This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാദിരിയ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാദിരിയ്യ

Qadiriya

ഇസ്‌ലാമിലെ ഒരു സൂഫി മാര്‍ഗം. ശൈഖ്‌ അബ്‌ദുല്‍ കാദിര്‍ ജീലാനി (1077-1166)യുടെ "ത്വരീക്കത്ത്‌' (മാര്‍ഗം) പിന്തുടരുന്ന സൂഫികളുടെ പരമ്പര "ജീലാനീ ത്വരീക്കത്ത്‌' അഥവാ ജീലാനീ മാര്‍ഗം എന്ന പേരില്‍ അറിയപ്പെടുന്നു. ഹിജറ 12-ാം ശതകത്തോടുകൂടി സൂഫിസത്തിനു പ്രത്യേക രൂപം ലഭിച്ചു. ഒരു ആത്മീയനേതാവിനെ ശൈഖ്‌ അഥവാ ഗുരുവായി സ്വീകരിച്ചിരുന്ന അനുയായികള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ചില പ്രത്യേക പ്രാര്‍ഥനകളും പ്രാര്‍ഥനാമുറകളും സ്വീകരിച്ചുപോന്നു. ശൈഖില്‍ നിന്നു "ഖിര്‍ക' (ഉറുക്‌) സ്വീകരിക്കുന്നതോടെ ആ വ്യക്തി അദ്ദേഹത്തിന്റെ അനുയായി ആയിത്തീരുന്നു. അനുയായികള്‍ അവരുടെ അനുയായികളോടും അങ്ങനെ പിന്‍തലമുറകളോടും ബന്ധിക്കപ്പെട്ടിരുന്ന ഈ മാര്‍ഗത്തെയാണ്‌ "ത്വരീക്കത്ത്‌' എന്നു പറയുന്നത്‌. അത്തരം ശൈഖുമാരില്‍ ആദ്യത്തെ ആളാണു അബ്‌ദുല്‍ കാദില്‍ അല്‍-ജീലാനി.

ഇദ്ദേഹത്തിന്റെ തസ്വണ്ണുഫ്‌ ദര്‍ശനത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണ്‌. ഇറാദത്ത്‌ (ഒരു കാര്യം നേടാനുള്ള ഉദ്ദേശ്യം), മുരീദ്‌ (ഉദ്ദേശിക്കുന്ന വ്യക്തി), മുറാദ്‌ (ഉദ്ദിഷ്‌ടകാര്യം) എന്നിവ ത്വരിക്കത്തില്‍ പ്രവേശിക്കുന്ന വ്യക്തിയുടെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്‌. ഈ "ത്വരീക്കത്തി'ന്റെ അനുയായിയായി ആത്മീയതയും വിജ്ഞാനവും നേടാന്‍ ശൈഖ്‌ അബ്‌ദുല്‍ കാദിറില്‍നിന്നു "ഖിര്‍ക' വാങ്ങണമെന്നും ആ സമയത്ത്‌ അദ്ദേഹത്തെ ശൈഖായി അംഗീകരിക്കുമെന്നു മുരീദുമാര്‍ പ്രതിജ്ഞ ചെയ്യണമെന്നും വ്യവസ്ഥയുണ്ടായിരുന്നെങ്കിലും മുരീദിന്റെ മനസ്സില്‍ ജീലാനിയോടുള്ള ഭക്തിയുണ്ടെങ്കില്‍ "ഖിര്‍ക'യില്ലാതെ തന്നെ ഈ സരണിയില്‍ പ്രവേശിക്കാന്‍ അനുവാദവുമുണ്ടായിരുന്നു. ദൈവത്തിന്റെ പ്രീതിനേടാനും സാമീപ്യം പ്രാപിക്കാനും ശൈഖി (ഗുരു)ന്റെ സഹായമുണ്ടാകുമെന്നും അതിനാല്‍ എല്ലാ മുരീദിനും ഒരു ശൈഖ്‌ (ഗുരു) ആവശ്യമാണെന്നും "കാദിരിയ്യ:ത്വരീക്കത്ത്‌' കരുതുന്നു. ഇതില്‍ ശൈഖ്‌ ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത സമാദരണീയ വ്യക്തിത്വമാണ്‌. ശൈഖ്‌ സുഹ്‌റവര്‍ദിയുടെ അഭിപ്രായത്തില്‍ മുരീദുമാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു വ്യത്യസ്‌ത പ്രാര്‍ഥനാമുറകള്‍ ശൈഖ്‌ (ഗുരു) നിര്‍ണയിച്ചുകൊടുക്കുന്നു. അതിനാല്‍ വിവിധ രാജ്യങ്ങളില്‍ ഈ "ത്വരീകത്തി'ന്റെ പ്രാര്‍ഥനകളിലും മന്ത്രങ്ങളിലും വ്യത്യാസങ്ങള്‍ ദര്‍ശിക്കാം. ജീലാനിയോടുള്ള തീവ്രമായ ഭക്തിയാല്‍ ഉത്തരാഫ്രിക്കയില്‍ ഈ സരണി ത്വരീക്കത്ത്‌ ജീലാനിയ്യ: എന്ന പേരില്‍ അറിയപ്പെടുന്നു.

അബ്‌ദുല്‍ കാദിറിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ഈ "ത്വരീക്കത്ത്‌' പ്രചാരംനേടി. യമനില്‍ അലിയ്യുബ്‌നു ഹദ്ദാദ്‌, ശാമില്‍ മുഹമ്മദുല്‍ ബത്വാഇഹി, ബഅ്‌ലബകില്‍ മുഹമ്മദുല്‍ യൂനീനി, ഈജിപ്‌തില്‍ മുഹമ്മദു ബ്‌നു അബ്‌ദിസ്സ്വമദ്‌ എന്നിവര്‍ ഇതിന്റെ പ്രചാരണത്തിനു നേതൃത്വം നല്‌കി. ജീലാനിയുടെ മരണശേഷം മര്‍റാകുശ്‌ (മൊറോക്കോ), ഈജിപ്‌ത്‌, അറബിസ്‌താന്‍ (ഇറാനിയന്‍ പ്രവിശ്യയായ ഖൂസിസ്‌താന്റെ പഴയ പേര്‌), തുര്‍ക്കിസ്‌താന്‍ (വടക്കന്‍ സൈബീരിയ മുതല്‍ തെക്കേ ഇറാന്‍ വരെ വ്യാപിച്ചുകിടന്ന ഏഷ്യന്‍ ഭൂപ്രദേശം), ഇന്ത്യ എന്നിവിടങ്ങളിലും 12-ാം നൂറ്റാണ്ടില്‍ ബര്‍ബര്‍ മേഖലയിലും ഈ "ത്വരീക്കത്ത്‌' പ്രചരിച്ചു. ജീലാനിയുടെ മക്കളായ ഇബ്‌റാഹീമിന്റെയും അബ്‌ദുല്‍ അസീസിന്റെയും മക്കളിലൂടെയാണു ഫാസില്‍ (ഒരു പുരാതന മൊറോക്കന്‍ നഗരം) ഇതിനു പ്രചാരം ലഭിച്ചതെന്നു പറയപ്പെടുന്നു. "പീര്‍ഥാനി' എന്ന പേരില്‍ അറിയപ്പെട്ട ഇസ്‌മാഈല്‍ റൂമി കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഈ സരണി പ്രചരിപ്പിക്കുകയും ബുഖാറയില്‍ കാദിരിഖാന എന്ന പേരില്‍ "ഖാന്‍കാഹ്‌' (പഠനകേന്ദ്രം) സ്ഥാപിക്കുകയും ചെയ്‌തു. "കാദിരിയ്യ: ത്വരീക്കത്തി'നെ ആദരീണയവും പവിത്രവുമായ സരണി എന്ന്‌ അയ്‌ന്‍-ഇ-അക്‌ബരിയില്‍ അബുല്‍ ഫള്‌ല്‍ വിശേഷിപ്പിക്കുന്നു. നിയമങ്ങളില്‍ ഒരു തരത്തിലുള്ള കാര്‍ക്കശ്യവുമില്ല എന്നത്‌ ഈ "ത്വരീക്കത്തി'ന്റെ പ്രധാന സവിശേഷതയാണ്‌. കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന "റാത്തീബ്‌' ഇതിന്റെ അനുഷ്‌ഠാനകര്‍മങ്ങളില്‍പ്പെട്ടതാണ്‌. കോഴിക്കോട്ടുകാരനായ കാളി മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ അസീസ്‌ (മ. 1616) അറബിമലയാള സാഹിത്യത്തില്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാല (കൊ.വ. 752) അബ്‌ദുല്‍ കാദിര്‍ ജീലാനീയെക്കുറിച്ചുള്ളതാണ്‌. ശൈഖ്‌ അബ്‌ദുല്‍ കാദിറിനുശേഷം മകന്‍ അബ്‌ദുല്‍ വഹ്‌ഹാബും അദ്ദേഹത്തിനുശേഷം മകന്‍ അബ്‌ദുസ്സലാമും ഈ "ത്വരീക്കത്തി'ന്റെ ശൈഖുമാരായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍