ്വരമായ ആത്മാവ്‌, കാര്യകാരണങ്ങള്‍ക്കതീതമായ ഇച്ഛാശക്തിയുടെ സ്വാതന്ത്യ്രം, സര്‍വാന്തര്യാമിയായ ഈശ്വരന്‍ എന്നീ സങ്കല്‌പങ്ങളെയും കാന്റ്‌ നിഷേധിക്കുന്നു. കാരണം, അറിവിന്റെ ഉപാധിയായ അതീന്ദ്രിയ ദര്‍ശനം പ്രാതിഭാസിക പ്രപഞ്ചത്തിനു മാത്രം ബാധകമായ ഒന്നാണ്‌. ഇന്ദ്രിയവേദ്യമല്ലാത്ത ഒന്നും യുക്തികൊണ്ടു തെളിയിക്കാനാവില്ല,

മതദൈവ വിശ്വാസങ്ങളുടെ ധ്വംസകനാണ്‌ കാന്റ്‌ എന്നൊരു വിമര്‍ശനം ഉന്നീതമായിട്ടുണ്ട്‌. തന്റെ ആദ്യത്തെ "ക്രിട്ടിക്കി'ല്‍ നിഷേധിച്ച ഈശ്വരന്റെ അസ്‌തിത്വം സ്ഥാപിക്കുവാന്‍ രണ്ടാമത്തെ "ക്രിട്ടിക്കി'ല്‍ കാന്റ്‌ ശ്രമിച്ചതോടെ ഈ വിമര്‍ശനത്തിന്‌ നിലനില്‍പ്പില്ലാതായി. യുക്തിയുടെ മുന്നില്‍ മതത്തിനും വിശ്വാസത്തിനും നിലനില്‌ക്കാനാവില്ല. എന്നാല്‍ അനുഭവവേദ്യമായ അറിവിനും യുക്തിക്കും കൈയെത്താത്ത ഒരു മണ്ഡലമുണ്ട്‌. മനുഷ്യന്റെ നൈസര്‍ഗികമായ സന്മാര്‍ഗബോധവും സഹജബോധവുമായിരിക്കണം വിശ്വാസത്തിന്റെ അടിത്തറ. നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള വിവേകം, നന്മയ്‌ക്കനുകൂലമായും തിന്മയ്‌ക്കെതിരായും നമ്മുടെ ഉള്ളിന്റെയുള്ളിലുണ്ടാവുന്ന ചലനം ഇവ മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന കര്‍ത്തവ്യബോധം ഹേതുവായിട്ടാണ്‌. ഈ കര്‍ത്തവ്യബോധത്തെ കാന്റ്‌ നിരപേക്ഷനിയോഗം (Categorical imperative) എന്നു വിളിക്കുന്നു. ഈ നിയോഗം സ്വതസ്സാധ്യമാണ്‌. അനുഭവങ്ങളില്‍നിന്നു രൂപപ്പെടുന്നതല്ല, അത്‌. നല്ല പ്രവൃത്തിക്കു പ്രരകമാകേണ്ടത്‌ ആ പ്രവൃത്തിയില്‍നിന്നുണ്ടാകാവുന്ന പ്രതിഫലമല്ല, നമ്മില്‍ത്തന്നെയുള്ള കര്‍ത്തവ്യബോധമാകണം. ഈ ലോകത്ത്‌ മനുഷ്യനനുഭവിക്കുന്ന കഷ്‌ടതകള്‍ക്കു പരിഹാരമുണ്ടാവുമെന്നാശിക്കണമെങ്കില്‍ മരണാനന്തരം ഒരു ജീവിതമുണ്ടായേ തീരൂ എന്നും കാന്റ്‌ പറയുന്നു. നന്മ ചെയ്യാനുള്ള മനസ്സിന്റെ അന്തര്‍ഹിതമായ ചോദന, അസന്ദിഗ്‌ധമായ കര്‍ത്തവ്യബോധം, മരണാനന്തരജീവിതം ഇവ എല്ലാറ്റിനുമതീതമായ ഒരു ഈശ്വരന്റെ അസ്‌തിത്വം അനിവാര്യമാക്കുന്നു. പരമമായ സത്തയെ, അതായത്‌ ഈശ്വരനെ, യുക്തിബോധാതീതമായ ഒരു മേഖലയിലേക്ക്‌, വിശ്വാസത്തിലേക്ക്‌, ഉയര്‍ത്തുകയാണ്‌ കാന്റ്‌ ചെയ്‌തത്‌.

കര്‍ത്തവ്യത്തോടുള്ള വിധേയത്വം മനുഷ്യന്റെ ഇച്ഛാശക്തിയെയും സ്വതന്ത്രമാക്കുന്നു. ഇച്ഛാശക്തിയെന്നതുകൊണ്ട്‌ പ്രായോഗിക നിരൂപണബുദ്ധി എന്നാണ്‌ കാന്റ്‌ അര്‍ഥമാക്കുന്നത്‌. സാര്‍വലൗകികമായ സാന്മാര്‍ഗിക വ്യവസ്ഥയ്‌ക്കു മനുഷ്യന്‍ വിധേയനാവുന്നുവെങ്കിലും ഈ വിധേയത്വം അവന്‍ സ്വയം വരിക്കുന്നതാണ്‌; അല്ലാതെ, പുറത്തുനിന്നും അവന്‍ അന്യന്റെ ഇച്ഛാശക്തിക്കല്ല സ്വന്തം ഇച്ഛാശക്തിക്കാണ്‌ വിധേയനായിരിക്കുന്നത്‌. യുക്തികൊണ്ട്‌ തെളിയിക്കാവുന്നതല്ല കാന്റ്‌ പറയുന്ന ഈ ഇച്ഛാശക്തിയുടെ സ്വാതന്ത്യ്രം. പ്രവൃത്തികളുടെയും ലക്ഷ്യങ്ങളുടെയും തെരഞ്ഞെടുപ്പുകളില്‍ സ്വന്തം കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളില്‍ നാം സ്വയം അനുഭവിക്കുന്നതാണത്‌.

"പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെ പിതാവ്‌' (Father of Enlightenment)എന്നാണ്‌ കാന്റ്‌ അറിയപ്പെടുന്നത്‌. ആശ്രിതത്വത്തില്‍ നിന്നുള്ള യുക്തിയാണ്‌ പ്രബുദ്ധത എന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു. പരമ്പരാഗതമായ അധികാരശക്തികളെ മനുഷ്യന്‍ ആശ്രയിക്കുന്നു. മേധാശക്തി കൈവരിക്കാനും പ്രയോഗിക്കാനുമുള്ള നൈസര്‍ഗികസിദ്ധി നഷ്‌ടപ്പെടുത്തിയതുകൊണ്ടാണ്‌ ഈ ദുഃസ്ഥിതിയുണ്ടായതെന്നും മനുഷ്യന്റെ സ്വാതന്ത്ര്യവും സ്വാശ്രയബോധവും അപഹരിച്ചെടുത്ത അധികാരശക്തികളെ നശിപ്പിക്കുകയും മേധാശക്തി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌ ഇതിനുള്ള പ്രതിവിധിയെന്നും കാന്റ്‌ വ്യക്തമാക്കി.

റിലിജിയന്‍ വിതിന്‍ ദ്‌ ലിമിറ്റ്‌സ്‌ ഒഫ്‌ പ്യൂര്‍ റീസണ്‍ (Religion within the limits of pure reason) എന്ന കൃതിയില്‍ തന്റെ മതപരമായ അഭിപ്രായങ്ങള്‍ കാന്റ്‌ വ്യക്തമാക്കുകയുണ്ടായി. മനുഷ്യന്റെ സാന്മാര്‍ഗികബോധത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നിടത്തോളം മാത്രമേ മതത്തിനും ദേവാലയങ്ങള്‍ക്കും അര്‍ഥമുള്ളൂ എന്നും മതഗ്രന്ഥങ്ങളുടെയും മതകര്‍മങ്ങളുടെയും സ്ഥാനം സദാചാരനിയമങ്ങള്‍ക്കുപരിയാകാന്‍ പാടില്ല എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവരാജ്യത്തിന്റെ സ്ഥാനത്ത്‌ പുരോഹിതന്മാരുടെ രാജ്യം നമുക്കിടയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നദ്ദേഹം ദുഃഖിച്ചു. പള്ളി (church) ഒരു പിന്തിരിപ്പന്‍ (reactionary) ഗവണ്‍മെന്റിന്റെ കൈയിലെ ഉപകരണമാകാന്‍ പാടില്ലെന്നും കാന്റ്‌ പറഞ്ഞു. സ്വാഭാവികമായും ഈ പുസ്‌തകം പൗരോഹിത്വത്തിന്റെയും രാജാധികാരത്തിന്റെയും അപ്രീതിയും വിരോധവും സമ്പാദിച്ചു. പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം തടയപ്പെട്ടു. കാന്റിനു താക്കീതും നല്‌കി. ഫ്രഡറിക്‌ വില്യം രണ്ടാമന്‍ സിംഹാസനത്തിലുള്ളിടത്തോളം നിശ്ശബ്‌ദനായി കഴിഞ്ഞുകൊള്ളാമെന്ന്‌ ഉറപ്പും കാന്റില്‍ നിന്ന്‌ ഗവണ്‍മെന്റ്‌ വാങ്ങി. ഈ ഉറപ്പ്‌ കാന്റ്‌ കൃത്യമായി പാലിക്കുകയും ചെയ്‌തു. ഫ്രഡറിക്‌ വില്യം രണ്ടാമന്‍ മരിച്ചുകഴിഞ്ഞയുടനെ കാന്റ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചു.

രാഷ്‌ട്രവ്യവഹാരത്തിലും കാന്റിന്‌ സുവ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഓരോ വ്യക്തിയെയും അവനവനില്‍ത്തന്നെ ഒരു ലക്ഷ്യമായി കരുതണമെന്നും മറ്റൊരാള്‍ക്കുവേണ്ടിയുള്ള ഉപകരണമായി ഒരു മനുഷ്യനെ കണക്കാക്കുകയെന്നത്‌ അവന്റെ അന്തസ്സിനെതിരായ കുറ്റകൃത്യമാണെന്നും ഇദ്ദേഹം പറഞ്ഞു. വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും ചൂഷണത്തില്‍നിന്നുള്ള മോചനവും അദ്ദേഹം ആഗ്രഹിച്ചു. റൂസ്സോയുടെ നൈസര്‍ഗികാവകാശം എന്ന സങ്കല്‌പം ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഫ്രഞ്ചുവിപ്ലവത്തെ ഇദ്ദേഹം സഹര്‍ഷം സ്വാഗതം ചെയ്‌തത്‌ അതുകൊണ്ടാവണം. യുദ്ധത്തെ ഇദ്ദേഹം വെറുത്തു. ഓരോ രാജ്യവും ആയുധബലം വര്‍ധിപ്പിക്കുന്നത്‌ പരസ്‌പരമത്സരത്തിനും യുദ്ധത്തിനും മാത്രമേ വഴിതെളിക്കൂ എന്നിദ്ദേഹം പറഞ്ഞു. ഒരു ഹിതപരിശോധനയ്‌ക്കു ശേഷം മാത്രമേ ഓരോ രാജ്യവും യുദ്ധം ചെയ്യാന്‍ തീരുമാനിക്കാവൂ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്വതന്ത്രരാഷ്‌ട്രങ്ങളുടെ ഒരു ഫെഡറേഷനും, ലോക ഗവണ്‍മെന്റും ഇദ്ദേഹം വിഭാവന ചെയ്‌തു.

കാന്റിന്റെ തത്ത്വശാസ്‌ത്രചിന്തകള്‍ പില്‌ക്കാല ദാര്‍ശനികരായ ഫിഷ്‌റ്റെ, ഹെഗെല്‍, ഷെല്ലിങ്‌ എന്നിവരെ സ്വാധീനിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍