This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്തളൂര്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്തളൂര്‍ യുദ്ധങ്ങള്‍

ആയ്‌ രാജവംശക്കാലത്തെ പ്രസിദ്ധ വിദ്യാകേന്ദ്രവും തുറമുഖവുമായിരുന്ന കാന്തളൂരില്‍ നടന്ന യുദ്ധങ്ങള്‍.

ചോഴവംശത്തിലെ പ്രശസ്‌ത രാജാവായിരുന്ന രാജരാജന്‍ കന്റെ രേഖകള്‍ കേരളത്തിന്റെ പശ്ചിമതീരത്തുനിന്നു കിട്ടിയിട്ടുണ്ട്‌. ഇവയിലെല്ലാം ഇദ്ദേഹം കാന്തളൂരും വിഴിഞ്ഞവും കീഴടക്കിയ വിവരം പ്രസ്‌താവിച്ചിട്ടുണ്ട്‌. അതേ വസ്‌തുത രാജേന്ദ്ര ചോഴന്റെയും രാജാധിരാജന്റെയും കുലോത്തുംഗന്‍ കന്റെയും രേഖകളിലും പരാമര്‍ശിച്ചുകാണുന്നു. ഇവരുടെ പ്രശസ്‌തിഹേതുക്കളില്‍ പ്രഥമസ്ഥാനം നല്‌കിയിരിക്കുന്നത്‌ കാന്തളൂര്‍ശാല പിടിച്ചടക്കിയതിനാണ്‌.

രാജരാജന്‍ കന്‌ സമരവിദഗ്‌ധന്മാരടങ്ങിയ ഒരു വമ്പിച്ച കരസൈന്യവും ഒരു നാവികസൈന്യവും ഉണ്ടായിരുന്നു. ദ്വീപാന്തരങ്ങളില്‍പ്പോലും ചെന്നു വിജയവൈജയന്തി പാറിക്കുന്നതിന്‌ ഇദ്ദേഹത്തെ സഹായിച്ചത്‌ അവയായിരുന്നു. പാണ്ഡ്യകേരളരാജാക്കന്മാരും സിലോണ്‍ രാജാവും ചേര്‍ന്നുള്ള കൂട്ടുകെട്ടിനെ തകര്‍ക്കാനായിട്ടാണ്‌ ഇദ്ദേഹം ആക്രമണമാരംഭിച്ചത്‌. ആദ്യത്തെ രണ്ട്‌ ആക്രമണങ്ങള്‍കൊണ്ടുതന്നെ പാണ്ഡ്യരെ നശിപ്പിക്കാനും വിഴിഞ്ഞവും കാന്തളൂരും പിടിച്ചടക്കി കേരളരാജാക്കന്മാരുടെ ഔദ്ധത്യം നശിപ്പിക്കാനും രാജരാജനു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പുത്രനായ രാജേന്ദ്രന്‍ ക കേരളത്തിലൂടെ ജൈത്രയാത്ര നടത്തി വിഴിഞ്ഞവും കാന്തളൂര്‍ശാലയും പിടിച്ചടക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ രാജധാനി ഗംഗൈക്കൊണ്ടചോഴപുരമായിരുന്നു. പിന്നീട്‌ കുലോത്തുംഗചോഴന്‍ ക സുശക്തമായ ഒരു സേനയൊന്നിച്ച്‌ പശ്ചിമതീരത്ത്‌ പ്രവേശിച്ചു. കോട്ടാര്‍, വിഴിഞ്ഞം, കാന്തളൂര്‍ശാല എന്നിവ ഇദ്ദേഹം കീഴടക്കുകയും പ്രധാന കേന്ദ്രങ്ങളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തു. കുലോത്തുംഗന്റെ വിജയങ്ങളെ ജയം കൊണ്ടാന്‍ എന്ന തമിഴ്‌ കവി കലിങ്കത്തുപ്പരണി എന്ന കാവ്യത്തില്‍ വാഴ്‌ത്തിയിരിക്കുന്നു. അതില്‍ വിഴിഞ്ഞം നശിപ്പിച്ചതിനെയും കാന്തളൂര്‍ശാല പിടിച്ചതിനെയും പറ്റി ഇപ്രകാരമാണ്‌ പറഞ്ഞിരിക്കുന്നത്‌:

""വേലൈകൊണ്ട വിഴിഞ്ഞമഴിത്തതും
	ചാലൈകൊണ്ടതും തണ്ടുകൊണ്ടല്ലവോ''
 

12-ാം ശതകത്തില്‍ പരാന്തക പാണ്ഡ്യന്‍ കാന്തളൂര്‍ശാല പിടിച്ചടക്കിയെന്ന്‌ ഇദ്ദേഹത്തിന്റെ കന്യാകുമാരി ശാസനത്തില്‍ പറയുന്നു.

""സ്വസ്‌തി ശ്രീ തിരുവളരച്ചെയം വളര. തെന്നവര്‍ തമ്‌കുലം വളര, അരുമറൈ നാന്‍കവൈ വളര. വനൈത്തുലകും തുയര്‍ നീങ്ക, ത്തെന്‍ മതുരാപുരിത്തോന്റിതേ വേന്തിരനോടിനിതിരുന്തു, മന്നര്‍പിരാന്‍ വഴുതിയര്‍ കോന്‍ വടിമ്പലമ്പനിന്റരുളി, മാല്‍കടലൈ എറിത്തരുളി, മലയത്തുക്കയല്‍ പൊറിത്തു, ച്ചേരലനൈ ച്ചെരുവില്‍വെന്റു, തിറൈകൊണ്ടുവാകൈ ചൂടി, ക്കുപകര്‍കോന്‍മകട്‌ കുടുപ്പ, ക്കുലവിഴിഞ്ഞം കൈക്കൊണ്ടു, കന്നിപ്പോര്‍ ചെയ്‌തരുളി, ക്കാന്തളൂര്‍ച്ചാലൈ കലമറുത്തു...

"കാന്തളൂര്‍ച്ചാലൈ കലമറുത്തരുളി' എന്ന വരി വലിയ വാദപ്രതിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള ഒരു പ്രയോഗമാണ്‌. നോ. കാന്തളൂര്‍ശാല

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍