This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനിങ്‌, ചാള്‍സ്‌ ജോണ്‍ (1812 - 62)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനിങ്‌, ചാള്‍സ്‌ ജോണ്‍ (1812 - 62)

Canning,Charles John

ചാള്‍സ്‌ ജോണ്‍ കാനിങ്‌

ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലും ആദ്യത്തെ വൈസ്രായിയും. ജോര്‍ജ്‌ കാനിങ്ങിന്റെ ഏറ്റവും ഇളയ പുത്രനായി 1812 ഡി. 14ന്‌ ലണ്ടനില്‍ ജനിച്ചു. 1836ല്‍ പാര്‍ലമെന്റ്‌ അംഗമായ ഇദ്ദേഹം വിദേശകാര്യ അണ്ടര്‍സെക്രട്ടറി, പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. 1856ല്‍ ഇദ്ദേഹം ഇന്ത്യാഗവര്‍ണര്‍ ജനറലായി നിയമിതനായി. ഡല്‍ഹൗസി (1845-56) പ്രഭുവിനെ പിന്തുടര്‍ന്ന്‌ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായ കാനിങ്ങിന്‌ അതീവദുര്‍ഘടമായ പ്രതിസന്ധി തരണം ചെയ്യേണ്ടിവന്നു. മധ്യേഷ്യന്‍ പ്രശ്‌നമാണ്‌ കാനിങ്ങിന്‌ ആദ്യമായി അഭിമുഖീകരിക്കേണ്ടിവന്നത്‌. 1855ല്‍ ബ്രിട്ടീഷ്‌ പ്രതിപുരുഷന്‍ ടെഹ്‌റാനില്‍നിന്ന്‌ അപമാനകരമായ വിധത്തില്‍ പുറത്താക്കപ്പെടുകയും 1814ലെ സന്ധിവ്യവസ്ഥയ്‌ക്കു കടകവിരുദ്ധമായി പേര്‍ഷ്യന്‍ സൈന്യം ഹീരേത്ത്‌ നഗരം കൈയടക്കുകയും ചെയ്‌തു. ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ കാനിങ്ങിനോട്‌ യുദ്ധം നടത്താന്‍ ആജ്ഞാപിച്ചു. ഇദ്ദേഹം ഒരു ബ്രിട്ടീഷ്‌ സൈന്യവിഭാഗത്തെ ഉടന്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക്‌ നിയോഗിച്ച്‌, ബുഷയര്‍ കീഴടക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും പേര്‍ഷ്യക്കാരെക്കൊണ്ട്‌ സന്ധിയില്‍ ഒപ്പുവയ്‌പിക്കുകയും ചെയ്‌തു (നോ. അഫ്‌ഗാന്‍ യുദ്ധങ്ങള്‍). 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരവും (ശിപായിലഹള) കാനിങ്ങിന്‌ നേരിടേണ്ടിവന്നു. ഔധില്‍ കലാപം ആരംഭിച്ച ഉടന്‍തന്നെ ആ സംസ്ഥാനത്തിലെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടിയത്‌ വമ്പിച്ച വിമര്‍ശനത്തിനിടയാക്കി. ഈ പ്രശ്‌നത്തിന്‌ മേല്‍ ബോര്‍ഡ്‌ ഒഫ്‌ കണ്‍ട്രാള്‍ പ്രസിഡന്റായിരുന്ന എല്ലന്‍ബറോ പ്രഭുവിന്‌ രാജിവയ്‌ക്കേണ്ടിവന്നു; 1858 ന. 1ന്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭരണം ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ ഭരണത്തില്‍നിന്നു വിടര്‍ത്തി ബ്രിട്ടീഷ്‌ രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തില്‍ കൊണ്ടുവന്നപ്പോള്‍ കാനിങ്‌ തന്നെ വൈസ്രായിയും ഗവര്‍ണര്‍ ജനറലുമായി. ഭരണനടത്തിപ്പിന്റെ എല്ലാ വശങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. 1857ല്‍ ലണ്ടന്‍ സര്‍വകലാശാലയുടെ മാതൃകയില്‍ മദ്രാസ്‌, ബോംബെ, കല്‍ക്കത്ത സര്‍വകലാശാലകള്‍ സ്ഥാപിച്ച്‌ ഇന്ത്യയുടെ വിദ്യാഭ്യാസപുരോഗതി കൈവരിച്ചതും കാനിങ്ങിന്റെ ശ്രമഫലമായാണ്‌. ബ്രിട്ടീഷ്‌ബര്‍മ, ടെനാസറിം, പെഗു, അരക്കാന്‍ എന്നിവ ഒരു ചീഫ്‌ കമ്മിഷണറുടെ കീഴിലാക്കിയതും കാനിങ്ങായിരുന്നു.

1857ലെ സ്വാതന്ത്യ്രസമരം അടിച്ചമര്‍ത്തുവാന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ വമ്പിച്ച തുക ചെലവായതുമൂലം 1857-61ലെ ബജറ്റ്‌ കമ്മി 36 ദശലക്ഷം ആകുമെന്ന സ്ഥിതി കാനിങ്ങിന്‌ അഭിമുഖീകരിക്കേണ്ടിവന്നു. ഒരു സാമ്പത്തിക വിദഗ്‌ധനായ ജെയിംസ്‌ വിത്സന്റെയും പിന്നീട്‌ സാമുവല്‍ ലെയിങ്ങിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ പുനരാവിഷ്‌കരിക്കപ്പെട്ടു. ആദായനികുതി, തൊഴില്‍നികുതി, പുകയിലമേലുള്ള തീരുവ എന്നീ പുതിയ നികുതികള്‍ അദ്ദേഹം നിര്‍ദേശിച്ചു. ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വൈസ്രായിയുടെ കൗണ്‍സിലില്‍ ഒരു പ്രത്യേക അംഗം നിയമിക്കപ്പെട്ടു. സൈനികച്ചെലവു കുറയ്‌ക്കാനായി കാനിങ്‌പ്രഭു ഇന്ത്യന്‍ സൈന്യത്തിന്റെ അംഗസംഖ്യ ചുരുക്കി; സൈന്യം പുനഃസംഘടിപ്പിച്ചു. അസമിലും ഹിമാലായത്തിന്റെ ചരിവുകളിലും അദ്ദേഹം വന്‍തോതില്‍ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും വളര്‍ത്തി. നീതിന്യായ നിര്‍വഹണത്തിലും സംവിധാനത്തിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയ കാനിങ്‌ പ്രഭു പഴയ സുപ്രീം കോടതിയുടെയും സദര്‍ക്കോടതികളുടെയും സ്ഥാനത്ത്‌ ഓരോ സംസ്ഥാനത്തിലും ഓരോ ഹൈക്കോടതി സ്ഥാപിച്ചു. 1859ല്‍ സിവില്‍ നടപടിക്രമവും (Civil Procedure Code) 1860ല്‍ പുതിയ ക്രിമിനല്‍ ശിക്ഷാനിയമവും നടപ്പിലാക്കി. 1861ല്‍ പൊലീസ്‌ ഭരണത്തിലും പല മാറ്റങ്ങളുണ്ടായി. ബംഗാളിലെ കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‌കുന്നതിനായി 1859ല്‍ ബംഗാള്‍ കുടിയാണ്മനിയമം (Tenancy Act) പോസ്സാക്കപ്പെട്ടു. ഭരണസൗകര്യാര്‍ഥം വൈസ്രായിയുടെ എക്‌സി. കൗണ്‍സിലിലെ ഓരോ അംഗത്തിഌം ഓരോ ഭരണവകുപ്പിന്റെ ചുമതല ഏല്‌പിച്ചുകൊടുത്തു. 1857ലെ കലാപത്തെ നേരിടാന്‍ അമിതമായ അധ്വാനം ചെയ്യേണ്ടിവന്നതിനാലും തന്റെ പത്‌നിയുടെ നിര്യാണംമൂലവും ആരോഗ്യനില തകരാറിലായ കാനിങ്‌ 1862 മാര്‍ച്ചില്‍ വൈസ്രായിപദം രാജിവച്ചു. 1862 ജൂണ്‍ 17ന്‌ ലണ്ടനില്‍ വച്ച്‌ കാനിങ്‌ അന്തരിച്ചു. നോ. ഇന്ത്യചരിത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍