This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനഡ (രാഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാനഡ (രാഗം)

ദക്ഷിണേന്ത്യന്‍ സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തുല്യപ്രചാരം നേടിയിട്ടുള്ള ഒരു ജന്യരാഗം. 22-ാമത്തെ മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യമായ കാനഡാരാഗം ഒരു വക്രസമ്പൂര്‍ണ രാഗമാണ്‌.

ആരോഹണം സരിഗമപമധാനിസ.
അവരോഹണം സനിസധാപമപഗാമരിസ.
 

ഈ രാഗത്തിന്‌ സരിഗമധാനിസ, സനിപമപഗാമരിസ എന്നും ആരോഹണാവരോഹണങ്ങളുണ്ട്‌. ഗ,ധ,നി എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളായും ജീവസ്വരങ്ങളായും പ്രയോഗിക്കപ്പെടുന്നു. ധനിപ, സനിസധനിധ, മമരിസരിപഗാ തുടങ്ങിയ വിശേഷസ്വരസഞ്ചാരങ്ങള്‍ ഇതിന്റെ രഞ്‌ജകത്വം വര്‍ധിപ്പിക്കുന്നു.

ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ ചതുഃശ്രുതി,ഋഷഭം, സാധാരണഗാന്ധാരം. ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കൈശികിനിഷാദം എന്നിവയാണ്‌ ഇതില്‍ വരുന്നത്‌. "ധ' സ്വരം ദീര്‍ഘസ്വരമായിട്ടാണ്‌ പ്രയോഗിക്കുന്നത്‌. "ലീനം', "വലി' എന്നീ ഗമകങ്ങള്‍ ഈ രാഗത്തിനു വളരെ അനുഗുണമാണ്‌. കരുണരസം സ്‌ഫുരിപ്പിക്കുന്ന ഇത്‌ ത്രിസ്ഥായിരാഗം മാത്രമല്ല, സമയഭേദമെന്യേ പാടാവുന്നതുമാണ്‌. ഈ രാഗത്തിലെ പല സ്വരങ്ങളും സ്വസ്ഥാനത്തുനിന്നു വ്യതിചലിപ്പിച്ച്‌ ഗമകത്തോടുകൂടിയാണ്‌ ആലപിക്കാറുള്ളത്‌. ഹിന്ദുസ്ഥാനിസംഗീതത്തില്‍ പല രൂപഭേദങ്ങളോടുകൂടി കാനഡാരാഗം പ്രചരിച്ചിട്ടുണ്ട്‌. ദര്‍ബാരി കാനഡ, നായകി കാനഡ, ആഭോഗി കാനഡ എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്‌. ദര്‍ബാരി കാനഡാരാഗത്തിന്‌ കര്‍ണാടകസംഗീതത്തിലെ കാനഡാരാഗവുമായി കൂടുതല്‍ സാമ്യമുണ്ട്‌.

മിക്ക സംഗീത രചയിതാക്കളും ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്‌. "നേരനമ്മിതി' (അടതാളവര്‍ണംരാമനാഥപുരം ശ്രീനിവാസയ്യങ്കാര്‍), "ശ്രീ നാരദ, സുഖിയെവ്വരോ' (ത്യാഗരാജസ്വാമികള്‍), "ജഗദാഭിരാമ' (വീണ കുപ്പയ്യര്‍), "മാമവസദാ' (സ്വാതിതിരുനാള്‍), "പരാമുഖം' , (ജി.എന്‍. ബാലസുബ്രഹ്മണ്യം), "അയ്യനരുളില്ലാമല്‍' (ടി. ലക്ഷ്‌മണന്‍ പിള്ള), "വാനിപൊന്ദു' (ധര്‍മപുരി സുബ്ബരായര്‍), "ഗൗകിനായക' (തില്ലാനമഹാവൈദ്യനാഥയ്യര്‍) തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍