This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനറ

മംഗലാപുരം നഗരസഭ കെട്ടിടം
ലൈറ്റ്‌ ഹൗസ്‌- മംഗലാപുരം (ബ്രിട്ടീഷ്‌ നാവികസേനയുടെ നിരീക്ഷണഗോപുരമായിരുന്നു)

കര്‍ണാടക സംസ്ഥാനത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ അറബിക്കടലിഌം സഹ്യാദ്രി നിരകള്‍ക്കുമിടയ്‌ക്കായി കിടക്കുന്ന പ്രദേശം. കന്നടം എന്ന പദത്തിന്റെ ആംഗലരൂപമാണ്‌ കാനറ. തുളുനാടിന്റെ ഭാഗമായിരുന്ന ഈ വിസ്‌തൃതമേഖലയെ, ഭരണസൗകര്യാര്‍ഥം, 1864ല്‍ വടക്കന്‍ കാനറയെന്നും തെക്കന്‍ കാനറയെന്നും രണ്ടു ജില്ലകളായി വിഭജിച്ചു. കാനറ, തെക്കേ (ദക്ഷിണ്‍ കന്നഡ്‌). കര്‍ണാടക സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു കേരളത്തിലെ കാസര്‍കോട്‌ താലൂക്കിനോടു ചേര്‍ന്നുകിടക്കുന്ന ജില്ല. വിസ്‌തൃതി: 4,560 ച.കി.മീ., ജനസംഖ്യ: 18,97,730 (2001). വടക്ക്‌ വടക്കന്‍ കാനറാ, കിഴക്ക്‌ ഷിമോഗാ, ചിക്കമഗലൂര്‍, ഹാസന്‍ ജില്ലകള്‍; തെക്ക്‌ മെര്‍ക്കാറാ ജില്ല; പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ അതിര്‍ത്തികള്‍. പശ്ചിമതീരത്തെ ഒരു പ്രധാന തുറമുഖനഗരമായ മംഗലാപുരമാണ്‌ ജില്ലാ ആസ്ഥാനം. കേരളത്തിലെ തുറമുഖനഗരങ്ങളുടെ പ്രകൃതിഭംഗിയും കാലാവസ്ഥയുമാണ്‌ ഇവിടെയുള്ളത്‌. ഒരു ടൂറിസ്റ്റ്‌ കേന്ദ്രം കൂടിയാണ്‌ ഈ സ്ഥലം. തിരുവനന്തപുരത്തുനിന്നു തീവണ്ടിമാര്‍ഗം ഇവിടെ എത്താം. ഇവിടത്തെ മംഗളാദേവി ക്ഷേത്രവും കര്‍ക്കരയിലെ ഗോമഠേശ്വര പ്രതിഷ്‌ഠയും പ്രസിദ്ധമാണ്‌. നേത്രാവതി, ഗുര്‍ഫൂര്‍ എന്നീ നദികളുടെ അഴിമുഖം ഈ പ്രദേശത്താണ്‌. മുംബൈയിലേക്ക്‌ ഇവിടെനിന്നു പ്രതിവാരബോട്ട്‌ സര്‍വീസുണ്ട്‌. കാപ്പിക്കുരു, കശുവണ്ടി, കുരുമുളക്‌, തേയില, ചന്ദനം എന്നിവയാണ്‌ ഈ തുറമുഖത്തുനിന്നുള്ള പ്രധാന കയറ്റുമതികള്‍. ഒരു പ്രമുഖ മേച്ചിലോടു വ്യവസായകേന്ദ്രം കൂടിയാണ്‌ മംഗലാപുരം. തെങ്ങും നെല്ലുമാണ്‌ പ്രധാനകൃഷി. മാങ്‌ഗനീസ്‌ അയിരും ഇവിടെനിന്ന്‌ ഖനനം ചെയ്യുന്നു. മംഗലാപുരത്തിന്‌ 55 കി.മീ. വടക്കുള്ള ഒരു പ്രമുഖ നഗരമാണ്‌ ഉടുപ്പി. പ്രസിദ്ധമായ ഒരു ഹൈന്ദവക്ഷേത്രം ഇവിടെയുണ്ട്‌, മാധ്വമതക്കാരുടെ ആസ്ഥാനം കൂടിയാണ്‌ ഇവിടം. ഈ മതത്തിന്റെ സ്ഥാപകനായ മധ്വാചാര്യര്‍ ജനിച്ചത്‌ (എ.ഡി. 1117) ഉടുപ്പിയിലാണ്‌. കരിപ്പെട്ടി, ചന്ദനയെണ്ണ, മേച്ചിലോട്‌ എന്നിവയുടെ നിര്‍മാണവും മത്സ്യബന്ധനവും ആണ്‌ പ്രധാന വ്യവസായങ്ങള്‍.

കാനറ, വടക്കേ (ഉത്തര്‍ കന്നഡ്‌). 1956 വരെ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു ഈ ജില്ല. ഭൂപ്രകൃതിപരമായി ജില്ലയെ തീരദേശം, ഇടനാട്‌, മലനാട്‌ (പശ്ചിമഘട്ടം) എന്നിങ്ങനെ മൂന്നായി തിരിക്കാം. വടക്കു പടിഞ്ഞാറു ഗോവയും ബല്‍ഗാം ജില്ലയും കിഴക്ക്‌ ധാര്‍വാര്‍, ഷിമോഗാ എന്നീ ജില്ലകളും തെക്കു തെക്കന്‍ കാനറയും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ അതിര്‍ത്തികള്‍. 10,291 ച.കി.മീ. വിസ്‌തൃതിയുള്ള ജില്ലയുടെ ആസ്ഥാനം കാര്‍വാര്‍ ആണ്‌. ജനസംഖ്യ: 13,53,644 (2001).

ജില്ലയുടെ പകുതിയലധികം ഭാഗം വനങ്ങളാണ്‌. ഇവിടെ തേക്ക്‌, ഈട്ടി, ചന്ദനം, മുളവര്‍ഗങ്ങള്‍ എന്നിവ ധാരാളമുണ്ട്‌. കാളി, ഗംഗാവലി, താദ്രി, ശരാവതി എന്നിവയാണ്‌ ജില്ലയിലെ മുഖ്യനദികള്‍. ജില്ലയുടെ തെക്കതിരിലായി ശരാവതിയിലുള്ള ജോഗ്‌ (ഗര്‍സോപ്പ) വെള്ളച്ചാട്ടം ഏഷ്യയിലെ ഏറ്റവും ഉയരമേറിയതാണ്‌ (നോ: കര്‍ണാടകം; ജോഗ്‌ ജലപാതം). സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ നെല്ലുത്‌പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ്‌ വടക്കന്‍ കാനറ. കുരുമുളക്‌, ചോളം, വരക്‌, കരിമ്പ്‌, നിലക്കടല, കാപ്പി എന്നിവയും ഇവിടെ കൃഷി ചെയ്യപ്പെടുന്നു. ജില്ലയില്‍ ഉപ്പളങ്ങളും മാങ്‌ഗനീസ്‌ ഖനികളുമുണ്ട്‌. 1949ല്‍ സ്ഥാപിതമായ ദാവന്‍ദേലി വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ കടുവ, പുലി, പന്നിവര്‍ഗങ്ങള്‍ മുതലായവ സംരക്ഷിക്കപ്പെടുന്നു.

16, 17 ശതകങ്ങളില്‍ ഇവിടം ഭരിച്ച ബദനൂര്‍ രാജവംശം വടക്കേ കാനറയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ വികാസത്തിന്‌ ഗണ്യമായ സംഭാവന നല്‌കിയിട്ടുണ്ട്‌. ഇവരുടെ ഭരണകാലത്ത്‌ പോര്‍ച്ചുഗീസ്‌, ഡച്ച്‌, ഇംഗ്ലീഷ്‌ വ്യാപാരികള്‍ കാനറയില്‍ വന്നെത്തി. കേരളത്തിന്റെ ഉത്തരാഗ്രമായിരുന്നുവെന്ന്‌ ഐതിഹ്യം ഘോഷിക്കുന്ന ഗോകര്‍ണം ഈ ജില്ലയിലാണ്‌. കാര്‍വാറിന്‌ 35 കി.മീ. അകലെയായുള്ള ഈ പട്ടണത്തിലെ മുഖ്യദേവാലയം മഹാബലേശ്വരക്ഷേത്രമാണ്‌. ആസ്ഥാനമായ കാര്‍വാറിന്‌ പുറമേ ജില്ലയില്‍ നാലു മത്സ്യബന്ധനത്തുറമുഖങ്ങള്‍ കൂടിയുണ്ട്‌. നോ. ഗോകര്‍ണം

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍