This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണിക്കാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാണിക്കാര്‍

കാണി യുവാവ്‌

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ ഒരു ആദിമ ജനവര്‍ഗം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്‌ എന്നീ താലൂക്കുകളിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലുമാണ്‌ ഇവര്‍ കൂടുതലായുള്ളത്‌. നെടുമങ്ങാട്‌ താലൂക്കിനു കിഴക്കുള്ള മലകളിലും അതിനു തെക്കോട്ടുള്ള മലകളിലും കാണിക്കാര്‍ കൂട്ടംകൂട്ടമായി പാര്‍ത്തുവരുന്നു. ഇവര്‍ പ്രാട്ടോആസ്റ്റ്രലോയ്‌ഡ്‌ വംശജരാണെന്നാണ്‌ നരവംശശാസ്‌ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്‌. കാണിക്കാര്‍ക്ക്‌ ആസ്റ്റ്രലിയയിലെ ആദിമനിവാസികളോടു വളരെയധികം സാദൃശ്യമുണ്ട്‌. പൊക്കം കുറഞ്ഞു കറുത്തിരുണ്ട നിറമുള്ള ഇവര്‍ക്കു നീണ്ട തലയും പരന്ന മൂക്കും ചുരുണ്ട തലമുടിയുമാണുള്ളത്‌.

ഭൂവുടമ എന്ന അര്‍ഥത്തിലാണ്‌ (കാണി = ഭൂമി, കാരന്‍ = ഉടയവന്‍) കാണിക്കാരന്‍ എന്ന പേരുണ്ടായതെന്നു കരുതപ്പെടുന്നു. മുമ്പു മലയരയര്‍ (മലയ്‌ക്കു അരചര്‍) എന്നറിയപ്പെട്ടിരുന്ന ഇവര്‍ രാജാവിനു പതിവായി കാണിക്ക അര്‍പ്പിച്ചിരുന്നതുകൊണ്ടു കാണിക്കാര്‍ എന്ന പേര്‍ രാജാവ്‌ കല്‌പിച്ചു നല്‌കിയതാണെന്നും ഐതിഹ്യമുണ്ട്‌. ഇവര്‍ തമിഴ്‌നാട്ടില്‍നിന്നു കുടിയേറിപ്പാര്‍ത്തവരാണെന്ന വേറൊരു അഭിപ്രായവും പ്രാബല്യത്തിലുണ്ട്‌.

തിരുവിതാംകൂര്‍ ചരിത്രത്തില്‍ കാണിക്കാര്‍ക്കു പ്രധാനപ്പെട്ട ഒരു പങ്കുണ്ട്‌. എട്ടുവീട്ടില്‍പ്പിള്ളമാരുടെ സംഘടിതമായ എതിര്‍പ്പുകാലത്തു കാട്ടരചന്മാരായ കാണിക്കാരാണ്‌ വേണാട്ടധിപനായ മാര്‍ത്താണ്ഡവര്‍മയ്‌ക്ക്‌ പലപ്പോഴും അഭയം കൊടുത്തിരുന്നത്‌. മഹാരാജാവിനെ അവര്‍ വനാന്തര്‍ഭാഗങ്ങളിലെ ഗുഹകളിലും പാറക്കെട്ടുകളിലും നിരവധി തവണ ഒളിപ്പിക്കുകയും അദ്ദേഹത്തിനു തേനും കായ്‌കനികളും മറ്റു ഭക്ഷണപദാര്‍ഥങ്ങളും നല്‌കുകയും ചെയ്‌തിരുന്നു. പിന്നീടു മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്തപ്പോള്‍ കാണിക്കാര്‍ പണ്ടു തനിക്കു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ക്കു പ്രതിഫലമായി നെയ്യാറ്റിന്‍കര താലൂക്കില്‍ ഒറ്റശേഖരമംഗലം, കുന്നത്തുകാല്‍ എന്നീ പകുതികളില്‍ എലുക പറഞ്ഞു കുറെ സ്ഥലങ്ങള്‍ (ഏകദേശം 14,400 ഹെക്‌ടര്‍) ചെമ്പു പട്ടയമെഴുതി തുല്യം ചാര്‍ത്തിക്കൊടുത്തിരുന്നു. നാല്‌പത്തഞ്ചു കുടുംബങ്ങളുടെ പേരിലായി കൊടുത്ത ഈ ദാനഭൂമിക്ക്‌ ഇന്നും "കാണിപ്പറ്റുഭൂമി' എന്ന പേര്‍ നിലവിലിരിക്കുന്നു. ജനായത്തഭരണം നിലവില്‍ വന്നപ്പോള്‍ അതുവരെ നിലവിലിരുന്ന ചെമ്പു പട്ടയക്കരണങ്ങള്‍ രജിസ്റ്റര്‍ കച്ചേരികളിലെ റിക്കാര്‍ഡില്‍ കൊള്ളിച്ചു കടലാസുരേഖകള്‍ വാങ്ങണമെന്നുണ്ടായ വിളംബരം നിരക്ഷരരായ കാണിക്കാര്‍ അറിഞ്ഞില്ല. അതിന്റെ ഫലമായി പ്രസ്‌തുത ഭൂമി കാണിക്കാര്‍ക്കു നഷ്‌ടപ്പെട്ടു. തരിശെന്ന നിലയില്‍ സര്‍ക്കാരിലേക്കു ചേര്‍ന്ന ഈ ഭൂമി ജനകീയ സര്‍ക്കാര്‍ പിന്നീട്‌ പലര്‍ക്കായി പതിച്ചുകൊടുക്കുകയും ചെയ്‌തു. അതോടെ കാണിക്കാര്‍ വനാന്തര്‍ഭാഗങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരായി.

കാണിക്കാരുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്‌. കാടുവെട്ടിത്തെളിച്ചു നെല്ലും മരച്ചീനിയും കൃഷിചെയ്യുന്ന ഇവര്‍ വനൃമൃഗങ്ങളുടെ ശല്യമൊഴിവാക്കുന്നതിനു കൃഷിസ്ഥലത്തു വലിയ മരങ്ങളുടെ മുകളില്‍ ഏറുമാടം നിര്‍മിച്ച്‌ അതില്‍ കാവലിരിക്കുന്നു. വേട്ടയാടിയും കായ്‌കനികള്‍ ശേഖരിച്ചും ഉപജീവനം നടത്തുന്നവരും ഇവരുടെ ഇടയിലുണ്ട്‌. പുല്ലുമേഞ്ഞ കുടിലുകളിലാണ്‌ ഇവര്‍ നിവസിക്കുന്നത്‌. ചില കുടിലുകളുടെ ഭിത്തി മണ്ണിഷ്‌ടികകൊണ്ടു നിര്‍മിച്ചവയാണ്‌. ഒരു കാണിക്കുടിയില്‍ ഇരുപത്തഞ്ചോ മുപ്പതോ കുടുംബങ്ങള്‍ കാണും. ഓരോ കാണിക്കുടിക്കും ഓരോ തലവനും (മൂട്ടുകാണി) മാന്ത്രികനും (പ്ലാത്തി) ഉണ്ടായിരിക്കും. തലവന്റെയും മാന്ത്രികന്റെയും പിന്തുടര്‍ച്ചാവകാശത്തിനു നിശ്ചിതനിയമങ്ങളൊന്നുമില്ല. ആദികാലങ്ങളില്‍ സ്‌ത്രീകളും പുരുഷന്മാരും മുടി നീട്ടി വളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുരുഷന്മാര്‍ മുടി നീട്ടാറില്ല. അടുത്തകാലം വരെ അര്‍ധനഗ്നകളായി നടന്നിരുന്ന സ്‌ത്രീകള്‍ ഇന്നു ബ്ലൗസും മുണ്ടും ധരിച്ചു തുടങ്ങിയിട്ടുണ്ട്‌. പുരുഷന്മാര്‍ കടുക്കനും സ്‌ത്രീകള്‍ കാതിലോലയും ധരിക്കുന്നു. നവീനാഭരണങ്ങളും ഇവരുടെ ഇടയില്‍ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്‌.

വിവാഹം ഇന്നും പരമ്പരാഗതമായ രീതിയില്‍ത്തന്നെയാണ്‌. മുറപ്പെണ്ണുണ്ടെങ്കില്‍ അവളെത്തന്നെ വിവാഹം കഴിക്കണമെന്നു നിര്‍ബന്ധമുണ്ട്‌. വധൂവരന്മാരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കു യാതൊരു പ്രസ്‌കതിയുമില്ല. പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതിനുമുമ്പേ വിവാഹം നടത്തുകയാണ്‌ പതിവ്‌. യാതൊരുവിധ സ്‌ത്രീധന വ്യവസ്ഥയും കാണിക്കാരുടെ ഇടയിലില്ല. വധൂവരന്മാരുടെ പ്രായവ്യത്യാസം കണക്കിലെടുക്കാത്തതിനാല്‍; വധുവിനെക്കാള്‍ വളരെ പ്രായം കുറഞ്ഞ വരന്മാരുമായുള്ള വിവാഹങ്ങളും അസാധാരണമല്ല. വരന്റെ ആള്‍ക്കാര്‍ വധുവിന്റെ വീട്ടില്‍ ചെന്നു കല്യാണാലോചന നടത്തുകയാണ്‌ പതിവ്‌. "കല്യാണനിശ്ചയം' ഇവരുടെ ഇടയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്‌. പ്ലാത്തിയുടെ കാര്‍മികത്വത്തില്‍ വരന്റെ വീട്ടില്‍വച്ചായിരിക്കും സാധാരണ വിവാഹം നടത്തുക. കോതയാര്‍ നദിക്കു തെക്കുള്ള കാണിക്കാര്‍ വധൂഗൃഹത്തിലാണ്‌ വിവാഹം നടത്തുന്നത്‌. വരന്റെ സഹോദരിയാല്‍ അനുഗതയായി കല്യാണപ്പന്തലില്‍ എത്തുന്ന വധുവിനു വരന്‍ പുടവ നല്‌കിയശേഷം കഴുത്തില്‍ മിന്നു കെട്ടുന്നു. ഉടന്‍ തന്നെ വധൂവരന്മാര്‍ ഒരിലയ്‌ക്കരികില്‍ സദ്യയ്‌ക്കിരിക്കുകയും രണ്ടുപേരുടെയും അമ്മമാര്‍ ചേര്‍ന്ന്‌ വിളമ്പിക്കൊടുക്കുകയും ചെയ്യുന്നു. ചില സ്ഥലങ്ങളില്‍ ഈ അവസരത്തില്‍ വരന്‍ ചോറും കറിയും കുഴച്ച്‌ ഉരുളയാക്കി ഏഴു പ്രാവശ്യം വധുവിന്റെ വായില്‍ വച്ചു കൊടുക്കുന്ന പതിവും ഉണ്ട്‌.

മക്കത്തായവും മരുമക്കത്തായവും ഇടകലര്‍ന്നതാണ്‌ ഇവരുടെ ദായക്രമം. ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കും മരുമക്കള്‍ക്കും തുല്യമായി വീതിച്ചുകൊടുക്കുന്നു. മക്കളില്ലാത്തയാളിന്റെ സമ്പാദ്യമെല്ലാം മരുമക്കള്‍ക്കവകാശപ്പെട്ടതാണ്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചുപുലര്‍ത്തുന്നവരാണ്‌ കാണിക്കാര്‍. പ്രതബാധ അകറ്റുന്നതിനായി മാന്ത്രികനായ പ്ലാത്തി "ചാറ്റു'മന്ത്രം ജപിക്കുന്നു. തീണ്ടലിനും തൊട്ടുകൂടായ്‌മയ്‌ക്കും ഇവര്‍ വളരെയധികം പ്രാധാന്യം കല്‌പിക്കുന്നു. പുലയരും പറയരും ഇവര്‍ക്കു തൊട്ടുകൂടാത്തവരാണ്‌. രജസ്വലകളായ സ്‌ത്രീകളെ പ്രത്യേകം കുടിലില്‍ (പള്ളപ്പുര) ഒരാഴ്‌ചത്തേക്കു മാറ്റിത്താമസിപ്പിക്കുന്നു. പ്രസവിച്ചാലുള്ള പുല ഒരു മാസത്തോളമുണ്ട്‌. അച്ഛനു രണ്ടാഴ്‌ച കഴിയാതെ കുട്ടിയെ കാണാന്‍പോലും പാടില്ല. ചന്ദ്രഗ്രഹണമുണ്ടാകുന്നതു പാമ്പ്‌ ചന്ദ്രനെ വിഴുങ്ങുമ്പോഴാണെന്നും ഇടി മുഴങ്ങുന്നതു രാക്ഷസന്മാര്‍ വന്‍മരങ്ങളില്‍ ഇടിക്കുമ്പോഴാണെന്നും ഇവര്‍ വിശ്വസിക്കുന്നു. തലമുറതലമുറയായി വായ്‌പാട്ടുകളായി കൈമാറി വന്നിട്ടുള്ള നിരവധി നാടോടിപ്പാട്ടുകള്‍ കാണിക്കാരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്‌. അഗസ്‌ത്യകൂടത്തെയും മഹേന്ദ്രഗിരിയെയും ആരാധിക്കുന്നവരാണ്‌ ഇവര്‍. ഇവരുടെ എല്ലാ ചടങ്ങുകളിലും അഗസ്‌ത്യമുനിക്ക്‌ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്‌.

സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളിലുള്ള 239 പാര്‍പ്പിട കേന്ദ്രങ്ങളിലായി 6181 കാണിക്കാര്‍ താമസിക്കുന്നു (2001); പുരുഷന്മാര്‍ 7860; സ്‌ത്രീകള്‍ 8321. ആകെയുള്ള 4190 കാണിക്കാര്‍ കുടുംബങ്ങളില്‍ 40 കുടുംബങ്ങള്‍ക്ക്‌ പത്തുസെന്റിന്‌ താഴെയും, 1061 കുടുംബങ്ങള്‍ക്ക്‌ ഒരേക്കറോളവും തനത്‌ കൃഷിഭൂമിയുണ്ട്‌. വനവിഭവങ്ങള്‍ ശേഖരിച്ച്‌ ഉപജീവനം കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. നെയ്‌ത്ത്‌, കരകൗശലം തുടങ്ങിയ പരമ്പരാഗത ജോലികളില്‍ അനേകം കുടുംബങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇലക്‌ട്രിക്കല്‍ ജോലികള്‍, മരപ്പണി തുടങ്ങിയ തൊഴില്‍ മേഖലകളിലേക്ക്‌ നിരവധി യുവാക്കള്‍ കടന്നുവരുന്നുണ്ട്‌. കാണിക്കാരുടെ സാക്ഷരത 60 ശതമാനം ആണ്‌. താമസിച്ച്‌ പഠിക്കാനുള്ള പ്രീ-മെട്രിക്‌ ഹോസ്റ്റലുകള്‍ ഈ ഗണത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍