This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണ്ഡചതുഷ്‌ടയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാണ്ഡചതുഷ്‌ടയം

പരശുരാമക്ഷേത്രത്തിന്റെ നാലു വിഭാഗങ്ങള്‍. സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറുള്ള ഭൂവിഭാഗം പണ്ടു പെരുമാക്കന്മാരുടെ ഭരണത്തിലായിരുന്നു. വടക്ക്‌ ഗോകര്‍ണം മുതല്‍ തെക്ക്‌ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഈ ഭൂവിഭാഗം അക്കാലത്തു നാലു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (കാണ്ഡം എന്നാല്‍ ഭാഗം എന്നാണ്‌ അര്‍ഥം). ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ വസ്‌തുതകള്‍ ഈ അതിര്‍ത്തിനിര്‍ണയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണാം.

പശ്ചിമഘട്ടത്തിന്റെ നാലു കാണ്ഡങ്ങളായുള്ള ഈ തരംതിരിക്കല്‍ താഴെപ്പറയുംപ്രകാരമായിരുന്നു. (i) ഗോകര്‍ണത്തിനും പെരുമ്പുഴ എന്ന നദിക്കും നടുവിലായുള്ള തുളുനാട്‌ (ഒന്നാംകാണ്ഡം). തുളുബ്രാഹ്മണര്‍ കൂടുതലായി അധിവസിച്ചിരുന്ന ഈ നാട്ടിലെ വ്യവഹാരഭാഷ തുളുവായിരുന്നു;

(ii) പെരുമ്പുഴ, കോട്ട എന്നീ രണ്ടു നദികള്‍ക്കിടയില്‍ ഒരു വലയത്തിനകത്തെന്നപോലെ കിടന്നിരുന്ന കൂപകനാട്‌ (രണ്ടാംകാണ്ഡം);

(iii) പുതുപ്പണത്തിനും കന്നേറ്റി (കണ്ണേറ്റി)ക്കും മധ്യേ സ്ഥിതിചെയ്‌തിരുന്ന കേരളനാട്‌ (മൂന്നാംകാണ്ഡം). കന്നേറ്റിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉണ്ണുനീലി സന്ദേശം തുടങ്ങിയ പ്രാചീനകാവ്യങ്ങളില്‍ കാണാം; ഗോകര്‍ണത്തിനും കന്യാകുമാരിക്കും മധ്യേയുള്ള വലിയ കേരളത്തിനകത്തുള്ള ഒരു കൊച്ചുകേരളം ആയിരുന്നു മൂന്നാംകാണ്ഡം. പ്രാചീന മലയാളത്തിന്റെ ഉറവിടം ഇവിടമായിരുന്നു.

(iv) കന്നേറ്റി മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരുന്നതും തമിഴിന്റെ അതിപ്രസരമുള്ള ഭാഷ പ്രചരിച്ചിരുന്നതുമായ ദക്ഷിണകേരളം (നാലാംകാണ്ഡം).

മൂഷികനാട്‌ എന്ന പേരിലായിരുന്നു നാലാം കാണ്ഡം പണ്ട്‌ അറിയപ്പെട്ടിരുന്നത്‌. കാലാന്തരത്തില്‍ പെരുമാക്കന്‍മാരുടെ വാഴ്‌ച അവസാനിച്ചതോടെ ഈ അതിര്‍ത്തിവ്യവസ്ഥ തകരുകയും "കാണ്ഡചതുഷ്‌ടയം' എന്ന പേര്‌ ഒരു ചരിത്രസ്‌മരണയായി മാത്രം അവശേഷിക്കുകയും ചെയ്‌തു.

(പ്രാഫ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍