This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റോര്‍, ജോര്‍ജ്‌ ഫെര്‍ഡിനന്റ്‌ ലുഡ്‌വിഗ്‌ ഫിലിപ്പ്‌ (1845 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്റോര്‍, ജോര്‍ജ്‌ ഫെര്‍ഡിനന്റ്‌ ലുഡ്‌വിഗ്‌ ഫിലിപ്പ്‌ (1845 1918)

Cantor, Georg Ferdinand Ludwig Philipp

ജോര്‍ജ്‌ ഫെര്‍ഡിനന്റ്‌ ലുഡ്‌വിഗ്‌ ഫിലിപ്പ്‌ കാന്റോര്‍

ഗണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ പ്രസിദ്ധ ജര്‍മന്‍ ഗണിതശാസ്‌ത്രജ്ഞന്‍. 1845 മാ. 3ന്‌ റഷ്യയിലെ പീറ്റേഴ്‌സ്‌ബര്‍ഗില്‍ ജനിച്ചു. അധിവാസം കൊണ്ടു മാത്രമാണ്‌ ഇദ്ദേഹം ജര്‍മന്‍കാരനായത്‌. ജോര്‍ജ്‌ കാന്റോറിന്‌ 11 വയസ്സായപ്പോള്‍ കുടുംബം ജര്‍മനിയിലെ ഫ്രാങ്ക്‌ഫര്‍ട്ടിലേക്കു താമസം മാറ്റി (1856). പിന്നീടുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം ജര്‍മനി ആകയാല്‍ ഒരു ജര്‍മന്‍കാരന്‍ എന്ന നിലയില്‍ കാന്റോര്‍ വിഖ്യാതനായിത്തീര്‍ന്നു.

സൂറിച്ച്‌ സര്‍വകലാശാലയിലെ ഒരു വര്‍ഷത്തെ പഠനത്തിനുശേഷം 1863ല്‍ ജോര്‍ജ്‌ കാന്റോര്‍ ബര്‍ലിനിലേക്കു മാറി. 1867ലാണ്‌ ഇദ്ദേഹത്തിനു ഗണിതശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചത്‌. ഹലേ സര്‍വകലാശാലയില്‍ കുറച്ചുകാലം പ്രതിഫലമില്ലാതെ ജോലി ചെയ്‌തതിനുശേഷം 1872ല്‍ അവിടെ അസിസ്റ്റന്റ്‌ പ്രാഫസറായി ഇദ്ദേഹം നിയമിക്കപ്പെട്ടു.

പ്രസിദ്ധ ഗണിതശാസ്‌ത്രജ്ഞനായിരുന്ന ജോര്‍ജ്‌ റീമാന്‍ ഉന്നയിച്ച ത്രികോണമിതികശ്രണി(trigonometrical series)യിലുള്ള ഒരു പ്രശ്‌നമായിരുന്നു ഗണിതശാസ്‌ത്രഗവേഷണങ്ങളില്‍ വ്യാപൃതനായിരുന്ന ജോര്‍ജ്‌ കാന്റോറിനെ സംഖ്യകളുടെ അനന്തമായ ഗണങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങളിലേക്കു നയിച്ചത്‌. നിലവിലിരുന്ന ഗണിതസങ്കല്‌പങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വിപരീതമായി പല നിഗമനങ്ങളിലും ജോര്‍ജ്‌ കാന്റോര്‍ എത്തിച്ചേര്‍ന്നു. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്നു തോന്നാവുന്ന പലതും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അനന്തമായ ഗണങ്ങള്‍ പൂര്‍ണസത്തകളാണെന്ന കാന്റോറിന്റെ അഭ്യൂഹത്തെ എതിര്‍ത്ത പ്രസിദ്ധ ജര്‍മന്‍ ഗണിത ശാസ്‌ത്രജ്ഞനായ ലിയോപോള്‍ഡ്‌ ക്രാണക്കര്‍ ഇദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചു. 187497 കാലഘട്ടത്തിലാണ്‌ കാന്റോര്‍ ഗണസിദ്ധാന്തവും (sets of Theory) പരിമിതാതീതസംഖ്യാ സിദ്ധാന്തവും (Theory of transfinite numbers) അവതരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്‌തത്‌.

1869ല്‍ ജോര്‍ജ്‌ കാന്റോര്‍ ഹലേ സര്‍വകലാശാലയില്‍ ലക്‌ചറര്‍ ആയി നിയമിതനായി. 1879ല്‍ പ്രാഫസറായതോടെ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്കു കൂടുതല്‍ അംഗീകാരം ലഭിച്ചെങ്കിലും ശാരീരികവും മാനസികവുമായ പല ക്ലേശങ്ങളും ഇദ്ദേഹത്തിന്‌ അനുഭവിക്കേണ്ടിവന്നു. ഹെന്‌റി പോലും ഇദ്ദേഹത്തിന്റെ ഗണസിദ്ധാന്തത്തെ അവഹേളിച്ചിരുന്നു. എന്നാല്‍ പിന്നീടു ഗണസിദ്ധാന്തത്തിനു ഗണിതശാസ്‌ത്രത്തില്‍ അതുല്യമായ സ്ഥാനമാണ്‌ ലഭിച്ചത്‌. പില്‌ക്കാലത്ത്‌ ആധുനിക ഗണിതശാസ്‌ത്രത്തിന്റെ അടിത്തറയായി ഗണസിദ്ധാന്തം അംഗീകരിക്കപ്പെട്ടു. 1918 ജനു. 6ന്‌ ഹലേയിലെ ഒരു മാനസികരോഗാശുപത്രിയില്‍വച്ച്‌ കാന്റോര്‍ നിര്യാതനായി. നോ. ഗണസിദ്ധാന്തം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍