This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതായാമ, സെന്‍ (1860-1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാതായാമ, സെന്‍ (1860-1933)

Katayama, Sen

സെന്‍ കാതായാമ

ജപ്പാനിലെ സോഷ്യലിസ്റ്റ്‌ നേതാവ്‌. 1860 ജനു. 8-ന്‌ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ ദ്വിതീയ സന്താനമായി ജനിച്ചു. സുഗതാരോ യബുകിയെ 18-ാമത്തെ വയസ്സില്‍ ഇകുതാരോ കാതായാമ എന്ന കര്‍ഷക കുടുംബത്തിലേക്കു ദത്തെടുത്തതോടെയാണ്‌ ഇദ്ദേഹത്തിനു സെന്‍ കാതായാമ എന്ന പേര്‌ ലഭിച്ചത്‌. ഒകയാമ, ടോക്യോ എന്നിവിടങ്ങളില്‍ ആദ്യകാല വിദ്യാഭ്യാസം നടത്തി. ആദ്യകാലത്ത്‌ ഇദ്ദേഹം കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങളുടെ ഒരു പ്രചാരകനായിരുന്നു. 1884-ല്‍ യു.എസ്സിലെത്തിയ കാതായാമ ഹോപ്‌കിന്‍സ്‌ അക്കാദമി, മേരിവില്‍ കോളജ്‌, ആന്‍ഡോവര്‍ തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1896-ല്‍ ജപ്പാനില്‍ തിരിച്ചെത്തി. ജപ്പാനിലെ കോണ്‍ഗ്രിഗേഷനലിസ്റ്റ്‌ കിങ്‌സ്ലി ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇക്കാലത്താണ്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധ തൊഴില്‍രംഗത്തേക്കു തിരിഞ്ഞത്‌. ഇദ്ദേഹം ആരംഭിച്ച തൊഴില്‍ ലോകം (Rodo Sekai-'Labour World') ജപ്പാനിലെ ആദ്യത്തെ തൊഴിലാളി പത്രമായിരുന്നു. ഒരു സോഷ്യലിസ്റ്റ്‌ സൊസൈറ്റിക്കു രൂപംനല്‌കിയ (1900) ഇദ്ദേഹം സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (1901) സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായതേയുള്ളു. റഷ്യ-ജപ്പാന്‍ യുദ്ധത്തെ എതിര്‍ത്തിരുന്ന കാതായാമ 1911-12 കാലത്തു ടോക്കിയോയില്‍ തൊഴിലാളികളുടെ ഒരു പണിമുടക്ക്‌ (street car strike) സംഘടിപ്പിച്ചു. സമരം വിജയിച്ചെങ്കിലും 1914-ല്‍ ഇദ്ദേഹത്തിനു ജപ്പാന്‍ വിട്ടു വെളിയില്‍ പോകേണ്ടിവന്നു. വീണ്ടും യു.എസ്സിലെത്തി; അവിടെ അമേരിക്കന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. 1921-ല്‍ മെക്‌സിക്കോയിലെത്തി, കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിനു (കോമിന്റേണ്‍) വേണ്ടി പ്രവര്‍ത്തിച്ചു. അതിനുശേഷം കോമിന്റേണില്‍ ഒരു ഉയര്‍ന്ന ഉദ്യോഗം വഹിക്കാന്‍ മോസ്‌കോയിലേക്കു ക്ഷണിക്കപ്പെട്ടു. 1924-ല്‍ ഇദ്ദേഹം ചൈന സന്ദര്‍ശിച്ചു. ജന്മസ്ഥലമായ ജപ്പാനില്‍ കമ്യൂണിസത്തിനു വളര്‍ച്ച കിട്ടാത്തതില്‍ ഇദ്ദേഹം ദുഃഖിതനായിരുന്നു. 1933 ന. 5-നു കാതായാമ മോസ്‌കോയില്‍വച്ച്‌ അന്തരിച്ചു. എല്ലാ ബഹുമതികളോടുംകൂടിയാണ്‌ ക്രംലിന്‍ ചുമരുകള്‍ക്കകത്ത്‌ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍