This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റിലിവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

Cantilever

കാന്റിലിവര്‍

ഒരറ്റം താങ്ങില്ലാതെ സ്വതന്ത്രമായും മറ്റേയറ്റം അനുയോജ്യമായ താങ്ങുകൊണ്ടു യഥാസ്ഥാനത്ത്‌ ഉറപ്പിച്ചും നിര്‍മിക്കപ്പെട്ടിട്ടുള്ള തുലാം അഥവാ ട്രസ്സ്‌. തുലാമിന്റെ തൂണുകള്‍ക്കപ്പുറം ആലംബം ഇല്ലാതെ തള്ളിനില്‍ക്കുന്ന ഭാഗത്തെയും കാന്റിലിവറിനു മാതൃകയായി കണക്കാക്കാവുന്നതാണ്‌. ഒരു വൃക്ഷത്തിലെ കാണ്ഡത്തില്‍ നിന്ന്‌ പുറമേക്ക്‌ നീണ്ടുനില്‍ക്കുന്ന ശാഖകളെ കാന്റിലിവറുകളായി കണക്കാക്കാം.

കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച "മഹാത്മാ ഗാന്ധി സേതു'-പാട്‌ന

പാര്‍ശ്വദൃശ്യത്തില്‍ കാന്റിലിവറിന്റെ സ്വതന്ത്രാഗ്രത്തിലേക്ക്‌ ചെല്ലുന്തോറും മെലിഞ്ഞ്‌ കൂര്‍ത്തുവരും. തുലാമിന്‌ ഏറ്റവും കനക്കുറവ്‌ സ്വതന്ത്രാഗ്രത്തിലും കനക്കൂടുതല്‍ ആലംബം ഉള്ള അഗ്രത്തിലും ആയിരിക്കും. കാഴ്‌ചയിലുള്ള ഈ വ്യത്യാസം ക്രമേണ ചരിഞ്ഞ്‌ രേഖീയമായിട്ടുള്ളതോ അല്ലാത്തതോ ആകാം. ഡിസൈന്‍ പരിഗണനകള്‍ അനുസരിച്ച്‌ ശരിയായ നിലനില്‌പിനുവേണ്ടി സ്വീകരിക്കുന്ന ഈ കനവ്യത്യാസം സംരചനയ്‌ക്കു മൊത്തത്തില്‍ മെച്ചപ്പെട്ട ദൃശ്യഭംഗി നല്‌കുന്നു.

പല പ്രത്യേകാവസരങ്ങളിലും കാന്റിലിവറുകള്‍ നിര്‍മിക്കേണ്ടിവരാറുണ്ട്‌. കുത്തനെ വളരെ പൊക്കത്തിലുള്ള സ്ഥലങ്ങളുടെ മുകളില്‍ നിര്‍മിക്കുന്ന ബാല്‍ക്കണികള്‍ പോലെ, ഒരറ്റത്ത്‌ അടിയില്‍ തൂണോ മറ്റ്‌ ആലംബങ്ങളോ നല്‌കാന്‍ പ്രായോഗികമായി അസാധ്യമായിട്ടുള്ള സാഹചര്യം ഉണ്ടാകുക, തുലാമിനു കീഴെ സ്വതന്ത്രവിഹാരത്തിനുള്ള സ്ഥലസൗകര്യം ആവശ്യമായി വരുക, തുലാമിനു ചുവട്ടില്‍ തൂണുകള്‍കൊണ്ട്‌ മറയാതെ മുന്നോട്ടുകാണേണ്ടത്‌ ആവശ്യമായി വരുക, തുടങ്ങിയ സാഹചര്യങ്ങളിലാണ്‌ കാന്റിലിവര്‍ രീതി സ്വീകരിക്കുന്നത്‌.

കെട്ടിടം, പാലം, യന്ത്രം എന്നിവയുടെ നിര്‍മാണത്തില്‍ കാന്റിലിവറുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉരുക്ക്‌, പ്രബലിത കോണ്‍ക്രീറ്റ്‌, തടി, പൂര്‍വപ്രതിബലിത കോണ്‍ക്രീറ്റ്‌ എന്നിവ കൊണ്ടാണ്‌ കാന്റിലിവറുകള്‍ നിര്‍മിക്കാറുള്ളത്‌. കെട്ടിടങ്ങളില്‍ ലിന്റലിനോടുചേര്‍ത്ത്‌ ഒന്നായി കോണ്‍ക്രീറ്റുകൊണ്ടു വാര്‍ക്കുന്ന "വെയില്‍ മറ' കാന്റിലിവറിന്‌ ഉദാഹരണമാണ്‌. ബാല്‍ക്കണികളുടെയും കാര്‍പോര്‍ച്ചുകളുടെ മേല്‍പ്പുരകളുടെയും സ്‌ലാബ്‌ അഥവാ പ്‌ളാറ്റ്‌ഫോം കാന്റിലിവര്‍ കൊണ്ടായിരിക്കും മിക്കപ്പോഴും താങ്ങിനിര്‍ത്തിയിരിക്കുന്നത്‌. ആ തുലാമുകളുടെ കാന്റിലിവര്‍ ഭാഗത്തിന്‌ മതിയായ ഉറപ്പു നല്‌കുന്നതിനുവേണ്ടി അവയുടെ മറ്റേ യഗ്രം കെട്ടിടത്തിനുള്ളിലേക്ക്‌ കൂടുതല്‍ നീട്ടിയിരിക്കും.

വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഷെഡ്ഡുകള്‍, റെയില്‍വേ പ്‌ളാറ്റ്‌ ഫോമുകള്‍, വെയ്‌റ്റിങ്‌ഷെഡ്ഡുകള്‍ എന്നിവയുടെ മേല്‍ക്കൂരകള്‍, ഉരുക്കുകൊണ്ടോ പ്രബലിത കോണ്‍ക്രീറ്റുകൊണ്ടോ നിര്‍മിച്ച കാന്റിലിവറുകളാണ്‌ സാധാരണ താങ്ങിനിര്‍ത്തുന്നത്‌. അതേ പദാര്‍ഥംകൊണ്ടുതന്നെ നിര്‍മിച്ച തൂണുകളിലായിരിക്കും ഈ കാന്റിലിവറുകള്‍ ഉറപ്പിച്ചിരിക്കുന്നത്‌. ലാഭകരമായ ഡിസൈന്‍ പരിഗണിക്കുമ്പോള്‍ അനുദൈര്‍ഘ്യമധ്യരേഖ(longitudinal centre)യില്‍ തൂണുകള്‍ സ്ഥാപിക്കുന്നതാണ്‌ ഒരു വശത്ത്‌ തൂണുകള്‍ സ്ഥാപിക്കുന്നതിനെക്കാള്‍ സ്വീകാര്യം.

ക്രയിനിനെ താങ്ങുന്ന സ്‌തംഭബ്രാക്കറ്റുകള്‍, വര്‍ക്ക്‌ ഷോപ്പുകളിലെ ഗാന്‍ട്രി ഗര്‍ഡറുകള്‍, ചുവര്‍ ബ്രായ്‌ക്കറ്റുകള്‍, കോര്‍ബെലുകള്‍, കോര്‍ണീസുകള്‍ എന്നിവ ചെറിയ കാന്റിലിവറുകള്‍ക്കുദാഹരണങ്ങളാണ്‌.

കോണ്‍ക്രീറ്റ്‌ തുലാങ്ങളോ ഉരുക്കു ട്രസ്സുകളോ ഉപയോഗിക്കുന്ന വലിയ സംരചനകളിലും കാന്റിലിവറുകള്‍ സാധാരണമാണ്‌. മറ്റുതരം കാന്റിലിവറുകളാണ്‌ ഷെല്‍റൂഫ്‌ കാന്റിലിവറുകളും മടക്കുഫലക കാന്റിലിവറുകളും. നീളം വളരെ കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ കാന്റിലിവറിന്റെ ഛേദ അളവുകളും ഭാരവും കുറയ്‌ക്കുന്നതിനായി പൂര്‍വപ്രതിബലിത കോണ്‍ക്രീറ്റ്‌ ഉപയോഗിക്കാവുന്നതാണ്‌.

നിലംബിത സ്‌പാനുകളോടുകൂടിയ ഇരട്ട കാന്റിലിവര്‍ തുലാമുകള്‍ പാലം പണിക്ക്‌ ഉപയോഗിക്കുമ്പോള്‍ സരളാധാരിത തുലാമിന്റെയും തുടര്‍ത്തുലാമിന്റെയും പ്രത്യേക ഗുണങ്ങള്‍ ഒരുമിച്ചു ലഭ്യമാകുന്നു. കാന്റിലിവര്‍ തുലാങ്ങളിന്മേല്‍ പണികഴിച്ചിട്ടുള്ള വിസ്‌തൃതമായ ഹാങ്‌ഗര്‍മേല്‌പുരകള്‍ തടസ്സം കൂടാതെ പ്ലെയിനുകള്‍ക്കു പ്രവേശനം അനുവദിക്കുന്ന തരത്തിലുള്ളതാണ്‌. തടസ്സമില്ലാത്ത കാഴ്‌ച പ്രദാനം ചെയ്യുന്നതിനായി മിക്ക സ്റ്റേഡിയങ്ങളിലെയും ഗാലറികളുടെ മേല്‌പുരകള്‍ കാന്റിലിവറുകളിന്മേലാണ്‌ പണികഴിക്കുന്നത്‌.

വിസ്‌തൃതമായ പ്രദേശത്ത്‌ ഉപയോഗിക്കത്തക്കവണ്ണം കറങ്ങുന്ന പിവറ്റുള്ള കാന്റിലിവര്‍ ക്രയിനുകള്‍ ഉയര്‍ത്തല്‍, ഭാരം കയറ്റല്‍, ചുമടിറക്കല്‍ മുതലായ വിവിധതരം ജോലികള്‍ക്കായി ഉപയോഗിച്ചുവരുന്നു. വിവിധ തരം യന്ത്രങ്ങളിലും ഉപകരണങ്ങളിലും കാന്റിലിവര്‍ സ്‌പ്രിങ്ങുകള്‍ക്ക്‌ ഉപയോഗമുണ്ട്‌.

(പ്രാഫ. ആര്‍. വെങ്കിട്ടരാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍