This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റര്‍ബറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്റര്‍ബറി

Canterburry

സെന്റ്‌ ജോര്‍ജ്‌ പള്ളി-കാന്റര്‍ബറി
കാന്റര്‍ബറി കത്തീഡ്രല്‍

തെക്കു കിഴക്ക്‌ ഇംഗ്ലണ്ടില്‍ കെന്റ്‌ കൗണ്ടിയിലുള്ള ഒരു മുനിസിപ്പല്‍ നഗരവും ചര്‍ച്ച്‌ ഒഫ്‌ ഇംഗ്ലണ്ടിന്റെ ആസ്ഥാനവും. ലണ്ടന്‍ നഗരത്തില്‍നിന്ന്‌ 88 കി.മീ. തെക്കു കിഴക്കും ഡോവറിനു 24 കി. മീ. വടക്കു പടിഞ്ഞാറുമായി സ്റ്റൂര്‍ (Stour) നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ബി.സി. 200-ാമാണ്ടില്‍ത്തന്നെ ഇവിടം ഒരു അധിവാസ പ്രദേശമായി വികസിച്ചിരുന്നുവെന്ന്‌ ഉത്‌ഖനനങ്ങള്‍ തെളിയിക്കുന്നു. പ്രാചീനകാലം മുതല്‌ക്കുതന്നെ കാന്റര്‍ബറി, ഉള്‍നാടന്‍ നാവികഗതാഗതത്തിന്റെ അതിര്‍ത്തിയും കെന്റിലൂടെയുള്ള കിഴക്കുപടിഞ്ഞാറന്‍ ജലഗതാഗത മാര്‍ഗത്തിന്റെ വഴിത്തിരിവും ആയിരുന്നു. റോമന്‍ അധിനിവേശത്തിനുശേഷം എ.ഡി. 43ല്‍ ഇവിടെ ഒരു കോട്ട നിര്‍മിക്കപ്പെടുകയും ഇവിടം തീരപ്രദേശത്തുനിന്ന്‌ ലണ്ടനിലേക്കുള്ള രാജപാതയിലെ സൈനിക പോസ്റ്റ്‌ ആയിത്തീരുകയും ചെയ്‌തു. വാട്ട്‌ലിഗ്‌ തെരുവ്‌ നിര്‍മിക്കുന്നതിനായി റോമാക്കാര്‍ ഈ പാത അംഗീകരിച്ചതോടെ കാന്റര്‍ബറി ഈ തെരുവിലെ തന്ത്രപ്രധാനമായ ഒരു സ്ഥാനമായിത്തീര്‍ന്നു. എ.ഡി. 200-ാമാണ്ടോടടുത്ത്‌ നിര്‍മിക്കപ്പെട്ട റോമന്‍ മതിലിന്റെയും ബ്രിട്ടനിലെ ഏറ്റവും വലിയ തിയെറ്ററിന്റെയും അവശിഷ്‌ടങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്‌.

എ.ഡി. 560ല്‍ കെന്റ്‌ ജില്ലയുടെ തലസ്ഥാനമായിരുന്നു ഈ നഗരം. പോപ്പ്‌ ഗ്രിഗറി I കാന്റര്‍ബറിയിലേക്ക്‌ അയച്ച ക്രിസ്‌ത്യന്‍ മിഷനറി സംഘത്തിന്റെ നേതാവായ അഗസ്റ്റിന്‍ 597ല്‍ കെന്റിലെ രാജാവായ എതല്‍ബര്‍ട്ടിനെ ക്രിസ്‌തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്‌തു. ഇതോടുകൂടി കാന്റര്‍ബറി ഇംഗ്ലണ്ടിലെ ക്രസ്‌തവസഭയുടെ ആസ്ഥാനമായിത്തീരുകയും അഗസ്റ്റിന്‍ കാന്റര്‍ബറിയിലെ ആദ്യത്തെ മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെടുകയും ചെയ്‌തു. വിശുദ്ധ അഗസ്റ്റിന്‍ കാന്റര്‍ബറിയില്‍ രണ്ട്‌ ആരാധനാലയങ്ങളുണ്ടാക്കിസെന്റ്‌ അഗസ്റ്റിന്‍ ആബിയും ക്രസ്റ്റ്‌ ചര്‍ച്ചും. ക്രസ്റ്റ്‌ ചര്‍ച്ച്‌ പിന്നീട്‌ ഭദ്രാസനപ്പള്ളി ആയിത്തീര്‍ന്നു. ഭദ്രാസനപ്പള്ളി പലപ്രാവശ്യം പുതുക്കിപ്പണിയുകയുണ്ടായി. ആര്‍ച്ച്‌ ബിഷപ്പ്‌ ഓഡോ വലുതാക്കി പണിത (942-959) ക്രസ്റ്റ്‌ ചര്‍ച്ച്‌ കത്തീഡ്രല്‍ 1067ല്‍ അഗ്നിക്കിരയായി. ആര്‍ച്ച്‌ ബിഷപ്പ്‌ ലാന്‍ ഫ്രാങ്കിന്റെ നേതൃത്വത്തില്‍ പുതിയതായി നിര്‍മിക്കപ്പെട്ട പള്ളിയില്‍ വച്ചാണ്‌ 1170ല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ തോമസ്‌ ബക്കറ്റ്‌ കൊലചെയ്യപ്പെട്ടത്‌. 1172ല്‍ തോമസ്‌ ബക്കറ്റ്‌ വിശുദ്ധനാക്കപ്പെട്ടു; കാന്റര്‍ബറി ഭദ്രാസനപ്പള്ളിയില്‍ ബക്കറ്റിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കം ചെയ്‌തിട്ടുള്ള ശവകുടീരം പില്‌ക്കാലത്ത്‌ യൂറോപ്പിലെ ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമായിത്തീര്‍ന്നു. ഈ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്ന ഒരു കൂട്ടം തീര്‍ഥാടകരുടെ ചിത്രീകരണവും അവര്‍ പറയുന്ന കഥകളുമാണ്‌ പ്രശസ്‌ത ഇംഗ്ലീഷ്‌ കവിയായ ജഫ്രി ചോസറുടെ പ്രസിദ്ധമായ "കാന്റര്‍ബറി കഥകളി'ലെ കാവ്യവിഷയം (നോ. കാന്റര്‍ബറി കഥകള്‍). പല പ്രാവശ്യം പരിഷ്‌കാരങ്ങള്‍ക്കു വിധേയമായിട്ടുള്ള ഇപ്പോഴത്തെ ഭദ്രാസനപ്പള്ളി ഇംഗ്ലീഷ്‌ഗോഥിക്‌ ശില്‌പകലയുടെയും നോര്‍മന്‍ ശില്‌പകലയുടെയും ഉദാത്ത മാതൃകയാണ്‌.

വിവിധ ഘട്ടങ്ങളിലായി ഇന്നത്തെ രൂപത്തില്‍ എത്തിച്ചേര്‍ന്ന കാന്റര്‍ബറി കത്തീഡ്രലിന്റെ മധ്യഗോപുരം (71.6 മീ.) 1503ല്‍ പൂര്‍ത്തിയായി. ബെന്‍ഹാരി ഗോപുരം എന്നാണ്‌ ഇതിന്റെ പേര്‌. ഇതിനെ പൂര്‍ണമായി പകര്‍ത്തിക്കൊണ്ട്‌ 1834-40 കാലത്ത്‌ വടക്കു പടിഞ്ഞാറേ ഗോപുരം പണിയിക്കപ്പെട്ടു. കത്തീഡ്രലിന്റെ മൊത്തം നീളം 159 മീ. ആണ്‌. 20-ാം ശതകത്തിലെ ഉത്‌ഖനനങ്ങളിലൂടെ സാക്‌സണ്‍ രാജാക്കന്മാരുടെ ശവകുടീരങ്ങളുടെ സ്ഥാനവും 598ല്‍ പണിയാരംഭിച്ച മറ്റൊരു ദേവാലയത്തിന്റെ അസ്‌തിവാരവും കണ്ടെത്തിയിട്ടുണ്ട്‌. കാന്റര്‍ബറിയിലെ 14 പ്രാചീന ദേവാലയങ്ങളില്‍ സെന്റ്‌ മാര്‍ട്ടിന്‍ പള്ളി എ.ഡി. 6-ാം ശതകത്തോളം പഴക്കമുള്ളതാണ്‌. റോമന്‍ ഇഷ്‌ടികയും ഓടും പാകിയതായിരുന്നു ഈ കെട്ടിടം. ഇതിലെ സ്‌നാനത്തൊട്ടിയിലാണ്‌ സെന്റ്‌ അഗസ്റ്റിന്‍ എതല്‍ ബര്‍ട്ട്‌ രാജാവിനെ സ്‌നാനം ചെയ്യിച്ചതെന്നു കരുതപ്പെടുന്നു.

കാന്റര്‍ബറി നഗരത്തില്‍ അനേകം പ്രാചീന കെട്ടിടങ്ങള്‍ അവശേഷിക്കുന്നു. പ്രതിരോധ സജ്ജീകരണങ്ങളില്‍ പ്രധാനപ്പെട്ട പശ്ചിമകവാട(West gate-1380)വും മധ്യകാലത്തെ മതിലുകളില്‍ ഗണ്യമായ ഭാഗവും ആധുനികകാലത്തെ നഗര വികസനത്തെയും അതിജീവിച്ചിട്ടുണ്ട്‌. ഹെന്‌റി കകന്റെ കാലത്തു നിര്‍മിച്ച ഭീമാകാരമായ കോട്ട, അതിനു സമീപമുള്ള "ഡേന്‍ ജോണ്‍ മൗണ്ട്‌' ഇവ പ്രധാന ചരിത്രാവശിഷ്‌ടങ്ങളാണ്‌.

1283 മുതല്‍ 1885 വരെ കാന്റര്‍ബറിയില്‍നിന്ന്‌ രണ്ട്‌ പ്രതിനിധികളെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുത്തയച്ചിരുന്നു. പിന്നീട്‌ അത്‌ ഒന്നായി കുറഞ്ഞു. 14-ാം ശതകത്തില്‍ കാന്റര്‍ബറിയില്‍ മുനിസിപ്പല്‍ ഭരണം നിലവില്‍ വന്നു. 1461ല്‍ ഇത്‌ കൗണ്ടിയായി ഉയര്‍ത്തപ്പെട്ടു. 16-ാം ശതകത്തിലെ നവോത്ഥാനകാലഘട്ടത്തില്‍ കാന്റര്‍ബറിയില്‍ ഉണ്ടായിരുന്ന എല്ലാ സന്ന്യാസ ആശ്രമങ്ങളും പിരിച്ചുവിടുകയും വിശുദ്ധ തോമസ്‌ ആവിഷ്‌കരിച്ചിരുന്ന ആരാധനാരീതി നിരോധിക്കുകയും ചെയ്‌തു. യൂറോപ്പില്‍നിന്നു വന്ന പ്രാട്ടസ്റ്റന്റ്‌ അഭയാര്‍ഥികളായിരുന്നു പിന്നീട്‌ നഗരത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്‌ക്കു മാറ്റം വരുത്തിയത്‌. രണ്ടാം ലോകയുദ്ധത്തില്‍ ഉണ്ടായ വ്യോമാക്രമണത്തിന്റെ ഫലമായി (1942) നഗരത്തിനുവ്യാപകമായ നാശനഷ്‌ടങ്ങള്‍ സംഭവിച്ചെങ്കിലും; ഭദ്രാസനപ്പള്ളി വലിയ കേടുപാടുകള്‍ കൂടാതെ രക്ഷപ്പെട്ടു.

ആധുനിക കാന്റര്‍ബറി ഒരു പ്രമുഖ കച്ചവടകേന്ദ്രവും ജില്ലാഭരണകേന്ദ്രവുമാണ്‌. ഉല്ലാസയാത്രക്കാരുടെ ഒരു പ്രധാന വിഹാരകേന്ദ്രമായ ഈ നഗരത്തില്‍ ധാരാളം ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ ഉണ്ട്‌. 1965ല്‍ സ്ഥാപിതമായ കെന്റ്‌ സര്‍വകലാശാല ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഈ നഗരം ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരികകേന്ദ്രവുമാണ്‌.

കാന്റര്‍ബറി സമതലം. ന്യൂസിലന്‍ഡിലെ ദക്ഷിണ ദ്വീപില്‍ സ്ഥിതിചെയ്യുന്ന കാര്‍ഷിക പ്രാധാന്യമുള്ള താഴ്‌ന്ന ഒരു പ്രദേശം. ശാന്തസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്‌ ഏതാണ്ട്‌ 240 കി.മീ. നീളവും 70 കി.മീ. വീതിയുമുണ്ട്‌.

ന്യൂസിലന്‍ഡിലെ ക്രസ്റ്റ്‌ ചര്‍ച്ച്‌ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന കാന്റര്‍ബറി സര്‍വകലാശാല 1873ല്‍ സ്ഥാപിതമായി. മാനവിക വിഷയങ്ങള്‍, ശാസ്‌ത്ര വിഷയങ്ങള്‍, എന്‍ജിനീയറിങ്‌, കോമേഴ്‌സ്‌, നിയമം, സംഗീതം, സുന്ദരകലകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍വകലാശാല ഉന്നതവിദ്യാഭ്യാസം നല്‌കി വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍