This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനൊ ചിത്രകലാ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനൊ ചിത്രകലാ പ്രസ്ഥാനം

Kano School of Paintings

ഷികി-കാഷോവിന്റെ ഒരു പെയിന്റിങ്‌
വു ഫുറോങിന്റെ ഒരു രചന

ഒരു ജാപ്പനീസ്‌ ചിത്രകലാ പ്രസ്ഥാനം. പതിനഞ്ചാം ശതകത്തിന്റെ മധ്യത്തില്‍ ജപ്പാനിലെ കാനൊ മാസണൊബു എന്ന ചിത്രകാരന്‍ (1434-1530) ആവിഷ്‌കരിച്ച ചിത്രരചനാശൈലിയാണിത്‌. തന്റെ പിതാവായ കാഗെനൊബുവിന്റെ കീഴിലും തുടര്‍ന്ന്‌ ഷോഗണ്‍ അക്കാദമിയിലുമായി ചിത്രകലാധ്യയനം പൂര്‍ത്തിയാക്കി പാരമ്പര്യ ചിത്രരചനാസങ്കേതങ്ങളില്‍ പ്രാവീണ്യംനേടിയ കാനൊ, പ്രകൃതിദൃശ്യങ്ങളുടെ വശ്യമായ ചിത്രാവിഷ്‌കാരം അവതരിപ്പിച്ചുകൊണ്ട്‌ ഒരു പുതിയ പ്രസ്ഥാനത്തിന്‌ തുടക്കംകുറിച്ചു. ജപ്പാനില്‍ തുടര്‍ന്നു പോന്നിരുന്ന രീതിയില്‍നിന്നും വ്യത്യസ്‌തമായി ദൃശ്യബിംബങ്ങള്‍ ഉപയോഗിച്ചും നവീനമായ സങ്കേതങ്ങള്‍ അവലംബിച്ചുമുള്ള അവതരണം ജനശ്രദ്ധ പിടിച്ചുപറ്റി. ഷോഗണ്‍ ഔദ്യോഗിക രാജഭരണത്തിന്റെയും സെന്‍ ബൗദ്ധ ആശ്രമങ്ങളുടെയും പരിപോഷണം ഈ ശൈലിയുടെ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കി. രാജമന്ദിരങ്ങളിലെയും ബൗദ്ധആശ്രമങ്ങളിലെയും ചുവരുകളിലും വശങ്ങളിലേക്ക്‌ തള്ളിനീക്കാവുന്നതും തിരശ്ശീലയ്‌ക്ക്‌ പകരമായി ഉപയോഗിക്കാവുന്നതുമായ മരപ്പലകകളിലും (sliding doors) കാനൊ ശൈലിയിലുള്ള ചിത്രങ്ങള്‍ മാസണൊബുവും ശിഷ്യന്മാരും ആലേഖനം ചെയ്‌തു.

യേശു നിയമപണ്ഡിതരോടൊപ്പം-പെയിന്റിങ്‌

കാനൊ ശൈലി കൂടുതല്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക വഴി അതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയത്‌ മാസണൊബുവിന്റെ പുത്രന്‍ കാനൊ മോടൊണൊബു (1476-1559)വായിരുന്നു. പാരമ്പര്യ ജാപ്പനീസ്‌ ചിത്രകലയില്‍ ചമത്‌കാര ഘടകങ്ങളും പാരമ്പര്യ ചൈനീസ്‌ ചിത്രകലയിലെ ആത്മീയതയും സമന്വയിപ്പിച്ചുകൊണ്ട്‌ കാനൊ ശൈലിക്ക്‌ പുതിയ ഭാവം പകരാന്‍ മോടൊണൊബുവിന്‌ കഴിഞ്ഞു. മോടൊണൊബുവിനെത്തുടര്‍ന്ന്‌, ഇദ്ദേഹത്തിന്റെ പുത്രന്‍, പൗത്രന്‍, ശിഷ്യന്മാര്‍ എന്നിവരിലൂടെയും അവരുടെ വംശപരമ്പരകളിലൂടെയുമായി കാനൊശൈലി പത്തൊന്‍പതാം നൂറ്റാണ്ടുവരെ ജപ്പാനില്‍ പ്രചാരത്തിലുണ്ടായിരുന്നു.

മോടൊണെബുവിന്റെ പൗത്രനായ കാനൊ ഐതോകു (1543-90)വായിരുന്നു കാനൊ പ്രസ്ഥാനത്തിലെ ഏറ്റവും പേരുകേട്ട ചിത്രകാരന്‍. ഇദ്ദേഹത്തിന്റെ ചില രചനകള്‍ ടോക്യോയിലെ നാഷണല്‍ മ്യൂസിയത്തിലുണ്ട്‌. ഐതോകുവിന്റെ പൗത്രന്മാരായ താന്‍ലു (1602-74), നാവോനോബു (1607-50), യാസുനോബു (1613-85) എന്നിവരായിരുന്നു ഈഡോ കാലഘട്ടത്തിലെ പ്രമുഖര്‍. 1888ല്‍ അന്തരിച്ച കാനൊ ഹൊഗായ്‌ ഈ പ്രസ്ഥാനത്തിലെ അവസാനത്തെ പ്രധാന കലാകാരനായിരുന്നു. ദൃഢതയും ഒഴുക്കുമുള്ള രേഖകള്‍ ചിത്രതലത്തില്‍ കൗശലപൂര്‍വം വിന്യസിച്ചും പരിമിതവര്‍ണങ്ങള്‍ ജലാംശത്തോടെ ("വാഷ്‌' സങ്കേതം) സന്നിവേശിപ്പിച്ചും ആണ്‌ പുതിയ ചിത്രരചനാസങ്കേതം കാനോ ചിത്രകാരന്മാര്‍ ആവിഷ്‌കരിച്ചത്‌. ദൃശ്യാവതരണത്തിലെ സ്‌ഫുടതയും ഇതിവൃത്തത്തിനനുസൃതമായി ചിത്രതലത്തില്‍ വസ്‌തുക്കളെ സമതുലിതമായി സന്നിവേശിപ്പിക്കുന്നതിലെ താളവും നേര്‍ത്ത വര്‍ണങ്ങളൊരുക്കുന്ന ലയവിന്യാസങ്ങളും കാനൊ ചിത്രങ്ങളിലെ സവിശേഷതകളാണ്‌.

കാറ്റിലുലയുന്ന പൈന്‍വൃക്ഷശിഖരങ്ങള്‍, താമരപ്പൂക്കള്‍ നിറഞ്ഞ ജലാശയങ്ങള്‍, പക്ഷികള്‍, ഒന്നിനുപുറകെ മറ്റൊന്നായി അലിഞ്ഞ്‌ മറഞ്ഞുപോകുന്നതുപോലുളള പാറക്കൂട്ടങ്ങള്‍ തുടങ്ങിയവ കാനൊ ചിത്രകാരന്മാര്‍ക്ക്‌ ഇഷ്‌ടദൃശ്യങ്ങളായിരുന്നു. കാനൊ മാസണൊബു മഷിയും നേര്‍ത്ത വര്‍ണങ്ങളുപയോഗിച്ച്‌ വരച്ച ""താമരപ്പൂക്കള്‍ കണ്ടാസ്വദിക്കുന്ന ഷു മാഒഷു എന്ന ചിത്രവും കാനൊമോടൊണൊബുവിന്റെ കൊറ്റിയും പൈന്‍ വൃക്ഷവും എന്ന രചനയും ഈ ശൈലിയുടെ മികച്ച ഉദാഹരണങ്ങളാണ്‌.

തന്റെ സുദീര്‍ഘമായ കലാജീവിതത്തില്‍ നിരവധി മിഴിവാര്‍ന്ന ചിത്രങ്ങള്‍ മോടൊണൊബു വരച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നത്‌ ക്വോട്ടോയിലെ ദെയ്‌തൊകുജി ( Daitoku-ji) ആശ്രമസമുച്ചയത്തിലുള്ള ദെയ്‌സന്‍ഇന്‍ ( Daisen-in) ദേവാലയത്തിലെയും മ്യോഷന്‍ജി ( Myoshin-ji) ആശ്രമത്തോടനുബന്ധിച്ചുള്ള റെയുന്‍ഇന്‍ ( Reium-in) ദേവാലയത്തിലെയും വാതിലുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളാണ്‌. മേല്‌പറഞ്ഞ ചിത്രങ്ങള്‍ ഇന്ന്‌ ഈ ദേവാലയങ്ങളില്‍ "ചുരുള്‍' ( scroll painting)ചിത്രങ്ങളായാണ്‌ ചുവരില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌.

(കെ.സി. ചിത്രഭാനു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍