This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്തളൂര്‍ ശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്തളൂര്‍ ശാല

കാന്തളൂര്‍ ശാല

ദക്ഷിണകേരളത്തിലെ കാന്തളൂര്‍ എന്ന സ്ഥലത്ത്‌ 10-ാം ശതകത്തില്‍ വിഖ്യാതമായിരുന്ന വിദ്യാപീഠം. രാജരാജചോഴന്‍ കന്റെ (985-1016) നാലാം ഭരണവര്‍ഷം മുതലുള്ള ശാസനങ്ങളില്‍ "കാന്തളൂര്‍ച്ചാലൈ കലമറുത്തരുളി' എന്നൊരു പ്രയോഗം കാണ്മാനുണ്ട്‌. ഇദ്ദേഹത്തിന്റെ എട്ടാം ഭരണവര്‍ഷത്തിലെ ദര്‍ശനം കോപ്പുരേഖയില്‍ "കാന്തളൂര്‍ച്ചാലൈ കലമറുത്ത രാജരാജദേവന്‍' എന്നൊരു പ്രശംസയുണ്ട്‌. രാജരാജന്റെ പിന്‍ഗാമികളായ രാജേന്ദ്രചോഴനും രാജാധിരാജചോഴനും എ.ഡി. 12-ാം ശതകത്തില്‍ വാണിരുന്ന പരാന്തകപാണ്ഡ്യനും കാന്തളൂര്‍ച്ചാലയില്‍ കലമറുത്തതായി അവരുടെ രേഖകളില്‍ പറഞ്ഞുകാണുന്നു. രാജരാജന്റെയും രാജാധിരാജന്റെയും ചില ശാസനങ്ങളിലും ജയങ്കൊണ്ടാന്‍ രചിച്ച കലിങ്കത്തുപ്പരണി എന്ന കാവ്യത്തിലും "കാന്തളൂര്‍ ചാല'യ്‌ക്കു പകരം "ചാലൈ ' എന്നു മാത്രമേ പറയുന്നുള്ളൂ.

"കാന്തളൂര്‍ച്ചാലൈ കലമറുത്തരുളിയ' എന്ന പ്രയോഗം ശാസനപരിശോധകരായ ഡോ. ഹുല്‍ഷ്‌, വെങ്കയ്യാ, ഗോപിനാഥറാവു, കെ.വി. സുബ്രഹ്മണ്യയ്യര്‍ മുതലായവരെ വളരെ വിഷമിപ്പിച്ചിട്ടുള്ള ഒന്നാണ്‌. രാജാധിരാജനെ സംബന്ധിച്ച ഒരു രേഖയില്‍ "ചേരലന്‍വേലൈകെഴു കാന്തളൂര്‍ ചാലൈ' എന്നു കണ്ടതിനാല്‍ കാന്തളൂര്‍ എന്നത്‌ ചേരരാജ്യത്തിലെ ഒരു സമുദ്രതീരസ്ഥലമെന്ന്‌ ഹുല്‍ഷും വെങ്കയ്യായും തീരുമാനിച്ചു. അത്‌ ഏതു സ്ഥലമാണെന്നു നിര്‍ണയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. "ചാല' എന്ന വാക്കിന്‌ മണ്ഡപം എന്നും "കലം' എന്ന വാക്കിന്‌ പാത്രം എന്നും അര്‍ഥമുള്ളതുകൊണ്ട്‌ "കാന്തളൂര്‍ച്ചാലൈ കലമറുത്തരുളി' എന്നതിന്‌ "കാന്തളൂരില്‍ ഒരു മണ്ഡപം സ്ഥാപിച്ചു' എന്ന്‌ ആദ്യവും "കാന്തളൂരിലെ കനകഭാജനത്തെ നശിപ്പിച്ചു' എന്ന്‌ രണ്ടാമതും അവര്‍ അര്‍ഥകല്‌പന നല്‌കി. ഇത്‌ രണ്ടും ശരിയല്ലെന്നു ബോധ്യമായപ്പോള്‍ "ചേരന്മാരുടെ വകയായ കാന്തളൂര്‍ തുറമുഖത്തിലുള്ള കപ്പല്‍ക്കൂട്ടത്തെ നശിപ്പിച്ചു' എന്ന്‌ ഹുല്‍ഷ്‌ ഒടുവില്‍ വ്യാഖ്യാനിച്ചു. "കലം' (മരക്കലം) എന്ന പദത്തിന്‌ "കപ്പല്‍' എന്നും അര്‍ഥമുണ്ട്‌.

ശുചീന്ദ്രം ക്ഷേത്രവളപ്പില്‍ തെക്കുഭാഗത്തുള്ള വലിയ പാറയില്‍ രാജരാജചോഴന്റെ കാലത്തേതായ കുറെയധികം രേഖകള്‍ കൊത്തിയിട്ടുണ്ട്‌, അവയിലെല്ലാം രാജരാജന്റെ പ്രശസ്‌തികളില്‍ ഏറ്റവും മുഖ്യമായ ഒന്നായി കാണിച്ചിട്ടുള്ളത്‌ "കാന്തളൂര്‍ ചാലയില്‍ കലമറുത്ത' കാര്യമാണ്‌. അവയിലൊന്ന്‌ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ തിരുവിതാംകൂര്‍ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടായിരുന്ന ഗോപിനാഥറാവു കാന്തളൂര്‍ചാല തിരുവനന്തപുരത്തെ വലിയചാലയാണെന്ന്‌ ചില തെളിവുകള്‍കൊണ്ട്‌ സ്ഥാപിച്ചു. തിരുവനന്തപുരത്തോ വലിയചാലയിലോ ഒരു കപ്പല്‍ക്കൂട്ടം നിര്‍ത്തത്തക്ക തുറമുഖമില്ലാത്തതിനാല്‍ ഹുല്‍ഷിന്റെ വ്യാഖ്യാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "കാന്തളൂര്‍ ചാലയിലെ വേദവിദ്യാര്‍ഥികള്‍ക്കുള്ള ഊട്ടിനെ രാജരാജന്‍ നിര്‍ത്തലാക്കി' എന്നൊരു പുതിയ വ്യാഖ്യാനവും റാവു കല്‌പിക്കുകയുണ്ടായി. പാര്‍ഥിവപുരം വേദപാഠശാലയെ സംബന്ധിച്ച്‌ കൊല്ലവര്‍ഷം 41ല്‍ ഉണ്ടായ ചെപ്പേടിലെ ചില ഭാഗങ്ങള്‍ തന്റെ വാദത്തിന്‌ ഉപോദ്‌ബലകമായി അദ്ദേഹം ഉദ്ധരിച്ചു. ആ ചെപ്പേടില്‍ "ചാല', "കലം' എന്നീ പദങ്ങളെ "വേദപാഠശാല', "ഊട്ട്‌' എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കാണിക്കുകയുണ്ടായി. "കാന്തളൂര്‍ മര്യാദിയാല്‍ തൊണ്ണൂറു ഐവര്‍ചട്ടര്‍ക്കു ചാലൈയും ചെയ്‌താന്‍ ശ്രീ കോക്കരുനന്തടക്കന്‍' എന്ന ഭാഗമാണ്‌ റാവു ഉദ്ധരിച്ചത്‌. ""ഇച്ചാലൈക്കു വെയ്‌ക്ക കലത്തില്‍ പവിഴിയചരണത്താര്‍ ഉടൈയ കലം നാര്‍പത്തൈന്തു, തൈത്തിരിയ ചരണത്താര്‍ ഉടൈയ കലം പതിനാലു, ഇനി വരും കാലം മൂന്റുചരണത്താര്‍ക്കും ഒപ്പതു എന്ന ഭാഗവും റാവു എടുത്തു കാണിച്ചു. ഗോപിനാഥറാവുവിന്റെ വ്യാഖ്യാനവും ചരിത്ര വിജ്ഞാനികള്‍ കൈക്കൊണ്ടില്ല. അനന്തരഗാമിയായ കെ. വി. സുബ്രഹ്മണ്യയ്യര്‍ക്കും അത്‌ സ്വീകാര്യമായില്ല.

"കാന്തളൂര്‍ചാലൈ കലമറുത്ത'തിനെപ്പറ്റി കവിമണിദേശികവിനായകംപിള്ള ഒരു ലഘു ഗ്രന്ഥം 1936ല്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇദ്ദേഹം "അറുത്തു' എന്ന പദത്തിന്‌ "വരൈയറുത്തു' അഥവാ "പങ്കിട്ടുകൊടുത്തു' എന്നാണര്‍ഥമെന്നു വാദിച്ചു. അറുത്തു എന്ന പദത്തിന്‌ നശിപ്പിച്ചു എന്ന്‌ അര്‍ഥ കല്‌പന ചെയ്‌താല്‍ പിന്നാലെ വരുന്ന "അരുളി' എന്ന ബഹുമാനസൂചകമായ പദം പൊരുത്തപ്പെടുകയില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. "കാന്തളൂര്‍ചാലയ്‌'ക്ക്‌ ചില വസ്‌തുവകകള്‍ വിട്ടുകൊടുത്ത്‌ അവിടെ ഭക്ഷണം കഴിക്കേണ്ട ഛാത്രന്മാരുടെ സംഖ്യ രാജരാജന്‍ തിട്ടപ്പെടുത്തി എന്നൊരു വിശദീകരണവും ഇദ്ദേഹം നല്‌കി. പ്രാഫ. കെ. എ. നീലകണ്‌ഠ ശാസ്‌ത്രി അതു സ്വീകരിച്ചില്ല. ഹുല്‍ഷിന്റെ ഒടുവിലത്തെ വ്യാഖ്യാനമാണ്‌ അദ്ദേഹം താത്‌കാലികമായിട്ടെങ്കിലും അംഗീകരിച്ചത്‌. "കാന്തളൂര്‍ചാലയില്‍ ആയുധപരിശീലനത്തിന്‌ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാനങ്ങളെ രാജരാജചോഴന്‍ ഇല്ലാതാക്കി' എന്നാണ്‌ വിവാദഭാഗത്തെ ഇളംകുളം കുഞ്ഞന്‍പിള്ള വ്യാഖ്യാനിച്ചിരിക്കുന്നത്‌. ഈ അഭിപ്രായം എസ്‌. ശങ്കുവയ്യര്‍ സ്വീകരിക്കുന്നില്ല. "കാന്തളൂര്‍ ചാലയിലെ ആയുധാഗാരത്തെ രാജരാജചോഴന്‍ നശിപ്പിച്ചു' എന്നായിരിക്കണം പ്രസ്‌തുത വാക്യഭാഗത്തിന്റെ അര്‍ഥമെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. എ.ഡി. 865ല്‍ ഇന്നത്തെ വലിയചാലക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു വൈദികകലാശാല നല്ല നിലയില്‍ നടന്നിരുന്നുവെന്ന്‌ പാര്‍ഥിവപുരം പട്ടയത്തിലെ "കാന്തളൂര്‍ മര്യാദിയാല്‍' എന്ന പ്രയോഗത്തെ അടിസ്ഥാനപ്പെടുത്തി ശങ്കുവയ്യര്‍ സ്ഥാപിക്കയും ചെയ്യുന്നു. ആ വൈദികകലാശാല, മറ്റു വേദപാഠശാലകള്‍ക്ക്‌ നല്ലൊരു മാതൃകയായിരുന്നു എന്നുള്ളതും സ്‌പഷ്‌ടമാണ്‌.

തിരുവനന്തപുരത്തെപ്പറ്റി 700 വര്‍ഷം മുമ്പ്‌ രചിക്കപ്പെട്ട അനന്തപുര വര്‍ണനം എന്ന കൃതിയില്‍ കാന്തളൂര്‍ ശാലയെപ്പറ്റിയുള്ള പരാമര്‍ശം ഇപ്രകാരമാണ്‌: ""കാന്തിയും ചെല്‍വമും മിക്ക "കാന്തളൂര്‍ചാല' കാണലാം മൂന്‍റു കോയിലുമെന്‍മുന്നില്‍ തോന്‍റും തത്രമഠങ്ങളും.

വലിയചാല ക്ഷേത്രത്തില്‍ മൂന്നു പ്രത്യേക ഗര്‍ഭഗൃഹങ്ങളും മൂന്നു പ്രതിഷ്‌ഠകളുമുണ്ട്‌ എന്നുള്ളതും സ്‌മരണീയമാണ്‌.

പ്രാഫ. കെ.കെ. പിള്ള, ദേശികവിനായകം പിള്ളയുടെ വ്യാഖ്യാനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കുലോത്തുംഗചോഴന്റെ 14-ാം ഭരണവര്‍ഷത്തിലുണ്ടായ ഒരു ശാസനത്തില്‍ "അമുതുചെയ്യ കര്‍പിത്തകാലം' എന്നു പറഞ്ഞിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

""മെയ്‌ക്കാട്ടുത്തീട്ടിനാരെല്ലാരും തമ്മില്‍ അഞ്ചു പുരിയിലും ചൊല്ലിക്കലമറുത്തു നല്ലാരാനാര്‍ ഒരുവര്‍ക്കു വിരുത്തിയാന ഇക്കാപുമൂന്‍റും ഇത്തേവരേ കൊടുപ്പാരാക (266; 1923) എന്ന ലിഖിതഭാഗവും കെ.കെ.പിള്ള ഉദ്ധരിക്കുന്നു. പരാന്തകപാണ്ഡ്യന്റെ കന്യാകുമാരി ശാസനത്തില്‍ താഴെ ചേര്‍ക്കുന്ന ഭാഗം തന്റെ വാദത്തിന്‌ ഉപോദ്‌ബലകമായി എടുത്തുകാണിക്കയും ചെയ്യുന്നു.

""സ്വസ്‌തിശ്രീ, തിരുവളര, ച്ചെയംവളര, തെന്നവര്‍ തമ്‌കുലം വളര, അരുമറൈ നാന്‍കവൈ വളര, വനൈത്തുലകും തുയര്‍നീങ്ക, ത്തെന്‍മതുരാപുരിത്തോന്‍റി തേവേന്തിരനോടിതിതിരുന്തു, മന്നര്‍ പീരാന്‍ വഴുതിയര്‍കോന്‍ വടിമ്പലമ്പനിന്റരുളി, മാല്‍കടലൈ എറിത്തരുളി, മലൈയത്തുക്കയല്‍ പൊറിത്തു, ച്ചേരലനൈച്ചെരുവില്‍ വെന്‍റുതിറൈ കൊണ്ടു വാകൈ ചൂടി, ക്കൂപകര്‍ കോന്‍ മകട്‌ കുടുപ്പ, ക്കുല വിഴിഞം കൈ കൊണ്ടു, കന്നിപ്പോര്‍ ചെയ്‌തരുളി, ക്കാന്തളൂര്‍ച്ചാലൈ കലമറുത്തു.... കാന്തളൂര്‍ശാല, ഉത്തരേന്ത്യയിലെ തക്ഷശില, നാളന്ദ, വിക്രമശില മുതലായ പ്രാചീന വിദ്യാപീഠങ്ങള്‍ക്കു സദൃശമായി ഒരു സ്ഥാപനമായിരുന്നുവെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ഉത്തേരന്ത്യന്‍ വിദ്യാപീഠങ്ങളിലെപ്പോലെ കാന്തളൂര്‍ ശാലയിലും യുവതികളുടെ പ്രവേശം നിഷേധിക്കപ്പെട്ടിരുന്നു. അതിന്റെ അനുകരണമാകാം അടുത്ത കാലംവരെ വലിയശാലക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശനം നിരോധിച്ചിരുന്നത്‌.

കെ.കെ. പിള്ള എല്ലാ വാദമുഖങ്ങളെയും അവധാനപൂര്‍വം പരിഗണിച്ചശേഷം, കാന്തളൂര്‍ ശാലയില്‍ ഒരു തുറമുഖവും വിദ്യാപീഠവും ഉണ്ടായിരുന്നുവെന്നു പ്രസ്‌താവിക്കുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍