This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനോന്‍ നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനോന്‍ നിയമം

Canon Law

കോര്‍പ്പസ്‌ ലൂറിസ്‌ സിവിലിസ്‌-മുഖപേജ്‌

ക്രസ്‌തവസഭയുടെ നിയമങ്ങള്‍. സഭാനിയമം എന്നു പൊതുവേ അറിയപ്പെടുന്ന ഈ നിയമാവലിയില്‍ സഭയുടെ ഭരണസംവിധാനം, ശിക്ഷണം, ആത്മീയവും ലൗകികവുമായ ഭരണം എന്നിവ സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളും ഉള്‍പ്പെടുന്നു. എ.ഡി. 325ല്‍ നടന്ന നിക്യാ സുന്നഹദോസില്‍ രൂപംകൊടുത്ത സഭാനിയമസംഹിതയാണ്‌ ആദ്യത്തെ കാനോന്‍ നിയമം എന്നു കരുതപ്പെടുന്നു അളവുകോല്‍, നിയമം എന്നീ അര്‍ഥങ്ങളുള്ള "കാനന്‍' (Kanon) എന്ന ഗ്രീക്‌ പദത്തില്‍ നിന്നാണ്‌ "കാനോന്‍' നിഷ്‌പന്നമായത്‌. കാനോന്‍ നിയമം സിവില്‍ നിയമത്തില്‍നിന്നും വ്യത്യസ്‌തമാണ്‌. ആധ്യാത്മികനന്മയാണ്‌ കാനോന്‍ നിയമത്തിന്റെ ഉദ്ദേശ്യം; ബാഹ്യമായ അനുസരണത്തെയും അനുഷ്‌ഠാനങ്ങളെയുംകാള്‍ ഏറെ ആന്തരികമായ ചൈതന്യമാണ്‌ കാനോന്‍ നിയമനടത്തിപ്പില്‍ പരിഗണിക്കപ്പെടുന്നത്‌. ആധ്യാത്മികനന്മയെ ലാക്കാക്കി നിയമത്തിന്റെ കാര്‍ക്കശ്യവും നടത്തിപ്പും പലപ്പോഴും മയപ്പെടുത്താറുമുണ്ട്‌. ക്രസ്‌തവസഭയുടെ വിഭാഗങ്ങളായ റോമന്‍ കത്തോലിക്കാസഭ, പ്രാട്ടസ്റ്റന്റ്‌ സഭ എന്നിവയ്‌ക്കു പ്രത്യേകം പ്രത്യേകം കാനോന്‍ നിയമങ്ങളുണ്ട്‌.

മാര്‍ട്ടിന്‍ ലൂഥറും പരിഷ്‌കരണനായകരും -ഒരു ചിത്രീകരണം

റോമന്‍കത്തോലിക്കാസഭ. വിശ്വാസം, സന്മാര്‍ഗം എന്നിവയില്‍ ഐകരൂപ്യവും, പാരമ്പര്യങ്ങള്‍, ആരാധനാക്രമം, ഭരണരീതി എന്നീ കാര്യങ്ങളില്‍ വൈവിധ്യവുമുള്ള പല ഉപവിഭാഗങ്ങള്‍ അടങ്ങിയ സമൂഹമാണ്‌ കത്തോലിക്കാസഭ. റോമാസാമ്രാജ്യവുമായി ബന്ധപ്പെട്ടു വളര്‍ന്ന ഈ സഭയ്‌ക്ക്‌ പാശ്ചാത്യം, പൗരസ്‌ത്യം എന്നു രണ്ടു പ്രധാന വിഭാഗങ്ങളുണ്ട്‌. 397ല്‍ തിയോഡോഷ്യസ്‌ ചക്രവര്‍ത്തിയുടെ കാലത്താണ്‌, ഈ സഭ ഇങ്ങനെ രണ്ടായി പിരിഞ്ഞത്‌. പാശ്ചാത്യസഭയുടെ കേന്ദ്രം റോമും പൗരസ്‌ത്യത്തിന്റേത്‌ ബൈസാന്തിയവും (കോണ്‍സ്റ്റാന്റിനോപ്പിള്‍) ആയിരുന്നു. പാശ്ചാത്യസഭ ലത്തീന്‍സഭയായി അറിയപ്പെട്ടു. പൗരസ്‌ത്യസഭയില്‍ അലക്‌സാണ്ട്രിയന്‍, അന്ത്യോഖ്യന്‍, അര്‍മേനിയന്‍, ബൈസാന്തിയന്‍, കല്‍ദായ എന്നിങ്ങനെ വൈവിധ്യമുള്ള അഞ്ചു പാരമ്പര്യങ്ങള്‍ വളര്‍ന്നു. അര്‍മേനിയനൊഴിച്ച്‌ മറ്റെല്ലാത്തിനും പിന്നീട്‌ അവാന്തര വിഭാഗങ്ങളുമുണ്ടായി. പൗരസ്‌ത്യസഭകളില്‍ത്തന്നെ കത്തോലിക്കരും (റോമാ മാര്‍പ്പാപ്പയെ തങ്ങളുടെ തലവനായി അംഗീകരിക്കുന്നവരും) അകത്തോലിക്കരുമുണ്ട്‌. കാനോന്‍നിയമങ്ങള്‍ അടിസ്ഥാനപരമായി ക്രിസ്‌തുവിനാല്‍ നല്‌കപ്പെട്ടവയാണ്‌. സഭ സ്ഥാപിച്ചപ്പോള്‍ യേശുക്രിസ്‌തു നല്‌കിയ അടിസ്ഥാന പ്രമാണങ്ങള്‍ (പത്രാസിന്റെ പരമാധികാരം, വിവാഹത്തിന്റെ അവിഭാജ്യത തുടങ്ങിയവ) മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊടുത്തത്‌ അപ്പോസ്‌തലന്മാരാണ്‌. ഈ പ്രമാണങ്ങളും അപ്പോസ്‌തലന്മാര്‍ പിന്നീടു നല്‌കിയിട്ടുള്ള നിയമങ്ങളും സഭാനിയമങ്ങളുടെ അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നു. റോമാ മാര്‍പ്പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ ഈ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നു. ക്രിസ്‌തുവില്‍നിന്നു ലഭിച്ചവ എന്ന നിലയില്‍ അവ ദൈവികങ്ങളും മാറ്റമില്ലാത്തവയുമാണ്‌. ഭരണസൗകര്യത്തിനായി സഭയും പല നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. മനുഷ്യ നിര്‍മിതങ്ങളായ ഈ നിയമങ്ങള്‍ക്കു മാറ്റമുണ്ടാകാമെന്നു മാത്രമല്ല; അവ സ്ഥലകാല പരിമിതികള്‍ക്കധീനവുമാണ്‌. കാനോന്‍നിയമങ്ങളില്‍ ഇവ രണ്ടും ഉള്‍പ്പെടുന്നു. രാഷ്‌ട്രങ്ങളുമായി സഭ ചെയ്‌തിട്ടുള്ള ഉടമ്പടികളില്‍ സഭാജീവിതത്തെ സംബന്ധിക്കുന്ന വ്യവസ്ഥകളും കാനോന്‍ നിയമത്തിന്റെ ഭാഗമാണ്‌. പരമ്പരാഗതമായ ആചാരങ്ങള്‍ കാനോന്‍നിയമത്തിന്റെ മറ്റൊരു സ്രാതസ്സാണ്‌. നിക്യാ സുന്നഹദോസില്‍ ആചാരങ്ങള്‍ക്ക്‌ പ്രത്യേകം ഊന്നല്‍ നല്‌കിയിരുന്നു. സാര്‍വത്രികസഭയെ ബാധിക്കുന്ന നിയമങ്ങളാണ്‌ പൊതു സുന്നഹദോസുകള്‍ നിര്‍മിച്ചിട്ടുള്ളത്‌. മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ആഗോളസഭയിലെ മെത്രാന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സഭയ്‌ക്കു മുഴുവനുമുള്ള നിയമങ്ങളും നിര്‍ദേശങ്ങളുമാണ്‌; പാശ്ചാത്യവും പൗരസ്‌ത്യവുമായ സഭകള്‍ക്ക്‌ അവ ഒരുപോലെ ബാധകവുമാണ്‌. നോമോകാനണ്‍ (Nomocanon)എന്ന നിയമശേഖരമാണ്‌ പൗരസ്‌ത്യ സഭാനിയമങ്ങളുടെ അടിസ്ഥാന ഘടകം.

റോമന്‍ ചക്രവര്‍ത്തിമാരുടെ നിര്‍ദേശങ്ങള്‍ സഭാനിയമങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. കാനോന്‍നിയമങ്ങളുടെ ക്രാഡീകരണത്തില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കോര്‍പ്പസ്‌ ലൂറിസ്‌ സിവിലിസി(Corpus Luris or Juris Civilis)ന്റെ സ്വാധീനം പ്രകടമായി കാണാം. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ റോമന്‍ നിയമത്തിന്റെ ക്രാഡീകരണ മാതൃക സ്വീകരിച്ചുകൊണ്ട്‌ കാനോന്‍ നിയമശേഖരം ഏകീകരിക്കുവാന്‍ ശ്രമിച്ചവരില്‍ പ്രധാനി ബൊളോഞ്ഞയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗ്രഷ്യന്‍ എന്ന സന്ന്യാസി വൈദികനാണ്‌. നാളതുവരെയുള്ള കാനോന്‍ നിയമങ്ങള്‍ പരിശോധിച്ചു വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തി അദ്ദേഹം 1142ല്‍ കണ്‍കോര്‍ഡാനിയ ഡിസ്‌കോര്‍ഡാന്‍ഷ്യം, കാനോനം (Concordania Discordantium, Canonum) പ്രസിദ്ധീകരിച്ചു. പിന്നീട്‌ മതനവീകരണ കാലത്ത്‌ കോര്‍പസ്‌ലൂറിസ്‌ കനോനികി (CorpusIuris Canonici) എന്ന വേറൊരു നിയമശേഖരവും രൂപംകൊണ്ടു. ട്രന്റ്‌ സുന്നഹദോസുവരെ സഭാനിയമങ്ങളില്‍ ഈ കാനോന്‍നിയമഗ്രന്ഥമാണ്‌ ആധികാരികമായ സ്വാധ-ീനം ചെലുത്തിയത്‌. ട്രന്റ്‌ (Trent) സുന്നഹദോസും പല നവീകരണങ്ങളും ഏര്‍പ്പെടുത്തി.

10-ാം പീയൂസ്‌ മാര്‍പ്പാപ്പയാണ്‌ യൂറോപ്യന്‍ രാജ്യങ്ങളുടെ സിവില്‍ നിയമസംഹിതകളുടെ ചുവടുപിടിച്ച്‌ പുതിയ ഒരു കാനോന്‍ നിയമസംഹിത തയ്യാറാക്കാന്‍ മുന്‍കൈ എടുത്തത്‌. കര്‍ദിനാള്‍ ഗസ്‌പാരിയുടെ നേതൃത്വത്തില്‍ കര്‍ദിനാള്‍മാരുടെയും കാനോന്‍ നിയമ പണ്ഡിതന്മാരുടെയും ഒരു സംഘത്തെ മാര്‍പ്പാപ്പ ഇതിലേക്കു നിയോഗിച്ചു. ഈ സമിതിയുടെ ശ്രമഫലമായി തയ്യാറാക്കപ്പെട്ട കാനോന്‍ നിയമസംഹിതയ്‌ക്ക്‌ (Codex Luris Canonici) 1917 മേയ്‌ 27ന്‌ 15-ാം ബനഡിക്‌ട്‌ മാര്‍പ്പാപ്പ പ്രസിദ്ധീകരണാനുമതി നല്‌കി. സഭാനിയമചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായ ഈ കോഡക്‌സില്‍ അഞ്ച്‌ പുസ്‌തകങ്ങളിലായി 2,414 നിയമങ്ങളുണ്ട്‌.

പൗരസ്‌ത്യര്‍ക്ക്‌ അവരുടേതായ നിയമം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ 11-ാം പീയൂസ്‌ മാര്‍പ്പാപ്പ അതിനായി ഒരു കമ്മിഷനെ സ്ഥാപിച്ചു. കര്‍ദിനാള്‍ കൂസ(Coussa)യുടെ ശ്രമഫലമായി വിവാഹം, നീതിവിധി, സന്ന്യാസജീവിതം, വ്യക്തികള്‍ എന്നിവയെപ്പറ്റി നാല്‌ പ്രാമാണിക നിയമങ്ങള്‍ ക്രാഡീകരിക്കപ്പെട്ടു. 12-ാം പീയൂസ്‌ മാര്‍പ്പാപ്പ ഈ നിയമങ്ങള്‍ പ്രസിദ്ധീകരിച്ചു.

രണ്ടാം വത്തിക്കാന്‍ സുന്നഹദോസ്‌ ഒരു പുതിയ നിയമ സംഹിത അനിവാര്യമാക്കിത്തീര്‍ത്തു. പല പുതിയ കാഴ്‌ചപ്പാടുകള്‍ക്കും കൗണ്‍സില്‍ നേതൃത്വം നല്‌കി; പൗരസ്‌ത്യസഭകളുടെ വ്യക്തിത്വവും സ്വാതന്ത്യ്രവും ഉത്തരവാദിത്വവും വ്യക്തമാക്കപ്പെട്ടു. പാശ്ചാത്യ (ലത്തീന്‍) സഭയും സാര്‍വത്രിക സഭയും തമ്മിലുള്ള വ്യത്യാസം അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. വ്യക്തിസ്വാതന്ത്യ്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‌കണമെന്നും നിയമങ്ങള്‍ അജപാലനാത്മകമായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു. സഭാനിയമങ്ങള്‍ നവീകരിക്കേണ്ടതിന്റെ ആവശ്യകത 23-ാം യോഹന്നാന്‍ (ജോണ്‍) മാര്‍പ്പാപ്പ 1959ല്‍ത്തന്നെ എടുത്തു കാണിച്ചു. 1963ല്‍ അദ്ദേഹം ലത്തീന്‍ സഭാനിയമങ്ങള്‍ ക്രാഡീകരിക്കുവാന്‍ ഒരു കമ്മിഷനെ നിയമിച്ചു. 1965ല്‍ 6-ാം പൗലോസ്‌ (പോള്‍) മാര്‍പ്പാപ്പ ആ കമ്മിഷന്‍ വിപുലമാക്കുകയും കര്‍ദിനാള്‍ ഫെലിച്ചിയെ അതിന്റെ അധ്യക്ഷനാക്കുകയും ചെയ്‌തു. പൗരസ്‌ത്യസഭകള്‍ക്കുവേണ്ടി 1973ല്‍ കര്‍ദിനാള്‍ ജോസഫ്‌ പാറക്കോട്ടില്‍ അധ്യക്ഷനായി വേറൊരു കമ്മിഷനും അദ്ദേഹം സ്ഥാപിച്ചു. 1983ല്‍ ജോണ്‍പോള്‍ കക മാര്‍പ്പാപ്പ പരിഷ്‌കരിച്ച കാനോന്‍ നിയമം അംഗീകരിച്ചു. പൗരസ്‌ത്യ സഭയുടെ നിയമം 1990ലാണ്‌ അംഗീകരിക്കപ്പെട്ടത്‌.

പ്രാട്ടസ്റ്റന്റ്‌ സഭ. മതനവീകരണകാലത്തിന്റെ ആരംഭത്തില്‍ അന്നുവരെ ക്രസ്‌തവസഭയില്‍ പ്രാബല്യത്തിലിരുന്ന കാനോന്‍ നിയമത്തെ നിഷേധിച്ചുകൊണ്ടാണ്‌ പ്രാട്ടസ്റ്റന്റ്‌ സഭ പുതിയ കാനോന്‍ നിയമത്തിനു ആരംഭം കുറിച്ചത്‌. മാര്‍ട്ടിന്‍ ലൂഥറെ സഭയില്‍നിന്ന്‌ പുറന്തള്ളിയ തിരുവെഴുത്തും കോര്‍പസ്‌ ലൂറിസും (Corpus Luris) ലൂഥര്‍ 1520 ഡി. 10ന്‌ കത്തിച്ചുകളഞ്ഞു. ലൂഥറന്‍സഭയും കാല്‍വിനിസ്റ്റ്‌ സഭയും സ്റ്റേറ്റ്‌ നിയമങ്ങളുടെ അധികാരപരിധിയില്‍ വന്നതോടെ ഈ രണ്ടു സഭകളും പ്രത്യേകം കാനോന്‍നിയമങ്ങള്‍ ക്രാഡീകരിച്ചു. നോണ്‍ കണ്‍ഫോമിസ്റ്റ്‌ സഭകള്‍ അവയുടെ ആഭ്യന്തരഭരണത്തിനുവേണ്ടി പ്രത്യേകം നിയമങ്ങള്‍ ആവിഷ്‌കരിച്ചു.

ചര്‍ച്ച്‌ ഒഫ്‌ ഇംഗ്ലണ്ടിന്റെ നിയമനിര്‍മാണാധികാരം രാജാവിലും പാര്‍ലമെന്റിലും നിക്ഷിപ്‌തമായിരുന്നെങ്കിലും മതനവീകരണത്തിനു മുമ്പുള്ള പല കാനോനുകളും ചര്‍ച്ച അതേപടി സ്വീകരിച്ചു. 1604ല്‍ കാന്റര്‍ബറിയിലും 1606ല്‍ യോര്‍ക്കിലും വച്ചു നടന്ന കോണ്‍വൊക്കേഷനില്‍ 141 കാനോനുകള്‍ സ്വീകരിക്കപ്പെട്ടു. യു.എസ്സിലെ എപിസ്‌കോപ്പല്‍ ചര്‍ച്ചിനും ചര്‍ച്ച്‌ ഒഫ്‌ സ്‌കോട്ട്‌ലന്‍ഡിനും പ്രത്യേകം കാനോന്‍ നിയമങ്ങളുണ്ട്‌.

(റവ. ഫാദര്‍ ജോസഫ്‌ കോയിക്കക്കുടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍