This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണേ, പാണ്ഡുരംഗ്‌ വാമന്‍ (1880 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാണേ, പാണ്ഡുരംഗ്‌ വാമന്‍ (1880 - 1972)

പാണ്ഡുരംഗ്‌ വാമന്‍ കാണേ

സംസ്‌കൃതപണ്ഡിതനും ഗ്രന്ഥകാരനും. മഹാരാഷ്‌ട്ര സംസ്ഥാനത്തില്‍ രത്‌നഗിരിജില്ലയിലെ ഡാവോളിയില്‍ ഒരിടത്തരം ബ്രാഹ്മണകുടുംബത്തില്‍ വക്കീല്‍ വാമന്‍ശങ്കറുടെ പുത്രനായി 1880 മേയ്‌ 7-നു കാണേ ജനിച്ചു. ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ത്തന്നെ, 16-ാമത്തെ വയസ്സില്‍, ഇദ്ദേഹം സുഭദ്രാദേവിയെ വിവാഹം ചെയ്‌തു. ബി.എ., എം.എ., എല്‍.എല്‍.എം. എന്നീ പരീക്ഷകളില്‍ പ്രശസ്‌ത വിജയം കൈവരിച്ചു. അലഹാബാദ്‌ സര്‍വകലാശാലയില്‍ നിന്ന്‌ 1942-ല്‍ ഡി.ലിറ്റ്‌., മഹാ മഹോപാധ്യായ എന്നീ ബഹുമതി ബിരുദങ്ങള്‍ ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 1904 മുതല്‍ 11 വരെ രത്‌നഗിരിയിലും ബോംബെയിലുമുള്ള പല ഗവണ്‍മെന്റ്‌ ഹൈസ്‌കൂളുകളിലും അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നു. 1911-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു. ഗവണ്‍മെന്റ്‌ ലാ കോളജിലെ നിയമ പ്രാഫസറായി 1917 മുതല്‍ 23 വരെ സേവനമനുഷ്‌ഠിച്ചു. 1947 മുതല്‍ 49 വരെ ബോംബെ സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലറും 1953 മുതല്‍ 59 വരെ രാജ്യസഭയിലെ നോമിനേറ്റഡ്‌ മെംബറുമായിരുന്നു. 59-ല്‍ "നാഷണല്‍ പ്രാഫസര്‍ ഒഫ്‌ ഇന്‍ഡോളജി'യായി കാണേ നിയമിക്കപ്പെട്ടു. 1960-ല്‍ പൂണേ സര്‍വകലാശാല ഡി.ലിറ്റ്‌ ബിരുദം നല്‌കി ഇദ്ദേഹത്തെ ആദരിച്ചു. അന്തര്‍ദേശീയ പൗരസ്‌ത്യ വിജ്ഞാന സമിതി (International Oriental Conference) യുടെ പല സമ്മേളനങ്ങളിലും കാണേ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്‌.

കാദംബരി (1911), ഉത്തരരാമചരിതം (1913), ഹര്‍ഷചരിതം (1918, 1921), വ്യവഹാരമയൂഖ (1926) തുടങ്ങിയ അനേകം സംസ്‌കൃത ക്ലാസിക്കുകള്‍ അര്‍ഥവിവരണത്തോടുകൂടി കാണേ പ്രകാശനം ചെയ്‌തു. 1944-ല്‍ ഹിന്ദു കസ്റ്റംസ്‌ ആന്‍ഡ്‌ മോഡേണ്‍ ലാ എന്ന ഗ്രന്ഥവും (മൂന്നു ഭാഗങ്ങളില്‍) 1951-ല്‍ ഹിസ്റ്ററി ഒഫ്‌ സാന്‍സ്‌ക്രിറ്റ്‌ പൊയറ്റിക്‌സ്‌ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ചിരസ്‌മരണീയമായ കൃതി നാലു വാല്യങ്ങളിലുള്ള ധര്‍മശാസ്‌ത്രചരിതം (1950-53) എന്ന സംസ്‌കൃത ഗ്രന്ഥമാണ്‌. ഇതിന്‌ 1956-ല്‍ സംസ്‌കൃതത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. 1963-ല്‍ രാഷ്‌ട്രപതി, "ഭാരതരത്‌നം' ബഹുമതി നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു. സംസ്‌കൃതത്തിലെ സാഹിത്യ മീമാംസാഗ്രന്ഥങ്ങള്‍ക്ക്‌ ഇദ്ദേഹം ചെയ്‌തിട്ടുള്ള കാലനിര്‍ണയം പ്രാമാണികമായി ഗണിക്കപ്പെടുന്നു. 1972 ഏ. 18-നു കാണേ നിര്യാതനായി.

(ഡോ. പ്രഭാകര്‍ മാച്വേ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍