This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനണ്‍, എഡ്‌വിന്‍ (1861 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനണ്‍, എഡ്‌വിന്‍ (1861 - 1935)

Cannan, Edwin

എഡ്‌വിന്‍ കാനണ്‍

ബ്രിട്ടീഷ്‌ സാമ്പത്തികശാസ്‌ത്രജ്ഞന്‍. ആഫ്രിക്കയുടെ പശ്ചിമോത്തര തീരത്തുള്ള മദീരാ ദ്വീപുകളുടെ തലസ്ഥാനമായ ഫൂന്‍ഷാല്‍ തുറമുഖ പട്ടണത്തില്‍ 1861 ഫെ. 3ന്‌ ജനിച്ചു. ഓക്‌സ്‌ഫഡിലെ ബേലിയോള്‍, ക്ലിഫ്‌ടണ്‍ എന്നീ കോളജുകളിലാണ്‌ ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്‌. 1895ല്‍ ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ഇക്കണോമിക്‌സില്‍ സാമ്പത്തികശാസ്‌ത്ര വിഭാഗത്തില്‍ അധ്യാപകനായി നിയമിതനായി. 1907ല്‍ പ്രാഫസറായി ഉദ്യോഗക്കയറ്റം കിട്ടിയ കാനണ്‍ 1926ല്‍ ജോലിയില്‍നിന്നു വിരമിക്കുന്നതു വരെ തത്‌സ്ഥാനത്തു തുടര്‍ന്നു. ഉത്‌കൃഷ്‌ടരായ സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ സിദ്ധാന്തങ്ങളെ സംബന്ധിച്ചും; സാമ്പത്തികശാസ്‌ത്രത്തെക്കുറിച്ചു പൊതുവെയും; ധനം, ധനനയങ്ങള്‍, ജനസംഖ്യാശാസ്‌ത്രം എന്നിവയെക്കുറിച്ചു പ്രത്യേകിച്ചും കാനണ്‍ ആധികാരികപഠനം നടത്തിയിട്ടുണ്ട്‌. ഹിസ്റ്ററി ഒഫ്‌ ലോക്കല്‍ റേറ്റ്‌സ്‌ ഇന്‍ ഇംഗ്ലണ്ട്‌ (1912), വെല്‍ത്ത്‌ (1928), മണി (1932), എ ഹിസ്റ്ററി ഒഫ്‌ ദ്‌ തിയറീസ്‌ ഒഫ്‌ പ്രാഡക്‌ഷന്‍ ആന്‍ഡ്‌ ഡിസ്റ്റ്രിബ്യൂഷന്‍ ഇന്‍ ഇംഗ്ലീഷ്‌ പൊളിറ്റിക്കല്‍ എക്കോണമി ഫ്രം 1776 ടു 1848 എന്നിവയാണ്‌ കാനന്റെ പ്രമുഖ ഗ്രന്ഥങ്ങള്‍. ഉത്‌പാദനവിതരണ സിദ്ധാന്തങ്ങളെ ആധാരമാക്കി 1903ല്‍ പ്രസിദ്ധീകരിച്ച ഹിസ്റ്ററി ഒഫ്‌ പ്രാഡക്ഷന്‍ ആന്‍ഡ്‌ ഡിസ്റ്റ്രിബ്യൂഷന്‍ ഇന്‍ ഇംഗ്ലീഷ്‌ പൊളിറ്റിക്കല്‍ എക്കോണമി എന്ന ഗ്രന്ഥത്തില്‍ കാനണ്‍ ആഡംസ്‌മിത്ത്‌ മുതലുള്ള ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്‌ത്ര ചിന്തകരുടെ സിദ്ധാന്തങ്ങളെയും നിഗമനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. സാമ്പത്തികശാസ്‌ത്രചിന്തയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌ ഈ ഗ്രന്ഥം.

ഇംഗ്ലണ്ടിലെ ബോണ്‍മത്തില്‍ 1935 ഏ. 8ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍