This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്റണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്റണ്‍

Canton

ഗ്വാങ്‌ഴൂ സ്‌മാരകശില്‌പം

ചൈനയുടെ തെക്കു കിഴക്കു ഭാഗത്തുള്ള ക്വാങ്‌തങ്‌ പ്രവിശ്യയുടെ ആസ്ഥാന നഗരം. ഗ്വാങ്‌ഴൂ (Guangzhu) എന്നാണ്‌ നഗരത്തിന്റെ ദേശീയനാമം. ദക്ഷിണചൈനയിലെ ഏറ്റവും വലിയ സാമ്പത്തികവ്യാവസായികവാണിജ്യഗതാഗത കേന്ദ്രമായ കാന്റണ്‍ ചൂചിയാങ്‌ നദി(Pearl river) ക്കരയില്‍ ഹോങ്‌കോങ്ങിന്‌ 110 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 7.55 ദശലക്ഷം (2000).

യാങ്‌ട്‌സിയിലെ ഒരു തെരുവ്‌
കാന്റണ്‍ നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനു ബി.സി. 3-ാം ശ. മുതല്‌ക്കുള്ള പഴക്കമുണ്ട്‌. എ.ഡി. 700ലാണ്‌ ഇവിടെ ആദ്യമായി ഒരു സ്ഥിരം കമ്പോളം തുറക്കപ്പെട്ടത്‌. ഇക്കാലം മുതല്‌ക്കുതന്നെ അറബികളും ഇന്ത്യയില്‍നിന്നു ഹിന്ദുക്കളും കച്ചവടത്തിനുവേണ്ടി ഇവിടെ സ്ഥിരമായി വന്നിരുന്നു. 1517ല്‍ പോര്‍ച്ചുഗീസുകാരും ഒരു ദശാബ്‌ദത്തിനുശേഷം ഡച്ചുകാരും കാന്റണില്‍ എത്തിച്ചേര്‍ന്നതോടെ അറബികളുടെ വാണിജ്യമേധാവിത്വം ഗണ്യമായി കുറഞ്ഞു. 17-ാം ശതകത്തിന്റെ അവസാനത്തോടെ പോര്‍ച്ചുഗീസ്‌, ഡച്ച്‌വണിക്കുകളുടെ സ്ഥാനം ബ്രിട്ടീഷുകാര്‍ക്കു കൈവന്നു. ഈസ്റ്റിന്ത്യാക്കമ്പനി കാന്റണിലെ വ്യാപാരപ്രവര്‍ത്തനങ്ങളെ ഒരു വലിയ അളവുവരെ വികസിപ്പിച്ചു. കമ്പനിയുടെ വ്യാപാരക്കുത്തക 1834 ആയപ്പോഴേക്കും അവസാനിച്ചു. 183942ലെ "കറുപ്പുയുദ്ധ'ങ്ങളുടെ പ്രധാന കേന്ദ്രം കാന്റണ്‍ ആയിരുന്നു.
റെയില്‍വെ സ്റ്റേഷന്‍-ഗ്വാങ്‌ഴൂ

ചൈനയിലെ ദേശീയബോധത്തിന്റെ ഉറവിടവും ചൈനീസ്‌ റിപ്പബ്ലിക്കന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ആസ്ഥാനവും കാന്റണ്‍ ആയിരുന്നു. സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കലാപം (1895) മുതല്‌ക്കുതന്നെ കാന്റണ്‍ റിപ്പബ്ലിക്കന്‍ പ്രസ്ഥാനത്തില്‍ ഭാഗഭാക്കായി. പാര്‍ലമെന്ററി ഭരണക്രമത്തിന്റെയും സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും പ്രഭവസ്ഥാനം കാന്റണ്‍ ആയിരുന്നു. കുമിന്താങ്‌ ചരിത്രത്തിലെ നിര്‍ണായക സംഭവമായ "ഒന്നാം ദേശീയ സമ്മേളനം' 1924ല്‍ കാന്റണില്‍ വച്ചാണ്‌ നടന്നത്‌. ഈ വര്‍ഷംതന്നെ സണ്‍യാത്‌സെന്‍ കാന്റണിലെ "മര്‍ച്ചന്റ്‌സ്‌ വോളണ്ടിയര്‍ കോറി'നെ അടിച്ചമര്‍ത്തി. വാംപോവ സൈനിക അക്കാദമിയില്‍ പരിശീലനം നേടിയ സൈന്യം രാജ്യത്തെ ഏകീകരിക്കുന്നതിനുള്ള പടയൊരുക്കം നടത്തിയത്‌ കാന്റണില്‍ വച്ചായിരുന്നു. 1927ല്‍ കാന്റണില്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടം സ്ഥാപിക്കുന്നതിന്‌ നടന്ന പരിശ്രമം അടിച്ചമര്‍ത്തപ്പെട്ടു. പിന്നീട്‌ നാങ്കിങ്ങിലെ കേന്ദ്രഭരണത്തില്‍നിന്നു വേറിട്ട്‌ ദക്ഷിണചൈനാഗവണ്‍മെന്റ്‌ എന്ന പേരില്‍ കാന്റണ്‍ കേന്ദ്രമായി ഒരു അര്‍ധസ്വതന്ത്ര ഗവണ്‍മെന്റ്‌ സ്ഥാപിതമായി. 1937ല്‍ ചൈനയും ജപ്പാനുമായി ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന്‌ 1938 മുതല്‍ 45 വരെ നഗരം ജാപ്പനീസ്‌ അധീനതയിലായിരുന്നു. 1938 ഒ. 1ന്‌ ചൈന ഈ മേഖലയില്‍ നിന്നു പിന്മാറുമ്പോള്‍ നഗരകേന്ദ്രം ചാമ്പലാക്കുകയും വ്യവസായസ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്‌തു. ജപ്പാന്റെ കീഴിലായിരുന്ന കാലത്ത്‌ ഈ നഗരം യു.എസ്‌. ബോംബാക്രമണത്തിനു (1942-45) വിധേയമായിരുന്നു. 1949ല്‍ കാന്റണ്‍ കമ്യൂണിസ്റ്റ്‌ നിയന്ത്രണത്തിലായി.

മുന്‍പ്‌, കാന്റണ്‍ മതിലുകളാല്‍ ചുറ്റപ്പെട്ടിരുന്നു. 1918ല്‍ കാന്റണില്‍ രൂപവത്‌കൃതമായ മുനിസിപ്പല്‍ കൗണ്‍സില്‍ 1921ല്‍ പഴയ മതില്‍ പൊളിച്ചു മാറ്റുകയും 10 കി.മീ. നീളത്തില്‍ ഒരു റോഡ്‌ നിര്‍മിക്കുകയും ചെയ്‌തു. നഗരത്തിന്റെ മൊത്തം വിസ്‌തീര്‍ണത്തിന്റെ മുഖ്യ പങ്കും ചൂചിയാങ്‌ നദിയുടെ ഉത്തരതീരത്ത്‌ സ്ഥിതി ചെയ്യുന്നു. 1933ല്‍ ഒരു പാലം നിര്‍മിച്ചതോടെ ദക്ഷിണതീരത്തുള്ള ഹൊനാന്‍ ദ്വീപും വികസിച്ചുവന്നിട്ടുണ്ട്‌. കാന്റണിലെ തെരുവുകള്‍ ഇടുങ്ങിയതും വളഞ്ഞതുമാണ്‌. നഗരജനസംഖ്യയില്‍ ഭൂരിഭാഗവും നൗകകളില്‍ വസിക്കുന്നു.

സമൂലം ആധുനീകരിക്കപ്പെട്ടിരിക്കുന്ന ഈ നഗരം ശതകങ്ങളോളമായി ചൈനയിലെ ഒരു പ്രധാന നഗരമെന്ന പദവി നിലനിര്‍ത്തിപ്പോരുന്നു. ജനപ്പെരുപ്പവും തീവ്രവ്യവസായവത്‌കരണവുംമൂലം ചൂചിയാങ്‌ നദീതടത്തില്‍ (പേള്‍റിവര്‍) ഉണ്ടാവുന്ന കടുത്ത മലിനീകരണമാണ്‌ കാന്റണ്‍ മുനിസിപ്പാലിറ്റിയെ നേരിടുന്ന പ്രധാനപ്രശ്‌നം.

കരകൗശല വസ്‌തുക്കളുടെ ഉത്‌പാദനവുമായി ബന്ധപ്പെട്ടതാണ്‌ കാന്റണിലെ പ്രാചീന വ്യവസായങ്ങളില്‍ അധികവും. സ്വര്‍ണം, രത്‌നക്കല്ല്‌, ദന്തം, എബണിത്തടി, കളിമണ്ണ്‌ എന്നീ വസ്‌തുക്കള്‍കൊണ്ട്‌ നിര്‍മിക്കപ്പെടുന്ന ഇവിടത്തെ കരകൗശലവസ്‌തുക്കള്‍ ശില്‌പഭംഗിക്ക്‌ പ്രസിദ്ധിയാര്‍ജിച്ചവയാണ്‌. ചിത്രത്തയ്യലുള്ളതും അല്ലാത്തതുമായ തുണിത്തരങ്ങളാണ്‌ മറ്റു പ്രധാന പ്രാചീനവ്യാവസായിക ഉത്‌പന്നങ്ങള്‍. ഇന്ന്‌ പരമ്പരാഗതവ്യവസായങ്ങള്‍ക്കു പുറമേ ആധുനിക വ്യവസായങ്ങളും വന്‍തോതില്‍ വികസിച്ചിട്ടുണ്ട്‌. ഷിപ്പ്‌യാര്‍ഡുകള്‍; കടലാസുനിര്‍മാണശാലകള്‍; ഉരുക്കു നിര്‍മാണശാലകള്‍; വന്‍കിട തുണിനെയ്‌ത്തുശാലകള്‍; യന്ത്രാപകരണങ്ങള്‍; രാസപദാര്‍ഥങ്ങള്‍; കളിമണ്‍ നിര്‍മിതികള്‍; മരുന്നുകള്‍ തുടങ്ങിയവയുടെ ഉത്‌പാദനശാലകള്‍ എന്നിവയും കൂടി സ്ഥാപിക്കപ്പെട്ടതോടെ ഈ നഗരം ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക നഗരമായിത്തീര്‍ന്നിരിക്കുന്നു.

ദക്ഷിണചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാണ്‌ കാന്റണ്‍. ജലമാര്‍ഗമുള്ള വാണിജ്യത്തില്‍ ഏറിയ പങ്കും കാന്റണിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. 1950കളില്‍ യാങ്‌ട്‌സി നദിയിലൂടെ പാലം നിര്‍മിക്കപ്പെട്ടതോടെ കാന്റണും ബെയ്‌ജിങ്ങുമായി നേരിട്ടുള്ള റെയില്‍ബന്ധം സ്ഥാപിതമായി. ഹോങ്കോങ്ങുമായും കാന്റണ്‌ റെയില്‍ബന്ധമുണ്ട്‌. ഹോങ്കോങ്ങിലെ കെ.സി.ആര്‍. ഹങ്‌ഹോം റെയില്‍വേസ്റ്റേഷനില്‍ നിന്ന്‌ കാന്റണിലേക്ക്‌ 182 കി.മീ. ദൂരമുണ്ട്‌. അന്താരാഷ്‌ട്രവിമാനസര്‍വീസ്‌ കാന്റണ്‍നഗരത്തെ എല്ലാ പ്രമുഖനഗരങ്ങളുമായും ബന്ധപ്പെടുത്തുന്നു. ചൈനയിലെ ലോകകമ്പോളമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാന്റണ്‍ നഗരത്തില്‍ ആണ്ടുതോറും സംഘടിപ്പിക്കാറുള്ള അന്തര്‍ദേശീയ വാണിജ്യവ്യാപാരമേളകള്‍ വിദേശീയരെ ധാരാളമായി ആകര്‍ഷിച്ചുവരുന്നു. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഫലമായി കാന്റണിലെ മിക്ക ചരിത്രാവശിഷ്‌ടങ്ങളും സ്‌മാരകങ്ങളും നശിച്ചുപോയിട്ടുണ്ട്‌. പുതുതായി നിര്‍മിക്കപ്പെട്ടവയില്‍ സണ്‍യാത്‌സെന്‍ സര്‍വകലാശാല സൗത്ത്‌ ചൈനാ എന്‍ജിനീയറിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സൗത്ത്‌ ചൈനാ അഗ്രികള്‍ച്ചറല്‍ കോളജ്‌, പ്രദര്‍ശനശാല തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു. ചൈനയിലെ ഒരുന്നത സാംസ്‌കാരിക കേന്ദ്രമായ കാന്റണ്‍ നഗരം വിനോദസഞ്ചാരികളുടെയും ആകര്‍ഷണകേന്ദ്രമാണ്‌.

കാന്റണ്‍ നഗരത്തിന്റെ തുടര്‍ച്ചയായി, പോര്‍ച്ചുഗീസ്‌ കോളനിയായ മകാവ്‌ വരെ, സു. 7,500 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന ചൂചിയാങ്‌ നദിയുടെ ഡെല്‍റ്റയ്‌ക്കു പേര്‍ കാന്റണ്‍ ഡെല്‍റ്റ എന്നാണ്‌.

2. പസിഫിക്‌ സമുദ്രത്തിന്റെ മധ്യത്തില്‍ ഉള്ള ഫീനിക്‌സ്‌ ദ്വീപസമൂഹത്തിലെ ഏറ്റവും വലുതും വടക്കേയറ്റത്തു കിടക്കുന്നതുമായ പവിഴദ്വീപ്‌ കാന്റണ്‍ അടോള്‍ (Canton Atoll) എന്നറിയപ്പെടുന്നു. ഹാവായ്‌ക്ക്‌ 2,623 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ സ്ഥിരതാമസക്കാരില്ല. ചതുര്‍ഭുജാകൃതിയുള്ള (diamond shaped) ലാഗൂണിനെ ചൂഴ്‌ന്നു കിടക്കുന്ന കരഭാഗത്തിന്‌ (ദ്വീപിന്‌) വിസ്‌തീര്‍ണം ഒന്‍പത്‌ ച.കി.മീ. മാത്രം ആണ്‌. നോ. അടോള്‍

3. യു.എസ്സില്‍ ഇല്ലിനോയ്‌, ഹൊയോ, മാസച്യുസെറ്റ്‌സ്‌, മിസ്സിസ്സിപ്പി എന്നീ സംസ്ഥാനങ്ങളിലും കാന്റണ്‍ എന്ന പേരില്‍ ഓരോ പട്ടണമുണ്ട്‌.

4. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സംസ്ഥാനം, ജില്ല തുടങ്ങിയ ഭരണഘടകങ്ങള്‍ക്ക്‌ കാന്റണ്‍ എന്നാണ്‌ പേര്‌. സ്വിറ്റ്‌സര്‍ലണ്ടില്‍ സംസ്ഥാനത്തിനു തുല്യമായ പേരും ഫ്രാന്‍സില്‍ കമ്യൂണുകള്‍ ചേര്‍ന്നുള്ള ജുഡീഷ്യല്‍ ജില്ലയുടെ പേരുമാണ്‌ കാന്റണ്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍