This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനാമൈസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

Kanamycin

ഒരു ആന്റിബയോട്ടിക്‌. ഘടനാപരമായി സ്റ്റ്രപ്‌റ്റോ മൈസിനോടു സാദൃശ്യമുള്ള മൂന്ന്‌ ആന്റിബയോട്ടിക്കുകളാണ്‌ നിയോമൈസിന്‍, കാനാമൈസിന്‍, പാരോമോമൈസിന്‍ എന്നിവ. ഉമാസാവ എന്ന ജാപ്പനീസ്‌ ശാസ്‌ത്രജ്ഞനും സഹപ്രവര്‍ത്തകരും കൂടിയാണ്‌ "സ്റ്റ്രപ്‌റ്റോമൈസസ്‌ കാനാമൈസെറ്റികസ്‌' എന്ന കുമിളില്‍നിന്ന്‌ കാനാമൈസിന്‍ വേര്‍തിരിച്ചെടുത്തത്‌.

കാനാമൈസിന്‌ ക്ഷാരഗുണമാണുള്ളത്‌. ഇത്‌ ജലത്തില്‍ എളുപ്പത്തില്‍ ലയിക്കുന്നു. ഗ്രാം പോസിറ്റീവ്‌, ഗ്രാം നെഗറ്റീവ്‌ ബാക്‌റ്റീരിയ പ്രാട്ടിയസ്‌ (Proteus)എന്നിവയ്‌ക്കെതിരെ ഇതു പ്രവര്‍ത്തിക്കുന്നു. 1, 3 ഡൈ അമിനോ 4,5,6ട്ര ഹൈഡ്രാക്‌സിസൈക്ലോഹെക്‌സൈന്‍ എന്ന രാസവസ്‌തുവാണ്‌ കാനാമൈസിനില്‍ ഉള്ളത്‌. ഫോര്‍മുല: C18 H36 N4 O11. H2 SO4.. തന്മാത്രാദ്രവ്യം484, 499 ഈ ആന്റിബയോട്ടിക്‌ നിന്‍ ഹൈഡ്രിന്‍ ടെസ്റ്റ്‌ നല്‌കുന്നു. 4N ഹൈഡ്രാക്ലോറിക്‌ അമ്ലം ഉപയോഗിച്ച്‌ ജലവിശ്ലേഷണം ചെയ്‌താല്‍ കാനാമൈസിന്‍ പല വസ്‌തുക്കളുടെ ഒരു സംയുക്തമായി മാറുന്നു. ജലവിശ്ലേഷണം വഴി 1, 3 ഡൈ അമിനോ ഹൈഡ്രാക്‌സി സൈക്ലോഹെക്‌സൈന്‍ ലഭിക്കുന്നു.

കാനാമൈസിന്‍ബി എന്ന മറ്റൊരു ആന്റിബയോട്ടിക്കും ഉത്‌പാദിക്കപ്പെട്ടിട്ടുണ്ട്‌. പ്രാട്ടീന്‍ തന്മാത്രകളുടെ ഉദ്‌ഭവവും വളര്‍ച്ചയും നിരോധിക്കുന്നതിലൂടെയാണ്‌ കാനാമൈസിന്റെ പ്രവര്‍ത്തനം നടക്കുന്നത്‌. കാനാമൈസിന്‍ പ്രധാനമായും കുട്ടികളിലെ വായുസംബന്ധമായ അസുഖങ്ങള്‍ക്കും ഉദരശസ്‌ത്രക്രിയയ്‌ക്കുമുമ്പും കുടലും മറ്റും ശുദ്ധീകരിക്കാനും കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും പുറമേ പുരട്ടാനും ഉപയോഗിക്കുന്നു. അമിനോഗ്ലൈക്കോസൈഡ്‌ വിഭാഗത്തില്‍പ്പെടുന്ന ആന്റിബയോട്ടിക്കുകള്‍ പാര്‍ശ്വഫലം ഉളവാക്കുന്നതായതുകൊണ്ട്‌ ഇവയുടെ അമിതോപയോഗം ദോഷകരമാണ്‌. വൃക്കകളെയും ശ്രവണനാഡീതന്തുക്കളെയും കാനാമൈസിന്റെ വിഷാലുത്വം ബാധിക്കുമെങ്കിലും നിയോമൈസിന്റേതുപോലെ, ബധിരതയിലേക്കു നയിക്കുന്നില്ല. മറ്റ്‌ ആന്റിബയോട്ടിക്കുകളോട്‌ പ്രതികരിക്കാത്ത ചിലതരം സ്റ്റഫൈലോകോക്കല്‍ പകര്‍ച്ചവ്യാധികള്‍ക്കും മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും എതിരെ കാനാമൈസിന്‍ ഫലപ്രദമാണ്‌.

(പ്രാഫ. എച്ച്‌.എസ്‌. മണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍