This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനെറ്റി, ഏലിയാസ്‌ (1905-94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനെറ്റി, ഏലിയാസ്‌ (1905-94)

Canetti, Elias

ഏലിയാസ്‌ കാനെറ്റി

നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ സാഹിത്യകാരന്‍. ബള്‍ഗേറിയയിലെ റുസ്റ്റ്‌ഷുക്ക്‌ എന്ന ചെറുനഗരത്തില്‍, നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ സ്‌പെയിന്‍ വിട്ട്‌ ബള്‍ഗേറിയയില്‍ കുടിയേറിപ്പാര്‍ത്ത ഒരു സ്‌പാനിഷ്‌ യഹൂദകുടുംബത്തിലെ അംഗമായി 1905 ജൂല. 25ന്‌ കാനെറ്റി ജനിച്ചു. മാതൃഭാഷയായ സ്‌പാനിഷ്‌ ആണ്‌ ആദ്യം അഭ്യസിച്ചത്‌. 1911ല്‍ കാനെറ്റിയുടെ കുടുംബം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്കു കുടിയേറിയതോടെ സ്‌കൂള്‍ വിദ്യാഭ്യാസം ഇംഗ്ലീഷ്‌ മാധ്യമത്തിലായി. 1912ല്‍ പിതാവ്‌ അകാലചരമമടഞ്ഞപ്പോള്‍ കാനെറ്റിയും രണ്ട്‌ അനുജന്മാരും അമ്മയുമൊത്ത്‌ വിയന്നയിലേക്കു തിരിച്ചു. വിയന്നയിലേക്കുള്ള മാര്‍ഗമധ്യേ സ്വിറ്റ്‌സര്‍ലണ്ടിലെ ലൗസാനില്‍ ഗ്രീഷ്‌മകാലം ചെലവഴിക്കുമ്പോഴാണ്‌ കാനെറ്റി ജര്‍മന്‍ ഭാഷ ആദ്യമായി പഠിച്ചത്‌. അന്ന്‌ ആരംഭിച്ച ജര്‍മന്‍ ഭാഷാസ്‌നേഹം പില്‌ക്കാലത്ത്‌ ആ ഭാഷയില്‍ത്തന്നെ സാഹിത്യരചന നടത്തുവാനും ഇദ്ദേഹത്തിനു പ്രരകശക്തിയായിത്തീര്‍ന്നു.

സൂറിച്ചിലും ഫ്രാങ്ക്‌ഫുര്‍ട്ടി(മൈന്‍)ലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കാനെറ്റി വിയന്നയില്‍ തിരിച്ചെത്തി സര്‍വകലാശാലയില്‍ രസതന്ത്രം ഐച്ഛികമായെടുത്ത്‌ പഠനം തുടര്‍ന്നു. അക്കാലത്ത്‌ പ്രസിദ്ധ സാഹിത്യകാരനായ കാറല്‍ ക്രൗസിന്റെ പ്രഭാഷണങ്ങള്‍ കാനെറ്റിയുടെ ജീവിതവീക്ഷണത്തെ വളരെയധികം സ്വാധീനിച്ചു. 1925ല്‍ ബഹുജനത്തെക്കുറിച്ച്‌ ഒരു ഗ്രന്ഥം രചിക്കുവാന്‍ ആഗ്രഹിക്കുന്നതോടെയാണ്‌ കാനെറ്റിയുടെ സാഹിത്യജീവിതം ആരംഭിക്കുന്നത്‌. ബഹുജന മനശ്ശാസ്‌ത്രത്തെപ്പറ്റിയുള്ള പ്രസ്‌തുത ഗ്രന്ഥം ദീ മാസ്‌സെ ഉന്‍ഡ്‌ ദീ മാഹ്‌റ്റ്‌ (Die Masse und die Macht "ബഹുജനവും അധികാരവും') എന്ന പേരില്‍ 1960ല്‍ മാത്രമാണ്‌ ഇദ്ദേഹം പൂര്‍ത്തിയാക്കിയത്‌. 1928ല്‍ ആദ്യമായി ബര്‍ലിന്‍ സന്ദര്‍ശിച്ചപ്പോള്‍ കാനെറ്റി, ബ്രഹ്‌ത്ത്‌, ബാബേല്‍ തുടങ്ങിയ സാഹിത്യകാരന്മാരെ പരിചയപ്പെട്ടു. 1929ലാണ്‌ ഇദ്ദേഹം ഡോക്‌ടര്‍ ബിരുദം സമ്പാദിച്ചത്‌. സാഹിത്യത്തിനുള്ള കാനെറ്റിയുടെ ശ്രഷ്‌ഠമായ സംഭാവനയായി കരുതപ്പെടുന്ന ദി ബ്‌ളെന്‍ഡ്യുങ്‌ (Die Blending)"അന്ധീകരണം' (ഓട്ടോദാഫേ എന്ന പേരില്‍ ആംഗല പരിഭാഷയും ബാബേല്‍ ഗോപുരം എന്നര്‍ഥം വരുന്ന പേരില്‍ അമേരിക്കന്‍ പരിഭാഷയും പിന്നീട്‌ പ്രകാശിതമായി) എന്ന നോവലിന്റെ രചന ആരംഭിച്ചത്‌ 1930ലാണ്‌. 1935ല്‍ പ്രസ്‌തുത നോവല്‍ പ്രസാധനം ചെയ്യപ്പെട്ടു. ഹോഹ്‌സൈറ്റ്‌ (Hochzeit, വിവാഹം1932), കൊമോഡി ദേര്‍ ഐറ്റെല്‍കൈറ്റ്‌ (Komodie der Eitelkeit "വ്യഥാഭിമാനത്തെക്കുറിച്ച്‌ ഒരു കോമഡി'1934) എന്നീ വിനോദാത്മക നാടകങ്ങളുടെ രചന മുമ്പുതന്നെ ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.

1938ല്‍ ഹിറ്റ്‌ലര്‍ ആസ്‌ട്രിയ ആക്രമിച്ചപ്പോള്‍ കാനെറ്റി പാരിസ്‌ വഴി ലണ്ടനില്‍ എത്തി അവിടെ സ്ഥിരമായി താമസിക്കാന്‍ തീരുമാനിച്ചു. 1956ല്‍ ദി ബെഫ്രസ്റ്റേറെറന്‍ (Die Befristeten "എണ്ണം നിശ്ചയിക്കപ്പെട്ടവര്‍') എന്ന നാടകത്തിന്റെ ആംഗല പരിഭാഷ ഓക്‌സ്‌ഫഡിലെ പ്ലേഹൗസില്‍ അരങ്ങേറി. ഇരുപതോളം വര്‍ഷങ്ങളായി തയ്യാറാക്കിക്കൊണ്ടിരുന്ന "ബഹുജനവും അധികാരവും', എന്ന പഠനഗ്രന്ഥത്തിന്റെ രണ്ടാംവാല്യം 1962ല്‍ പ്രസിദ്ധീകരിച്ചു. ബഹുജനവും അധികാരവും, അന്ധീകരണം എന്നീ മുഖ്യ കൃതികള്‍ക്കുപുറമേ, 1977ല്‍ പ്രസാധനം ചെയ്യപ്പെട്ട ദീ ഗെറെറ്റെറ്റെ സുങ്ങെ (Die Gerettete Zunge "രക്ഷിക്കപ്പെട്ട നാക്ക്‌'). 1980ല്‍ പ്രകാശിതമായ ദി ഫാക്കെല്‍ ഇം ഓര്‍ (Die Fackal im ohr"ചെവിയിലെ പന്തം') എന്നീ ആത്മകഥാപരമായ ഗ്രന്ഥങ്ങളും സാഹിത്യലോകത്തിന്റെ സവിശേഷശ്രദ്ധ ആകര്‍ഷിച്ചു. ഇവ കൂടാതെ ഉപന്യാസ സമാഹാരങ്ങള്‍, ഡയറിക്കുറിപ്പുകള്‍, ദീ സ്റ്റീമ്മെന്‍ ഫൊണ്‍ മാറക്കേഷ്‌ (De Stimmen von Marrakesch മാറക്കേഷിലേക്കുള്ള യാത്രാവിവരണം') എന്നിവയും പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കാനെറ്റിയുടെ മുഖ്യ കൃതിയായ അന്ധീകരണം ചീനാവിജ്ഞാന വിദഗ്‌ധനായ ഡോ. പീറ്റര്‍ കീന്‍ എന്ന പണ്ഡിതന്റെ കഥയാണ്‌. ബുദ്ധിജീവിക്കു ബാഹ്യലോകവുമായുള്ള ബന്ധമാണ്‌ കഥാവിഷയം. സ്വജീവിതം വിജ്ഞാനസമ്പാദനത്തിനു സമര്‍പ്പിച്ച കീന്‍ ജീവിക്കുന്നത്‌ പുസ്‌തകങ്ങളുടെ ലോകത്തിലാണ്‌. യാഥാര്‍ഥ്യവുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്താനുള്ള ഒരു വൃഥാ ശ്രമമായിരുന്നു വീട്ടുമേല്‍നോട്ടക്കാരിയായ തെരേസെയുമായുള്ള കീനിന്റെ വിവാഹം. തെരേസെക്കായിരുന്നു ഇക്കാര്യത്തില്‍ നിര്‍ബന്ധം. പക്ഷേ, അവരിരുവരും തുടര്‍ന്നും അവരുടെ പ്രത്യേകലോകങ്ങളില്‍ത്തന്നെ ജീവിക്കുന്നു. ഒടുവില്‍ അഹിതകരങ്ങളായ നിരവധി സംഭവങ്ങള്‍ക്കുശേഷം കീനിനു ചിത്തഭ്രമം പിടിപെടുകയും സ്വന്തം പുസ്‌തകശേഖരത്തിനു തീകൊളുത്തി ആ തീയില്‍ ആത്മനാശമടയുകയും ചെയ്യുന്നു. അഗ്നി ഇവിടെ ഒരേസമയം ശിക്ഷയെയും ശുദ്ധീകരണത്തെയും കുറിക്കുന്നു. കീനിന്റെ ജീവിതത്തെ മുന്‍നിര്‍ത്തി പ്രപഞ്ചത്തിന്റെ നിയാമകതത്ത്വം അന്ധതയാണ്‌ എന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ അഭിപ്രായപ്പെടുന്നു.

കീനിന്റെ ജീവിതത്തിന്റെ മറുവശമാണ്‌ ബഹുജനവും അധികാരവും എന്ന പഠനഗ്രന്ഥത്തിലെ ബഹുജനം പ്രതിനിധാനം ചെയ്യുന്നത്‌. സംഘടിതരായ ബഹുജനത്തിന്‌ ചരിത്രത്തിലുള്ള സ്ഥാനത്തെക്കുറിച്ചും ഇന്ന്‌ എന്നത്തേക്കാളുമേറെ ബഹുജനത്തിന്‌ മനുഷ്യജീവിതത്തെ നിയന്ത്രിക്കാനുള്ള ശക്തി കൈവന്നിരിക്കുന്നതിനെക്കുറിച്ചും കാനെററി ഈ ഗ്രന്ഥത്തില്‍ അപഗ്രഥിക്കുന്നു. "രക്ഷിക്കപ്പെട്ട നാക്ക്‌', "ചെവിയിലെ പന്തം' എന്നീ ആത്മകഥാഗ്രന്ഥങ്ങളില്‍ ബാല്യയൗവന കാലഘട്ടങ്ങളെക്കുറിച്ചുള്ള സ്‌മരണകളും ജീവിതത്തെ സ്വാധീനിച്ച മഹാവ്യക്തികളുടെ തൂലികാചിത്രങ്ങളും അനുപമമായ ശൈലിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

1981ലെ നോബല്‍ സമ്മാനത്തിന്‌ ഇദ്ദേഹം അര്‍ഹനായി. "വിശാലവീക്ഷണം, ആശയസമ്പത്ത്‌, കലാപരമായ ശക്തി മുതലായവ ഉള്‍ക്കൊള്ളുന്ന രചനകള്‍' എന്നാണ്‌ കാനെറ്റിയുടെ കൃതികളെ സ്വീഡിഷ്‌ അക്കാദമി വിശേഷിപ്പിച്ചത്‌.

നോബല്‍ സമ്മാനത്തിനുപുറമേ 1966ല്‍ "വിയന്നാ നഗരത്തിന്റെ സാഹിത്യസമ്മാനം', 1972ല്‍ ദര്‍മ്‌ഷ്‌റ്‌റാറ്റിലെ ഭാഷാസാഹിത്യ അക്കാദമി നല്‌കുന്ന "ഗെയോര്‍ഗ്‌ ബ്യൂഹ്‌ശ്‌നര്‍ സമ്മാനം, 1975ല്‍ ദോര്‍റ്റ്‌മുണ്ടിലെ "നെല്ലിസാഖ്‌സ്‌ സമ്മാനം, 1980ല്‍ "യൊഹാന്‍ പേറ്റര്‍ ഹേബല്‍ സമ്മാനം' എന്നിവയും കാനെറ്റിക്കു ലഭിച്ചിട്ടുണ്ട്‌. 1994 ആഗ. 14ന്‌ ഇദ്ദേഹം അന്തരിച്ചു.

(വി.സി. ചാക്കോ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍