This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റര്‍ബറി കഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്റര്‍ബറി കഥകള്‍

Canterburry Tales

കര്‍ഷക കലാപം-കാന്റര്‍ബറി കഥയുടെ ചിത്രാവിഷ്‌കാരം

ആംഗല സാഹിത്യകാരനായ ജഫ്രി ചോസര്‍ (1340-1400) രചിച്ച കഥാസമാഹാരം. ഷെയ്‌ക്‌സ്‌പിയറുടെ കാലത്തിനു മുമ്പുള്ള ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഇത്രമഹത്തും ശ്രദ്ധേയവുമായ മറ്റൊരു കൃതി ഉണ്ടായിട്ടില്ലെന്നാണ്‌ വിമര്‍ശകരുടെ ഏകകണ്‌ഠമായ അഭിപ്രായം. ചോസറിന്റെ ജീവിതത്തിലെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ്‌ ഇവയുടെ രചന എന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ചോസറുടെ കാലത്ത്‌ ഇംഗ്ലണ്ട്‌ മധ്യയുഗങ്ങളില്‍നിന്ന്‌ പുറത്തു വന്നിട്ടില്ലായിരുന്നെങ്കിലും ഇറ്റലിയിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും നവോത്ഥാനം ആരംഭിച്ചുകഴിഞ്ഞിരുന്നു. ചോസറുടെ സാഹിത്യസൃഷ്‌ടികളില്‍ മധ്യകാല ഇംഗ്ലീഷും ആധുനിക ഇംഗ്ലീഷും ഇടകലര്‍ന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ ഫ്രഞ്ച്‌ഇറ്റാലിയന്‍ഇംഗ്ലീഷ്‌ കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ടവയാണെന്നു പറയാറുണ്ട്‌; അതില്‍ ഇംഗ്ലീഷ്‌ കാലഘട്ടത്തില്‍ ഇദ്ദേഹത്തില്‍നിന്ന്‌ പുറത്തുവന്ന സര്‍വോത്‌കൃഷ്‌ടമായ കൃതിയാണ്‌ "കാന്റര്‍ബറി കഥകള്‍'. അന്നത്തെ ഇംഗ്ലീഷുകാര്‍ക്കെല്ലാം സുഗ്രഹമായ ഒരു ഭാഷയില്‍ ഇദ്ദേഹം ഇതെഴുതി എന്നതിനു പുറമേ, അവര്‍ ദിനന്തോറും കണ്ടുമുട്ടുന്ന സ്‌ത്രീകളും പുരുഷന്മാരുമായിരുന്നു ഇതിലെ കഥാപാത്രങ്ങളും. അന്നത്തെ ഇംഗ്ലീഷ്‌ ജനസമൂഹത്തിന്റെ ഒരു പരിച്ഛേദം ഈ കഥകളിലൂടെ പുറത്തുവരുന്നു. പ്രഭുക്കന്മാര്‍, മാടമ്പികള്‍, സേവകര്‍, ഭൃത്യര്‍, കന്യാസ്‌ത്രീകള്‍, വൈദികര്‍, പള്ളിവികാരിമാര്‍, കപ്യാര്‍മാര്‍, വ്യാപാരികള്‍, നിയമപണ്ഡിതന്മാര്‍, മരപ്പണിക്കാര്‍, നെയ്‌ത്തുകാര്‍, കുശിനിക്കാര്‍, നാവികര്‍, കൃഷിക്കാര്‍, കോടതി ഉദ്യോഗസ്ഥര്‍ തുടങ്ങി ചോസര്‍ തന്നെയും ഇതില്‍ കഥാപാത്രമാണ്‌.

കാന്റര്‍ബറി കഥകളെ സൂചിപ്പിക്കുന്ന ചുവര്‍ചിത്രം

കാന്റര്‍ബറി കഥകള്‍ ജന്മം കൊള്ളാനിടയാക്കിയ സാഹചര്യം നാന്ദിയില്‍ ചോസര്‍ വിവരിക്കുന്നുണ്ട്‌. തീര്‍ഥാടകരായ ഏതാനും ആളുകള്‍ സൗത്ത്‌ പാര്‍ക്കിലെ ടബാര്‍ഡ്‌ സത്രത്തില്‍ സമ്മേളിച്ച്‌ അവരുടെ യാത്രയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഒരു രംഗത്തോടുകൂടിയാണ്‌. "കഥകള്‍' ആരംഭിക്കുന്നത്‌. സമകാലീന ജീവിതത്തിന്റെ സകല സവിശേഷതകളും ഇവിടെ പ്രതിഫലിക്കുന്നു. സത്രത്തില്‍ നിന്ന്‌ അശ്വാരൂഢരായി കാന്റര്‍ബറിയിലുള്ള തോമസ്‌ ബക്കറ്റിന്റെ ശവകുടീരത്തിലേക്കുള്ള ഒരു തീര്‍ഥയാത്ര നടത്തിയാണ്‌ അവിടെ കൂടിയിരുന്ന ഇരുപത്തിയൊന്‍പതു പേരുടെ ചര്‍ച്ചാ വിഷയം (ഇരുപത്തിയൊന്‍പതു പേരെന്ന്‌ നാന്ദി കാണുന്നുണ്ടെങ്കിലും ചോസറുള്‍പ്പെടെ ആകെ മുപ്പത്തിയൊന്നു പേരാണുണ്ടായിരുന്നത്‌). അത്താഴാനന്തരമുള്ള ഈ സംഭാഷണവേളയില്‍ ആതിഥേയനും സത്രമുടമയുമായ ഹാരി ബെയ്‌ലി യാത്ര രസകരമാകുന്നതിന്‌ ഒരു നിര്‍ദേശം വയ്‌ക്കുന്നു; അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും കാന്റര്‍ബറിയിലേക്കും അവിടെനിന്ന്‌ തിരിച്ചുമുള്ള യാത്രയില്‍ രണ്ട്‌ കഥകള്‍ വീതം പറയണം; ഏറ്റവും നല്ല കഥ പറയുന്നയാള്‍ക്ക്‌ തിരിച്ചെത്തിക്കഴിഞ്ഞാല്‍ തന്റെ വകയായി ഒരു ഗംഭീരവിരുന്ന്‌ നല്‌കുന്നതായിരിക്കും. ആതിഥേയന്‍ തന്നെയാണ്‌ അവരുടെ വഴികാട്ടിയായി മുമ്പേ സഞ്ചരിക്കുന്നത്‌. തീര്‍ഥാടകര്‍ ഈ നിര്‍ദേശത്തെ സഹര്‍ഷം സ്വാഗതം ചെയ്‌തു. തീര്‍ഥാടകരെല്ലാം അന്യോന്യം പരിചയപ്പെട്ടതിനുശേഷം യാത്ര ആരംഭിക്കുന്നു; തുടര്‍ന്ന്‌ ഓരോരുത്തരുടെ വക കഥാഖ്യാനങ്ങളായി.

എന്നാല്‍, ഒരാള്‍ക്ക്‌ നാലു കഥ എന്ന വ്യവസ്ഥ പാലിക്കപ്പെട്ടതായി കാണുന്നില്ല. ആകപ്പാടെ 24 കഥകളേ ഇതില്‍ കാണുന്നുള്ളൂ. കഥ പറയുന്നതിനിടയ്‌ക്കു തീര്‍ഥാടകര്‍ തമ്മിലുള്ള രസകരമായ പല സംവാദങ്ങളും നടക്കുന്നുണ്ട്‌. കാന്റര്‍ബറിയില്‍നിന്നുള്ള മടക്കയാത്രയെക്കുറിച്ചുള്ള വിവരണമൊന്നും ഇതില്‍ കാണാനില്ല; കഥ ഒന്നും പറയാത്ത തീര്‍ഥാടകരുമുണ്ട്‌.

കേവലം ഒരു കഥാസമാഹാരമെന്നതിലുപരി സ്വയം സമ്പൂര്‍ണവും രസകരവുമായ ഒരാഖ്യാനമെന്ന ബഹുമതിക്ക്‌ "കാന്റര്‍ബറി കഥകള്‍' അര്‍ഹമാണ്‌. പലതരത്തിലുള്ള കഥകളാണ്‌ ഇതില്‍ അണിനിരക്കുന്നത്‌ അരമനകളിലെ പ്രമനാടകങ്ങള്‍, വിശുദ്ധന്മാരുടെ ജീവിതങ്ങള്‍, അന്യാപദേശങ്ങള്‍, ജന്തുകഥകള്‍, ഹിതോപദേശങ്ങള്‍ എന്നിങ്ങനെ. തീര്‍ഥയാത്രയുടെ പവിത്രത പോലെ വസന്തകാലത്തിലെ ഒരു വിനോദസഞ്ചാരത്തിന്റെ രസനീയതയും ഇവയില്‍ ഇടകലര്‍ന്നിരിക്കുന്നു. മധ്യകാലസാഹിത്യകാരന്മാരുടെ മനസ്സുകളെ മഥിച്ചുകൊണ്ടിരുന്ന ഐഹിക സുഖഭോഗങ്ങളുടെ ആകര്‍ഷകതയോടുകൂടി ആമുഷ്‌മികജീവിതത്തിലെ ആധ്യാത്മികതൃഷ്‌ണയും ഇവയില്‍ സാകല്യേന സമ്മേളിച്ചിരിക്കുന്നു. എന്നാല്‍ മരണാനന്തര ലോകത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ക്കു മുന്നില്‍ ലൗകികസുഖഭോഗങ്ങളിലുള്ള ആസക്തി അസ്‌തപ്രഭമാകുന്നെന്നും അവയെക്കുറിച്ച്‌ ഇടയ്‌ക്കിടയ്‌ക്കു പരാമര്‍ശിച്ചതിന്‌ തനിക്ക്‌ ഈശ്വരന്‍ മാപ്പു നല്‌കണമെന്നും ചോസര്‍, കഥകളുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തുന്നുണ്ട്‌.

ഹ്രസ്വമായ രണ്ടുമൂന്നു ഗദ്യഭാഗങ്ങളൊഴിച്ചാല്‍ "കാന്റര്‍ബറി കഥകള്‍' "ഹീറോയിക്‌ കപ്‌ലെറ്റ്‌സ്‌' (Heroic Couplets)എന്ന സാങ്കേതിക നാമത്തോടുകൂടിയ ഈരടികളില്‍ രചിക്കപ്പെട്ട 17,000 വരികള്‍ അടങ്ങുന്ന ഒരു മഹാകാവ്യമാണ്‌. ഈ കൃതിയെ അടിസ്ഥാനമാക്കി നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌. അക്കൂട്ടത്തില്‍ സമഗ്രമായ ഒരു ഗ്രന്ഥം (Chaucer and The Canterbury Tales,1950) ഡബ്ല്യൂ. ലോറന്‍സിന്റേതാണ്‌. നോ. ചോസര്‍, ജഫ്രി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍