This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനിസാറോ, സ്റ്റാനിസ്‌ലാവോ (1826-1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനിസാറോ, സ്റ്റാനിസ്‌ലാവോ (1826-1910)

Cannizaro, Stanislao

സ്റ്റാനിസ്‌ലാവോ കാനിസാറോ

ഇറ്റാലിയന്‍ രസതന്ത്രജ്ഞന്‍. ആല്‍ഡിഹൈഡിനെ ആല്‍ക്കഹോളാക്കി മാറ്റുന്ന ഒരു പ്രതിപ്രവര്‍ത്തനം കണ്ടെത്തിയതാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തിക്കു നിദാനം. ഇത്‌ പില്‌ക്കാലത്ത്‌ "കാനിസാറോ പ്രതിപ്രവര്‍ത്തനം' എന്ന പേരില്‍ പ്രശസ്‌തമായി. 1826 ജൂല. 13ന്‌ സിസിലിയിലെ പാലെര്‍മോയില്‍ ജനിച്ചു. 1841ല്‍ പാലെര്‍മോ സര്‍വകലാശാലയില്‍ വൈദ്യശാസ്‌ത്ര വിദ്യാര്‍ഥിയായി കാനിസാറോ പ്രവേശിച്ചു. ഇവിടെ ഇദ്ദേഹം ശരീരക്രിയാ വിജ്ഞാനിയായിരുന്ന മൈക്കല്‍ ഫൊദേറയ്‌ക്കൊപ്പം ശരീരക്രിയാവിജ്ഞാനീയത്തില്‍ പഠനങ്ങളിലേര്‍പ്പെട്ടു. ഇത്തരം പഠനങ്ങള്‍ സുഗമമാക്കുന്നതിന്‌ രസതന്ത്രത്തിലുള്ള തന്റെ അറിവു വര്‍ധിപ്പിക്കേണ്ടതാവശ്യമാണെന്ന്‌ കാനിസാറോ തിരിച്ചറിയുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ 1845ല്‍ രസതന്ത്രപഠനത്തിനായി ഇദ്ദേഹം പിസായിലെത്തി. ഇവിടെ ഇദ്ദേഹത്തിന്‌, റാഫെല്ലെ പിറിയാ എന്ന പ്രശസ്‌ത രസതന്ത്രജ്ഞന്റെ കീഴില്‍ രസതന്ത്രം പഠിക്കുവാനും അതോടൊപ്പംതന്നെ പിറിയായുടെ പ്രകൃതിദത്ത പദാര്‍ഥങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ പങ്കാളിയാകുവാനും സാധിച്ചു.

1847ല്‍ പിസായിലെ തന്റെ പഠനങ്ങള്‍ തുടരുകയെന്ന ഉദ്ദേശ്യത്തോടെ പാലെര്‍മോയില്‍ തിരിച്ചെത്തിയെങ്കിലും വിപ്ലവപ്രവര്‍ത്തനങ്ങളിലാകൃഷ്‌ടനായ കാനിസാറോയ്‌ക്ക്‌ ഗവേഷണം തുടരുവാന്‍ സാധിച്ചില്ല. എന്നാല്‍ സിസിലിയന്‍ വിപ്ലവം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ മാര്‍സെയ്‌ല്‍സിലേക്കും അവിടെനിന്ന്‌ പാരിസിലേക്കും ഇദ്ദേഹം പലായനം ചെയ്‌തു. ഇവിടെ ഷെവ്‌റോളിന്റെ ലബോറട്ടറിയില്‍ സ്റ്റാനിസ്‌ളോസ്‌ ക്ലോയെസു(Stanislaus Cloez)മൊത്ത്‌ സയലമൈഡിനെയും വ്യുത്‌പന്നങ്ങളെയും കുറിച്ചുള്ള പഠനങ്ങളിലേര്‍പ്പെട്ടു.

1857ല്‍ ഇറ്റലിയിലേക്ക്‌ മടങ്ങിയ കാനിസാറോ നാഷണല്‍ കോളജ്‌ ഒഫ്‌ അലക്‌സാന്‍ഡ്രിയയില്‍ രസതന്ത്ര പ്രാഫസറായി സേവനമനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ജനോവ (1855), പാലെര്‍മോ (1861), റോം (1871) എന്നീ സര്‍വകലാശാലകളിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1853ല്‍ അലക്‌സാന്‍ഡ്രിയായില്‍വച്ചാണ്‌ "കാനിസാറോ പ്രതിപ്രവര്‍ത്തനം' എന്ന പേരില്‍ പില്‌ക്കാലത്ത്‌ പ്രശസ്‌തമായ പ്രതിപ്രവര്‍ത്തനം കാനിസാറോ കണ്ടുപിടിക്കുന്നത്‌. കാര്‍ബണിക രസതന്ത്രത്തില്‍, പ്രത്യേകിച്ചും, ആരോമാറ്റിക ആല്‍ക്കഹോളുകളുടെ പഠനത്തില്‍ ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. ബെന്‍സാല്‍ഡിഹൈഡിനെക്കുറിച്ചു പഠിക്കുമ്പോഴാണ്‌ പൊട്ടാസ്യം ഹൈഡ്രാക്‌സൈഡുമായുള്ള ഇതിന്റെ പ്രതിപ്രവര്‍ത്തനം കാനിസാറോ കണ്ടെത്തുന്നത്‌. പ്രസ്‌തുത പ്രതിപ്രവര്‍ത്തനത്തില്‍ ബെന്‍സാല്‍ഡിഹൈഡിന്റെ രണ്ടു തന്മാത്രകളില്‍ ഒന്ന്‌ ഓക്‌സീകരിക്കപ്പെട്ട്‌ ബെന്‍സോയിക്‌ അമ്ലവും മറ്റേത്‌ നിരോക്‌സീകരിക്കപ്പെട്ട്‌ ബെന്‍സൈന്‍ ആല്‍ക്കഹോളും രൂപപ്പെടുന്നതായി ഇദ്ദേഹം മനസ്സിലാക്കി.

α ഹൈഡ്രജന്‍ ആറ്റം (-CHO ഗ്രൂപ്പുമായി ഘടിപ്പിച്ചിട്ടുള്ള കാര്‍ബണ്‍ ആറ്റത്തോടൊപ്പം കാണുന്ന ഹൈഡ്രജന്‍) ഇല്ലാത്ത ആല്‍ഡിഹൈഡുകള്‍ (ഉദാ. ബെന്‍സാല്‍ഡിഹൈഡ്‌, ഫോര്‍മാല്‍ഡിഹൈഡ്‌) ആണ്‌ കാനിസാറോ പ്രതിപ്രവര്‍ത്തനത്തിന്‌ വിധേയമാകുന്നത്‌.

പിറിയയുമായി സഹകരിച്ച്‌ ആരംഭിച്ച ഗവേഷണങ്ങളുടെ തുടര്‍ച്ചയെന്നോണം വിരനാശിനിയായി ഉപയോഗപ്പെടുത്തിയിരുന്ന സാന്റോണിന്‍ (ഫോര്‍മുല: C15H18O3) നാഫ്‌തലീനിന്റെ ഒരു പ്രകൃതിദത്ത വ്യുത്‌പന്നമാണെന്നും കാനിസാറോ കണ്ടെത്തുകയും ഘടന നിര്‍ണയിക്കുകയും ചെയ്‌തു.

"ഒരേ താപനിലയിലും മര്‍ദത്തിലും തുല്യവ്യാപ്‌തംവാതകങ്ങളിലുമുള്ള തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും.' 1811ല്‍ ഇറ്റാലിയന്‍ രസതന്ത്രജ്ഞനായ അവോഗാഡ്രാ രൂപം നല്‌കിയ പരികല്‌പനയ്‌ക്ക്‌ ഏതാണ്ട്‌ അരനൂറ്റാണ്ടോളം അംഗീകാരം ലഭിച്ചിരുന്നില്ല. വാതകങ്ങളുടെ തന്മാത്രാഭാരം നിര്‍ണയിക്കുന്നതിന്‌ ഈ പരികല്‌പന ഉപയോഗപ്പെടുത്താമെന്ന്‌ മനസ്സിലാക്കിയ കാനിസാറോയുടെ ശ്രമഫലമായി അവോഗാഡ്രാ പരികല്‌പനയ്‌ക്ക്‌ സാര്‍വത്രികമായ അംഗീകാരം ലഭിച്ചു. 1858ല്‍ കാനിസാറോ സുന്റോ ദി ഉണ്‍ കോര്‍സോദി ഫിലസോഫിയാ ഷിമികാ (Summary of a Course in Chemical Philosophy) എന്ന ലഘുലേഖ തയ്യാറാക്കി. ഈ ലഘുലേഖയില്‍ തന്മാത്രകളെ സംബന്ധിച്ചുള്ള അവോഗാഡ്രാ പരികല്‌പനയില്‍ നിന്നാരംഭിച്ച്‌ രസതന്ത്രത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെപ്പറ്റിയുള്ള തന്റെ വീക്ഷണങ്ങള്‍ ഇദ്ദേഹം വളരെ വ്യക്തമായി വിശദീകരിക്കുകയും അണുഭാരങ്ങളും തന്മാത്രാഭാരങ്ങളും നിര്‍ണയിക്കുവാനുള്ള വിധികള്‍ നിര്‍ദേശിക്കുകയും ചെയ്‌തു. 1860ല്‍ ബാദെനിലെ കാള്‍സ്‌റൂഹെ എന്ന സ്ഥലത്തുവച്ചു നടന്ന ഒന്നാം അന്താരാഷ്‌ട്ര രസതന്ത്ര സമ്മേളനത്തില്‍വച്ച്‌ കാനിസാറോ തന്റെ ലഘുലേഖയിലെ ഉള്ളടക്കം വിശദമായി അവതരിപ്പിക്കുകയുണ്ടായി. കൈകൂലെ, വോളര്‍, ലീബിഗ്‌, ഡ്യുമാസ്‌, ബുണ്‍സെന്‍, കോപ്പ്‌, കാള്‍ബെ, ഫ്രാങ്ക്‌ലാന്‍ഡ്‌, മെന്‍ഡെലീഫ്‌, ബേല്‍സ്റ്റൈന്‍, ബേയെര്‍, ഫ്രീഡെല്‍ എന്നീ പ്രശസ്‌ത രസതന്ത്രജ്ഞര്‍ പങ്കെടുത്ത ഈ സമ്മേളനം കാനിസാറോയുടെ വീക്ഷണങ്ങള്‍ക്ക്‌ അംഗീകാരം നല്‌കിയതോടെ അവോഗാഡ്രായുടെ പരികല്‌പന പ്രസിദ്ധ രസതന്ത്രസൂക്തമായി പരിഗണിക്കപ്പെട്ടു. പ്രസ്‌തുത പരികല്‌പന ഭൗതികരസതന്ത്രമണ്ഡലങ്ങളിലുള്ള അനേകം വസ്‌തുതകള്‍കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതിനാല്‍ അതൊരു നിയമമായി കരുതാമെന്ന്‌ ഈ സമ്മേളനം തീരുമാനിച്ചു. 1891ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി കോപ്‌ളി മെഡല്‍ നല്‌കി കാനിസാറോയെ ആദരിച്ചു.

അണുഭാരം നിര്‍ണയിക്കുവാനായി ഒരു വിധി ഇദ്ദേഹം നിര്‍ദേശിച്ചിരുന്നു. ബാഷ്‌പശീലമുള്ള സംയുക്തം രൂപീകരിക്കുവാന്‍ കഴിവുള്ള ഒരു മൂലകത്തിന്റെ അണുഭാരം, സംയുക്തത്തിന്റെ തന്മാത്രാഭാരം നിര്‍ണയിക്കുന്നതിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. ബാഷ്‌പഘനത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ തന്മാത്രാഭാരം നിര്‍ണയിക്കുന്നത്‌. എന്നാല്‍ ബാഷ്‌പശീലമുള്ള സംയുക്തങ്ങള്‍ രൂപീകരിക്കുവാന്‍ കഴിവില്ലാത്ത ഒരു മൂലകത്തിന്റെ അണുഭാരം ഡ്യുലോങ്‌പെറ്റിറ്റ്‌ നിയമപ്രകാരം അതിന്റെ ആപേക്ഷികതാപ(specific heat)ത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌.

1871ല്‍ ഇദ്ദേഹം ഇറ്റലിയിലെ സെനറ്റംഗമായി; പിന്നീട്‌ സെനറ്റിന്റെ ഉപാധ്യക്ഷനും. കൗണ്‍സില്‍ ഒഫ്‌ പബ്ലിക്‌ ഇന്‍സ്റ്റ്‌രക്ഷന്‍ അംഗം എന്ന നിലയില്‍ ഇറ്റലിയിലെ ശാസ്‌ത്രവിദ്യാഭ്യാസ വികസനത്തിന്‌ ഇദ്ദേഹം പ്രചോദനം നല്‌കി.

1910 മേയ്‌ 10ന്‌ ഇദ്ദേഹം റോമില്‍വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍