This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതറിന്‍, ആരഗണ്‍ (1485-1536)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാതറിന്‍, ആരഗണ്‍ (1485-1536)

Catherine of Aragon

ആരഗണ്‍ കാതറിന്‍

ഇംഗ്ലണ്ടിലെ രാജ്ഞി. സ്‌പെയിനിലെ ഫെര്‍ഡിനന്‍ഡിന്റെ (1452-1516)യും ഇസബല്ല (1457-1504) യുടെയും പുത്രിയായ കാതറിന്‍ ഹെന്‌റി VIIIന്റെ (1491-1547) ആറു പത്‌നിമാരില്‍ ആദ്യത്തെയാള്‍ ആയിരുന്നു. 1501 നവംബറില്‍ കാതറിന്‍ ബ്രിട്ടീഷ്‌ രാജാവായ ഹെന്‌റി VIIന്റെ മൂത്തപുത്രനായ ആര്‍തറിന്റെ പത്‌നിയായി. 1502 ഏപ്രില്‍ ആര്‍തര്‍ അന്തരിച്ചപ്പോള്‍ ആര്‍തറിന്റെ സഹോദരനായ ഹെന്‌റി VIIIനെക്കൊണ്ടു കാതറിനെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഹെന്‌റി VII-ന്റെ ജീവിതശിഷ്‌ടകാലത്ത്‌ ഇംഗ്ലണ്ടില്‍ ഒരു തടവുകാരിയായിക്കഴിഞ്ഞ കാതറിന്‍, ഹെന്‌റി VIIന്റെ മരണ(1509)ത്തെത്തുടര്‍ന്നു ഹെന്‌റി VIII-ന്റെ പത്‌നിയായി. 18 വര്‍ഷം നീണ്ടുനിന്ന കാതറിന്‍-ഹെന്‌റി ദാമ്പത്യത്തില്‍ ജനിച്ച ആറു കുട്ടികളില്‍ പില്‌ക്കാലത്ത്‌ ഇംഗ്ലണ്ടിലെ രാജ്ഞിയായിത്തീര്‍ന്ന മേരി (1516-58) മാത്രമാണ്‌ ശൈശവം അതിജീവിച്ചത്‌. ഹെന്‌റിയും ആനി ബോളിനും തമ്മിലുള്ള അവിഹിതബന്ധങ്ങള്‍ ഇവരുടെ ദാമ്പത്യത്തെ ഉലച്ചു; 1526-ല്‍ കാതറിനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍വേണ്ടി ഹെന്‌റി നടത്തിയ ശ്രമങ്ങള്‍ പോപ്പ്‌ ക്ലമന്റ്‌ VIIന്റെ കാലത്തു സഫലമായില്ല. തുടര്‍ന്ന്‌ പോപ്പിന്റെ അധികാരങ്ങള്‍ കുറയ്‌ക്കാന്‍ വരെ ഹെന്‌റി തയ്യാറായി. പിന്നീടു കാന്റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പായ തോമസ്‌ ക്രാന്‍മെറുടെ കാലത്ത്‌ (1533) ഹെന്‌റി-കാതറിന്‍ വിവാഹബന്ധം അസാധുവാണെന്നു തീരുമാനിക്കപ്പെടുകയും മുമ്പു നടന്ന ഹെന്‌റി-ആനി ബോളിന്‍ രഹസ്യവിവാഹത്തിനു നിയമസാധുത്വം നല്‌കപ്പെടുകയും ചെയ്‌തു. വിവാഹമോചനാനന്തരം ഏകാന്തജീവിതം നയിച്ച കാതറിന്‍ 1536 ജനു. 7-നു നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍